Monday 8 April 2013

[www.keralites.net] "സ്‌ട്രോക്ക്" എന്ന ബ്രെയിന്‍ അറ്റാക്ക്‌

 

"സ്‌ട്രോക്ക്" എന്ന ബ്രെയിന്‍ അറ്റാക്ക്‌



സ്‌ട്രോക്ക് എന്ന ബ്രെയിന്‍ അറ്റാക്ക്

ബി.പി. കൂടുതലുള്ളവര്‍ക്ക് നേരിടേണ്ടിവരുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് പക്ഷാഘാതം അഥവാ സ്‌ട്രോക്ക് ആയിരിക്കും. രക്തസമ്മര്‍ദ്ദം കൂടുതലുള്ളവര്‍ എപ്പോഴും സ്‌ട്രോക്കിനെ സൂക്ഷിക്കണം. ബി.പി.യുള്ളവര്‍ക്ക് സ്‌ട്രോക്ക് വരാനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ നാലു മുതല്‍ ഒമ്പതു വരെ മടങ്ങാണ്. 40 വയസ്സില്‍ താഴെയുള്ളവരില്‍ സ്‌ട്രോക്ക് ഉണ്ടാകാനുള്ള മുഖ്യകാരണങ്ങളിലൊന്ന് രക്താതിസമ്മര്‍ദ്ദമാണെന്നു പറയാം. രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചാല്‍ സ്‌ട്രോക്കിന്റെ സാധ്യത 3040 ശതമാനം വരെ കുറയും.
ഹാര്‍ട്ട് അറ്റാക്ക് വന്ന് ഹൃദയപ്രവര്‍ത്തനങ്ങള്‍ നിലച്ചുപോകുന്നതുപോലെ മസ്തിഷ്‌കാഘാതം വന്ന് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ നിലച്ചുപോകുന്ന സ്ഥിതിയാണ് സ്‌ട്രോക്ക് അഥവാ മസ്തിഷ്‌കാഘാതം. ഹൃദയസ്തംഭനത്തെപ്പോലെയോ അതിനെക്കാളോ മാരകമാണിത്. അതുകൊണ്ട് പാശ്ചാത്യ രാജ്യങ്ങളില്‍ ഈ പ്രശ്‌നത്തെ ബ്രെയിന്‍ അറ്റാക്ക് എന്നു വിളിക്കാറുണ്ട്.
തലച്ചോറിലേക്ക് വേണ്ടത്ര രക്തം കിട്ടാതെവരികയോ രക്തം എത്തിക്കുന്ന ധമനികള്‍ പൊട്ടുകയോ ചെയ്യുന്നതാണ് പലപ്പോഴും സ്‌ട്രോക്കിനു കാരണം. പ്രധാനമായും മൂന്നുതരത്തിലാണ് സ്‌ട്രോക്ക് ഉണ്ടാകാറുള്ളത്. സെറിബ്രല്‍ ത്രോംബോസിസ്, സെറിബ്രല്‍ ഹെമറേജ്, എംബോളിസം എന്നിവയാണവ. തലച്ചോറിന്റെ ഇടതുഭാഗത്ത് സ്‌ട്രോക്ക് ഉണ്ടായാല്‍ ശരീരത്തിന്റെ വലതുഭാഗമാണു തളരുക. മറിച്ചായാല്‍ ഇടതുവശം തളരും. അപൂര്‍വം ചിലപ്പോള്‍ ശരീരം മൊത്തം തളര്‍ന്നുപോകും.
Fun & Info @ Keralites.net

ത്രോംബോസിസ്

തലച്ചോറിലേക്കു രക്തമെത്തിക്കുന്ന ധമനികളില്‍ കൊഴുപ്പടിഞ്ഞും ധമനികള്‍ ചുരുങ്ങിയും മറ്റും രക്തപ്രവാഹത്തിന്റെ അളവു കുറയാം. ഇങ്ങനെ, തലച്ചോറിലേക്ക് ആവശ്യത്തിനു രക്തം കിട്ടാതെവരുമ്പോള്‍ മസ്തിഷ്‌ക പ്രവര്‍ത്തനങ്ങള്‍ തകരാറിലാവുന്നു. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ താല്‍ക്കാലികമായോ സ്ഥിരമായോ തളര്‍ത്താനിടയുണ്ട്. ഈ തളര്‍ച്ചയാണ് മസ്തിഷ്‌കാഘാതമായി അനുഭവപ്പെടുന്നത്.
കൊളസ്‌ട്രോള്‍ കൂടുന്നതു കൊണ്ട്, തലച്ചോറിലേക്കുള്ള രക്തധമനികള്‍ ചുരുങ്ങിപ്പോകാറുണ്ട്. രക്തസമ്മര്‍ദ്ദം കൂടുന്നതും അതിനു കാരണമാകാം. രക്തക്കുഴലിനുള്ളില്‍ രക്തം കട്ടപിടിക്കുന്നതു കൊണ്ടും ഇങ്ങനെ വരാം.
ത്രോംബോസിസ് മൂലം സ്‌ട്രോക്ക് ഉണ്ടാകുമ്പോള്‍ തലവേദന പോലുള്ള ലക്ഷണങ്ങളൊന്നും ഉണ്ടാകണമെന്നില്ല.

സെറിബ്രല്‍ ഹെമറേജ്

അമിത രക്തസമ്മര്‍ദ്ദം മൂലമുണ്ടാകുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നമാണിത്. രക്തസമ്മര്‍ദ്ദം വല്ലാതെ കൂടി തലച്ചോറിലേക്കുള്ള രക്തധമനികള്‍ പൊട്ടി തലച്ചോറില്‍ രക്തസ്രാവമുണ്ടാകുന്ന രോഗമാണിത്. അതിസങ്കീര്‍ണമായ ഈ അവസ്ഥയില്‍ മരണം സുനിശ്ചിതമാണെന്നു പറയാം. കുഴഞ്ഞുവീണു മരിച്ചു എന്നു കേള്‍ക്കുന്ന വാര്‍ത്തകളില്‍ നല്ലൊരു പങ്കും സെറിബ്രല്‍ ഹെമറേജ് മൂലമുള്ള മരണങ്ങളാണ്. അതിശക്തമായ തലവേദനയോടെ പെട്ടെന്ന് തലച്ചോറില്‍ ഒരു പൊട്ടിത്തെറി പോലെ ഇതുണ്ടാകുന്നു. ചിലപ്പോള്‍ ഛര്‍ദ്ദിയും വരാം.
ഈ രോഗത്തിന്റെ ഏറ്റവും പ്രധാന കാരണം രക്താതിമര്‍ദ്ദം തന്നെ. രക്തത്തില്‍ കൊളസ്‌ട്രോള്‍ കൂടുന്നതും ഷുഗര്‍ കൂടുന്നതും രോഗസാധ്യത പതിന്മടങ്ങായി വര്‍ധിപ്പിക്കും.
അപൂര്‍വം ചിലരില്‍ ജന്മനാ രക്തക്കുഴലുകള്‍ ദുര്‍ബലമായി കാണാറുണ്ട്. അങ്ങനെയുള്ളവര്‍ക്ക് നേരിയ രക്താതിമര്‍ദ്ദമുണ്ടായാല്‍ പോലും സെറിബ്രല്‍ ഹെമറേജ് വരാം. പാരമ്പര്യമായി സ്‌ട്രോക്ക് ഉള്ളവരും ബി.പി. ഉള്ളവരും ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം.
രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചില്ലെങ്കില്‍ കുഴലുകള്‍ പൊട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. വലിയ രക്തക്കുഴലുകള്‍ മിക്കവയും പേശികളോടു ചേര്‍ന്ന് അവയുടെ സംരക്ഷണത്തിലാണു നില്‍ക്കുന്നതെന്നു പറയാം. എന്നാല്‍ ചെറിയ ചെറിയ ശുദ്ധരക്തക്കുഴലുകള്‍ക്ക് ഈ സംരക്ഷണമില്ല. രക്തസമ്മര്‍ദ്ദം ക്രമത്തിലധികമാകുമ്പോള്‍ ലോലമായ ഈ ചെറുധമനികള്‍ വീര്‍ത്തുവരും. ഇങ്ങനെ വീര്‍ക്കുന്നതിന് അന്യൂറിസം എന്നാണു പറയുന്നത്. അന്യൂറിസം ബാധിച്ച ചെറുധമനികള്‍ പൊട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ജന്മനാ തന്നെ ഉണ്ടാകുന്ന ഒരു പ്രശ്‌നമാണ്.
ചിലരില്‍ ശുദ്ധരക്തവും അശുദ്ധരക്തവും ഇടകലര്‍ന്നുപോകും. ശുദ്ധരക്തം വഹിക്കുന്ന വലിയ ധമനികളില്‍ നിന്ന് അതിന്റെ തന്നെ ചെറുശാഖകളിലേക്ക് ഒഴുകുന്നതിനു പകരം അശുദ്ധ രക്തമൊഴുകുന്ന കുഴലുകളിലേക്ക് രക്തം ഇരച്ചുകയറും. ശുദ്ധരക്തം ഒഴുകിവരുന്നതിന്റെ സമ്മര്‍ദ്ദം താങ്ങാന്‍ അശുദ്ധരക്തം പേറുന്ന സിരകള്‍ക്കു കഴിയില്ല. അതിനാല്‍ അവ പൊട്ടാനുള്ള സാധ്യത കൂടും (ഇതിനെ ആര്‍ട്ടീരിയോ വീനസ് മാല്‍ഫോര്‍മേഷന്‍ എന്നു പറയുന്നു. ഇതും ജന്മനാ ഉണ്ടാകുന്നതാണ്). 40 വയസ്സില്‍ താഴെയുള്ളവരില്‍ സെറിബ്രല്‍ ഹെമറേജുണ്ടാകുന്നതിനുള്ള ഒരു മുഖ്യകാരണമാണിത്.

എംബോളിസം

ഹൃദയത്തിന്റെ അറകളില്‍ നിന്നോ വലിയ ധമനികളില്‍ നിന്നോ ഉണ്ടാകുന്ന ചെറിയ രക്തക്കട്ടകള്‍ (ത്രോംബസ്) തലച്ചോറിലെ രക്തക്കുഴലുകളില്‍ എത്തി തടസ്സങ്ങളുണ്ടാക്കി രക്തപ്രവാഹം നിലച്ച് സ്‌ട്രോക്ക് ഉണ്ടാകുന്നതിനാണ് എംബോളിസം എന്നു പറയുന്നത്. രക്തക്കട്ടകള്‍, കൊഴുപ്പുകട്ടകള്‍, വായുകുമിളകള്‍ തുടങ്ങിയവയാണ് മുഖ്യമായും ഇങ്ങനെ തടസ്സമുണ്ടാക്കുന്നത്. രക്തത്തില്‍ കൊളസ്‌ട്രോള്‍ കൂടുതലുള്ളവര്‍ക്ക് ബി.പി. കൂടിയുണ്ടെങ്കില്‍ എംബോളിസത്തിനു സാധ്യത കൂടും. എംബോളിസം മൂലമുള്ള സ്‌ട്രോക്ക് കൂടുതലായുണ്ടാകുന്നത് 40നു താഴെ പ്രായമുള്ളവരിലാണ്.

സ്‌ട്രോക്ക് വരുന്നത് മുന്‍കൂട്ടി അറിയാനാവുമോ

സ്‌ട്രോക്കിന്റെ മുഖ്യകാരണം രക്താതിമര്‍ദ്ദമാണ്. രക്താതിമര്‍ദ്ദമുണ്ടെങ്കില്‍ സ്‌ട്രോക്കിനുള്ള സാധ്യത ഭയക്കണം. പാരമ്പര്യമായി സ്‌ട്രോക്കുള്ളവരും ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
കൈകാലുകള്‍ക്കുണ്ടാകുന്ന തളര്‍ച്ചയാണ് മറ്റൊരു പ്രധാന ലക്ഷണം. മുഖവും ഏതെങ്കിലും ഒരു വശത്തെ കൈകാലുകളും തളരുന്നതിനെ ഹെമിപ്ലീജിയ എന്നു പറയുന്നു. ഏതെങ്കിലും ഒരു കൈയിനോ കാലിനോ മാത്രം ഉണ്ടാകുന്ന തളര്‍ച്ചയ്ക്ക് മോണോപ്ലീജിയ എന്നാണു പറയുന്നത്. 
തലച്ചോറിന്റെ ഏതു ഭാഗത്താണ് രക്തസ്രാവം അല്ലെങ്കില്‍ രക്തതടസ്സം ഉണ്ടാവുന്നത് എന്നതിനെ ആസ്​പദമാക്കിയാണ് ലക്ഷണങ്ങള്‍ കാണുക.
ശരീരഭാഗങ്ങളിലുണ്ടാകുന്ന മരവിപ്പാണ് മറ്റൊരു ലക്ഷണം. കൂടെക്കൂടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും മരവിപ്പുണ്ടാകാം. ഇത് വേഗം മാറി എന്നു വരാം. അതിനാല്‍ പലരും അതു കാര്യമായി ശ്രദ്ധിക്കാതെ വിടും. ഇങ്ങനെ കൂടെക്കൂടെ മരവിപ്പുണ്ടാകുന്നുവെങ്കില്‍ ബി.പി. നോക്കണം. സ്‌ട്രോക്കിന്റെ പാരമ്പര്യമുള്ളവരാണെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കുകയും വേണം.
സംസാരിക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍, കണ്ണു കാണാതാവല്‍, ഭക്ഷണം ഇറക്കാന്‍ വിഷമം തുടങ്ങിയവയും സ്‌ട്രോക്കിന്റെ ലക്ഷണങ്ങളാവാം. നെഞ്ചിനെയും വയറിനെയും സാധാരണ സ്‌ട്രോക്ക് ബാധിക്കാറില്ല. തലച്ചോറിന്റെ രണ്ടു ഭാഗങ്ങളും ഈ പ്രദേശങ്ങളെ നിയന്ത്രിക്കുന്നു എന്നതു കൊണ്ടാണിത്. തലച്ചോറിന്റെ ഒരു വശത്ത് പ്രശ്‌നങ്ങളുണ്ടായാല്‍ തന്നെ മറുവശം നെഞ്ചിന്റെയും വയറിന്റെയും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തും. അല്ലായിരുന്നെങ്കില്‍ സ്‌ട്രോക്ക് വരുന്ന മുഴുവന്‍ ആളുകള്‍ക്കും ജീവാപായം സംഭവിച്ചേനെ.

?സ്‌ട്രോക്കില്‍ നിന്നു രക്ഷ നേടാന്‍ എന്തെല്ലാം ചെയ്യണം?

സ്‌ട്രോക്കില്‍ നിന്നു രക്ഷ നേടാന്‍ ആദ്യം ചെയ്യേണ്ടത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുക എന്നതാണ്. ബി.പി.യുള്ളവര്‍ മരുന്ന് കൃത്യമായി കഴിക്കുക. വ്യായാമവും ഭക്ഷണക്രമം, ജീവിതചര്യ എന്നിവയും ക്രമമായി പാലിക്കുക. സ്‌ട്രോക്കുണ്ടായാല്‍ ഏറ്റവും നേരത്തേ മികച്ച വൈദ്യസഹായം തേടണം. ആദ്യത്തെ മണിക്കൂറുകള്‍ ഇതിന്റെ ചികിത്സയില്‍ തികച്ചും നിര്‍ണായകമാണ്.


Mathrubhumi

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment