ഒരുതവണകൂടി പ്രസവവേദന ആസ്വദിക്കാന്‍ തയാറാണ്- ശ്വേത
''എന്റെ കുഞ്ഞുമോള് ചിത്രീകരണ വേളയില്‍ കാണിച്ച സഹകരണമാണ് ഈ സംരംഭത്തെ വിജയപ്രദമാക്കിത്തീര്‍ക്കാനുണ്ടായ പ്രധാന കാരണം. കൃത്യസമയത്ത് കൃത്യമായ 'പൊസിഷനില്‍' അവള്‍ പുറത്തേക്കു വന്നു. ഒരുവേള സിസേറിയന്‍ വേണ്ടിവന്നിരുന്നെങ്കില്‍ ഞങ്ങളുടെ പദ്ധതിയാകെ പരാജയപ്പെടുമായിരുന്നു. ആകയാല്‍ സുഖപ്രസവത്തിനായി ഞങ്ങള്‍ മനമുരുകി പ്രാര്‍ത്ഥിക്കുകയുണ്ടായി.''
സിനിമാ ലൈറ്റുകളുടെ ഉജ്വലമായ പ്രകാശത്തില്‍ അഭിനയത്തോടൊപ്പം ചര്‍ച്ചാവിഷയവുമായി ജനിച്ച ഷബൈന മോള്‍ക്ക് ഇന്ന് ആറുമാസം പ്രായമാണ്. അമ്മയായ ശ്വേതാമേനോന്റെ ഗര്‍ഭാശയത്തില്‍നിന്ന് ജനിച്ചപ്പോള്‍തന്നെ അവളുടെ രൂപവും വിലാപവും ആദ്യമായി ഏറ്റുവാങ്ങിയത് സിനിമയാണ്. മാതൃത്വത്തിന്റെ ശ്രേഷ്ഠതകളെ ഇഞ്ചോടിഞ്ച് പ്രകടനപ്പെടുത്തുന്ന 'കളിമണ്ണ്' എന്നു പേരായ ഒരു സിനിമയില്‍ അഭിനയിക്കാന്‍ കരാര്‍ ചെയ്യപ്പെട്ട ശ്വേതാമേനോന്‍ ഗര്‍ഭിണിയാകുകയും തന്റെ പ്രസവം ചിത്രീകരിക്കാന്‍ അനുമതി നല്‍കുകയുമുണ്ടായി.
? ഒരമ്മയായ ശേഷം നിങ്ങളുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങള്‍.
ഠ ഉത്തരവാദിത്വങ്ങളും പേടിയും ഇപ്പോള്‍ ഏറിയിട്ടുണ്ട്. ഒരു നല്ല അമ്മയായി തുടരണമെന്ന പ്രാര്‍ത്ഥനയിലാണിപ്പോള്‍.
? പ്രസവ അനുഭവം എങ്ങനെയായിരുന്നു.
ഠ പ്രസവവേദന പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടതിനു ശേഷം ഞാന്‍ ഡോക്ടറോട് ചോദിച്ചു. 'ഇത്രയേയുള്ളേ പ്രസവവേദന? വളരെ ഈസിയാണല്ലോ സംഭവം! ഒരുതവണകൂടി പ്രസവവേദന ആസ്വദിക്കാന്‍ ഞാന്‍ തയാറാണ്.'' ഈ ചോദ്യം കേള്‍ക്കവേ ഡോക്ടര്‍ ശരിക്കും അമ്പരന്നുപോയി. എന്നിട്ട് ഡോക്ടര്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: ''പ്രസവം കഴിഞ്ഞ അതേ നിമിഷം എന്നോട് ഇങ്ങനെ സംസാരിച്ച ഏകവനിത നിങ്ങളാണ്.''
പ്രസവവേളയില്‍ എന്നിലുണ്ടായ ഏക മാറ്റം ലേശം ക്ഷോഭിച്ചു എന്നതാണ്. എന്റെ ജീവിതത്തില്‍ ഇന്നുവരെ ഞാന്‍ ആരുടെ മുമ്പിലും ക്ഷോഭിച്ചിട്ടില്ല. പക്ഷേ പ്രസവവേളയില്‍ ഞാന്‍ ആ മര്യാദകേട് കാണിച്ചു. പിന്നീട് ഞാന്‍ ഇതിന്റെ പേരില്‍ പശ്ചാത്തപിക്കുകയും ചെയ്തു.
? പ്രസവരംഗം ചിത്രീകരിക്കുന്നതിനെക്കുറിച്ച് നിങ്ങളുടെ ഡോക്ടര്‍ എതിരഭിപ്രായം പറഞ്ഞിരുന്നോ?
ഠ ഡോക്ടര്‍ ശക്തമായി എതിര്‍ത്തു. ക്ഷോഭിച്ചു. അടുത്തദിവസം മറ്റൊരു സിനിമയില്‍ പ്രസവരംഗം ചിത്രീകരിച്ച വീഡിയോ കാസെറ്റുമായി സംവിധായകന്‍ ഡോക്ടറെ സമീപിച്ച് പ്രദര്‍ശിപ്പിച്ചു കാണിക്കുകയുണ്ടായി. അതിനുശേഷവും ഡോക്ടര്‍ തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണുണ്ടായത്. ഒടുവില്‍ ഡിസ്‌കവറി ചാനലില്‍നിന്നും വളരെ വ്യക്തമായി ചിത്രീകരിച്ച ഒരു പ്രസവരംഗം ഡോക്ടറെ കാണിക്കുകയും അദ്ദേഹം പകുതി മനസോടെ സമ്മതിക്കുകയും ചെയ്തു.
? പ്രസവം ചിത്രീകരിക്കുന്നതില്‍ നിങ്ങള്‍ക്ക് അലസത തോന്നിയില്ലെ.
ഠ ഇതുസംബന്ധിച്ച് ഒരുപാട് പ്രശ്‌നങ്ങള്‍ ഉയരുകയുണ്ടായി. എല്ലാ പ്രശ്‌നങ്ങള്‍ക്കും സംവിധായകന്‍ വ്യക്തമായ മറുപടി നല്‍കുകയുണ്ടായി. ഞങ്ങളുടെ മാതാപിതാക്കളോടും ഇതേക്കുറിച്ച് വിശദീകരിച്ചു.
? എന്നിരിക്കിലും ശ്വേത എന്ന സ്ത്രീയുടെ സ്വകാര്യതയ്ക്കുള്ളില്‍ ഒരു ക്യാമറയുടെ സജീവസാന്നിധ്യം ഉണ്ടായല്ലോ, അതെക്കുറിച്ച്.
ഠ എന്റെ സ്വകാര്യതയ്ക്ക് ഈ ക്യാമറയുടെ സാന്നിധ്യം മൂലം യാതൊരുവിധ ഭംഗവും നേരിട്ടിട്ടില്ല. ഞാന്‍ ജീവിക്കുന്ന സമൂഹത്തെക്കുറിച്ച് എനിക്കു നല്ല മതിപ്പാണ്. നാളെയും ഞാന്‍ ഈ സമൂഹത്തെ നേരിടേണ്ടവളാണ്. ഞാന്‍ ഒരു അഭിനേത്രി എന്ന നിലയ്ക്ക് ക്യാമറയെ അഭിമുഖീകരിക്കേണ്ടവളാണ്. അങ്ങനെയുള്ള ഞാന്‍ എന്റെ സ്വകാര്യഭാഗങ്ങള്‍ വെള്ളിത്തിരയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കുമെന്ന് വിചാരിക്കുന്നുണ്ടോ. ഒരു സ്ത്രീ ഗര്‍ഭിണിയായാല്‍ ഒമ്പതു മാസവും ഡോക്ടറെ സമീപിക്കേണ്ടതായി വരും. പ്രസവമുറിയില്‍ ഡോക്ടര്‍, നഴ്‌സുമാര്‍, ഹെല്‍പ്പിനായി മറ്റുചിലരും ഉണ്ടായിരിക്കും. അവിടെ നമ്മുടെ സ്വകാര്യതയ്ക്ക് എന്തു പ്രസക്തിയാണുള്ളത്? എല്ലാം കുത്തഴിഞ്ഞ അവസ്ഥയിലല്ലെ കാണപ്പെടുക? പലര്‍ക്കും എന്റെ കുഞ്ഞിന്റെ ജനനത്തെക്കുറിച്ചും അതിന്റെ ആയുരാഗോഗ്യത്തെക്കുറിച്ചുമാണ് ആശങ്കയുണ്ടായിരുന്നത്.
? പ്രസവ ചിത്രീകരണം കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയെ ബാധിച്ചിരുന്നുവോ.
ഠ ഡോക്ടര്‍ തുടക്കത്തില്‍തന്നെ ചില നിബന്ധനകള്‍ പറഞ്ഞിരുന്നു. ഷൂട്ടിംഗ് യാതൊരു കാരണവശാലും തങ്ങളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്താന്‍ പാടില്ല. കുഞ്ഞിന്റെ ഹൃദയമിടിപ്പില്‍ എന്തെങ്കിലും വ്യത്യാസം കണ്ടെത്തിയാല്‍ ഉടനെ സിസേറിയന്‍ ശസ്ത്രക്രിയയ്ക്കുള്ള ഏര്‍പ്പാടുകളും ചെയ്തുകഴിഞ്ഞിരുന്നു. എന്റെ കുഞ്ഞ് ചിത്രീകരണവേളയില്‍ കാണിച്ച സഹകരണമാണ് ഈ സംരംഭത്തെ വിജയപ്രദമാക്കിത്തീര്‍ക്കാനുണ്ടായ പ്രധാന കാരണവും. കൃത്യസമയത്ത് കൃത്യമായ പൊസിഷനില്‍ അവള്‍ പുറത്തേക്കുവന്നു. ഒരുവേള സിസേറിയന്‍ വേണ്ടിവന്നിരുന്നെങ്കില്‍ ഞങ്ങളുടെ പദ്ധതിയാകെ പരാജയപ്പെടുമായിരുന്നു. അതുകൊണ്ട് സുഖപ്രസവത്തിനായി ഞങ്ങള്‍ മനമുരുകി പ്രാര്‍ത്ഥിക്കുകയുണ്ടായി.
? പിന്നീടുണ്ടായ ചര്‍ച്ചകളെക്കുറിച്ച്.
ഠ പ്രസവം പവിത്രമാണ്. അതു ഞങ്ങള്‍ കച്ചവടമാക്കിയിട്ടില്ല. രണ്ടരമണിക്കൂര്‍ സിനിമയിലും എന്റെ പ്രസവരംഗം തന്നെയാണ് ഇതിവൃത്തമെന്ന് പലരും വിളിച്ചുകൂകുകയുണ്ടായി. പ്രസവനമുറിയില്‍ 45 മിനിറ്റാണ് ഞങ്ങള്‍ ഉണ്ടായിരുന്നത്. അത് എഡിറ്റ് ചെയ്ത് സന്നിവേശിപ്പിക്കുകയാണ് ചെയ്യുക.
? യഥാര്‍ത്ഥത്തില്‍ പ്രസവവേദന എങ്ങനെയുണ്ടായിരുന്നു.
ഠ പ്രസവവേദന ശരിക്കും അനുഭവിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നതിനാല്‍ വേദന നിവാരണത്തിനുള്ള ഒരു ഔഷധവും ഞാന്‍ കഴിച്ചിരുന്നില്ല. ഒടുവില്‍ കുഞ്ഞിനെ സമ്മര്‍ദ്ദത്തിലൂടെ പുറത്തേക്ക് എടുക്കുന്ന സന്ദര്‍ഭത്തില്‍ ഞാന്‍ മരണത്തെ നേരില്‍ കാണുകയായിരുന്നു. ഗര്‍ഭിണിയായിരുന്നപ്പോള്‍ നിരവധി തവണ സ്‌കാനിംഗിലൂടെ അവളുടെ മുഖമൊന്ന് ദര്‍ശിക്കാന്‍ വെമ്പല്‍ കൊണ്ടതാണ്. പക്ഷേ അവള്‍ കൈകള്‍കൊണ്ട് മുഖം മറച്ചായിരുന്നു കാണപ്പെട്ടത്. പ്രസവരംഗങ്ങള്‍ സമീപകാലത്തായിരുന്നു അവര്‍ എനിക്കു കാണിച്ചുതന്നത്.
? പ്രസവറൂമില്‍ കര്‍ശനമായ എന്തെങ്കിലും നിബന്ധനകള്‍ ഉണ്ടായിരുന്നോ.
ഠ ഉണ്ടായിരുന്നു. എല്ലാവരുടെയും പക്കല്‍നിന്നും മൊബൈല്‍ ഫോണ്‍ ഒഴിവാക്കിയിരുന്നു. എന്റെ ഭര്‍ത്താവ് മാത്രം മൊബൈല്‍ഫോണിലൂടെ പ്രസവരംഗം ചിത്രീകരിച്ചുകൊണ്ടിരുന്നു. ഡയറക്ടര്‍ ചിത്രീകരിച്ചത് ചെന്നൈയില്‍ എത്തിച്ച് എഡിറ്റ് ചെയ്തു.
? പ്രസവ ചിത്രീകരണം കാരണം പൊതുജനത്തിന്റെ പ്രതികരണം.
ഠ ഞങ്ങള്‍ ചെന്നൈ വിമാനത്താവളത്തിനു പുറത്തു നില്‍ക്കുകയായിരുന്നു. അപ്പോള്‍ നാലഞ്ച് പെണ്ണുങ്ങള്‍ എന്റെ ഭര്‍ത്താവിന്റെ അടുത്തുവന്നു. അദ്ദേഹത്തിന്റെ കൈകള്‍ കൂട്ടിയിണക്കി ഇങ്ങനെ പറഞ്ഞു:
''പുരുഷനായാല്‍ ഇങ്ങനെ വേണം. ഭാര്യയോടുള്ള സ്‌നേഹവും സപ്പോര്‍ട്ടും എന്നും നിലനില്‍ക്കട്ടെ.''
ഭാര്യ ഗര്‍ഭിണിയായ ശേഷം അവള്‍ പ്രതീക്ഷിക്കുന്ന സപ്പോര്‍ട്ട് ഭര്‍ത്താവില്‍നിന്നും ലഭിക്കാറില്ല എന്ന അപവാദം നിലവിലുണ്ട്. പക്ഷേ എന്റെ ഭര്‍ത്താവ് ഇതില്‍നിന്നെല്ലാം വ്യത്യസ്തനായിരുന്നു. ഞാന്‍ ഭാഗ്യവതി എന്നല്ലാതെ എന്തു പറയാന്‍?