പ്രസ്തുത പദ്ധതി നടപ്പാക്കുന്നതില്‍ എന്തെകിലും ഇളവ് ലഭിക്കാന് വേണ്ടി നമ്മുടെ മന്ത്രിമാരും പരിവാരങ്ങളും സൗദിയിലേക്ക് വിമാനം കയറാന് ഊഴവും കാത്തിരിക്കുന്നതിനിടയിലാണ് രാജകാരുണ്യം പെയ്തിറങ്ങിയത്. ഇതിന്‍റെ അവകാശവാദവുമായി വിവിധ വകുപ്പ് മന്ത്രിമാരും അനുയായികളും മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന അതേ സന്ദര്‍ഭത്തില്‍ തന്നെയായിരുന്നു വിദേശകാര്യ മന്ത്രാലയം പാസ്പോര്‍ട്ട് സംബന്ധമായ കേസ്സില്‍ പ്രവാസികള്‍ക്കെതിരെ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതും. ഇത് പ്രവാസികളുടെ ശവത്തില്‍ കുത്തുന്നതിനു തുല്യമായിപ്പോയി.
പാസ്പോര്ട്ട് പുതുക്കാന് ഇന്ത്യയില്‍, നിലവിലുള്ള ഫീസ് 1000 രൂപയില്നിന്ന് 1500 രൂപയായി വര്ധിപ്പിച്ചപ്പോള് സൗദിയില് സര്വീസ് ചാര്ജ്ജും വെല്ഫയര് ഫണ്ടും അടക്കം 305 റിയാല് കൊടുക്കണം. ഏതാണ്ട് നാലിരട്ടിയുടെ വര്‍ദ്ധനവ്. ഒരേ രാജ്യത്തെ പൌരന്‍മാര്‍ക്കിടയില്‍ വിവേചനം സൃഷ്ടിക്കുന്ന ഭരണഘടനാ വിരുദ്ധമായ നിലപാടുകള്‍ക്കെതിരെ കേരള ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്ത പ്രവാസി സംഘടനകളുടെ പരാതിക്കെതിരെയാണ് വിദേശകാര്യ മന്ത്രാലയം പരിഹാസ്യമായ രീതിയിലുള്ള സത്യവാങ്മൂലം നല്കിയത്. ഗള്‍ഫിലെ പ്രവാസികള്‍ പാസ്പോര്‍ട്ട് നശിപ്പിക്കുന്നവരാണെന്നും അവരെല്ലാവരും നല്ല സാമ്പത്തിക ഭദ്രത കൈവരിച്ചവരായതിനാല്‍ ഫീസ് വര്‍ധനവില്‍ തെറ്റില്ല തുടങിയ വിചിത്ര വാദങ്ങളും വ്യാജാരോപണങ്ങളുമാണ് അവര്‍ പ്രവാസികള്‍ക്കെതിരെ കോടതിയില്‍ സമര്‍പ്പിച്ചത്.
അതേ പോലെ ഗള്ഫിലെ സ്കൂള് അവധി, പെരുന്നാള്‍, ഓണം, ക്രിസ്മസ് ആഘോഷ സീസണ് സമയങ്ങളില് സീറ്റുകള് തടഞ്ഞുവെച്ച് കഴുത്തറപ്പന് ചാര്ജ് ഈടാക്കല്‍ പതിവാക്കിയ എയര്ഇന്ത്യ ഈ പ്രതിസന്ധി ഘട്ടത്തില്പ്പോലും 24 ശതമാനത്തോളം ചാര്ജ് വര്ദ്ധിപ്പിച്ചത് രാജ്യത്തിന് തന്നെ നാണക്കേടാണെന്ന് സമ്മതിച്ചത് കുറച്ചു മുമ്പ് സൌദിയില്‍ പര്യടനം നടത്തിയ ഒരു എം.പിയാണ്.
പതിവ്‌പോലെ, നിലവിലെ സാഹചര്യങ്ങളും പ്രശ്നങ്ങളും നേരിട്ട് കണ്ടു മനസ്സിലാക്കാന്‍ പ്രവാസി മന്ത്രിയും സഹപ്രവര്‍ത്തകരും അടുത്ത് തന്നെ സൌദിയിലേക്ക് വരുന്നതായി അറിയാന്‍ കഴിഞ്ഞു. പണവും സമയവും ചെലവഴിച്ച് കൊണ്ടുള്ള ഉന്നതതല സന്ദര്‍ശനം പ്രവാസികള്‍ക്ക് പ്രയോജനപ്രദമാകണമെങ്കില്‍ അതിനുള്ള തയ്യാറെടുപ്പുകളോടെതന്നെ വരേണ്ടതുണ്ട്. വിഷയം പഠിച്ചു വേണ്ടത് ചെയ്യാം, എയര്ഇന്ത്യക്ക് പകരം എയര്‍ കേരള, ഗള്‍ഫില്‍ നിന്നും മടങ്ങുന്നവര്‍ക്ക് ഫ്രീ ടിക്കെറ്റ് തിരിച്ചെത്തുന്നവര്‍ക്ക് പുനരധിവാസം പോലുള്ള പ്രസ്താവനകള്‍ കേട്ടുമടുത്തവരാണ് പ്രവാസികള്‍.
കേന്ദ്ര-സംസ്ഥാന പ്രവാസി കാര്യവകുപ്പ്, വിദേശകാര്യ മന്ത്രാലയം, നോര്‍ക്ക തുടങിയ പ്രവാസികാര്യങ്ങളുടെ ഉത്തരവാദപ്പെട്ടവര്‍ തങ്ങളുടെ സ്വന്തം ഓഫീസിലിരുന്നു ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചാല്‍ പരിഹരിക്കാവുന്നതാണ് നടേ പറഞ്ഞ പല പ്രശ്നങ്ങളും. അതിനാല്‍ പ്രവാസികളുടെ പ്രയാസങ്ങള്‍ക്കും മുറവിളികള്‍ക്കും അറുതിവരുത്താന്‍ ഇനിയെങ്കിലും ആത്മാര്‍ത്ഥമായി ഇടപെടാന്‍ തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. (Published in G. Madhyamam 21-4-13)
No comments:
Post a Comment