Tuesday 19 March 2013

[www.keralites.net] ദ ഷീ ബാന്റ്‌

 

ദ ഷീ ബാന്റ്‌

Fun & Info @ Keralites.net

തിരുവനന്തപുരത്തു നിന്ന്‌ മിടുക്കികളുടെ ഒരു സംഗീതക്കൂട്ടായ്‌മ. ഗവ.വിമന്‍സ്‌ കോളജിലെ കൂട്ടുകാരികള്‍ ചേര്‍ന്നു തുടങ്ങിയ ബിം ബ്ലോട്ടിക്ക അക്ഷരാര്‍ത്ഥത്തില്‍ തരംഗമായിക്കഴിഞ്ഞു.

ബിംബ്ലോട്ടിക്ക!

വല്ലതും മനസ്സിലായോ? ഇല്ലെങ്കില്‍ പോയി ഡിഷ്‌ണറിയൊന്നും തപ്പണ്ട. ഈ വാക്കിനര്‍ത്ഥം കിട്ടില്ല. പക്ഷേ വാക്കിതാ സൂപ്പര്‍ഹിറ്റായി. ഒരര്‍ത്ഥവുമില്ലാതെതന്നെ. ഇനി ബിംബ്ലോട്ടിക്കയെന്നാല്‍ എന്താന്നു ചോദിച്ചാല്‍ നമുക്കു പറയാനൊരു അര്‍ത്ഥമായി. നല്ല ഉശിരന്‍ പെണ്‍പാട്ടുകള്‍. ഉശിരനെന്നു പറഞ്ഞാല്‍ ഉശിരത്തിപ്പാട്ടുകള്‍. നാലു മിടുമിടുക്കി ചുണക്കുട്ടിപ്പെണ്‍പിള്ളേരുടെ റോക്ക്‌ ബാന്‍ഡാകുന്നു ബിംബ്ലോട്ടിക്ക.
സത്യത്തില്‍ എന്തിനുമേതിനും ഒരു കുസൃതിവാക്ക്‌ ഉത്തരം പറഞ്ഞു ശീലിച്ച കൂട്ടുകാര്‍ക്കിടയില്‍ ബാന്‍ഡ്‌ലീഡര്‍ നിലിയ വെറുതെ ഉപയോഗിച്ച വാക്കാണിത്‌. "ഞാനങ്ങ്‌ അയ്യടാന്ന്‌ആയിപ്പോയി." എന്നതിലെ "അയ്യട" പോലെ, "ചറപറ" പോലെ "ഹുന്ത്രാപ്പി"പോലെ ഒരു വാക്ക്‌. വലിയ സംഭവമൊന്നുമല്ലെന്ന മട്ടില്‍ പറയാന്‍ പെട്ടെന്നങ്ങ്‌ വായില്‍ത്തോന്നിയ വാക്കായിരുന്നു ബിംബ്ലോട്ടിക്ക. എങ്കില്‍പ്പിന്നെ അതാകട്ടെ ബാന്‍ഡിന്റെ ചൂടപ്പംപേരെന്നു തീരുമാനിച്ചതും ഈ മിടുക്കികള്‍ തന്നെ. തിരുവനന്തപുരത്ത്‌ സൂപ്പര്‍ഹിറ്റാണീ വാക്ക്‌. ബാന്‍ഡിന്റെ പേര്‌ ആദ്യം കേള്‍ക്കുന്നവര്‍ ഞെട്ടിവീണ്‌ എന്താണ്‌ അര്‍ത്ഥമെന്നു ചോദിക്കുമ്പോള്‍ ഒരര്‍ത്ഥവുമില്ല ഇതാണ്‌ പേര്‌ എന്ന്‌ കൂസലില്ലാതെ പറയും ഇവര്‍. തിരുവനന്തപുരം വിമെന്‍സ്‌ കോളെജിലെ നാലു മിടുക്കിപ്പെണ്‍താരങ്ങള്‍.

കുറച്ചുനാള്‍ സംഗീതം പഠിച്ചതിന്റെയും നന്നായി പാടാനറിയാവുന്നതിന്റെയും ഗമ യിലാണ്‌ ഒരു ദിവസം ബാന്‍ഡ്‌ ലീഡര്‍ കൂടിയായ നിലിയ വേണുഗോപാല്‍ കൂട്ടുകാരി ഗോപികയോട്‌ ഒരു ബാന്‍ഡ്‌ ടീം രൂപീകരിക്കുന്നതിനെക്കുറിച്ചാലോചിക്കുന്നത്‌. സിവില്‍ സര്‍വീസ്‌ അക്കാദമിയിലെ ക്ലാസ്സുകള്‍ക്കിടയിലെ ഇടവേളകളിലെപ്പോഴോ ആ ആശയം ഗോപികയുടെയും തലയില്‍ വീണു. ചുമ്മാതൊരു ഭ്രാന്തുപറച്ചില്‍ എന്നു മാത്രമാണ്‌ ഗോപിക കരുതിയത്‌. പക്ഷേ നിലിയ പിറ്റേന്ന്‌ കോളജിലെത്തി മ്യൂസിക്കുമായി ബന്ധമുള്ളവരെയൊക്കെ പൊക്കി. കളി കാര്യമായെന്നു കണ്ടപ്പോ ള്‍ ഗോപിക ആശ്വസിച്ചോ അതോ.... എന്തായാലും ബിംബ്ലോട്ടിക്ക പിറന്നു. അങ്ങനെ ചിരിച്ചുകളയണ്ട ഈ പേരെന്ന്‌ ഗോപിക. ഭാവിയില്‍ ബിംബ്ലോട്ടിക്കയ്‌ക്കും കാണും ഒരര്‍ത്ഥമൊക്കെ. നിലിയ, ജെ ഗോപിക, ആര്‍ എസ്‌ കൃഷ്‌ണകല, അനീറ്റ ജോണ്‍, ചാരുതസാഗര്‍, അഞ്‌ജു എന്നിവരായിരുന്നു ബിംബ്ലോട്ടിക്കയുടെ ആദ്യ ടീം. ഗോപികയും നിലിയയും പാടാന്‍, കൃഷ്‌ണകല ഡ്രംസിനും, അനീറ്റ കീ ബോര്‍ഡിനും ചാരുത ഗിറ്റാറിനും. പിന്നീട്‌ ചില സാഹചര്യസമ്മര്‍ദ്ദങ്ങളാല്‍ ചാരുതയും അഞ്‌ജുവും പിന്‍വാങ്ങി. രാത്രിയില്‍ പ്രോഗ്രാമിനു പോയാല്‍ യാത്രയ്‌ക്കുള്ള ബുദ്ധിമുട്ടുകളാണ്‌ അവരെ ബിംബ്ലോട്ടിക്കയില്‍ നിന്നകറ്റിയത്‌. ബാക്കി നാലുപേരും ഇപ്പോള്‍ സജീവമാണ്‌

ഏതായിരുന്നുആദ്യവേദി?

വിമന്‍സ്‌ കോളജ്‌ ഇംഗ്ലീഷ്‌ വിഭാഗം 2012 ജനുവരിയില്‍ രണ്ടുദിവസത്തെ വിറ്റ്‌സ് കോളജ്‌ ഫെസ്‌റ്റ് സംഘടിപ്പിച്ചു. അതായിരുന്നു ആദ്യ വേദി. അവരുടെ തീംസോങ്‌ ആണ്‌ ഞങ്ങള്‍ ആദ്യം ബാന്‍ഡ്‌ ടീം ലേബലില്‍ പാടിയ പാട്ട്‌ കം ലെറ്റസ്‌ ടച്ച്‌ ദേ സ്‌റ്റാര്‍സ്‌, കം ലെറ്റ്‌സ് ബില്‍ഡ്‌ ഹെവന്‍എന്നു തുടങ്ങുന്ന പാട്ടുപാടിയ ആ വേദിയില്‍ കൈതോലപ്പായ വിരിച്ചേ എന്ന നാടന്‍ പാട്ടും ഞങ്ങള്‍ പാടി. പിന്നെ ഞങ്ങളുടെ തന്നെ ഒരു കമ്പോസിഷനും.

എന്തായിരുന്നു പ്രതികരണം?

വിറ്റ്‌സിന്റെ സമാപന സമ്മേളനമായിരുന്നു അന്ന്‌. കവി വി. മധുസൂദനന്‍ നായരായിരുന്നു സാര്‍ ആയിരുന്നു മുഖ്യാതിഥി. സാര്‍ ഞങ്ങളെ അഭിനന്ദിച്ചു. നന്നായി വരട്ടെ എന്നഭിനന്ദിച്ചു..

മറ്റുവേദികള്‍ കിട്ടിയോ പിന്നീട്‌?

പിന്നീട്‌ രണ്ടുവേദികളില്‍ കൂടി പ്രോഗ്രാം അവതരിപ്പിക്കാനായി. കഴക്കൂട്ടത്ത്‌ ടെക്‌നോപാര്‍ക്കില്‍ ആകാശവാണിയുടെ വസന്തോത്സവം യൂത്ത്‌ ടാലന്റ്‌ ഷോ ആണ്‌ കോളെജിനു പുറത്തവതരിപ്പിച്ച ആദ്യ പ്രോഗ്രം. പിന്നീട്‌ ട്രിവാന്‍ഡ്രം ക്ലബ്ബില്‍ ഡെസ്‌റ്റിനേഷന്‍ 2012 എന്ന പ്രോഗ്രാമും.

കാശുവല്ലതും കിട്ടിയോ ?

രണ്ടുപരിപാടികളിലും ഞങ്ങള്‍ക്ക്‌ നല്ല സാമ്പത്തികസഹായം ലഭിച്ചു. പിന്നെ അച്‌ഛനമ്മമാര്‍ തരുന്നുണ്ട്‌. റിഹേഴ്‌സലിനും ബാന്‍ഡിന്റെ വാടകയ്‌ക്കും ഒക്കെ പൈസവേണ്ടേ? പരിപാടിക്ക്‌ ഞങ്ങള്‍ ബാന്‍ഡ്‌ വാടകയ്‌ക്കെടുത്താണ്‌ പോകുന്നത്‌.


കൊറിയയില്‍ പാട്ടവതരിപ്പിക്കാനുള്ള ക്ഷണം കിട്ടിയല്ലോ?

തിരുവനന്തപുരം ആകാശവാണി ഞങ്ങളെ ഒരു ഇന്റര്‍വ്യൂവിന്‌ വിളിച്ചു. അവിടെ അവതരിപ്പിച്ച പാട്ടു കേട്ട്‌ അവരാണ്‌ ഏഷ്യ പെസഫിക്‌ ബ്രോഡ്‌കാസ്‌റ്റിങ്‌ യൂണിയന്‍ നവപ്രതിഭകളെ കണ്ടെത്താന്‍ നടത്തുന്ന മത്സരത്തിലേക്ക്‌ പാട്ടയക്കാന്‍ പറഞ്ഞത്‌. അങ്ങനെ ഞങ്ങള്‍ പെണ്‍ഭ്രൂണഹത്യയ്‌ക്കെതിരെ ഉള്ള സന്ദേശമെന്ന രീതിയില്‍ ഒരു പാട്ടു കമ്പോസ്‌ ചെയ്‌തയച്ചു. കൊറിയയില്‍ പാട്ടവതരിപ്പിക്കാന്‍ ഞങ്ങള്‍ക്ക്‌ ക്ഷണവും കിട്ടി. ഡല്‍ഹിയിലായിരുന്നു രണ്ടാംഘട്ടം തിരഞ്ഞെടുപ്പ്‌. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും രണ്ടു ടീമുകളെയാണ്‌ പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുന്നത്‌. പക്ഷേ എങ്ങനെയോ പോക്ക്‌ നടന്നില്ല.

പെണ്ണാണ്‌ നീ എന്ന പാട്ട്‌ ആരുടെ ആശയമായിരുന്നു?

നിലിയയുടെ അച്‌ഛനാണ്‌ കവിതാരൂപത്തില്‍ അത്‌ എഴുതിയത്‌. (ചിന്തയിലെ ഉദ്യോഗസ്‌ഥരാണ്‌ നിലിയയുടെ അച്‌ഛനും അമ്മയും. തൃശ്ശൂര്‍ സ്വദേശികള്‍) പിന്നീട്‌ മലയാളം പഠിക്കുന്ന ഞങ്ങളുടെ സുഹൃത്ത്‌ അപര്‍ണ അത്‌ പാട്ടാക്കിത്തന്നു. ഞങ്ങള്‍ തന്നെയായിരുന്നു സംഗീതം.

ഗ്രൂപ്പിലെ ആരെങ്കിലുമൊക്കെ പാട്ടു പഠിക്കുന്നുണ്ടോ?

ഗോപിക കഥാപ്രസംഗം അവതരിപ്പിച്ച്‌ സംസ്‌ഥാനതലത്തില്‍ ഒരുപാട്‌ സമ്മാനം വാങ്ങിയിട്ടുണ്ട്‌. അനീറ്റ ലണ്ടനിലെ ട്രിനിറ്റി സ്‌കൂള്‍ ഓഫ്‌ മ്യൂസിക്കിന്റെ പരീക്ഷ പാസായിട്ടുണ്ട്‌. കൃഷ്‌ണകല പുറത്തുവേദികളില്‍ ഡ്രംസ്‌ അവതരിപ്പിക്കുന്നു. എല്ലാവരും പാട്ടുപഠിച്ചിട്ടുണ്ട്‌. ഗോപിക ഇപ്പോഴും പഠിക്കുന്നു.

പെണ്ണാണ്‌ ഞാന്‍ എന്ന പാട്ടിലൂടെ എന്താണ്‌ അര്‍ത്ഥമാക്കുന്നത്‌?

തകരില്ല ഞാന്‍, തളരില്ല ഞാന്‍, ചില്ലായ്‌ ഉടഞ്ഞു ചിതറില്ല ഞാന്‍ എന്നു പാടിക്കൊണ്ട്‌ പെണ്ണായി പിറന്നതിലുള്ള ആഹ്ലാദവും അഭിമാനവും പങ്കുവയ്‌ക്കുന്നു. ഇരുള്‍നീക്കിയെത്തും പ്രകാശമായി, വിരിയാന്‍ വിതുമ്പുന്ന പുതുനാമ്പുഞാന്‍ എന്ന രീതിയില്‍ ഒരു സ്‌ത്രീയായ്‌ ജനിച്ചതിനാല്‍ ഉണ്ടായ സന്തോഷങ്ങളാണ്‌ ആ പാട്ടില്‍. ഭ്രൂണഹത്യ കേരളത്തിലും ഒരു തരംഗമാകാന്‍ തുടങ്ങിയപ്പോള്‍ അതിനെതിരെയുള്ള ഒരു കലാപമായാണ്‌ ഈ പാട്ടെഴുതുന്നത്‌. ഈ പാട്ടാണ്‌ കൊറിയയിലേക്കുള്ള ഞങ്ങളുടെ ഒരിക്കലും നടക്കാത്ത യാത്രയുടെ മുന്നൊരുക്കം.

വര്‍ദ്ധിച്ചുവരുന്ന സ്‌ത്രീപീഡനങ്ങള്‍, സ്‌ത്രീകള്‍ക്കെതിരെയുള്ള മറ്റ്‌ അക്രമങ്ങള്‍... എങ്ങനെയാണ്‌ നഗരത്തിലെ ഏക പെണ്‍മ്യൂസിക്‌ ബാന്‍ഡ്‌ അംഗങ്ങള്‍ എന്ന നിലയില്‍ ബിംബ്ലോട്ടിക്ക ഇതിനെ കാണുന്നതും പ്രതികരിക്കുന്നതും?

അത്തരം പെണ്‍കുട്ടികള്‍ക്ക്‌ ഞങ്ങളാലാകുന്ന മുഴുവന്‍ പിന്തുണയും നല്‍കും. ഞങ്ങളുടെ കോളജിലെ ആര്യ തന്നെ ഒരു വലിയ സ്‌റ്റാറായില്ലേ? ആര്യയെപ്പോലെ, അമൃതയെപ്പോലുള്ള കുട്ടികള്‍ക്ക്‌ ഞങ്ങള്‍ വലിയ പിന്തുണ നല്‍കും.സംഗീതത്തിലൂടെ ഞങ്ങള്‍ അത്‌ ചെയ്യുന്നുണ്ട്‌. ചെയ്യുകയും ചെയ്യും.

സ്‌റ്റേജില്‍ എപ്പോഴെങ്കിലും എന്തെങ്കിലും ദുരനുഭവങ്ങള്‍?

ഒരിക്കല്‍. അത്രകാര്യമാക്കാനില്ലാത്ത ഒന്ന്‌. ആകാശവാണി പ്രോഗ്രാം ചെയ്യുമ്പോഴാണ്‌. ബാക്ക്‌ സ്‌റ്റേജില്‍ ചില ആണ്‍കുട്ടികള്‍ കാണാന്‍ വന്നു. ബാന്‍ഡിനെക്കുറിച്ച്‌ എന്തൊക്കെ അറിയാമെന്ന്‌ ചില ചോദ്യങ്ങള്‍. വെറുതെ ഉരസാന്‍ വന്നതാവണം. ഞങ്ങള്‍ തകര്‍പ്പന്‍ പ്രകടനത്തിലൂടെയാണ്‌ അന്നവര്‍ക്ക്‌ മറുപടി കൊടുത്തത്‌.

ഇതുവരെ എത്ര പാട്ടു പാടി? കമ്പോസ്‌ ചെയ്‌തു?

ഏഴ്‌ പാട്ടുകള്‍. ഞങ്ങള്‍ കൂട്ടായാണ്‌ എഴുതുന്നത്‌. എന്നിട്ട്‌ ഒന്നിച്ചിരുന്ന്‌ ആലോചിക്കും. എങ്ങനെ സംഗീതം കൊടുത്താല്‍ അത്‌ നന്നാവുകയെന്ന്‌. എല്ലാവരുടെയും കോണ്‍ട്രിബ്യൂഷനുണ്ട്‌ ഓരോ പാട്ടിലും. ഏഴു പാട്ടും ഓരോ ആല്‍ബമായി പുറത്തിറക്കാനാണ്‌ പരിപാടി. ഞങ്ങളുടെ വെബ്‌സൈറ്റ്‌ ഉടന്‍ റെഡിയാവും. ഫെയ്‌സ്ബുക്കില്‍ ഇപ്പോള്‍തന്നെ ഒരു പേജുണ്ട്‌.

എങ്ങനെയാണ്‌ സംഗീതം തെരഞ്ഞെടുക്കുന്നത്‌? പേരുകേട്ടാല്‍ ഒരു ഇംഗ്ലീഷ്‌ മണവും മട്ടും ഉണ്ട്‌?

അല്ലേയല്ല. നല്ല നാടന്‍ ഈണങ്ങളും വരികളും ഉണ്ട്‌ . ഒപ്പം വെസേ്‌റ്റണ്‍ ഈണവും. ഉദാഹരണത്തിന്‌ അനീറ്റ എഴുതിയ ഹാപ്പി മെമ്മറീസ്‌ എന്ന പാട്ടിന്‌ വെസേ്‌റ്റണ്‍ ശൈലിയാണെങ്കില്‍ വിശക്കുന്നനേരത്ത്‌ കാശില്ലാനേരത്ത്‌ മനസ്സില്‍ പുട്ടും കടലേം വ്യത്യസ്‌തമായ അനുഭവമാണ്‌.


നാടന്‍പാട്ടുകളും അടിപൊളിപാട്ടുകളും പാടുമ്പോള്‍ എന്തൊക്കെയാണ്‌ നിങ്ങളുടെ സംഭാവന?

പാട്ടിന്റെ രീതി അങ്ങ്‌ മാറ്റും. ഞങ്ങളുടേതായി ചില താളങ്ങളും രാഗങ്ങളും സദസ്സിനനുസരിച്ച്‌ കൊണ്ടുവരും. ചിലതില്‍ കര്‍ണ്ണാടിക്‌ ടച്ച്‌. ചിലപ്പോള്‍ വെസേ്‌റ്റണ്‍. അങ്ങനെ. കേള്‍ക്കുന്നവര്‍ക്ക്‌ പുതുമ തോന്നും.

സ്‌നേഹഗീതങ്ങള്‍. അതുമില്ലേ ബാന്‍ഡില്‍?

ക്ലോസ്‌ മൈ ഐസ്‌.... യൂ ആര്‍ ദ ഒണ്‍ലി വണ്‍ ഐ ഹാവ്‌...., ലൈഫ്‌ ലസ്‌ എന്നിവ സ്‌നേഹഗീതികളാണ്‌. മനുഷ്യന്റെ തകര്‍ന്ന ഹൃദയമാണ്‌ ഞങ്ങളുടെ ബ്രോക്കണ്‍ ഹാര്‍ട്ട്‌. സ്‌നേഹമല്ലേ എല്ലാത്തിനും അടിസ്‌ഥാനം. അപ്പോള്‍ ഞങ്ങടെ പാട്ടുകളില്‍ അതുണ്ടാവുക സ്വാഭാവികമല്ലേ.

എവിടെയാണ്‌ പ്രാക്‌ടീസൊക്കെ? ക്ലാസ്സുകള്‍ മുടങ്ങില്ലേ?

ക്ലാസ്സുമുടക്കിയൊരു പരിപാടിയില്ല. ഞായറാഴ്‌ച കോളജിനടുത്ത്‌ ഗോപികേടെ വീട്ടില്‍ ഒന്നിച്ചുകൂടും. അവിടെവച്ചാണ്‌ ട്യൂണ്‍ ചെയ്യുന്നത്‌. വൈകുംവരെ പ്രാക്‌ടീസും ചര്‍ച്ചയും ഒക്കെയാണ്‌. ഇപ്പോ അനീറ്റയുടെ വീട്ടിലാണ്‌ ഒത്തുകൂടുന്നത്‌.

എങ്ങനെയാണ്‌ സംഗീതം സ്വയം പരിഷ്‌കരിച്ചെടുക്കുന്നത്‌ നിങ്ങള്‍?

ദിവസവും ഇന്റര്‍നെറ്റില്‍ സെര്‍ച്ച്‌ ചെയ്യും. നല്ല പാട്ടുകള്‍ കേള്‍ക്കും. കമ്പോസിഷന്‍ ശ്രദ്ധിക്കും. പുതിയ രീതികള്‍ കണ്ടാല്‍ റെക്കോര്‍ഡ്‌ ചെയ്‌ത് പരസ്‌പരം കേള്‍പ്പിക്കും. യൂ ട്യൂബിലെ വീഡിയോകള്‍ ഡൗണ്‍ലോഡ്‌ ചെയ്‌തു കാണും

ആരാണ്‌ റോള്‍ മോഡലുകള്‍?

റോള്‍ മോഡലുകള്‍ ഇല്ല. ബാന്‍ഡ്‌ എന്ന നിലയില്‍ തിരുവനന്തപുരത്ത്‌ മുമ്പ്‌ പെണ്‍ബാന്‍ഡുകള്‍ ഇല്ലല്ലോ. അപ്പോള്‍ ഞങ്ങള്‍ സ്വന്തമായി തന്നെ കാര്യങ്ങളെല്ലാം സാധിക്കുന്നു. അധ്യാപകരുടെയും വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായങ്ങള്‍ വേണ്ടുവോളം ഉണ്ട്‌ എന്നതാണ്‌ കാര്യം.

വീട്ടുകാര്‍ക്ക്‌ സംഗീതബന്ധമുണ്ടോ?

ഇല്ല. എല്ലാവരുടെയും വീട്ടുകാര്‍ക്ക്‌ നല്ല സംഗീതബോധമുണ്ട്‌. അതുകൊണ്ടാണല്ലോ ഞങ്ങളെ സപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. അല്ലാതെ ആരും പാടാനൊന്നുമില്ല. നിലിയയുടെ അമ്മ ചെറുതായി പാടും.


വീട്ടുകാരുടെ സപ്പോര്‍ട്ട്‌ എന്നു പറഞ്ഞല്ലോ? ആരും എതിര്‍ത്തില്ലേ ?

എല്ലാവരുടേയും വീട്ടില്‍ ആദ്യം അമ്പരപ്പായിരുന്നു. കേട്ടുകേള്‍വി ഇല്ലാത്തൊരു കാര്യം. അത്‌ എങ്ങനെ നടക്കുമെന്ന ആശങ്ക. പറഞ്ഞുമനസ്സിലാക്കാന്‍ ഒരുപാട്‌ നേരമെടുത്തു. ചരിത്രം തിരുത്തിക്കുറിക്കാന്‍ പോവുകയാണെന്നൊക്കെ പറഞ്ഞുപറഞ്ഞ്‌ ഒടുവിലാണ്‌ ഗ്രീന്‍ സിഗ്നല്‍ കിട്ടിയത്‌.

ബിംബ്ലോട്ടിക്ക വല്യസംഭവമായി എന്നു കരുതുക, എന്തൊക്കെ ചെയ്ും?

ആദ്യം ഒരു സ്‌റ്റുഡയിയോ വേണം. അതാണ്‌ ഏറ്റവും വലിയ ആഗ്രഹം. എന്നിട്ടുവേണം ഒന്നാന്തരമായി പാട്ടുകള്‍ ആല്‍ബമാക്കാന്‍.

ബിംബ്ലോട്ടിക്കയെ പ്രമുഖപാട്ടുകാര്‍ തിരിച്ചറിഞ്ഞോ?

ക്ലബ്ബ്‌ എഫ്‌ എം ല്‍ പ്രോഗ്രാം ചെയ്യാന്‍ പോയപ്പോള്‍ അപ്പങ്ങളെമ്പാടും ഒറ്റയ്‌ക്ക് ചുട്ടമ്മായി ഫെയിം അന്ന കത്രീനയെ കണ്ടു. ഞങ്ങളോടവര്‍ കുശലങ്ങള്‍ ചോദിച്ചു. ഈ ബാന്‍ഡ്‌ ടീമിനെ അവര്‍ക്ക്‌ കേട്ടറിയാം. സംഗീതസംവിധായകന്‍ ബോബിസുന്ദറും ഒരിക്കല്‍ ഞങ്ങളെക്കുറിച്ച്‌ പറഞ്ഞു കേട്ടു.

ഒരാള്‍ എം എ യ്‌ക്ക്, മറ്റുള്ളവര്‍ക്ക്‌ ഫൈനല്‍ ഇയര്‍ ബി എ ഇതുകഴിഞ്ഞാല്‍ എന്താവും ബിംബ്ലോട്ടിക്ക?

ഞങ്ങള്‍ ഒറ്റക്കെട്ടാണ്‌. കോളജ്‌ പഠനകാലത്തിന്‌ ഞങ്ങളെ വേര്‍പിരിക്കാനാവില്ല. പഠിച്ചുകഴിഞ്ഞാലും ഞങ്ങള്‍ ഒന്നിച്ചു കാണും. സംസാരിക്കും. പാട്ടുകള്‍ പാടും. കാരണം ഞങ്ങളിതില്‍ അത്രത്തോളം ഡെഡിക്കേറ്റഡ്‌ ആണ്‌. എല്ലാവരും. കല്യാണം കഴിഞ്ഞു പോയാല്‍പ്പോലും ഞങ്ങളുണ്ടാകും ഈ ബാന്‍ഡുമായി. ബിംബ്ലോട്ടിക്ക അങ്ങനെയൊന്നും അവസാനിക്കാന്‍ പോകുന്നില്ല. അതാണ്‌ ബിംബ്ലോട്ടിക്ക. തകരാതെ തളരാതെ നില്‍ക്കുന്ന ഒന്ന്‌.കടലായ്‌, കനലായ്‌, തീയായ്‌ എരിയുന്ന ശക്‌തിയായി, പെണ്ണായി നില്‍ക്കുന്ന ഒന്ന്‌. അവരുടെ പാട്ടുകള്‍ പോലെതന്നെ. അവരെപ്പോലെതന്നെ....

Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment