Saturday 13 April 2013

[www.keralites.net] ഹൃദയാഘാതം

 

ഹൃദയാഘാതം

ഹൃദയാഘാതം
ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതത്തെ കുറിച്ചുള്ള ഒരു കാര്യം ആദ്യം തന്നെ സൂചിപ്പിക്കട്ടെ. സ്വന്തമായി ഒരു ഹൃദയാഘാതം സംഘടിപ്പിക്കുന്നത് വരെ എല്ലാവരുടെയും ഒരു തെറ്റിദ്ധാരണ, ഹാര്‍ട്ട് അറ്റാക്ക് എനിക്ക് വരാത്ത ഒരു രോഗമാണ് എന്നാണ്. ഇവിടെ ഹൃദയാഘാതം സംഘടിപ്പിക്കുക എന്ന് മനഃപ്പൂര്‍വ്വം ഉപയോഗിച്ചിരിക്കുന്നതാണ്. കാരണം ഇന്നത്തെ ഹൃദ്രോഗങ്ങള്‍ മിക്കവാറും ജീവിത ശൈലിയിലും, ഭക്ഷണ ശൈലിയിലും വന്ന മാറ്റങ്ങള്‍ കൊണ്ട് വന്നതാണ്. അത് പോലെ നെഞ്ചു വേദനയോ, നെഞ്ചെരിച്ചിലോ അനുഭവപ്പെടുമ്പോള്‍, ഓ ഇത് ഗ്യാസിന്റെ പ്രശ്നമാണ് എന്ന് നിസാര മട്ടില്‍ പറഞ്ഞ് വേഗം പോയി ഒരു ഗ്യാസ് ഗുളിക എടുത്ത് കഴിക്കലാണ് മിക്കവരുടെയും ഒരു ശീലം. ഈ ഒരു സ്ഥിതി വിശേഷം ഇനി എങ്കിലും മാറേണ്ടിയിരിക്കുന്നു. മുറി വൈദ്യന്‍ രോഗിയെ കൊല്ലും എന്ന് കേട്ടിട്ടില്ലേ. നിങ്ങള്‍ ഗ്യാസ് എന്ന് തെറ്റിദ്ധരിക്കുന്ന ഹൃദയാഘാതം ഉണ്ടായി കഴിഞ്ഞുള്ള ആദ്യത്തെ ഒരു മണിക്കൂര്‍ അത്രയും നിര്‍ണായകമാണ്. ഈ ഒരു മണിക്കൂര്‍ ഗോള്‍ഡന്‍ അവര്‍ എന്നാണ് അറിയപ്പെടുന്നത്. ഈ ഒരു മണിക്കൂറിനകം നിങ്ങള്‍ക്ക് ചികിത്സ ലഭിക്കുകയാണെങ്കില്‍ നിങ്ങള്‍ രക്ഷപ്പെടാനുള്ള സാദ്ധ്യത വളരെ കൂടുതല്‍ ആണ്. അത് കൊണ്ട് വേദന തോന്നുമ്പോള്‍ എത്രയും പെട്ടെന്ന് ഡോക്ടറുടെ വിദഗ്ദോപദേശം തേടുന്നതാണ് ഉചിതം. ചിലപ്പോള്‍ നിങ്ങള്‍ക്ക് ഗ്യാസിന്റെ പ്രശ്നമായിരിക്കും. പക്ഷേ അത് ഡോക്ടറെ കണ്ട് ഒന്ന് ഉറപ്പ് വരുത്തുന്നതല്ലേ നല്ലത്.

എന്താണ് ഹൃദയാഘാതം

ഹൃദയാഘാതം എന്താണ് എന്ന് ഒറ്റ വാക്കില്‍ ചോദിച്ചാല്‍ ഹൃദയത്തിന് പ്രവര്‍ത്തിക്കാനാവശ്യമായ ഓക്സിജന്‍ ലഭിക്കാതെ വരുന്ന അവസ്ഥയാണ് ഹൃദയാഘാതം. വിശദമായി പറയുകയാണെങ്കില്‍ ഹൃദയം എപ്പോഴും സ്പന്ദിച്ചു കൊണ്ടിരിക്കണമെങ്കില്‍ ഹൃദയത്തിനും ഭക്ഷണം വളരെ ആവശ്യമാണ്. അതായത് ഹൃദയത്തിന്റെ പേശികളിലെ കോശങ്ങള്‍ക്ക് പ്രാണവായുവും പോഷകങ്ങളും ലഭിച്ചു കൊണ്ടിരിക്കണം. ഇവ എത്തിക്കുന്നത് കൊറോണറി ധമനികള്‍ എന്ന പ്രത്യേക രക്തക്കുഴലുകള്‍ വഴിയാണ്. ഈ കൊറോണറി ധമനികളില്‍ എന്തെങ്കിലും തടസ്സമുണ്ടാവുകയോ അവ ഇടുങ്ങി പോവുകയോ ചെയ്താല്‍ ഹൃദയത്തിന്റെ പേശികളിലെ കോശങ്ങള്‍ക്ക് ആവശ്യത്തിന് ഭക്ഷണം കിട്ടാതെ ആവും. അതായത് ഓക്സിജനും പോഷകങ്ങളും. ഓക്സിജന്റെ വരവ് നിലക്കുന്നതോടെ കോശങ്ങളുടെ പ്രവര്‍ത്തനവും നിലയ്ക്കുന്നു. ഇതിന്റെ ഫലമായി ഓക്സിജന്‍ കിട്ടാത്ത ഭാഗത്തെ കോശങ്ങള്‍ പെട്ടെന്ന് നിലച്ചു പോകുന്നു. ഹൃദയത്തിന്റെ പേശികളിലെ കോശങ്ങള്‍ എല്ലാം ഇങ്ങനെ നശിച്ച് ഹൃദയ പേശികള്‍ക്ക് ക്ഷതമുണ്ടാക്കുന്നു. ഈ രോഗാവസ്ഥയാണ് ഹാര്‍ട്ട് അറ്റാക്ക് എന്നറിയപ്പെടുന്നത്. ഹാര്‍ട്ട് അറ്റാക്ക് വന്ന് ഹൃദയം നിലച്ചു പോകുന്ന അവസ്ഥയാണ് കാര്‍ഡിയാക് അറസ്റ്റ് എന്നറിയപ്പെടുന്നത്. ഈ അവസ്ഥയില്‍ ഒരാള്‍ക്ക് മരണം വരെ സംഭവിക്കാം.

ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണങ്ങള്‍

നെഞ്ചിനകത്ത് ഭാരം അനുഭവപ്പെടല്‍
നെഞ്ചില്‍ തുടങ്ങി ക്രമേണ ചുമലുകളിലേയ്ക്കും, കഴുത്തിലേയ്ക്കും, കൈയ്യിലേയ്ക്കും പടരുന്ന വേദന
ശ്വാസ ഗതിയിലുള്ള വ്യതിയാനം
പെട്ടെന്ന് വിയര്‍ക്കല്‍
നെഞ്ചു വേദന വന്ന് 15 മിനിട്ട് കഴിഞ്ഞും കുറയുന്നില്ലെങ്കില്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കാണുക

ഹൃദ്രോഗത്തിന്റെ സൂചനകള്‍

ഹൃദ്രോഗമെന്ന നിശ്ശബ്ദനായ കൊലയാളിക്കു പല രൂപങ്ങളും ഭാവങ്ങളുമുണ്ട്. അവയുടെല്ലാം കാരണങ്ങളും ലക്ഷണങ്ങളും വിഭിന്നമാണ്. എന്നിരിക്കിലും പല ഹൃദയരോഗങ്ങളുടെയും സൂചനകള്‍ പലപ്പോഴും പൊതുസ്വഭാവമുള്ളവയാണ്. നിങ്ങള്‍ അനുഭവിക്കുന്ന ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ രോഗത്തിന്റെ തരമനുസരിച്ചും ഗൌരവമനുസരിച്ചുമാണ് സംഭവിക്കുന്നത്. നിങ്ങളുടെ ഹൃദയത്തിനുണ്ടായ പ്രശ്നം എന്തു കാരണംകൊണ്ടാണെന്നു മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ് ആദ്യം വേണ്ടത്. പുതിയതായി എന്തെങ്കിലും അസ്വസ്ഥത തോന്നുമ്പോഴും ഇടയ്ക്കിടെ അത് ആവര്‍ത്തിക്കുമ്പോഴും നിസ്സാരമട്ടില്‍ അതിനെ കാണാന്‍ ശ്രമിച്ചാല്‍ അപകടം ചെയ്യും. ഒരിക്കല്‍ ലക്ഷണം കാണിച്ചാല്‍ വിശദമായ പരിശോധനകളും കരുതലുകളും തുടര്‍ന്നുള്ള ജീവിതത്തില്‍ ആവശ്യമായി വരും.

ഹൃദയധമനികളിലെ രോഗങ്ങളും ലക്ഷണങ്ങളും
ആന്‍ജിന (anjina) എന്നറിയപ്പെടുന്ന ഹൃദയവേദനയാണ് ഹൃദയധമനികളിലെ രോഗങ്ങളുടെ കാര്യത്തില്‍ സാധാരണ കാണാറുള്ള ഒരു ലക്ഷണം. ആന്‍ജിന പലതരത്തില്‍ അനുഭവപ്പെടും. ഹൃദയത്തിന് എരിച്ചില്‍ അനുഭവപ്പെടുക, ഭാരക്കൂടുതല്‍, അസ്വസ്ഥത, സമ്മര്‍ദ്ദം, ഞെരുക്കം ഇതൊക്കെ ആന്‍ജിനയുടെ വിശദീകരണങ്ങളില്‍പ്പെടുന്നവയാണ്. ഇത് പലപ്പോഴും നിസ്സാരമായ നെഞ്ചിരിച്ചിലാണെന്ന് തെറ്റിദ്ധരിക്കപ്പെടാനിടയുണ്ട്.
ഇടതുനെഞ്ചിലാണ് സാധാരണയായി ആന്‍ജിനയുടെ ലക്ഷണങ്ങള്‍ പ്രകടമാവുക. എന്നിരിക്കിലും തോള്‍, കഴുത്ത്, കൈകള്‍,തൊണ്ട, പുറം, താടിയെല്ല് എന്നിവിടങ്ങളിലും തകരാറുകള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ഹൃദയധമനികളിലുണ്ടാകുന്ന രോഗങ്ങളുടെ മറ്റു ലക്ഷണങ്ങള്‍ ഇവയാണ്.
1.
ശ്വാസംമുട്ടല്‍ (Shortness of breath)
2.
ക്രമംതെറ്റിയ ഹൃദയമിടിപ്പ് (irregular heart beat)
3.
ഹൃദയമിടിപ്പിന്റെ വേഗത കൂടുക (a faster heart beat)
4.
തളര്‍ച്ച (Weakness or dizziness)
5.
ഓക്കാനം (Nausea)
6.
വിയര്‍ക്കല്‍ (Sweating)
ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ (symptoms of heart attack)

ഹൃദയഭാരവും വേദനയും:
ഹൃദയാഘാതം പലപ്പോഴും നിശ്ശബ്ദനായി കടന്നുവരുന്ന ഒരു ഘാതകനാവാറുണ്ട്. ഹൃദയത്തെ നേരിട്ടായിരിക്കില്ല പകരം ഹൃദയത്തിന്റെ നാലുഭാഗത്തുകൂടെയാവും ഈ ഭീകരന്‍ രോഗത്തിന്റെ വല വിരിക്കുക. ചിലപ്പോള്‍ കൈകളില്‍ക്കൂടിയാവാം വേദന കടന്നുവരിക. അല്ലെങ്കില്‍ നെഞ്ചിനുതാഴെയുള്ള എല്ലുകളില്‍നിന്നാവാം. വേദനയുടെ രൂപത്തില്‍ മാത്രമല്ല ഈ ഭീകരാക്രമം അരങ്ങേറുക. മറിച്ച് നെഞ്ചെരിച്ചിലായോ, ഭാരംതോന്നലായോ സമ്മര്‍ദ്ദമായോ ഒക്കെ അനുഭവപ്പെടാം.
അസ്വസ്ഥതയുടെ തരംഗങ്ങള്‍:
കഴുത്തിലും തൊണ്ടയിലും തോളിലും താടിയെല്ലിലും കൈകളിലും വ്യാപിക്കുന്ന അസ്വസ്ഥതകളാണ് ഹൃദയാഘാതത്തിന്റെ മറ്റൊരു ലക്ഷണം.
നെഞ്ചെരിച്ചില്‍:
നെഞ്ചിനകത്ത് നീറ്റലും പുകച്ചിലും അനുഭവപ്പെടുന്നതും ഹൃദയാഘാതത്തിന്റെ ലക്ഷണമാണ്.
വിയര്‍പ്പും മനംപുരട്ടലും:
ശരീരമാകെ വിയര്‍ത്തുകുളിക്കുന്നത് ഹൃദയാഘാതമെന്ന രോഗത്തിന്റെ ശ്രദ്ധേയമായൊരു ലക്ഷണമാണ്. ശരീരത്തിന്റെ പുറത്തു നടക്കുന്ന ഒരു പ്രതിഭാസമായതിനാല്‍ രോഗിക്കു മാത്രമല്ല, അടുത്തുനില്‍ക്കുന്നവര്‍ക്കുകൂടി ഈ ലക്ഷണം മനസ്സിലാവുന്നു. അതുപോലെതന്നെ അകാരണമായ ഓക്കാനവും മനംപുരട്ടലും ചിലപ്പോള്‍ അനുഭവപ്പെടാറുണ്ട്.
ക്ഷീണവും ഉല്‍ക്കണ്ഠയും:
ഹൃദയാഘാതത്തിന് പലപ്പോഴും അമിതമായ ഉല്‍ക്കണ്ഠ, ടെന്‍ഷന്‍, മനപ്രയാസം ഇവയൊക്കെ ഇടയാക്കാറുണ്ട്. ശ്വാസമുട്ടലും അനുഭവപ്പെടും. ക്ഷീണവും തളര്‍ച്ചയുമൊക്കെയായി രോഗിയെ അടിപറ്റിച്ചുകൊണ്ടായിരിക്കും ഇവിടെ ആഘാതം ആഞ്ഞുവീശുക.
താളംതെറ്റിയ മിടിപ്പ്:
ഹൃദയതാളം തെറ്റിച്ചുകൊണ്ട് മിടിപ്പ് (heart beat) ഉണ്ടാവുന്നത് അറ്റാക്കിനുള്ള ലക്ഷണമാകാറുണ്ട്. ചിലപ്പോള്‍ ഹൃദയമിടിപ്പിന്റെ വേഗതയേറുകയും ചിലപ്പോള്‍ കുറയുകയും ചെയ്യും.

സൈലന്റ് അറ്റാക്ക്
ചിലരില്‍ യാതൊരു ലക്ഷണവും പ്രകടിപ്പിക്കാതെ അറ്റാക്ക് സംഭവിക്കുന്നു. അതാണ് ഏറ്റവും അപകടകാരിയായ 'സൈലന്റ് അറ്റാക്ക്.' മിക്കവാറും രോഗിയേയുംകൊണ്ടേ ഈ ഭീകരന്‍ കടന്നുപോകാറുള്ളൂ. ആശുപത്രിയിലെത്തിക്കാനോ ചികില്‍സിക്കാനോ അവസരമില്ലാത്തതാണ് അപകടത്തിനു കാരണം. ഉറക്കത്തിലും ടി.വി. കണ്ടുകൊണ്ടിരിക്കുമ്പോഴുമൊക്കെ ഈ വില്ലന്‍ കടന്നുവന്നേക്കാം. ചുരുക്കത്തില്‍ ഔചിത്യബോധമില്ലാത്ത കോമാളിയെപ്പോലെയാണ് 'സൈലന്റ് അറ്റാക്കി'ന്റെ വരവും

 

 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment