ശ്രീനിജനും ഭാര്യക്കും 2.2 കോടിയുടെ ആദായനികുതി നോട്ടീസ്
കൊച്ചി: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ ആരോപണ വിധേയനായ പി.വി. ശ്രീനിജനും ഭാര്യ കെ.ബി. സോണിക്കും 2.2 കോടിയുടെ ആദായനികുതി നോട്ടീസ്. ഇരുവര്‍ക്കുമെതിരെ ആദായനികുതി വകുപ്പ് നടത്തിയ അന്വേഷണത്തില്‍ മറച്ചുവെക്കപ്പെട്ട കോടികളുടെ ആസ്തികള്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് 2.2 കോടി ആദായനികുതി അടയ്ക്കാന്‍ നോട്ടീസ് നല്‍കിയത്.
മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ മകളാണ് സോണി. 2006-ല്‍ ഞാറയ്ക്കല്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കുമ്പോള്‍ ശ്രീനിജന് 4.63 ലക്ഷം മാത്രമായിരുന്നു ആസ്തി. തുടര്‍ന്ന് ശ്രീനിജനും സോണിക്കും വന്‍ വരുമാന വര്‍ധനയാണുണ്ടായത്. 2007-ല്‍ കെ.ജി. ബാലകൃഷ്ണന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായ ശേഷമാണ് ഇവര്‍ സ്വത്ത് ആര്‍ജിച്ചതെന്ന് പരാതി ഉയര്‍ന്നിരുന്നു.
ആദായനികുതി വകുപ്പിന്റെ അന്വേഷണത്തില്‍ കണക്കില്‍ പെടാത്ത സ്വത്ത് ഇരുവരും ആര്‍ജിച്ചതിന്റെ രേഖകള്‍ കണ്ടെത്തിയിരുന്നു. കെ.ജി. ബാലകൃഷ്ണന്റെ സഹോദരപുത്രനായ അഭിലാഷ് ചന്ദ്രനും കണക്കില്‍പെടാത്ത സ്വത്ത് നേടിയതായി ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. അഭിലാഷ് ചന്ദ്രന്‍ ആദായനികുതി വകുപ്പിന്റെ നോട്ടീസ് പ്രകാരം 22 ലക്ഷം രൂപ അടയ്ക്കുകയും ചെയ്തു. എന്നാല്‍ ശ്രീനിജനും സോണിയും ഇതുവരെ തുക അടച്ചിട്ടില്ല. നികുതിവകുപ്പിന്റെ നടപടിയില്‍ ആക്ഷേപമുണ്ടെങ്കില്‍ ഇന്‍കം ടാക്‌സ് കമ്മീഷണറെയും അപ്പലേറ്റ് ട്രിബ്യൂണലിനെയും ഇവര്‍ക്ക് സമീപിക്കാം. എന്നാല്‍ ഇതുവരെ അവര്‍ ഇതു സംബന്ധിച്ച നടപടി കൈക്കൊണ്ടിട്ടില്ലെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി.
അഭിഭാഷകരായ ശ്രീനിജനും സോണിക്കും വന്‍കിട കമ്പനികളില്‍ നിന്ന് സ്ഥിരമായി പണം ലഭിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. നിയമരംഗത്തുള്ള തങ്ങള്‍ക്ക് കണ്‍സള്‍ട്ടന്‍സി ഫീസെന്ന നിലയിലാണ് പണം ലഭിച്ചതെന്ന് മുമ്പ് ശ്രീനിജന്‍ വ്യക്തമാക്കിയിരുന്നു. റിയല്‍ എസ്റ്റേറ്റിലടക്കം ഇരുവരും വന്‍തോതില്‍ നിക്ഷേപം നടത്തിയതിന്റെ വിവരങ്ങളും നികുതി വകുപ്പിന് ലഭിച്ചിട്ടുണ്ട്.
അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ പി.വി. ശ്രീനിജനെതിരെ വിജിലന്‍സ് കേസുണ്ടായിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ വന്ന ശേഷം കഴിഞ്ഞ ജൂണില്‍ ഇത് അവസാനിപ്പിച്ചു. പൊതുപ്രവര്‍ത്തകനല്ല ശ്രീനിജന്‍ എന്ന കാരണം പറഞ്ഞാണ് കേസ് അവസാനിപ്പിച്ചത്. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസ്സിലെ അംഗത്വം ശ്രീനിജന്‍ ഉപേക്ഷിച്ചിരുന്നു. അനധികൃതമായാണോ ഇവര്‍ സ്വത്ത് സമ്പാദിച്ചതെന്ന കാര്യം എന്‍ഫോഴ്‌സ്‌മെന്‍റാണ് അന്വേഷിക്കേണ്ടതെന്നാണ് ആദായനികുതി വകുപ്പിന്റെ നിലപാട്
Mathrubhumi
.
No comments:
Post a Comment