Saturday 30 March 2013

[www.keralites.net] ത്രീ റിങ് സര്‍ക്കസ്‌

 

ത്രീ റിങ് സര്‍ക്കസ്‌
 

ഇന്ദ്രന്‍


ഇപ്പോഴത്തെ ഏര്‍പ്പാടാണ് വളരെ ബുദ്ധിപൂര്‍വമായ അവസ്ഥ എന്ന് ഒരുപാട് പാര്‍ട്ടികള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതിപക്ഷത്താണോ എന്ന് ചോദിച്ചാല്‍ സാങ്കേതികമായി പ്രതിപക്ഷത്താണ്. പക്ഷേ, ഭരണപക്ഷത്തിരിക്കുന്നതിന്റെ ഗുണം വേണ്ടതും അതിലേറെയും കിട്ടും. ഭരണത്തിന്റെ ചീത്തപ്പേരൊന്നും കിട്ടില്ല

കേന്ദ്രം ഭരിക്കുന്ന യു.പി.എ. എന്ന കോണ്‍ഗ്രസ് മുന്നണിക്ക് യഥാര്‍ഥത്തില്‍ ലോക്‌സഭയില്‍ ഭൂരിപക്ഷമുണ്ടോ ? ഉത്തരം പറയുക എളുപ്പമല്ല. ഭൂരിപക്ഷമില്ല എന്ന് തെളിയിക്കപ്പെടുന്നതുവരെ ഭൂരിപക്ഷമുള്ളതായി കണക്കാക്കണം എന്നതാണ് ഇപ്പോഴത്തെ പാര്‍ലമെന്ററി ജനാധിപത്യ സമ്പ്രദായം. മന്‍മോഹന്‍ മന്ത്രിസഭയെ എതിര്‍ക്കുന്നവര്‍ക്കും അതിനെ താഴെയിറക്കണമെന്ന് വലിയ നിര്‍ബന്ധമില്ല. ഇറക്കിയാല്‍ വേറെ മന്ത്രിസഭയുണ്ടാക്കാന്‍ പറ്റിയില്ലെങ്കില്‍ ഉത്തരത്തിലുള്ളതും ഇല്ല, കക്ഷത്ത് ഇറുക്കിയതും ഇല്ല എന്ന നിലയുണ്ടാകും. ലോക്‌സഭ പിരിച്ചുവിട്ടാല്‍ പുതിയ തിരഞ്ഞെടുപ്പ് നേരിടേണ്ടിവരും. വലിയ പണച്ചെലവുള്ള ഏര്‍പ്പാടാണ്. ജയിക്കുമെന്ന് ഒരു ഉറപ്പുമില്ല. അതേതായാലും വേണ്ട. കക്ഷികള്‍ തമ്മില്‍ എന്ത് ഭിന്നിപ്പുണ്ടായാലും ശരി, സഭ കാലാവധി തീരുംവരെ നിലനില്ക്കണമെന്ന കാര്യത്തില്‍ ഭിന്നതയില്ല. 

ഇപ്പോഴത്തെ ഏര്‍പ്പാടാണ് വളരെ ബുദ്ധിപൂര്‍വമായ അവസ്ഥ എന്ന് ഒരുപാട് പാര്‍ട്ടികള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതിപക്ഷത്താണോ എന്ന് ചോദിച്ചാല്‍ സാങ്കേതികമായി പ്രതിപക്ഷത്താണ്. പക്ഷേ, ഭരണപക്ഷത്തിരിക്കുന്നതിന്റെ ഗുണം വേണ്ടതും അതിലേറെയും കിട്ടും. ഭരണത്തിന്റെ ചീത്തപ്പേരൊന്നും കിട്ടില്ല. യു.പി.എ. ടെന്റില്‍ ഇപ്പോള്‍ കോണ്‍ഗ്രസ്സും ശരദ് പവാറിന്റെ എന്‍.സി.പി.യും ഫാറൂഖ് അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും പിന്നെ നമ്മുടെ കോട്ടയം-മലപ്പുറം പാര്‍ട്ടികളുമേ യഥാര്‍ഥത്തില്‍ പാര്‍പ്പുള്ളൂ. ആകെ 228 അംഗങ്ങളുണ്ട്. ഭൂരിപക്ഷത്തിന്റെ നാലയലത്തൊന്നും എത്തില്ല. എന്നുവെച്ച് ഭൂരിപക്ഷമില്ല എന്നും പറഞ്ഞുകൂടാ. മുലായത്തിന്റെ സമാജ് വാദി, മായാവതിയുടെ ബഹുജന്‍ സമാജ്, ലാലുവിന്റെ രാഷ്ട്രീയ ജനത, സെക്കുലര്‍ ജനത എന്നിവയും ഓരോ അംഗങ്ങള്‍ വീതമുള്ള അഞ്ചാറുപാര്‍ട്ടികള്‍ വേറെയും വിളിപ്പുറത്ത് നില്പുണ്ട്. ഇവരുടെ എണ്ണം ഏതാണ്ട് അറുപതുണ്ട്. ആവശ്യം വരുമ്പോള്‍ വിളിച്ചാല്‍ യു.പി.എ. അനുകൂല വോട്ട് 280 കടത്തിക്കൊടുക്കും. ഈ ശ്രമദാനത്തിനുള്ള പ്രതിഫലം അപ്പപ്പോള്‍ കൊടുക്കും. കാഷ് ഓര്‍ കൈന്‍ഡ്. 

2004 -ല്‍ ഭരണമേറ്റ ശേഷം യു.പി.എ. വിട്ടുപോയ കക്ഷികളുടെ പട്ടികയെടുത്തുനോക്കിയാല്‍ ഈ മുന്നണിയും ഭരണവും നിലനില്ക്കുന്നതെങ്ങനെ എന്നോര്‍ത്ത് ആരും മൂക്കത്തുവിരല്‍ വെച്ചുപോകും. തെലുങ്കാന രാഷ്ട്ര സമിതി മുതല്‍ ഏറ്റവുമൊടുവില്‍ ഡി.എം.കെ. വരെ പന്ത്രണ്ട് പാര്‍ട്ടികളാണ് യു.പി.എ. വിട്ടത്, എന്നിട്ടും നടക്കുന്നു ഭരണം. 

പൊതുതിരഞ്ഞെടുപ്പിന് ഒരു വര്‍ഷംമാത്രം ബാക്കി നില്‍ക്കേ, ഇതുവരെ നടന്നുപോന്ന സര്‍ക്കസ്സിന്റെ രീതിയും ഭാവവുമെല്ലാം മാറി പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. 2014-ല്‍ എന്തുസംഭവിക്കും എന്നാര്‍ക്കും ഒരു നിശ്ചയവുമില്ല. യു.പി.എ.യുടെ അന്ത്യമടുത്തു എന്ന് പറയുന്നവര്‍ക്കും പിന്നെ ആര് എന്നുപറയാനാവുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിനുമുമ്പും കരുതിയിരുന്നു യു.പി.എ. ഭരണം അവസാനിച്ചെന്ന്. യു.പി.എ. അത്ഭുതകരമായി തിരിച്ചുവന്നു. അത്ഭുതം ഇത്തവണയും സംഭവിക്കുന്നതിന് മുട്ടിപ്പായി പ്രാര്‍ഥിക്കുകയാണ് അവര്‍. മോഹങ്ങള്‍ക്കൊത്താണ് ഓരോരുത്തരുടെയും കണക്കുകൂട്ടല്‍. എന്‍.ഡി.എ.യുടെ കണക്കനുസരിച്ച് അവരും യു.പി.എ.യുടെ കണക്കനുസരിച്ച് അവരും കേന്ദ്രത്തില്‍ ഭരണം പിടിക്കും. 

രാഹുലും നരേന്ദ്രമോഡിയും തമ്മിലാണ് അടുത്ത മത്സരം എന്നാണ് അവരുടെ പാര്‍ട്ടിക്കാരുടെ വിചാരം. അങ്ങനെ രണ്ട് ഭാവിപ്രധാനമന്ത്രിമാരേ ഉള്ളൂ എന്നൊന്നും മറ്റുകക്ഷികള്‍ സമ്മതിക്കില്ല. വലിയ കക്ഷികള്‍ക്കേ ഭാവി പ്രധാനമന്ത്രിമാരെ കൊണ്ടുനടക്കാന്‍ പാടുള്ളൂ എന്ന ചിന്തയൊക്കെ എന്നേ കാലഹരണപ്പെട്ടതാണ്. കക്ഷി ചെറുതാണെങ്കിലും നമ്മുടെ നേതാക്കളൊന്നും ചെറുതല്ല. എന്‍.ഡി.എ.യും യു.പി.എ.യും അല്ലാത്ത ഒരു മുന്നണിക്കുമുണ്ട് കണക്കുകൂട്ടലില്‍ കനത്ത സാധ്യത. മുന്നണിയുടെ പേരും പരിപാടിയുമെല്ലാം പിന്നീട് തട്ടിക്കൂട്ടിയാല്‍ മതി. വി.പി. സിങ്, ചന്ദ്രശേഖര്‍, ദേവഗൗഡ, ഐ.കെ. ഗുജ്‌റാള്‍ മോഡലില്‍ ആര്‍ക്കാണ് ഇനി നറുക്കുവീഴുക എന്ന് പറയാനാവില്ല. ദേവഗൗഡ പ്രധാനമന്ത്രിയായ ഒരു രാജ്യത്ത് ആര്‍ക്കാണ് ആ പദവി മോഹിച്ചുകൂടാത്തത്. അങ്ങനെ പ്രധാനമന്ത്രി പദം മോഹിക്കുന്ന ഒരു ഡസനോളമാളുകള്‍ ബി.ജെ.പി.ക്കും കോണ്‍ഗ്രസ്സിനും പുറത്തുണ്ട്. മുലായവും ശരദ് പവാറും ലാലുവും നിധീഷും മായാവതിയും ജയലളിതയും കരുണാനിധിയും ഇവരില്‍ ചിലര്‍ മാത്രം. മുന്നണിയേത് എന്നെല്ലാം തീരുമാനിക്കുന്നത് തിരഞ്ഞെടുപ്പിന് ശേഷം മതി. എല്ലാം ദ്രാവകരൂപത്തില്‍ വെക്കുക. ലോക്‌സഭയിലെ അംഗബലം കൂട്ടുന്നതില്‍ മാത്രം ശ്രദ്ധയൂന്നുക. കക്ഷിയും മുന്നണിയും ആദര്‍ശവും ലക്ഷ്യവുമൊക്കെ തിരഞ്ഞെടുപ്പിന് ശേഷം മാത്രം തീരുമാനിക്കുക. അതാണ് ഏറ്റവും പ്രായോഗിക ആദര്‍ശം. 

ബി.ജെ.പി.യിലും കോണ്‍ഗ്രസ്സിലും മാത്രമല്ല, മൂന്നാം മുന്നണിയിലും സര്‍ക്കസ് കൊടുമ്പിരിക്കൊള്ളുകയായി.

* * * 

യു.പി.എ. സര്‍ക്കസ്സിലെ ഒരിനമാണ് കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ ഇടതുപക്ഷാഭിമുഖ്യം. വയലാര്‍ രവിയെ കുറ്റപ്പെടുത്താന്‍ പാടില്ല. മുങ്ങുന്ന ആള്‍ ഏത് കച്ചിത്തുരുമ്പിലും പിടിക്കും. ഈ ഇടതുപക്ഷമെന്ന് പറയുന്നത് കച്ചിത്തുരുമ്പൊന്നുമല്ല. കേന്ദ്രത്തിലെ ഇപ്പോഴത്തെ സര്‍ക്കസും വിലപേശലും കച്ചവടവും കോഴയും നാലഞ്ചുവര്‍ഷമായി സഹിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന് ഇടതുപക്ഷത്തോട് പ്രേമവും ബഹുമാനവും ചില്ലറയൊന്നുമായിരിക്കില്ല. ലോക്‌സഭയിലെ ഓരോ വോട്ടെടുപ്പിനും എത്ര വീതം നോട്ടുകെട്ടുകളാണ് ഓരോ സമാജ്, കിമാജ്, ബഹുജന്‍ പാര്‍ട്ടിക്കാര്‍ക്ക് കൊടുക്കേണ്ടി വന്നിട്ടുണ്ടാവുക എന്നതിന്റെ കണക്ക് എ.ഐ.സി.സി.ട്രഷറര്‍ക്ക് പോലും നിശ്ചയം കാണില്ല. വിദേശ ആയുധ ഇറക്കുമതി ഏജന്റുമാരോ അത്തരം അഴിമതി ഏജന്റുമാരോ ആയിരിക്കാം അതിന്റെ കണക്ക് സൂക്ഷിക്കുന്നത്.

കഴിഞ്ഞ ലോക്‌സഭയില്‍ ഇടതുപക്ഷത്തിന്റെ വോട്ട് 59 ആയിരുന്നു. ഇത്തവണ അത്രയും വോട്ട് കിട്ടാന്‍ ഒരു ഡസന്‍ പാര്‍ട്ടികളുടെ കാല് തടവണം കോണ്‍ഗ്രസ് മാനേജര്‍മാര്‍. കാശും കൊടുക്കണം, വേറെ എന്തെല്ലാമാണോ ചോദിക്കുന്നത് അതും കൊടുക്കണം. ഇടതുപക്ഷത്തിന്റെ ഒരു അലമ്പുമില്ലാത്ത പിന്തുണയ്ക്ക് ആകെ കൊടുത്തത് ഒരു സ്​പീക്കര്‍ സ്ഥാനമാണ്. അതൊരു പാരയായി എന്നത് വേറെ കാര്യം. അമേരിക്കന്‍ ആണവ കരാറിന് വേണ്ടി അത് കളഞ്ഞ കോണ്‍ഗ്രസ്സാണോ കുറ്റം ചെയ്തത്, കേന്ദ്രസര്‍ക്കാറിന്മേലുള്ള സ്വാധീനം വെറുതെ കളഞ്ഞ ഇടതുപക്ഷമാണോ കുറ്റം ചെയ്തത് എന്ന കാര്യത്തില്‍ തര്‍ക്കിക്കാം. പക്ഷേ, ദേശീയ രാഷ്ട്രീയത്തില്‍ ഏറ്റവും ആശാസ്യമായ കൂട്ടുകെട്ടാണ് ഇല്ലാതായത് എന്ന് കരുതുന്നവര്‍ കുറേ ഏറെയുണ്ട്.

തിരഞ്ഞെടുപ്പിനുശേഷം തങ്ങള്‍ എവിടെ നില്ക്കുമെന്ന് ഉറപ്പിക്കാന്‍ പറ്റില്ല ഇടതുപക്ഷത്തിന്. അമ്പത്തൊമ്പത് അംഗങ്ങളൊക്കെ ഉണ്ടാവുമോ ഇത്തവണ എന്നറിയില്ല, എന്നാലും എവിടെയെങ്കിലുമൊന്ന് നിലേ്ക്കണ്ടിവരുമല്ലോ. കാലചക്രം തിരിഞ്ഞ് 2014- ല്‍ 2004 ആവര്‍ത്തിക്കില്ല എന്ന് ആര്‍ക്ക് ഉറപ്പിച്ചുപറയാന്‍ കഴിയും ? രാഷ്ട്രീയത്തില്‍ ഒരു സാധ്യതയും തള്ളിക്കളയാന്‍ പറ്റില്ല. 
Mathrubhumi

* * * 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment