തിരുവനന്തപുരം: സെക്രട്ടേറിയറ്റിന്റെ തെക്കേനടയിലെ 'അരുള്‍ജ്യോതി'യുടെ പരിസരത്തെ വെടിവട്ടത്തിന് നേതൃത്വം നല്‍കിയിരുന്ന മാവേലിക്കര രാമചന്ദ്രന്‍ ഇപ്പോള്‍ എവിടെയാണ്?
ആകാശവാണി വാര്‍ത്തകള്‍ ഡല്‍ഹിയില്‍നിന്ന് മലയാളികളുടെ മനസ്സുകളിലെത്തിച്ച മാവേലിക്കര രാമചന്ദ്രന് എന്തു സംഭവിച്ചുവെന്നറിയാന്‍ വേണ്ട നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിവേദനം നല്‍കി.
ഡല്‍ഹി ആകാശവാണിയില്‍നിന്ന് വിരമിച്ചതിനുശേഷം ശംഖുംമുഖം കാര്‍ഗോ കോംപ്ലക്‌സിനടുത്തുള്ള ഒരു വീട്ടില്‍ താമസിക്കുന്നതിനിടെയാണ് മാവേലിക്കര രാമചന്ദ്രന്റെ കഴുത്തിനു വേദന വന്നത്. തുടര്‍ന്നുള്ള ചികിത്സയ്ക്കിടെ അദ്ദേഹത്തിന് തല ഉയര്‍ത്തി നില്‍ക്കാനാകാതെവന്നു. കേള്‍വിശക്തിയും കുറഞ്ഞു. അവിവാഹിതനായ രാമചന്ദ്രന്‍ ശാരീരിക അവശതകള്‍ സാരമാക്കാതെ തലസ്ഥാനനഗരത്തിലെ യാത്ര തുടര്‍ന്നു. അവശതകള്‍ മറന്ന് ആള്‍ക്കൂട്ടത്തിലൊരാളായി നടക്കുമായിരുന്ന മാവേലിക്കര രാമചന്ദ്രനെക്കുറിച്ച് 2012 സപ്തംബര്‍ 15ന് 'മാതൃഭൂമി നഗരം' വാര്‍ത്ത നല്‍കിയതോടെ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍നിന്നുള്ള സുഹൃത്തുക്കള്‍ സഹായഹസ്തവുമായിട്ടെത്തി. എങ്കിലും അദ്ദേഹം തന്റെ പതിവ് 'നഗരസവാരി' മുടക്കിയില്ല. അതിനിടെയാണ് സുഹൃത്തുക്കളെപ്പോലും അമ്പരപ്പിച്ചുകൊണ്ട് താമസം മാറ്റിയ വാര്‍ത്ത പുറത്തുവന്നത്.
മാവേലിക്കര രാമചന്ദ്രനെ രണ്ടുദിവസം 'അരുള്‍ജ്യോതി' പരിസരത്ത് കാണാതായതോടെ സുഹൃത്തുക്കള്‍ ശംഖുംമുഖത്തെ പാര്‍പ്പിടത്തിലെത്തി. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
കൈയിലൊരു ചെറിയ സഞ്ചിയുമായി അദ്ദേഹം ഒരു കാറില്‍ കയറി പോവുകയായിരുന്നുവെന്ന് പരിസരവാസികള്‍ പറഞ്ഞു. അടുത്തുള്ള ചിലരോട് മുംബൈയിലേക്ക് പോവുകയാണെന്ന് മാത്രമേ പറഞ്ഞുള്ളൂ. സുഹൃത്തുക്കള്‍ മാവേലിക്കരയില്‍ പോയി തിരക്കിയെങ്കിലും കൂടുതല്‍ വിവരമൊന്നും കിട്ടിയില്ല.
ചികിത്സാര്‍ഥം എത്ര ദൂരെ പോയാലും ടെലിഫോണിലെങ്കിലും സംസാരിക്കുമായിരുന്നുവെന്നാണ് തിരുവനന്തപുരത്തെ അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്.
No comments:
Post a Comment