Sunday 31 March 2013

[www.keralites.net] യു.എ.ഇ.യിലെ തൊഴില്‍മേഖലയില്‍ ഇന്ത്യക്കാര്‍ക്ക് താത്പര്യം നഷ്ടപ്പെടുന്നു

 

അബുദാബി: സൗദി അറേബ്യയില്‍ കേരളീയര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു എന്ന വാര്‍ത്തകള്‍ അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ജോലിചെയ്യുന്ന യു.എ.ഇ.യിലെ തൊഴില്‍മേഖലയില്‍ ഇന്ത്യയില്‍നിന്നുള്ള തൊഴിലാളികള്‍ക്കും സാങ്കേതികവിദഗ്ദര്‍ക്കും താത്പര്യം നഷ്ടപ്പെടുന്നു എന്നത് യാഥാര്‍ഥ്യമാണ്. 

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഗള്‍ഫിലേക്കാള്‍ ആകര്‍ഷകമാണ് കേരളത്തിലെ തൊഴില്‍വിപണി. ഇരുപത് ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികള്‍ 15,000 കോടി രൂപ കേരളത്തില്‍നിന്ന് അധ്വാനിച്ചുണ്ടാക്കുകയും ചെയ്യുന്നു. ഈയൊരു പശ്ചാത്തലത്തില്‍ ഗള്‍ഫിലെ കൊടുംചൂടില്‍ ജോലിചെയ്യാനുള്ള താത്പര്യം ഇന്ത്യന്‍ തൊഴിലാളികളില്‍ കുറഞ്ഞുവരുന്നത് സ്വാഭാവികമാണ്. 

യു.എ.ഇ.യിലെ പ്രസിദ്ധമായ ഒരു ഫയര്‍ സേഫ്റ്റി കമ്പനി ഇന്ത്യയില്‍നിന്ന് 300 പേരെ തിരഞ്ഞെടുക്കാന്‍ കമ്പനിയിലെ മലയാളിയായ ടെക്‌നിക്കല്‍ മാനേജരെയും സംഘത്തെയും ഇന്ത്യയിലേക്ക് അയച്ചു. മെക്കാനിക്കല്‍ എന്‍ജിനീയര്‍, ഇലക്ട്രീഷ്യന്‍, പ്ലംബര്‍, സ്‌കില്‍ഡ് ലേബര്‍, ലേബര്‍ തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ്. ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, ബോംബെ, കൊച്ചി തുടങ്ങി ഇന്ത്യയിലെ 10 നഗരങ്ങളില്‍ നൂറുകണക്കിന് യുവാക്കളെ ഇന്റര്‍വ്യൂ ചെയ്തു. 300 പേരെ അന്വേഷിച്ച ഇവര്‍ക്ക് കിട്ടിയത് 200 പേരെ മാത്രം. ഗള്‍ഫിലേക്കാള്‍ ശമ്പളം ഇന്ത്യയില്‍തന്നെ ലഭിക്കുന്നു എന്നാണ് പലരും മറുപടി പറഞ്ഞത്. 200 പേര്‍ യു.എ.ഇ.യില്‍ എത്തി ജോലിതുടങ്ങി. പക്ഷേ, ഒരു വര്‍ഷത്തിനുള്ളില്‍ 50 പേര്‍ ജോലി രാജിവെച്ച് ഇന്ത്യയിലേക്ക് തിരിച്ചുപോയി. രണ്ടായിരത്തിലധികം ഇന്ത്യക്കാര്‍ ജോലിചെയ്യുന്ന കമ്പനിയില്‍നിന്ന് ഇപ്പോള്‍ പ്രതിമാസം ഇരുപത്, ഇരുപത്തിയഞ്ച് പേര്‍ ജോലി രാജിവെച്ച് തിരിച്ചുപോവുകയും ചെയ്യുന്നു. 15,000 മുതല്‍ ഒരു ലക്ഷം വരെ ശമ്പളവും മറ്റാനുകൂല്യങ്ങളും വാഗ്ദാനം ചെയ്തിട്ടും യു.എ.ഇ.യിലെ തൊഴില്‍മേഖലയില്‍ ഇന്ത്യക്കാര്‍ക്ക് താത്പര്യം നഷ്ടപ്പെടുകയാണ്. ഇതുപോലെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ ജോലിചെയ്യുന്ന നിരവധി കമ്പനികളുടെയും സ്ഥിതി വ്യത്യസ്തമല്ല. മുടങ്ങാതെ പണിയെടുത്താല്‍ പ്രതിമാസം 25,000 രൂപ കേരളത്തില്‍ ഒരു ആശാരിപ്പണിക്കാരന് ലഭിക്കുമ്പോള്‍ 15,000 രൂപ ശമ്പളത്തിനുവേണ്ടി എന്തിന് ഗള്‍ഫിലേക്ക് പോകണം എന്നാണ് ചോദ്യം. ഗള്‍ഫിനേക്കാള്‍ ശമ്പളം കേരളത്തില്‍നിന്ന് ലഭിക്കുമ്പോള്‍ തമിഴ്‌നാട്ടുകാരനും ആന്ധ്രക്കാരനും ബംഗാളിയും എന്തിന് മണലാരണ്യത്തിലെ കൊടുംചൂടില്‍ കഷ്ടപ്പെടണം? 

അബുദാബിയുടെ വ്യവസായനഗരമായ മുസഫയില്‍ പുതുതായി തുടങ്ങിയ ഓട്ടോമൊബൈല്‍ വര്‍ക്‌ഷോപ്പിലേക്ക് ടെക്‌നീഷ്യന്‍മാരെ തിരഞ്ഞെടുക്കാന്‍ ബോംബെയിലേക്ക് വിമാനം കയറിയ മലയാളിയായ കമ്പനിയുടമ നിരാശനായാണ് തിരിച്ചുവന്നത്. ഒരു ലക്ഷത്തിനു മുകളിലാണ് ബോംബെ ടെക്‌നീഷ്യന്‍മാര്‍ ശമ്പളം ചോദിച്ചത്. അതുപോലെ ഹോസ്പിറ്റാലിറ്റി, ആതുരശുശ്രൂഷാരംഗം, ടൂറിസം തുടങ്ങിയ മേഖലകളില്‍ അനേകം തൊഴിലവസരങ്ങളുണ്ടായിട്ടും യു.എ.ഇ.യിലെ തൊഴില്‍ മേഖലയില്‍ ഇന്ത്യക്കാര്‍ക്കു താത്പര്യം കുറഞ്ഞുവരുന്നു. രാവിലെ ഒമ്പതു മുതല്‍ രാത്രി 12 വരെ യു.എ.ഇ.യിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്താല്‍ കിട്ടുന്ന ശമ്പളം 15,000 ഇന്ത്യന്‍ രൂപയാണ്. ഇതിനെക്കാള്‍ കുറഞ്ഞ അധ്വാനംകൊണ്ട് ഇതിന്റെ ഇരട്ടി കൂലി കേരളത്തില്‍കിട്ടുമ്പോള്‍ ഗള്‍ഫിലെ തൊഴില്‍മേഖല ഇന്ത്യക്കാരെ സംബന്ധിച്ച് അനാകര്‍ഷമാവുകയാണ്. 

തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് (സി.ഡി.എസ്.) 2011-ല്‍ നടത്തിയ 'കേരള മൈഗ്രേഷന്‍ സര്‍വേ' പ്രകാരം 8,83,313 മലയാളികളാണ് യു.എ.ഇ.യിലുള്ളത്. സൗദി അറേബ്യ 5,74,739, ഒമാന്‍ 1,95,300, കുവൈത്ത് 1,27,782, ബഹ്‌റൈന്‍ 1,01,556, ഖത്തര്‍ 1,48,427 എന്നിങ്ങനെയാണ് കണക്കുകള്‍. 2012-ല്‍ നേരിയ മാറ്റം വന്നിട്ടുണ്ടാവാമെങ്കിലും ഗള്‍ഫിലെ മാറിയ ജീവിത സാഹചര്യങ്ങള്‍മൂലം കേരളത്തിലേക്കുള്ളമടക്കയാത്രയ്ക്കുള്ള ഭാണ്ഡം മുറുക്കുകയാണ് പലരും. പ്രവാസി മലയാളികള്‍ കേരളത്തിലേക്ക് അയയ്ക്കുന്ന സംഖ്യ കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 32 ശതമാനമാണ്. ഗള്‍ഫിലേക്കുള്ള കുടിയേറ്റത്തിന്റെ വര്‍ധന ആറു ശതമാനമാണെങ്കിലും വരുമാന വളര്‍ച്ച 16 ശതമാനമാണ്. അതേ സമയം 2003-2008 കാലഘട്ടത്തിലെ വളര്‍ച്ച 134 ശതമാനമായിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് വരുമാന വളര്‍ച്ച 16 ശതമാനമായി കുറഞ്ഞിരിക്കുന്നു. 

ഗള്‍ഫിലെ തൊഴില്‍മേഖലയിലും വ്യവസായ രംഗത്തും മലയാളികളുടെ കുതിപ്പ് അവസാനിക്കുന്നതിന്റെ ലക്ഷണമാണ് ഇത്. ഗള്‍ഫില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത വിധം ജീവിതച്ചെലവ് വര്‍ധിച്ചുവരുകയാണ്. പ്രതിമാസം 4000 ദിര്‍ഹം ശമ്പളമുണ്ടെങ്കില്‍ ഒരു കുടുംബത്തിന് യു.എ.ഇ.യില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുമായിരുന്നു. ഇപ്പോള്‍ പതിനായിരം ദിര്‍ഹം ശമ്പളമുണ്ടെങ്കിലും മുന്നോട്ടുപോകാന്‍ കഴിയാത്തവിധം ചെലവേറിയതാണ് ഗള്‍ഫ് ജീവിതം. താമസവാടക, സ്‌കൂള്‍ഫീസ്, വിസാ ചെലവുകള്‍, പാര്‍ക്കിങ് ഫീസ്, റോഡ്‌ടോള്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, വെള്ളം, വൈദ്യുതി എന്നിവയ്‌ക്കെല്ലാം വന്‍തുകയാണ് ഗള്‍ഫ് മലയാളി ചെലവിടേണ്ടത്. യു.എ.ഇ.യില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലി ചെയ്തിരുന്ന മുനിസിപ്പാലിറ്റികള്‍, ജലവൈദ്യുത വകുപ്പുകള്‍, ടെലികമ്യൂണിക്കേഷന്‍, പോലീസ്, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, നിര്‍മാണ കമ്പനികള്‍ എന്നിവിടങ്ങളിലെല്ലാം മലയാളികളുടെ സാന്നിധ്യം ദിനംപ്രതി കുറഞ്ഞുവരികയാണ്. അബുദാബിയിലെ തെരുവുകളിലൂടെ നടക്കുമ്പോള്‍ മലയാളികളെക്കാള്‍ ഫിലിപ്പീന്‍സുകാരെയാണ് ഇപ്പോള്‍ കണ്ടുമുട്ടുക. 

യു.എ.ഇ.യില്‍ ജീവിതച്ചെലവുകള്‍ കുത്തനെ ഉയര്‍ന്നിട്ടും മാസശമ്പളത്തില്‍ കാര്യമായ വര്‍ധനയൊന്നുമില്ല. കാല്‍നൂറ്റാണ്ട് ജോലി ചെയ്തിട്ടും അഞ്ച് ലക്ഷം രൂപയെങ്കിലും ബാങ്കുനിക്ഷേപമുള്ള എത്ര പേരുണ്ടെന്ന് സര്‍വേ നടത്തിയാല്‍ അമ്പരിപ്പിക്കുന്ന വിവരങ്ങളാണ് ലഭിക്കുക. ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവുകളില്‍ കുരുങ്ങി ജയിലുകളിലേക്ക് യാത്രയാവുന്ന ഹതഭാഗ്യരുടെ കഥകള്‍ യു.എ.ഇ.യില്‍ നിത്യസംഭവമാണ്. 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment