മോഡിയെ ആദര്‍ശവല്‍ക്കരിക്കുമ്പോള്‍ സംഭവിക്കുന്നത്
പ്രസിദ്ധിപോലെ കുപ്രസിദ്ധിയും ചിലര്‍ക്ക,് ചിലപ്പോള്‍ ഗുണകരമായേക്കാം. ബി.ജെ.പി നേതാവും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോഡിയുടെ കാര്യത്തിലെങ്കിലും ഇത് ശരിയാണെന്നാണ് പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. കുപ്രസിദ്ധിയെക്കൂടി തനിക്കനുകൂലമാക്കിയെടുക്കുവാന്‍ വികസനമെന്ന മായികമന്ത്രത്തെ ആയുധമാക്കിയ നരേന്ദ്ര മോഡിയുടെ അജണ്ട ദേശീയമാദ്ധ്യമങ്ങള്‍ കൂടി ഏറ്റെടുത്തിരിക്കുകയാണ്. ഇതോടെ മോഡിയുടെ വര്‍ഗീയരാഷ്‌്രടീയം വികസനരാഷ്‌ട്രീയമായി വളരെവേഗം വേഷപ്പകര്‍ച്ച നേടുന്ന കൗതുകകരമായ കാഴ്‌ചയാണ് ഏതാനും ആഴ്‌ചകളായി ടെലിവിഷന്‍ വാര്‍ത്താ ചാനലുകള്‍ പ്രേക്ഷകര്‍ക്കു സമ്മാനിക്കുത്.
തങ്ങള്‍തന്നെ കുറ്റവാളിയായി ചിത്രീകരിച്ച ഒരാളെ സമര്‍ഥനായ ഭരണാധികാരിയായി വാഴ്‌ത്തി അയാളുടെ പ്രതിച്‌ഛായ വീണ്ടെടുക്കുവാന്‍ ടെലിവിഷന്‍ ചാനലുകള്‍ നടത്തുന്ന ആസൂത്രിതമെന്ന് തോന്നിപ്പിക്കുന്ന നീക്കം ഫലപ്രാപ്‌തിയിലെത്തിയെന്നതാണ് വാസ്‌തവം. വര്‍ഗീയവെറിയുടെയും ഹിംസാത്മക രാഷ്ര്‌ടീയത്തിന്റെയും ഫലമായി ഗുജറാത്തില്‍ അരങ്ങേറിയ നരവേട്ടകളുടെ പേരില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള മതേതരജനാധിപത്യവാദികളുടെ കടുത്ത വിമര്‍ശനം ഏറ്റുവാങ്ങിയ നരേന്ദ്ര മോഡി, താനാര്‍ജ്‌ജിച്ച കുപ്രസിദ്ധിയുടെതന്നെ ആനുകൂല്യത്തിലാണ് ഇപ്പോള്‍ താരപദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്. ഗുജറാത്തിലെ പ്രാദേശിക മാധ്യമങ്ങളും ദേശീയ ചാനലുകളും ഒരുപോലെ മോഡിയുടെ വര്‍ഗീയരാഷ്‌ട്രീയത്തിന്റെ ക്രൗര്യങ്ങളെല്ലാം വിസ്‌മരിച്ച് അദ്ദേഹത്തെ ഏറ്റവും മികച്ച ദേശീയ നേതാവായി ഉയര്‍ത്തി പ്രതിഷ്‌ഠിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു. പ്രധാനമന്ത്രിയാകാന്‍ ഏറ്റവും യോഗ്യനായ ബി.ജെ.പി നേതാവ് മോഡിയാണെന്ന് സ്‌ഥാപിച്ചുറപ്പിക്കുന്നതില്‍ ദേശീയ മാധ്യമങ്ങള്‍ പരസ്‌പരം മത്സരിക്കുകയാണിപ്പോള്‍.
അടുത്ത പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിയോ നരേന്ദ്ര മോഡിയോ എന്ന ചോദ്യവും അതേക്കുറിച്ചുള്ള ചര്‍ച്ചകളും നിരന്തരം ആവര്‍ത്തിച്ചുകൊണ്ട് മോഡിയുടെ ദേശീയ രാഷ്‌ട്രീയത്തിലേക്കുള്ള പ്രവേശനം സുഗമമാക്കിയെന്നത് മോഡിയുടെതെന്നപോലെ മാധ്യമങ്ങളുടെയും വിജയമായിക്കരുതാമെങ്കിലും മാദ്ധ്യമധാര്‍മ്മികതയുടെ പരാജയവുമാണത്. തങ്ങളുടെ പ്രധാനമന്ത്രി സ്‌ഥാനാര്‍ത്ഥിയാരെന്ന് ബി.ജെ.പി പ്രഖ്യാപിക്കുന്നതിനുംമുമ്പുതന്നെ മോഡിയല്ലാതെ മറ്റാരും ആ പദവിക്ക് അര്‍ഹനായി ബി.ജെ.പിയില്‍ ഇല്ലെന്ന് മാധ്യമങ്ങള്‍ സ്‌ഥാപിച്ചുകഴിഞ്ഞു. രാഹുലും മോഡിയുമല്ലാതെ വേറൊരാളെ പ്രധാനമന്ത്രിപദവിയിലേക്ക് സങ്കല്‍പ്പിക്കുവാന്‍പോലും ജനങ്ങള്‍ക്കോ രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ക്കോ പഴുതില്ലാത്തവിധം മാധ്യമങ്ങള്‍ രാഹുല്‍-മോഡി സംവാദങ്ങള്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളുടെ ഒരു രാഷ്‌ട്രീയ അജണ്ടയാണിത്.
നമ്മുടേതുപോലുള്ള ഒരു സ്വതന്ത്ര സമൂഹത്തില്‍ അഭിപ്രായരൂപീകരണവും മാധ്യമങ്ങളുടെ ദൗത്യമാണ്. എന്നാല്‍ മോഡിയുടെ കാര്യത്തില്‍ മാധ്യമങ്ങള്‍ നടത്തുന്നത് അഭിപ്രായരൂപീകരണമല്ല; സ്വാഭിപ്രായത്തിന്റെ ഏകപക്ഷീയമായ അടിച്ചേല്‍പ്പിക്കലാണ്. പ്രധാനമന്ത്രിസ്‌ഥാനത്തെച്ചൊല്ലി മാധ്യമങ്ങള്‍ ഇപ്പോള്‍ നടത്തുന്ന ചര്‍ച്ചകള്‍ മോഡിയെ ആ സ്‌ഥാനത്തെത്തിക്കുകയെന്ന കണിശമായ ഒരു അജണ്ടയുടെ ഭാഗമാണെന്നത് പകല്‍പോലെ വ്യക്‌തമാണ്. പെയ്‌ഡ് ന്യൂസിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ചര്‍ച്ചയാകാറുണ്ടെങ്കിലും രാഷ്‌്രടീയപക്ഷപാതിത്വംമൂലം പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും വേണ്ടി മാധ്യമങ്ങള്‍ കൃത്രിമവാര്‍ത്തകളും വ്യാഖ്യാനങ്ങളും സൃഷ്‌ടിക്കുന്നത് അധികമാരും ശ്രദ്ധിക്കാറില്ല. തെരഞ്ഞെടുപ്പുകാലത്തുമാത്രമല്ല, തിരഞ്ഞെടുപ്പ് മുന്‍കൂട്ടിക്കണ്ടും രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും വേണ്ടി അവര്‍ക്കനുകൂലമായ പൊതുജനാഭിപ്രായം സൃഷ്‌ടിക്കുവാനുതകുന്ന വാര്‍ത്തകളും ചര്‍ച്ചകളും ഉല്‍പ്പാദിപ്പിക്കുക മാധ്യമങ്ങളുടെപതിവാണ്. മോഡിയ്‌ക്കുവേണ്ടി ഒരു പ്രമുഖ ഇംഗ്ലീഷ് ചാനല്‍ തുടങ്ങിവെച്ച ചര്‍ച്ചകള്‍ക്കുപിന്നിലും ഇത്തരമൊരു അജണ്ടയുണ്ടെന്നറിയാതെയാവില്ല ഇതര മാധ്യമങ്ങള്‍ അതേറ്റെടുത്തത്.
വ്യത്യസ്‌ത മാധ്യമങ്ങള്‍ ഒരുമിച്ചാവര്‍ത്തിച്ചാല്‍ ഏത് നിഗമനത്തിനും പൊതുസമ്മതിയുണ്ടെന്ന പ്രതീതി സൃഷ്‌ടിക്കുവാന്‍ കഴിയും. ഭാവി ദേശീയനേതാവെന്ന മോഡിയുടെ പ്രതിച്‌ഛായ മോഡിക്കുവേണ്ടിയുള്ള ഒരു മാധ്യമസൃഷ്‌ടിയാണെങ്കിലും അത് പൊതുജനാഭിപ്രായമാണെന്ന് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുവാന്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞുവെന്നതാണ് വാസ്‌തവം. പ്രതിച്‌ഛായാനിര്‍മ്മിതിക്കുവേണ്ടി മാധ്യമങ്ങളെ സമര്‍ത്ഥമായി ഉപയോഗിക്കുന്നതില്‍ പ്രത്യേക വിരുതുള്ള നരേന്ദ്ര മോഡിയോട് ദേശീയ മാധ്യമങ്ങള്‍ ഇപ്പോള്‍ കാണിക്കുന്ന പരിധിവിട്ട മമത പലകാരണങ്ങളാലും സംശയാസ്‌പദമാണ്. മാധ്യമങ്ങളുടെ ഇത്തരം രഹസ്യ അജണ്ടകളാണ് പലപ്പോഴും ദേശീയ രാഷ്‌ട്രീയത്തെത്തന്നെ നിര്‍ണ്ണയിക്കുന്നത്. മോഡി-രാഹുല്‍ സംവാദങ്ങള്‍ക്കുപിന്നിലും മാധ്യമങ്ങളുടെ ഏകപക്ഷീയമായ അജണ്ടയാണെന്ന സംശയം അതുകൊണ്ടുതന്നെ അസ്‌ഥാനത്തല്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഗുജറാത്തില്‍ മോഡിയുടെ പ്രതിച്‌ഛായാനിര്‍മ്മിതിക്കായി നമോ ഗുജറാത്ത് എന്ന ടെലിവിഷന്‍ ചാനല്‍ തുടങ്ങിയത്. നരേന്ദ്ര മോഡിയുടെ ചുരുക്കപ്പേരുതന്നെയുള്ള ആ ചാനലിന്റെ മുതല്‍മുടക്ക് ബിജെപിക്കാണെന്നാണ് പരസ്യപ്പെടുത്തിയിട്ടുള്ളതെങ്കിലും മാധ്യമരംഗത്തുകൂടി സ്‌ഥാനമുള്ള വന്‍വ്യവസായികളും അതിന്റെ പിന്നിലുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. കേരളത്തില്‍നിന്നുള്ള ഒരു ചാനല്‍ ഉടമകൂടിയായ രാജ്യസഭാംഗവും നമോ ഗുജറാത്തിന്റെ ആരംഭഘട്ടത്തില്‍ പങ്കാളിയായിരുന്നുവെന്ന വാര്‍ത്ത സ്‌ഥിരീകരിക്കപ്പെട്ടില്ലെങ്കിലും അയാളുടെ മലയാളം, കന്നട ചാനലുകള്‍ അടുത്തകാലത്തായി സംഘപരിവാറിന് നല്‍കുന്ന അമിതപ്രാധാന്യം യാദൃച്‌ഛികമല്ലെന്നാണ് മാധ്യമനിരീക്ഷകര്‍ കരുതുന്നത്.
പബ്ലിക് റിലേഷന്‍ വിദഗ്‌ദ്ധരുടെ പിന്തുണയോടെ സോഷ്യല്‍ മീഡിയയെ സമര്‍ത്ഥമായി ഉപയോഗിച്ചുകൊണ്ടായിരുന്നു മോഡിയുടെ പ്രതിച്‌ഛായാനിര്‍മ്മിതിയുടെ തുടക്കം. ഫെയ്‌സ്‌ബുക്കിലും ട്വിറ്ററിലും പ്രത്യക്ഷപ്പെടുന്ന മോഡിക്കനുകൂലമായ പ്രതികരണങ്ങളെ ക്രമേണ അതിസമര്‍ത്ഥമായി മുഖ്യധാരാ മാധ്യമങ്ങളിലേക്ക് ആനയിച്ചുകൊണ്ട് മാധ്യമമണ്ഡലത്തില്‍ സാന്നിദ്ധ്യമുറപ്പിക്കുകയെന്ന തന്ത്രത്തില്‍ നരേന്ദ്ര മോഡി വിസ്‌മയാവഹമായ വിജയം നേടിയെന്നതിന്റെ സാക്ഷ്യമാണ് മോഡിയുടെ പ്രധാനമന്ത്രിപദത്തെച്ചൊല്ലിയുള്ള ഇപ്പോഴത്തെ ചാനല്‍ ചര്‍ച്ചകള്‍. സോഷ്യല്‍ മീഡിയയില്‍ വരുന്ന മോഡിക്കനുകൂലമായ പരാമര്‍ശങ്ങളെക്കുറിച്ചുപോലും സുദീര്‍ഘമായ ചര്‍ച്ചകള്‍ വാര്‍ത്താ ചാനലുകളില്‍ പതിവായിരിക്കുന്നു. കോര്‍പ്പറേറ്റുകളെ പ്രീണിപ്പിക്കുന്ന മോഡിയുടെ വികസനനയത്തിന്റെ ചൂണ്ടയില്‍ ഇന്ത്യയിലെ കോര്‍പ്പറേറ്റ് മീഡിയ കുരുങ്ങിയതാവാമെന്ന സംശയത്തിനും പഴുതുണ്ട്.
മോഡിയുടെ നേതൃത്വത്തിലുള്ള ഗുജറാത്തിന്റെ വികസനമാതൃകയെ ശ്ലാഘിക്കുന്നവര്‍ ആ വികസനത്തിന്റെ ഗുണഭോക്‌താക്കള്‍ മഹാഭൂരിപക്ഷം സാധാരണ ജനങ്ങളല്ലെന്ന യാഥാര്‍ത്ഥ്യം കണ്ടില്ലെന്നു നടിക്കുകയാണ്. അതിനേക്കാള്‍ ഭയാനകം, നരേന്ദ്ര മോഡിയുടെ ഭരണത്തിന്‍ കീഴില്‍ ന്യൂനപക്ഷങ്ങള്‍ക്കുനേരെ നടന്ന നിഷ്‌ഠൂരമായ അതിക്രമങ്ങളെ ഈ പറയപ്പെടുന്ന വികസനത്തിന്റെ പേരില്‍ വിസ്‌മരിക്കുന്നുവെന്നതാണ്. 2002-ല്‍ മുസ്ലീങ്ങള്‍ക്കെതിരെ നടന്ന െപെശാചികമായ വര്‍ഗീയകലാപത്തില്‍ 1200 മനുഷ്യരാണ് നിര്‍ദ്ദയം വധിക്കപ്പെട്ടത്. ആ കൊലപാതകങ്ങളെ തീര്‍ത്തും സ്വാഭാവികമായ വികാരപ്രകടനങ്ങളായി ന്യായീകരിക്കുകയും ഇന്നേവരെ അതില്‍ സഹതപിക്കാതിരിക്കുകയുംചെയ്‌ത ഒരാളെ പ്രധാനമന്ത്രിപദത്തില്‍ അവരോധിക്കുവാനുള്ള മാധ്യമങ്ങളുടെ അത്യുത്സാഹം നിര്‍ദ്ദോഷമോ നിഷ്‌കളങ്കമോ അല്ല. അടിയന്തരാവസ്‌ഥയുടെ ഇരുണ്ട നാളുകളില്‍ പാലിച്ച ഭരണകൂടവിധേയത്വത്തേക്കാള്‍ കുറ്റകരമാണ് മാധ്യമങ്ങളുടെ ഇപ്പോഴത്തെ മോഡിപ്രകീര്‍ത്തനങ്ങള്‍. പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍ക്കാണ്ഡേയ കഠ്‌ജു ഹിന്ദു പത്രത്തില്‍ അടുത്ത നാളിലെഴുതിയ ഒരു ലേഖനത്തില്‍ പറഞ്ഞതുപോലെ അറേബ്യയിലെ മുഴുവന്‍ സുഗന്ധെതെലങ്ങള്‍കൊണ്ടു കഴുകിയാലും മായാത്തതാണ് മോഡി ലാളിക്കുന്ന വര്‍ഗീയതയുടെ ദുര്‍ഗന്ധം. മോഡിക്കുമേല്‍ കോര്‍പ്പറേറ്റ് ചാനലുകള്‍ പൂശുന്ന പ്രശംസാലേപനം ആ ദുര്‍ഗന്ധത്തിന് പരിഹാരമാവുകയില്ല.
കോര്‍പ്പറേറ്റുകളുടെയും ഉപരിവര്‍ഗത്തിന്റെയും, മുകളിലേക്ക് കുതിക്കുവാന്‍ വെമ്പുന്ന ഉയര്‍ മദ്ധ്യവര്‍ഗത്തിന്റെയും ഓമനയായ മോഡി ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും ആധാരശിലയായ മതേതരത്വത്തിന് വിലകല്‍പ്പിക്കാത്ത നേതാവാണെന്ന വാസ്‌തവത്തിനുനേരെ മാധ്യമങ്ങള്‍ സൗകര്യപൂര്‍വം കണ്ണടയ്‌ക്കുകയാണ്. മോഡിയുടെ നേതൃത്വം അംഗീകരിക്കാനാവില്ലെന്നുപറഞ്ഞ ബി.ജെ.പി മുന്നണിയിലെ ഘടക കക്ഷിയായ ജനതാ ദള്‍ (യു) പ്രകടിപ്പിച്ച വിവേകം പോലും ദേശീയമാധ്യമങ്ങള്‍ക്കില്ലെന്നത് നിര്‍ഭാഗ്യകരമാണ്. ബി.ജെ.പി യില്‍ തന്നെ മോഡിക്ക് പൂര്‍ണ്ണമായ പിന്തുണയില്ലെന്ന് കഴിഞ്ഞ ദിവസം വന്ന യശ്വന്ത് സിന്‍ഹയുടെ പ്രസ്‌താവന വെളിവാക്കുന്നു.
തെമ്മാടിയാണെങ്കിലും ആളൊരു കുടുംബസ്‌നേഹിയും അധ്വാനശീലനുമാണെന്നു സാധാരണക്കാര്‍ അലസമായി പറയുമ്പോലെയാണ് മോഡിയെ വര്‍ഗീയവാദിയാണെങ്കിലും വികസനപ്രേമിയായ മികച്ച ഭരണകര്‍ത്താവായി ഉയര്‍ത്തിക്കാണിക്കുന്നതും. വികസനത്തിന്റെ മറവിലാണെങ്കില്‍ എന്തു ക്രൂരതയുമാവാമെന്ന നിലപാടാണിത്. കുടുംബസ്‌നേഹിയായതിനാല്‍ ഒരാളുടെ തെമ്മാടിത്തം ന്യായീകരിക്കപ്പെടുന്നതുപോലെ വികസനപ്രേമംകൊണ്ട് വര്‍ഗീയതയെ ന്യായീകരിക്കുന്ന നിലപാട് പക്വതയും നീതിബോധവുമുള്ള മാധ്യമപ്രവര്‍ത്തനത്തിന് ഭൂഷണമല്ല. നിര്‍ഭാഗ്യവശാല്‍ ദേശീയ മാധ്യമങ്ങളിലെ മോഡീസ്‌തവങ്ങള്‍ നീതിബോധത്തിന്റെ അഭാവത്തെയാണ് പ്രത്യക്ഷപ്പെടുത്തുന്നത്. ഭയാനകമാണത്. മോഡിയെ വികസന നായകനായി ആദര്‍ശവല്‍ക്കരിക്കുമ്പോള്‍ അസ്‌തമിക്കുന്നത് മഹത്തായ ആദര്‍ങ്ങള്‍തന്നെയാണെന്ന് വിസ്‌മരിക്കുന്ന മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ നാലാം സ്‌തംഭമായി വിശേഷിപ്പിക്കപ്പെടാന്‍ അര്‍ഹമല്ല.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment