Friday 12 April 2013

[www.keralites.net] ഇടതുപക്ഷത്തിന് നന്ദി--Supreme Court verdict in Patent Case

 

"നിത്യഹരിത വകുപ്പ്: ഇടതുപക്ഷത്തിന് നന്ദി" ഏപ്രില്‍ 7 ന് "ടൈംസ് ഓഫ് ഇന്ത്യ"യില്‍ വന്ന ലേഖനത്തിന്റെ തലക്കെട്ടാണിത്. രക്താര്‍ബുദ മരുന്നിന്റെ പേറ്റന്റ് കേസില്‍ ബഹുരാഷ്ട്രകമ്പനിയായ നൊവാര്‍ട്ടിസിനെതിരെ സുപ്രീംകോടതി നടത്തിയ സുപ്രധാന വിധിക്ക് അടിസ്ഥാനമായത് ഇടതുപക്ഷത്തിന്റെ നിര്‍ബന്ധം ഒന്നുകൊണ്ടുമാത്രം ഉള്‍പ്പെടുത്തിയ 3(ഡി) വകുപ്പാണെന്ന് ലേഖനമെഴുതിയ മനോജ് മിത്ത അഭിപ്രായപ്പെടുന്നു. പാര്‍ലമെന്റില്‍ അവസാനഘട്ടത്തിലുണ്ടായ സന്ധിയുടെ അടിസ്ഥാനത്തിലാണ് ഇടതുപക്ഷത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഭേദഗതി അംഗീകരിക്കപ്പെട്ടതെന്നും അദ്ദേഹം വിശദീകരിച്ചു.
ഔഷധരംഗത്ത് ഉല്‍പ്പന്ന പേറ്റന്റ് 2005 ജനുവരി ഒന്നിനകം അംഗീകരിക്കണമെന്ന ലോകവ്യാപാര സംഘടനയുടെ അന്ത്യശാസനത്തെതുടര്‍ന്നാണ് 2004 ഡിസംബര്‍ 26 ന് പേറ്റന്റ് ഭേദഗതി ഓര്‍ഡിനന്‍സായി പുറത്തിറക്കിയത്. 2005 മാര്‍ച്ച് 25 നാണ് ഈ ഓര്‍ഡിനന്‍സ് വലിയ മാറ്റമൊന്നുമില്ലാതെ ബില്ലായി പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. യഥാര്‍ഥത്തില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ തയ്യാറാക്കിയ ബില്ലാണ് യുപിഎ സര്‍ക്കാര്‍ ഉള്ളടക്കത്തില്‍ മാറ്റമൊന്നും വരുത്താതെ ഓര്‍ഡിനന്‍സായി ഇറക്കിയത്. 1970 ലെ പ്രസിദ്ധമായ ഇന്ത്യന്‍ പേറ്റന്റ് നിയമമാണ് ഇതുവഴി ഭേദഗതി ചെയ്യപ്പെടുന്നത്. ചുരുങ്ങിയ വിലയ്ക്ക് പ്രധാനമരുന്നുകള്‍ നിര്‍മിക്കാന്‍ വഴിയൊരുക്കുന്നതായിരുന്നു 1970 ലെ പേറ്റന്റ് നിയമം. ഇന്ത്യയില്‍ നിര്‍മിക്കുന്ന വിലകുറഞ്ഞ ഔഷധങ്ങളാണ് ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും പ്രധാനമായും വിതരണംചെയ്യുന്നത്. വര്‍ഷത്തില്‍ ഒരു ലക്ഷം കോടി രൂപയുടെ മരുന്നാണ് ഇന്ത്യ ഉല്‍പ്പാദിപ്പിക്കുന്നത്.
എന്നാല്‍, കേന്ദ്രം കൊണ്ടുവന്ന ഓര്‍ഡിനന്‍സ് സ്വിസ് ബഹുരാഷ്ട്രകമ്പനിയായ നൊവാര്‍ട്ടിസ് ഉള്‍പ്പെടെയുള്ള കമ്പനികളുടെ താല്‍പ്പര്യം പൂര്‍ണമായും സംരക്ഷിക്കുന്നതായിരുന്നു. പേറ്റന്റ് കാലാവധി (20 വര്‍ഷമാണ് കാലാവധി) തീരുമ്പോള്‍ ചില്ലറ മാറ്റങ്ങങ്ങള്‍ വരുത്തി ഉല്‍പ്പന്നങ്ങളുടെ പേറ്റന്റ് തുടരുന്ന (നിത്യഹരിത പേറ്റന്റ്) മരുന്നു കമ്പനികളുടെ തട്ടിപ്പ് അനുവദിക്കുന്നതായിരുന്നു ഈ ഓര്‍ഡിനന്‍സ്. തത്വത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും എതിര്‍പ്പില്ലാത്ത ഈ ബില്‍ അതേപടി പാസാക്കിയിരുന്നുവെങ്കില്‍ നൊവാര്‍ട്ടിസ് എന്ന സ്വിസ്് ബഹുരാഷ്ട്ര കമ്പനിയുടെ ഗ്ലിവെക്ക് എന്ന മരുന്നിന് പേറ്റന്റ് നല്‍കുമായിരുന്നു. ഒരുമാസത്തെ മരുന്നിന് നൊവാര്‍ട്ടിസ് 1,20,000 രൂപ ഈടാക്കുമ്പോള്‍ സിപ്ലയും നാറ്റ്കോയും 12000 രൂപയ്ക്കാണ് ഈ മരുന്ന് നല്‍കുന്നത്.
ഇടതുപക്ഷം പാര്‍ലമെന്റില്‍ ഈ ബില്ലിനെ എതിര്‍ത്തില്ലായിരുന്നെങ്കില്‍ ഈ കൊള്ള തുടരുമായിരുന്നു. മാത്രമല്ല പൊതു ആരോഗ്യ ദുരന്തമായി അത് മാറുമായിരുന്നു. സുപ്രീം കോടതി വിധി ഇന്ത്യയില്‍മാത്രമല്ല, ആഫ്രിക്കയിലും ലാറ്റിനമേരിക്കയില്‍പോലും ചുരുങ്ങിയ വിലയ്ക്ക് മരുന്ന് എത്തിക്കാന്‍ സഹായിക്കും. ഒന്നാം യുപിഎ സര്‍ക്കാരിന് ഇടതുപക്ഷം നിര്‍ണായക പിന്തുണ നല്‍കുന്ന വേളയിലാണ് പേറ്റന്റ് ഭേദഗതി ഓര്‍ഡിനന്‍സായി യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്നത്.
ഇന്ത്യന്‍ കമ്പനികള്‍ ക്രോണിക് മയലോയ്ഡ് ലുക്കീമിയ എന്ന രക്താര്‍ബുദത്തിന്റെ ചികിത്സയ്ക്കായി ഇമാറ്റിനിബ് മെസിലേറ്റ് എന്ന രാസവസ്തു ഉപയോഗിച്ച് ഇന്ത്യന്‍ കമ്പനികള്‍ ചുരുങ്ങിയ വിലയ്ക്ക് നിര്‍മിക്കുന്ന അതേ മരുന്ന് ചില്ലറ വ്യത്യാസത്തോടെ നിര്‍മിച്ച് കൂടിയ വിലയ്ക്ക് വില്‍ക്കുന്നതിന് അവസരമൊരുക്കുന്നതായിരുന്നു യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ്. പേറ്റന്റ് കാലാവധിയായ ഇരുപത് വര്‍ഷത്തിനുശേഷം മരുന്നിന്റെ ഉല്‍പ്പാദനകുത്തകയ്ക്കായി ചെറിയ മാറ്റങ്ങള്‍ വരുത്തി പേറ്റന്റ് നേടുകയാണ് ബഹുരാഷ്ട്ര-വന്‍കിട കമ്പനികള്‍ ചെയ്തിരുന്നത്. നിലവിലില്ലാത്ത കണ്ടുപിടിത്തങ്ങളോ സാങ്കേതികമേന്മയോ ഉണ്ടായാല്‍ വീണ്ടും പേറ്റന്റ് നല്‍കാമെന്നാണ് ഓര്‍ഡിനന്‍സ് പറയുന്നത്. എന്നാല്‍, ഇത്തരത്തിലുള്ള വകുപ്പുമായി പേറ്റന്റ് ഭേദഗതി അംഗീകരിക്കാനാവില്ലെന്ന് ഇടതുപക്ഷം യുപിഎ നേതൃത്വത്തെ അറിയിച്ചു. നിലവിലുള്ള ഒരു മരുന്നില്‍ അതിന്റെ നിലവിലുള്ള കഴിവ് വര്‍ധിപ്പിക്കാത്ത അവസ്ഥയില്‍ പേറ്റന്റ് നല്‍കരുതെന്നാണ് ഇടതുപക്ഷം വാദിച്ചത്. പേരിന് മാത്രമുള്ള മാറ്റം വരുത്തി പേറ്റന്റ് അനുവദിക്കരുതെന്ന് ഇടതുപക്ഷം ശഠിച്ചു. എന്നാല്‍, ഈ മാറ്റം വരുത്താതെ ഭേദഗതി ബില്‍ വോട്ടിനിടുമെന്ന ഘട്ടം വന്നപ്പോഴാണ് ഭേദഗതിക്കെതിരെ പാര്‍ലമെന്റില്‍ വോട്ടുചെയ്യുമെന്ന് സിപിഐ എം യുപിഎ നേതൃത്വത്തെ അറിയിച്ചത്.
ഇതേത്തുടര്‍ന്ന് അന്നത്തെ ധനമന്ത്രി പ്രണബ് മുഖര്‍ജി ഇടതുപക്ഷ നേതാക്കളുമായി ചര്‍ച്ചയ്ക്ക് തയ്യാറായി. സര്‍ക്കാര്‍ നിലനില്‍ക്കണോ അതോ നൊവാര്‍ട്ടിസിനെ രക്ഷിക്കണോ എന്ന ചോദ്യം ശക്തമായി ഉയര്‍ത്തിയ വേളയിലാണ് ഇടതുപക്ഷത്തിന്റെ ഭേദഗതി ഉള്‍പ്പെടുത്താമെന്ന് യുപിഎ സര്‍ക്കാര്‍ സമ്മതിച്ചത്. തങ്ങള്‍ പറഞ്ഞ ഭേദഗതി സര്‍ക്കാര്‍ അവതരിപ്പിച്ചതിന് ശേഷംമാത്രമാണ് നിയമത്തിന് അനുകൂലമായി ഇടതുപക്ഷം വോട്ട് ചെയത്ത്. അന്ന് പല സര്‍ക്കാരിതര സംഘടനകളും അതിവിപ്ലവകാരികളും സിപിഐ എം ബഹുരാഷ്ട്രകുത്തകകള്‍ക്ക് കീഴടങ്ങിയെന്ന് വിളിച്ചു കൂവി. എന്നാല്‍, സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും അന്നത്തെ ശക്തമായ ഇടപെടലാണ് സുപ്രീം കോടതിയുടെ ഇപ്പോഴത്തെ വിധിന്യായത്തിന് കാരണമായതും നൊവാര്‍ട്ടിസ് എന്ന ബഹുരാഷ്ട്ര കുത്തകക്കമ്പനി ഇപ്പോള്‍ മുട്ടുമടക്കിയതും. ഏറ്റവും മെച്ചപ്പെട്ടതാണ് ഭേദഗതി ചെയ്യപ്പെട്ട പേറ്റന്റ് നിയമമെന്ന് സിപിഐ എം ഒരിക്കലും പറഞ്ഞിട്ടില്ല. പക്ഷേ, അന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ലഭിക്കാമായിരുന്ന മെച്ചപ്പെട്ട നിയമമായിമാത്രമേ സിപിഐ എമ്മും ഇടതുപക്ഷവും ഈ ഭേദഗതിയെ കണ്ടിരുന്നുള്ളൂ. നൊവാര്‍ട്ടിസ് കമ്പനിയുടെ മരുന്നിന് പേറ്റന്റ് ലഭിക്കാന്‍ അര്‍ഹതയുണ്ടായിരുന്നില്ല.
നൊവാര്‍ട്ടിസിന്റെ ഗ്ലിവെക്ക് എന്ന രക്താര്‍ബുദ മരുന്നിന് 1993 ലാണ് ആദ്യമായി അമേരിക്കയില്‍ പേറ്റന്റ് ലഭിച്ചത്. ഇന്ത്യയാകട്ടെ, 1995 ലാണ് ട്രിപ്സ് കരാറിന്റെ ഭാഗമായുള്ള ഉല്‍പ്പന്ന പേറ്റന്റ് അനുവദിക്കുന്നത്. അതായത് 1995 ന് ശേഷമുള്ള പേറ്റന്റ് മാത്രമേ അനുസരിക്കാന്‍ ഇന്ത്യക്ക് ബാധ്യതയുള്ളൂ. നാലാം തവണയാണ് ഗ്ലിവെക്കിന് പേറ്റന്റ് നേടാനുള്ള നൊവാര്‍ട്ടിസിന്റെ ശ്രമം ഇന്ത്യയില്‍ പരാജയപ്പെടുന്നത്. ആദ്യം പേറ്റന്റ് ഓഫീസില്‍നിന്ന് പരാജയം ഏറ്റുവാങ്ങിയ നൊവാര്‍ട്ടിസ് പിന്നീട് പേറ്റന്റ് അപ്പലേറ്റ് ബോഡിയിലും ചെന്നൈ ഹൈക്കോടതിയിലും പരാജയമേറ്റു വാങ്ങി. മറ്റ് രാജ്യങ്ങളില്‍ പേറ്റന്റ് ലഭിച്ച തങ്ങളുടെ മരുന്നിന് എന്തുകൊണ്ട് ഇന്ത്യമാത്രം പേറ്റന്റ് നല്‍കുന്നില്ലെന്ന ചോദ്യമാണ് നൊവാര്‍ട്ടിസ് ഉയര്‍ത്തിയത്. ഒരുദാഹരണം ഇവിടെ ഉദ്ധരിക്കാം. 1989 നും 2000 നും ഇടയില്‍ 1035 പേറ്റന്റാണ് അമേരിക്കയിലെ ഭക്ഷ്യ-മരുന്ന് അതോറിറ്റി അനുവദിച്ചത്. ഇതില്‍ യഥാര്‍ഥത്തിലുള്ള പുതിയ കണ്ടുപിടിത്തം 15 ശതമാനം മാത്രമാണ്. ബാക്കിയെല്ലാം മരുന്നില്‍ ചെറിയ മാറ്റംവരുത്തി പേറ്റന്റ് നേടുകയായിരുന്നു. ഇത് ആവര്‍ത്തിക്കാന്‍ ഇന്ത്യയിലും അവസരം വേണമെന്നാണ് നൊവാര്‍ട്ടിസിന്റെ വാദം.
നവഉദാരവല്‍ക്കരണ നയത്തിന്റെ ഭാഗമായുള്ള പേറ്റന്റ് സംവിധാനം രോഗികള്‍ക്ക്് കുറഞ്ഞ വിലയ്ക്ക് മരുന്ന് ലഭ്യമാക്കുന്നതിനേക്കാള്‍ ബഹുരാഷ്ട്രകുത്തകകളുടെ കീശ വീര്‍പ്പിക്കാനാണ് ഉപയോഗിക്കപ്പെടുന്നത്. അതുകൊണ്ടാണ് ക്യാന്‍സറിന് മരുന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞരിലൊരാളായ ബ്രിയാന്‍ ഡര്‍ക്കര്‍ തങ്ങളുടെ ഗവേഷണം രോഗികള്‍ക്ക് ആശ്വാസം നല്‍കാനല്ല ഉപയോഗിക്കപ്പെട്ടത് എന്ന് വിലപിച്ചത്. സുപ്രീംകോടതി വിധിയെ അദ്ദേഹം പുകഴ്ത്തിയതും ഈ പശ്ചാത്തലത്തിലാണ്. സുപ്രീം കോടതി വിധി മരുന്ന് ഗവേഷണത്തെ തകര്‍ക്കുന്നതാണെന്നാണ് ബഹുരാഷ്ട്ര കമ്പനികള്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. നൊവാര്‍ട്ടിസിന്റെ വൈസ് ചെയര്‍മാനായ രണ്‍ജിത്ത് സാഹ്നി പറഞ്ഞത് നൊവാര്‍ട്ടിസ് ഇന്ത്യയില്‍ ഗവേഷണപ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നാണ്. ഇത് കേട്ടാല്‍ തോന്നും നൊവാര്‍ട്ടിസ് ഗവേഷണത്തിനായി കോടികള്‍ ഒഴുക്കുന്നുണ്ടെന്ന്. 2012 ലെ കണക്കുമാത്രം പരിശോധിക്കാം. 800 കോടിയാണ് ഈ വര്‍ഷം നൊവാര്‍ട്ടിസിന് ഗ്ലീവെക്ക് മരുന്നു വില്‍പ്പനയിലൂടെ ലഭിച്ചത്. ഇതില്‍ 29 ലക്ഷം രൂപ മാത്രമാണ് ഇന്ത്യയില്‍ ഗവേഷണത്തിനായി അവര്‍ ചെലവഴിച്ചത്! അതായത് മൊത്തം വരുമാനത്തിന്റെ 0.03 ശതമാനംമാത്രം.
പുതിയ മരുന്ന് കണ്ടെത്തുന്നതിനുള്ള ഗവേഷണത്തിന് 100 കോടി ഡോളര്‍ അഥവാ 5500 കോടി രൂപ ചെലവാകുന്നുവെന്നും അതിനാലാണ് മരുന്നു വിലയും കൂടുന്നതെന്നാണ് നൊവാര്‍ട്ടിസ് പോലുള്ള കമ്പനികള്‍ വാദിക്കുന്നത്. എന്നാല്‍, വസ്തുതകളുടെ വിശകലനം ഈ അവകാശവാദവും തെറ്റാണെന്ന് ബോധ്യപ്പെടുത്തും. ബോസ്റ്റണിലെ ടഫ്റ്റ് സെന്റര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്, 2010 ല്‍ ലോകത്തിലെ പകുതി മരുന്നും ഉല്‍പ്പാദിപ്പിക്കുന്ന 10 കമ്പനികള്‍ ഗവേഷണത്തിനായി ചെലവാക്കിയത് മൊത്തം 100 കോടി ഡോളര്‍മാത്രമാണെന്നാണ്. അതുകൊണ്ടു തന്നെ മരുന്നിന് വലിയ വില ഈടാക്കുന്നതിന് ന്യായീകരണമില്ല. ഇങ്ങനെ നോക്കിയാല്‍ സുപ്രീം കോടതി വിധിക്ക് ഒരുപാട് മാനങ്ങള്‍ കണ്ടെത്താനാകും.
 
 
 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment