രാവിലെ വാര്‍ത്തകള്‍ വായിക്കാനും കേള്‍ക്കാനും വയ്യെന്നായിരിക്കുന്നു. പീഡന വാര്‍ത്തകള്‍ക്കായി പത്രക്കാരും ചാനലുകാരും മത്സരിക്കുന്നത് പോലെ. ജനങ്ങളുടെ വികാരം ചൂഷണം ചെയ്ത് വായനക്കാരേയും പ്രേക്ഷകരേയും സൃഷ്ടിക്കാനുള്ള വ്യഗ്രതയില്‍ എന്ത് തോന്ന്യാസവും വാര്‍ത്തയാക്കി വിടാമെന്ന സ്ഥിതിയിലേക്ക് മീഡിയാ പ്രവര്‍ത്തനം അധഃപതിക്കുകയാണ്. 'കുടുംബമൊന്നിച്ച് പത്രം വായിക്കാന്‍ കഴിയില്ല. ടി വി കാണാനും വയ്യ. 'സ്‌നേഹിതാ, രാജ്യം വിടുകയാണ് നല്ലത്"എന്നൊരു സാംസ്‌കാരിക പ്രവര്‍ത്തകന്റെ വിലാപം കേട്ടപ്പോഴാണ് ഇങ്ങനെ എഴുതാന്‍ തോന്നിയത്.
കുറ്റാന്വേഷണ വാര്‍ത്തയിലേക്ക് ഒരു പീഡനത്തിന്റെ കഥ തയ്യാറാക്കിയ റിപ്പോര്‍ട്ടര്‍ അത് സംപ്രേഷണം ചെയ്യുന്ന ദിവസം വീട്ടിലെ കേബിള്‍ കേടാക്കി വെച്ചത്രേ; താന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് കുടുംബത്തോടൊപ്പമിരുന്ന് കാണാന്‍ കൊള്ളില്ല എന്ന കാരണത്താല്‍. കുടുംബ ഭദ്രത തന്നെ തകര്‍ക്കുകയാണ് ഇത്തരം വാര്‍ത്തകള്‍. ഇത് കണ്ടും കേട്ടും കൊണ്ടാണ് മറ്റുള്ളവരും തെറ്റിലേക്ക് വഴുതുന്നത്. പീഡനങ്ങളും ആത്മഹത്യകളും വാര്‍ത്തയാക്കി ആഘോഷിച്ചാല്‍ അത് സമൂഹത്തില്‍ നിന്ന് ഇല്ലാതാകില്ല. മറിച്ച് സാധാരണ സംഭവമായി മാറുകയേ ഉള്ളു. ജനങ്ങളെ ഇതിന്റെ ദൂഷ്യങ്ങളെകുറിച്ച് ബോധവാന്‍മാരാക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടത്. സിനിമയും സീരിയലും ഇതേ ദൂഷ്യങ്ങള്‍ തന്നെയാണ് വരുത്തുന്നത്. കൊള്ളയും ക്വട്ടേഷന്‍ കൊലയും എങ്ങനെയൊക്കെ ആകാമെന്നും സ്ത്രീപീഡനത്തിന്റെ വഴികളെന്തൊക്കെയാണെന്നും നമുക്ക് പറഞ്ഞുതരുന്നത് സിനിമയാണ്. കലയുടെ കഴുത്തില്‍ കത്തി വെക്കലാണിത്.
നമുക്ക് വായനാ സംസ്‌കാരവും ദൃശ്യ സംസ്‌കാരവുമുണ്ട്. എന്ത് വായിക്കണമെന്നതിന് നിയമങ്ങളും നിര്‍ദേശങ്ങളുമുണ്ട്. ഇതൊക്കെ കാറ്റില്‍ പറത്തിയാണ് മാധ്യമങ്ങള്‍ വിലസുന്നത്. അറവുമാടുകളെപ്പോലെയാണ് പല നേതാക്കളും ന്യൂസ് അവറിലെത്തുന്നത്. നമസ്‌കാരവും സ്വാഗതവും പറഞ്ഞ് അറവ് തുടങ്ങുകയായി. പലരേയും ഇരുത്തിപ്പൊരിക്കുന്നത് കാണാം. പലരും കുടുങ്ങുന്നത് കാണാം. ചാനലുകാരുദ്ദേശിച്ചത് കക്ഷിയെക്കൊണ്ട് പറയിക്കണം. അതിന് പറ്റിയ കരുക്കുകള്‍ ചാനലുകാരുടെ കൈയിലുണ്ട്. പറഞ്ഞത് പിന്നെ തിരുത്താനൊക്കുമോ? അപ്പുറവും ഇപ്പുറവും വെട്ടിയൊതുക്കി വാര്‍ത്ത പുറത്തു വരുമ്പോഴാണ് ഇരകള്‍ ബോധം കെട്ടു പോകുന്നത്. രഹസ്യങ്ങള്‍ ചോര്‍ത്തുക, സ്വകാര്യങ്ങളെ പരസ്യപ്പെടുത്തുക, ആളറിയാതെ ക്യാമറകള്‍ സ്ഥാപിച്ച് ആളെ മാനം കെടുത്തുക എന്നതൊക്കെ നിയമപരായി തെറ്റാണെന്ന് ഏത് സാധാരണക്കാരനും അറിയാം. വഴിവിട്ട് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മാധ്യമ എത്തിക്‌സിന് നിരക്കാത്തതാണ്.
ഇപ്പോള്‍ എല്ലാ നിലക്കും ജനങ്ങള്‍ ദുരിതം പേറുകയാണ്. സാധനങ്ങള്‍ക്ക് കത്തുന്ന വില. നാടു നീങ്ങുന്ന വൈദ്യൂതി കമ്പനികള്‍ ഇന്ധനത്തിന് ഇഷ്ടം പോലെ വില കൂട്ടുന്നു. അംബാനിമാര്‍ രാജ്യത്തെ കൈയിലെടുത്ത് അമ്മാനമാടുകയാണ്. ഒപ്പം അരങ്ങ് തകര്‍ക്കുന്ന അഴിമതികള്‍. ഇതിനെക്കുറിച്ചൊന്നും മാധ്യമങ്ങള്‍ക്ക് കാര്യമായി പറയാനില്ല. പത്രം തുറന്നാലും ടി വി തുറന്നാലും കേള്‍ക്കുന്നത് വികാരം കൊള്ളിക്കുന്ന പീഡന കഥകള്‍. പെണ്ണിന്റെ വെളിപ്പെടുത്തലുകള്‍. സംഭവം നടന്നോ ഇല്ലേ എന്നത് ഒരു ചര്‍ച്ച. പെണ്ണ് വേശ്യയോ അല്ലേ എന്നത് വേറെ ചര്‍ച്ച. കേബിളിന് കാശ് കൊടുക്കുന്നതു കൊണ്ട് കണ്ടുതീര്‍ക്കുകയാണ് പ്രേക്ഷകജനം. പീഡനങ്ങള്‍ മാത്രമാണോ രാജ്യത്തിന്റെ പ്രശ്‌നം. ഇന്നത്തെ വിലക്കയറ്റത്തെുറിച്ചും സര്‍ക്കാറിന്റെ മൗനത്തെക്കുറിച്ചും ആരും പറയാതിരിക്കുന്നത് എന്തു കൊണ്ടാണ്?
വാര്‍ത്ത ചോര്‍ത്തലും സ്വകാര്യതകള്‍ പകര്‍ത്തലും അത് സംപ്രേഷണം ചെയ്ത് കേമന്മാരാകുന്നതും താത്കാലിക ഗുണമേ ചെയ്യുകയുള്ളു. ഇപ്പോള്‍ സീരിയലിനേക്കാളും വാര്‍ത്ത കാണാനാണത്രേ രസം. എല്ലാം പച്ചയായി തന്നെ കാണാം. പടച്ചു വിടുന്ന തിരക്കഥകളും കൊള്ളാം. വേഷമിടാതെയുള്ള അഭിനയവും അഭിനന്ദനീയം. സങ്കടമതല്ല; ഒന്നിനോടും പ്രതികരിക്കാന്‍ പ്രേക്ഷകരോ വായനക്കാരോ ഇല്ല. എല്ലാവരും മൗനികളാണ്. അവര്‍ നാളത്തെ പീഡന വാര്‍ത്തയും കാത്തിരിപ്പാണ്. വാര്‍ത്തകളെ നിയന്ത്രിക്കാന്‍ ഓംബുഡ്‌സ്മാനും മീഡിയ കൗണ്‍സിലും മീഡിയ വാച്ച് ഗ്രൂപ്പുമൊക്കെയുണ്ട്. ഇവയൊക്കെ എവിടെപ്പോയി ഇരിക്കുകയാണെന്നറിയില്ല. മീഡിയ എത്തിക്‌സ് കാത്തുസൂക്ഷിക്കാനുള്ള അവകാശം ഇവര്‍ക്കൊക്കെയുണ്ട്. മാധ്യമക്കാര്‍ക്കും ഉണ്ടല്ലോ അച്ഛനമ്മമാരും സഹോദരിമാരും മക്കളുമൊക്കെ. രാവിലെ പ്രാര്‍ഥന കഴിഞ്ഞ് പത്രം നിവര്‍ത്തിയാല്‍ അന്നത്തെ ആരാധനയൊക്കെ വെള്ളത്തിലായത് തന്നെ. പീഡനക്കേസുകളൊക്കെ കോടതിയും സര്‍ക്കാറും ചേര്‍ന്ന് തീര്‍ത്താല്‍ പോരേ? എന്തിനാണിതൊക്കെ നാട്ടാരെ കേള്‍പ്പിച്ച് വീടും നാടും നാറ്റിക്കുന്നത്.
മഹാത്മാ ഗാന്ധി പറഞ്ഞു: മാധ്യമ പ്രവര്‍ത്തനത്തിന്റെ മുഖ്യ ലക്ഷ്യം സേവനമാണ്. പത്രങ്ങള്‍ ശക്തിയാണ്. പക്ഷേ, നിയന്ത്രണമില്ലാതിരുന്നാല്‍ അത് സമൂഹത്തെ നശിപ്പിക്കും. വെള്ളപ്പൊക്കം നാട്ടിനേയും വിളകളേയും നശിപ്പിക്കുന്നത് പോലെ. നിയന്ത്രണമില്ലാത്ത പേന നാശകാരിയാണ്. നിയന്ത്രണം പേനയെടുക്കുന്നവന്റെ മനസ്സില്‍ നിന്ന് തന്നെ ഉണ്ടാകണം.' ഈ പറഞ്ഞ എത്തിക്‌സ് നമ്മുടെ മീഡിയ പിന്തുടരുന്നുണ്ടോ? ഇപ്പോള്‍ മാധ്യമങ്ങള്‍ തമ്മിലുള്ള വടംവലികളും പണം കൊടുപ്പും കൂട്ടിക്കൊടുപ്പും മീഡിയകളുടെ വിശ്വാസ്യതയെ തന്നെ തകര്‍ക്കുകയാണ്. ഭരിക്കുന്ന സര്‍ക്കാറുകള്‍ പണവും പരസ്യവും കൊടുത്ത് മീഡിയകളെ കൈയിലെടുക്കുകയാണ്. അതു കൊണ്ടാണ് സര്‍ക്കാറുകളുടെ പിടിപ്പുകേടുകള്‍ പുറത്തു കൊണ്ടുവരാന്‍ മീഡിയകള്‍ മടിക്കുന്നത്. റിപ്പോര്‍ട്ടര്‍മാരെ 'സംതിംഗ്' നല്‍കി സ്വാധീനിക്കാമെന്ന് പലരും കണ്ടെത്തിയിരിക്കയാണ്. അതുകൊണ്ടാണ് ഒരു റിപ്പോര്‍ട്ടര്‍ പറഞ്ഞത്: "സാറേ മനസ്സാക്ഷിയുള്ളവന് ഇവിടേയും രക്ഷയില്ല. മാധ്യമ മാനേജുമെന്റുകള്‍ പറഞ്ഞതേ ചെയ്യാനാകുന്നുള്ളു." സര്‍ക്കാറിനെതിരെ വരുന്ന വാര്‍ത്തകള്‍ മാനേജ്‌മെന്റ് പ്രതിനിധിയെ കാണിച്ചേ സംപ്രേഷണം ചെയ്യാവൂ എന്ന് ഒരു ചാനല്‍ മാനേജ്‌മെന്റ് നിര്‍ദേശം കൊടുത്തുവത്രേ. സത്യസന്ധനായ ഈ റിപ്പോര്‍ട്ടര്‍ ജോലി തന്നെ വേണ്ടെന്നു വെച്ചു. ചിലപ്പോള്‍ കഷ്ടപ്പെട്ട് ഒരു വാര്‍ത്തയുമായി വന്നാല്‍ അത് ചവറ്റുകൊട്ടയിലെറിയും. ഇതാണ് പലരുടെയും സ്ഥിതി.
ഐരിഷ് കവി എഗ്ലസ്റ്റണ്‍ പറഞ്ഞതു പോലെ, 'മാധ്യമ പ്രവര്‍ത്തനമെന്നത് സംഘടിതമായ നേരമ്പോക്കായി മാറിയിരിക്കുന്നു. ജനങ്ങള്‍ക്ക് ഹരമുള്ള കാര്യങ്ങളാണ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനങ്ങള്‍ അറിയേണ്ട കാര്യങ്ങളല്ല. വികസനത്തേയാണ് മാധ്യമങ്ങള്‍ പ്രോത്‌സാഹിപ്പിക്കേണ്ടത്. പക്ഷേ ഇല്ലാത്ത വിവാദങ്ങള്‍ കൊണ്ടുവന്ന് വികസനത്തെ തകര്‍ക്കുകയാണ് ചെയ്യുന്നത്. ജനങ്ങളുടെ വ്യക്തി താത്പര്യങ്ങള്‍ ഊതി വീര്‍പ്പിച്ച് കൊടുത്ത് സമൂഹത്തിന്റെ താത്പര്യങ്ങളെ തമസ്‌കരിക്കാനാണ് മാധ്യമങ്ങള്‍ക്ക് ധൃതി. കുഴപ്പങ്ങളില്ലാതാക്കാനല്ല; ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. മാധ്യമ സംസ്‌കാരം യഥാവിധി ഉള്‍ക്കൊള്ളുന്ന ധര്‍മ ബോധമുള്ള പത്ര പ്രവര്‍ത്തകരെപ്പറ്റിയല്ല ഇപ്പറയുന്നത്.
പത്രപ്രവര്‍ത്തകര്‍ക്ക് ശരിയായ പരിശീലനവും കൗണ്‍സലിംഗും ആവശ്യമാണ്. കുറ്റാന്വേഷണ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്നത് പോലും ഫുട്ബാള്‍ കമന്ററി പറയുന്നത് പോലെയാണ്. ദുരിതമോ മരണമോ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ എന്തോ നിധി കൈയില്‍ കിട്ടിയതു പോലെയാണ് സംപ്രേഷണം ചെയ്യാറ്. ഇവരൊക്കെ ഏറ്റവും ചുരുങ്ങിയത് എസ് പി ജെ കോഡ് ഓഫ് എത്തിക്‌സ് വായിക്കുന്നത് നല്ലതാണ്. ഏത് മാധ്യമ കോഴ്‌സുകളിലും എത്തിക്‌സ് നിര്‍ബന്ധപൂര്‍വം പഠിപ്പിക്കുന്നുണ്ടല്ലോ?
No comments:
Post a Comment