Sunday 7 April 2013

[www.keralites.net] സൗദി: ഇളവു തുണയ്‌ക്കില്ല

 

സൗദി: ഇളവു തുണയ്‌ക്കില്ല, യാഥാര്‍ത്ഥ്യം അറിഞ്ഞിട്ടും മന്ത്രിമാര്‍ ഉറക്കത്തില്‍

 

റിയാദ്‌: നിതാഖാത്‌ നിയമത്തില്‍ സൗദിസര്‍ക്കാര്‍ മൂന്നുമാസത്തേക്കു വരുത്തിയ ഇളവു പ്രവാസികള്‍ക്കു തുണയാകില്ല. നിയമം പെട്ടെന്നു നടപ്പാക്കിയതു മൂലം സൗദിയില്‍ താല്‍ക്കാലികാമയുണ്ടായ തൊഴില്‍, വ്യവസായ സ്‌തംഭനങ്ങള്‍ മറികടക്കാനാണു പുതിയ ഇളവെന്നാണു സൂചന. കഴിഞ്ഞദിവസം അബ്‌ദുള്ള രാജാവിന്റെ ഉത്തരവിലൂടെ തൊഴില്‍ മന്ത്രാലയം നടത്തിവരുന്ന കര്‍ശനപരിശോധനകള്‍ മൂന്നുമാസത്തേക്കു തടഞ്ഞിരുന്നു. മൂന്നുമാസത്തിനു ശേഷം നടപടി ശക്‌തമാക്കുമെന്നും അറിയിച്ചിട്ടുണ്ട്‌.

മാര്‍ച്ച്‌ 27നു ശേഷം തൊഴില്‍ മന്ത്രാലയം പരിശോധന കര്‍ശനമാക്കിയതിനെത്തുടര്‍ന്നു പ്രവാസിതൊഴിലാളികള്‍ പുറത്തിറങ്ങാതായിരുന്നു. ഇതേത്തുടര്‍ന്നു രാജ്യത്തെ നിര്‍മാണമേഖല സ്‌തംഭിച്ചു. ജിദ്ദ എയര്‍പോര്‍ട്ടിലെ ചരക്കുനീക്കവും നിലച്ചു. നിര്‍ദ്ദിഷ്‌ട ഹറം വികസനപദ്ധതിയെയും തൊഴിലാളിക്ഷാമം ബാധിച്ചിരുന്നു.

ഇപ്പോഴത്തേത്‌ ഇളവല്ലെന്നു പ്രവാസികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്‌. സ്‌പോണ്‍സര്‍ഷിപ്പ്‌ മാറ്റാനും തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നതിനും വേണ്ടിയുള്ള കാലാവധിയായാണു സര്‍ക്കാര്‍ ഇളവനുവദിച്ചിട്ടുള്ളത്‌. സ്‌പോണ്‍സര്‍മാരെ അറിയാത്തവര്‍ക്കു സ്‌പോണ്‍സര്‍ഷിപ്പ്‌ മാറ്റിയെടുക്കാന്‍ വന്‍തുക ചെലവാകും. ചെറുകിട സ്‌ഥാപനങ്ങള്‍ നടത്തുന്നവര്‍ക്കു തൊഴില്‍ നിയമങ്ങള്‍ പാലിക്കാനാവില്ല.

വന്‍തുക നല്‍കി സ്വദേശിപൗരനെ ജോലിക്കെടുക്കാന്‍ ഇക്കൂട്ടര്‍ക്കു കഴിയില്ല. ഈ യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കിയ പ്രവാസികള്‍ നാട്ടിലേക്കു മടങ്ങാനുള്ള ശ്രമം തുടരുകയാണ്‌. ഇളവിനിടയില്‍ മടങ്ങിയാല്‍ നിയമലംഘനത്തിനു പിടിക്കപ്പെടുകയില്ലെന്നതാണു തിരക്കിട്ടു മടങ്ങാന്‍ പ്രവാസികളെ പ്രേരിപ്പിക്കുന്നത്‌. നിയമലംഘനത്തിനു പിടിക്കപ്പെട്ടാല്‍ ഇനി സൗദിയിലേക്കെന്നല്ല ഗള്‍ഫ്‌ രാജ്യങ്ങളിലേക്കൊന്നും പോകാനാവില്ല. അതേസമയം മടങ്ങുന്ന പ്രവാസികള്‍ക്കു വേണ്ടി ഫലപ്രദമായ യാതൊരു നടപടിയും സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. ചര്‍ച്ചകള്‍, കേന്ദ്രസംഘം, നയതന്ത്രനീക്കം, പുനരധിവാസം എന്നുള്ള വാഗ്‌ദാനങ്ങള്‍ക്കപ്പുറം യാതൊന്നുമുണ്ടാകുന്നില്ല. പുറപ്പെടുമെന്നറിയിച്ച കേന്ദ്രസംഘവും ഇതുവരെ സൗദിക്കു തിരിച്ചിട്ടില്ല. പ്രതിസന്ധിമുതലെടുത്തു വിമാനക്കമ്പനികള്‍ ടിക്കറ്റുനിരക്കുയര്‍ത്തിയതും നാട്ടിലേക്കു മടങ്ങുന്നവര്‍ക്കു തിരിച്ചടിയായിരുന്നു. തൊഴില്‍ നഷ്‌ടമായി മടങ്ങുന്നവരെ നാട്ടിലെത്തിക്കാനും ടിക്കറ്റുനിരക്കില്‍ ഇളവുകൊടുക്കാനും ഇതുവരെ യാതൊരു നടപടിയുമുണ്ടായിട്ടില്ല. മടങ്ങുന്നവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ പോലും ഇവിടെയുണ്ടായിട്ടില്ല.

മടങ്ങുന്ന പ്രവാസികളെ നിയമലംഘകരെന്നു മുദ്രകുത്തി െകെകഴുകാനാണ്‌ ഉത്തരവാദപ്പെട്ടവര്‍ ശ്രമിക്കുന്നത്‌. നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ സൗദിയിലുണ്ടായ പ്രശ്‌നങ്ങള്‍ മറ്റിടങ്ങളിലും ഉണ്ടാകുമെന്നും ചിലര്‍പോയി കുഴപ്പങ്ങളുണ്ടാക്കുന്നുവെന്നുമാണു കേന്ദ്രമന്ത്രി വയലാര്‍ രവി കഴിഞ്ഞ ദിവസം കൊച്ചിയില്‍ പറഞ്ഞത്‌. സൗദിയിലെ പ്രശ്‌നങ്ങള്‍ നിയമങ്ങള്‍ പാലിക്കാത്തതല്ലെന്നും മടങ്ങുന്നവരാരും നിയമലംഘകരല്ലെന്നുമുള്ള യാഥാര്‍ഥ്യം പോലും അധികൃതര്‍ തിരിച്ചറിയുന്നില്ല.

സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായാണ്‌ ഇപ്പോഴുള്ള മടങ്ങിപ്പോരല്‍. ചെറുകിട കച്ചവടസ്‌ഥാപനങ്ങള്‍ നടത്തുന്നവര്‍, ഫ്രീവിസയിലെത്തി ഹൗസ്‌ഡ്രൈവര്‍ ജോലിചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്കു പുതിയ നിയമമനുസരിച്ചു മടങ്ങേണ്ടിവരും. തൊഴിലാളികളായ പ്രവാസികളില്‍ നല്ലൊരു പങ്ക്‌ മൂന്നുമാസത്തെ ഇളവിനിടയില്‍ സ്‌പോണ്‍സര്‍മാരെ കണ്ടെത്തി പിടിച്ചു നില്‍ക്കാനുള്ള ശ്രമത്തിലാണ്‌. കുറെ തൊഴിലാളികള്‍ ഇത്തരത്തില്‍ തുടരുന്നതിലൂടെ തൊഴില്‍രംഗത്തെ പ്രതിസന്ധി അതിജീവിക്കാന്‍ സാധിക്കുമെന്ന കണക്കുകൂട്ടല്‍ സൗദി ഭരണകൂടത്തിനുമുണ്ട്‌.

നിയമം കര്‍ശനമാക്കുന്നതോടെ 20 ലക്ഷം വിദേശികള്‍ക്കു സൗദിവിടേണ്ടിവരുമെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. ഇതില്‍ നല്ലൊരു പങ്ക്‌ ഇന്ത്യക്കാരും അതില്‍ ഭൂരിപക്ഷം മലയാളികളുമാണ്‌

 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment