Friday 29 March 2013

[www.keralites.net] പരിഭ്രാന്തി വേണ്ടെന്ന്‌ കേന്ദ്രമന്ത്രി

 

സൗദി സ്വദേശിവല്‍ക്കരണം: വിദേശികളുടെ ചെറിയ കടകള്‍ പൂട്ടേണ്ടി വരും

 

മലപ്പുറം: സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി സൗദി അറേബ്യന്‍ സര്‍ക്കാര്‍ നിതാഖാത്‌ (തരംതിരിക്കല്‍) നിയമം കര്‍ശനമാക്കിയത്‌ ഏറെയും ബാധിക്കുക ചെറുകിട സ്‌ഥാപനങ്ങളെ. നിയമപ്രകാരം പത്തില്‍ താഴെ തൊഴിലാളികളുള്ള വിദേശികളുടെ കടകളില്‍ ഒരു സ്വദേശിയെ ജോലിക്കു നിയമിക്കണം. ഇയാള്‍ക്കു കുറഞ്ഞ വേതനമായി 3000 റിയാലും നല്‍കണം. ഇതോടെ ലാഭം കുറയുകയും കടകള്‍ അടച്ചുപൂട്ടേണ്ടിയുംവരും. വന്‍കിട കമ്പനികളെ നിതാഖാത്‌ വലിയതോതില്‍ ബാധിക്കില്ല.

ബക്കാല (പലചരക്കുകട), ബൂഫിയ (ചായക്കട) എന്നീ ചെറുകിട സ്‌ഥാപനങ്ങളിലാണു കൂടുതല്‍ മലയാളികളും തൊഴിലെടുക്കുന്നത്‌. ഇവിടങ്ങളിലെല്ലാം തൊഴിലെടുക്കാനുണ്ടാകുക രണ്ടോ മൂന്നോ മലയാളികളോ അല്ലെങ്കില്‍ മറ്റു വിദേശികളോ മാത്രമായിരിക്കും. 1500 റിയാല്‍ വീതമാണ്‌ ഇവര്‍ക്കു ശമ്പളം. അതായത്‌ രണ്ടു വിദേശികളുള്ള കടയില്‍ വേതനമായി നല്‍കേണ്ടത്‌ 3000 റിയാല്‍. ഈ ശമ്പളത്തിനു പുറമേ ആയിരമോ രണ്ടായിരമോ റിയാലായിരിക്കും കട നടത്തുന്ന വിദേശിയുടെ ലാഭം. എന്നാല്‍ നിതാഖാത്‌ പ്രകാരം ഒരു സ്വദേശിയെക്കൂടി നിയമിക്കുമ്പോള്‍ മിനിമം വേതനമായി അയാള്‍ക്ക്‌ 3000 സൗദി റിയാല്‍ നല്‍കേണ്ടിവരും. ഇതോടെ കട നഷ്‌ടത്തിലാകുകയും അടച്ചുപൂട്ടലിലെത്തുകയും ചെയ്ുയം.

സൗദിയില്‍ ലക്ഷണക്കണക്കിനു മലയാളികള്‍ ജോലി ചെയ്യുന്നതിനാല്‍ സ്വദേശിവല്‍ക്കരണം ഇവരെ സാരമായി ബാധിക്കും. കടകളില്‍ സ്വദേശികള്‍ക്കു ജോലി നല്‍കിയില്ലെങ്കില്‍ ഇത്തരം സ്‌ഥാപനങ്ങളെ ചുവപ്പു വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. ചുവപ്പില്‍ പെട്ടാല്‍ പിന്നീടു തൊഴില്‍ പെര്‍മിറ്റും ഇഖാമയും (ജോലി ചെയ്യാനുള്ള രേഖ) പുതുക്കി നല്‍കില്ല. അതോടെ വിദേശിക്കു നാട്ടിലേക്കു തിരിച്ചുപോകേണ്ടി വരും. നിയമം കര്‍ശനമായി നടപ്പാക്കിയാല്‍ 20 ലക്ഷത്തോളം വിദേശികള്‍ക്കു മടങ്ങേണ്ടിവരുമെന്നാണു സൂചന. ഇതു മലയാളികളെയാകും കൂടുതല്‍ ബാധിക്കുക. കര്‍ശനമാക്കിയാല്‍ കട പൂടേണ്ടി വരുമെന്നു ബൂഫിയയില്‍ ജോലി ചെയ്യുന്ന അങ്ങാടിപ്പുറം സ്വദേശി ജലാല്‍ അഹമ്മദ്‌ പറഞ്ഞു. എന്നാല്‍ മുന്‍കാല അനുഭവത്തിന്റെ പശ്‌ചാത്തലത്തില്‍ നിയമത്തില്‍ ഇളവ്‌ അനുവദിക്കുമെന്നാണു പ്രതീക്ഷ. ബൂഫിയകളിലും മറ്റു ചെറുകിട സ്‌ഥാപനങ്ങളിലും സൗദി പൗരന്‍മാര്‍ ജോലി ചെയ്യാന്‍ തയാറല്ല. അതിനാല്‍ വിദേശികളെതന്നെ ഇവിടെ ജോലിക്കു നിര്‍ത്തേണ്ടി വരും.

സൗദിയില്‍ 3,40,000 ചെറുകിട സ്‌ഥാപനങ്ങളില്‍ ഒരു സൗദി പൗരന്‍പോലും ജോലി ചെയ്യുന്നില്ലെന്നു തൊഴില്‍ മന്ത്രാലയം വ്യക്‌തമാക്കുന്നു. നിതാഖാത്‌ നിയമം കര്‍ശനമാക്കിയാലും ഈ സ്‌ഥാപനങ്ങളിലെല്ലാം ജോലിക്കു സ്വദേശികളെ ലഭിക്കണമെന്നില്ല. കാരണം മിനിമം വേതനമായ 3000 റിയാലിന്‌ എല്ലായിടത്തും ജോലി ചെയ്യാന്‍ സൗദി പൗരന്‍ തയാറാകില്ല. എന്നാല്‍ ചെറുസ്‌ഥാപനങ്ങളില്‍ സൗദിസ്വദേശിവല്‍ക്കരണം കൂടുതല്‍ ഊര്‍ജിതമാക്കാന്‍ സാധിക്കുന്ന തരത്തിലുള്ള നിര്‍ദേശങ്ങള്‍ക്കും സൗദി സര്‍ക്കാര്‍ രൂപംനല്‍കിയിട്ടുണ്ട്‌. ഈ നിര്‍ദേശം സമര്‍പ്പിക്കാന്‍ മൂന്നംഗ സമിതിയുമുണ്ട്‌. ഈ മാസം 27 നു നിതാഖാത്‌ നടപ്പിലാക്കാത്തവര്‍ക്കു പദവി ശരിയാക്കാനുള്ള സമയം അവസാനിച്ചിരുന്നു. നാളെ മുതല്‍ സ്‌ഥാപനങ്ങളില്‍ കയറി പരിശോധന കര്‍ശനമാക്കും. ഇതിനു വേണ്ട സ്‌ഥലങ്ങളുടെ വിവരം പ്രാദേശിക ഉദ്യോഗസ്‌ഥന്‍മാരുടെ സഹായത്തോടെ തയാറാക്കിയിട്ടുണ്ട്‌. നിതാഖാതില്‍ ചുവപ്പ്‌, പച്ച, മഞ്ഞ എന്നീ വിഭാഗങ്ങളാണുള്ളത്‌. സ്വദേശിവല്‍കരണം നടപ്പാക്കാത്തതാണു ചുവപ്പ്‌ വിഭാഗം. കുറഞ്ഞ തോതില്‍ സ്വദേശിവല്‍കരണം ഉള്ളത്‌ മഞ്ഞ വിഭാഗവും നിയമം അനുശാസിക്കുന്ന വിധത്തില്‍ വിദേശിയെ ഉള്‍പ്പെടുത്തിയത്‌ പച്ച വിഭാഗവുമാണ്‌. ചുവപ്പിലുള്ളവര്‍ പച്ചയിലേക്കു മാറണമെന്നാണു സൗദി സര്‍ക്കാരിന്റെ നിര്‍ദേശം.

വന്‍കിട സ്‌ഥാപനങ്ങളില്‍ പലതും ഈ നിയമം പാലിച്ചുവരുന്നുണ്ട്‌. നിയമം പാലിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടിയെടുത്താല്‍ അതു മലബാറിനെയാകും കൂടുതല്‍ ബാധിക്കുക. സൗദിയിലെ മലയാളികളില്‍ കൂടുതലും മലപ്പുറം, കോഴിക്കോട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌, വയനാട്‌ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ്‌. ഇവിടെനിന്ന്‌ 14,99,865 പ്രവാസികള്‍ വിവിധ രാജ്യങ്ങളിലുണ്ട്‌.

ഇതില്‍ പകുതിയോളം സൗദിയിലാണ്‌. നിയമം മൂലം മടങ്ങിവരവു തുടങ്ങിയാല്‍ അത്‌ ഇന്ത്യയുടെ സമ്പദ്‌വ്യവസ്‌ഥയേയും ബാധിക്കും. സംസ്‌ഥാന സര്‍ക്കാരിന്റെ റവന്യൂ വരുമാനത്തിന്റെ 1.6 ഇരട്ടിയും കേന്ദ്ര സര്‍ക്കാരില്‍നിന്നുള്ള റവന്യൂ ട്രാന്‍സ്‌ഫറിന്റെ 6.2 ഇരട്ടിയുമാണ്‌ പ്രവാസി വരുമാനമായി കേരളത്തിനു ലഭിക്കുന്നത്‌. പ്രവാസികള്‍ മടങ്ങുന്നതോടെ വരുമാനത്തിലും വന്‍ ഇടിവുണ്ടായേക്കുമെന്നാണ്‌ നിഗമനം.

സ്വദേശിവല്‍ക്കരണം എന്നു മുതല്‍
സ്വദേശികളുടെ തൊഴിലില്ലായ്‌മ എന്നും സൗദി അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്‌. 1980-കളില്‍ തുടങ്ങിയതാണ്‌ സ്വദേശിവല്‍ക്കരണത്തിനായുള്ള മുറവിളി. സൗദിയില്‍ ടാക്‌സി സര്‍വീസ്‌ മേഖലയിലാണ്‌ ആദ്യമായി സ്വദേശിവല്‍ക്കരണം കൊണ്ടുവന്നത്‌. എന്നാല്‍ സ്വന്തം രാജ്യത്തുള്ളവര്‍ പോലും സൗദി ഡ്രൈവര്‍മാര്‍ക്കൊപ്പമുള്ള യാത്രയ്‌ക്കു െധെര്യം കാണിച്ചില്ല. പാകിസ്‌താന്‍ ഡ്രൈവര്‍മാരെയായിരുന്നു അവര്‍ക്കിഷ്‌ടം.
എന്നാല്‍ താരതമ്യേന കുറഞ്ഞ വേതനമുള്ള ജോലിയായതിനാല്‍ ഈ രംഗത്തേക്കു സ്വദേശികള്‍ കൂടുതലായി വന്നില്ല. വന്‍കിട കമ്പനികള്‍ ടാക്‌സികള്‍ കൂടുതലായി നിരത്തിലിറക്കിയെങ്കിലും ഓടിക്കാന്‍ സൗദി തൊഴിലാളികള്‍ കാര്യമായി രംഗത്തെത്തിയില്ല. അതോടെ ആദ്യ സ്വദേശിവല്‍ക്കണം പരാജയപ്പെട്ടു.

പിന്നീടു സ്വകാര്യ സര്‍വീസ്‌ മേഖലയിലേക്കായി സ്വദേശിവല്‍ക്കരണം. അവിടെയും പരാജയപ്പെടുകയായിരുന്നു. ഇപ്പോള്‍ ചെറുകിട -വന്‍കിട സ്‌ഥാപനങ്ങളിലേക്കാണു സ്വദേശിവല്‍ക്കരണം. എന്നാല്‍ ബക്കാലകളിലും ബൂഫിയകളിലും കെട്ടിട നിര്‍മാണ മേഖലയിലും സൗദി പൗരന്‍മാര്‍ ജോലി ചെയ്യാന്‍ തയാറുമോ എന്നു കണ്ടറിയണം. തയാറായില്ലെങ്കില്‍ ഈ ശ്രമവും പരാജയപ്പെടും. അതോടെ മലയാളിയെയും ബംഗാളിയെയും യെമനിയെയും പാകിസ്‌താന്‍കാരനെയുമെല്ലാം സൗദി പൗരന്‍മാര്‍ക്കു വീണ്ടും വേണ്ടിവരും.

പരിഭ്രാന്തി വേണ്ടെന്ന്‌ കേന്ദ്രമന്ത്രി വയലാര്‍ രവി
ന്യൂഡല്‍ഹി: സൗദി അറേബ്യയിലെ സ്വദേശിവല്‍ക്കരണ പദ്ധതിയായ നിതാഖത്തിന്റെ പേരില്‍ പരിഭ്രാന്തരാകേണ്ടെന്നു പ്രവാസികാര്യമന്ത്രി വയലാര്‍ രവി. ലക്ഷക്കണക്കിനു തൊഴിലാളികളുടെ ജോലി നഷ്‌ടമാകുമെന്ന തരത്തിലുള്ള പ്രചാരണമാണു നടക്കുന്നത്‌. ഇക്കാര്യം ഉന്നയിച്ച്‌ ഒരാള്‍ പോലും സൗദി എംബസിയില്‍ എത്തിയിട്ടില്ലെന്ന്‌ അവിടത്തെ അംബാസഡര്‍ അറിയിച്ചതായും മന്ത്രി വ്യക്‌തമാക്കി.

ഇന്ത്യക്കാര്‍ക്കു തൊഴില്‍നഷ്‌ടം ഉണ്ടാകുന്നത്‌ ഒഴിവാക്കാന്‍ സൗദി ഭരണകൂടവുമായി ചര്‍ച്ച നടത്തുമോയെന്ന ചോദ്യത്തോടു വ്യക്‌തമായി പ്രതികരിക്കാന്‍ മന്ത്രി തയാറായില്ല. സൗദി അറേബ്യ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്‌ ആയതിനാല്‍ അവരുടെ സ്വദേശിവല്‍ക്കരണ നടപടികളില്‍ കുടുതല്‍ ഇടപെടാന്‍ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അപ്രതീക്ഷിതമായി സൗദിയില്‍നിന്നു മലയാളികള്‍ കൂട്ടപിരിച്ചുവിടലിനു വിധേയരായാല്‍ സംസ്‌ഥാനത്ത്‌ എത്തിക്കാന്‍ പ്രവാസികാര്യമന്ത്രാലയം സൗകര്യമൊരുക്കുമെന്നും പുനരധിവാസം സംസ്‌ഥാന സര്‍ക്കാരിന്റെ ചുമതലയാണെന്നും വയലാര്‍രവി പറഞ്ഞു.

പ്രധാനമന്ത്രിക്കു മുഖ്യമന്ത്രി കത്തയച്ചു
തിരുവനന്തപുരം: സൗദി അറേബ്യയില്‍ സ്വദേശിവല്‍കരണം കര്‍ശനമാക്കുന്ന നിതാഖാത്ത്‌ നിയമം നടപ്പാക്കുന്നതുമൂലം പ്രവാസികള്‍ക്കു ജോലി നഷ്‌ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്കു കത്തയച്ചു. ആഭ്യന്തരകാര്യത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെങ്കിലും സ്വദേശിവത്‌കരണത്തില്‍ ഉദാരസമീപനം സ്വീകരിക്കണമെന്ന്‌ സൗദി അറേബ്യയോട്‌ അഭ്യര്‍ഥിക്കണം. ഇക്കാര്യത്തില്‍ സാവകാശം ലഭിച്ചാല്‍ പ്രവാസികള്‍ അടിയന്തരമായി തിരിച്ചുവരേണ്ട സാഹചര്യം ഒഴിവാക്കാം. പ്രവാസികളുടെ തിരിച്ചുവരവ്‌ രാജ്യത്തും കേരളത്തിലും ഗുരുതരമായ പ്രത്യാഘാതം സൃഷ്‌ടിക്കും. സൗദിയുമായുള്ള സൗഹൃദബന്ധം പരമാവധി ഉപയോഗിച്ച്‌ ഇക്കാര്യത്തില്‍ സാവകാശം നേടണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

നയതന്ത്രതലത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്നു പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫും കേന്ദ്ര സര്‍ക്കാരിനോട്‌ അഭ്യര്‍ഥിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട്‌ പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, എ.കെ. ആന്റണി, സല്‍മാന്‍ ഖുര്‍ഷിദ്‌, ഇ. അഹമ്മദ്‌, വിദേശകാര്യ സെക്രട്ടറി രഞ്‌ജന്‍ മത്തായി എന്നിവര്‍ക്ക്‌ ഫാക്‌സ്‌ സന്ദേശവും അയച്ചു.

 

 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment