Tuesday 5 February 2013

[www.keralites.net] കേരളത്തിനായി ഒരുമിക്കാം- മുഖ്യമന്ത്രി; സമരത്തിലും ഒന്നിക്കണം - പിണറാ

 


കേരളത്തിനായി ഒരുമിക്കാം- മുഖ്യമന്ത്രി; സമരത്തിലും ഒന്നിക്കണം - പിണറായി

Published on 06 Feb 2013

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന കാര്യത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ക്കായി രാഷ്ട്രീയ സമവായം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചു. അഞ്ചു വര്‍ഷം കൂടുമ്പോള്‍ സര്‍ക്കാരുകള്‍ മാറിവരുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വികസന കാര്യത്തിലെന്നപോലെ വികസന വിരുദ്ധ നടപടികള്‍ക്കെതിരെ ഉണ്ടാകുന്ന സമരത്തിലും സമവായം വേണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

നിയമനിര്‍മാണസഭയുടെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'നാളത്തെ കേരളം' എന്ന വിഷയത്തെക്കുറിച്ച് നടന്ന സെമിനാറിലാണ് ഈ നിര്‍ദേശങ്ങള്‍ ഉയര്‍ന്നത്. കേരളത്തിന്റെ വികസനത്തിന് രാഷ്ട്രീയ സമന്വയം ആവശ്യമാണെന്ന കാര്യത്തില്‍ രാഷ്ട്രീയ കക്ഷിനേതാക്കള്‍ സമന്വയത്തിലെത്തി.

കേരളത്തിന് ആദ്യകാലത്തുണ്ടായ മുന്നേറ്റം പിന്നീട് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. ഇന്നലെകളില്‍ എടുത്തതും പരാജയപ്പെട്ടതുമായ മുദ്രാവാക്യങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്. തുടര്‍ന്ന് വികസന പദ്ധതികളുടെ കാര്യത്തില്‍ രാഷ്ട്രീയ സമവായം ഉണ്ടാകണം. ഈ സാഹചര്യം സംജാതമായാല്‍ ദീര്‍ഘകാലം മുന്നില്‍ കണ്ടുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാനാകും. -മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ ഇന്നിപ്പോള്‍ തൊഴില്‍ സമരങ്ങളില്ല. ബി.ഒ.ടി, സ്വകാര്യ പങ്കാളിത്തമാണെങ്കില്‍ പണത്തിനും മുട്ടില്ല. വേണ്ടത് സമവായവും പദ്ധതികളുമാണ്- ഉമ്മന്‍ ചാണ്ടി പറഞ്ഞു.

വികസനകാര്യത്തില്‍ രാഷ്ട്രീയ സമവായം വേണമെന്ന നിര്‍ദേശത്തെ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സ്വാഗതം ചെയ്തു. ദീര്‍ഘകാലം മുന്നില്‍ കണ്ടുള്ള പദ്ധതികള്‍ വേണമെന്ന കാര്യത്തിലും തര്‍ക്കമില്ല. അത്തരം പദ്ധതികളുടെ ബ്ലൂപ്രിന്‍റ് തയ്യാറാക്കണം. അതിനായി ആസൂത്രണവിദഗ്ദ്ധരുടെയും രാഷ്ട്രീയ നേതാക്കളുടെയും സമവായം ഉണ്ടാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. എന്നാല്‍ ഇതിനൊരു മറുവശമുണ്ട്. വികസനകാര്യത്തിലെന്ന പോലെ വികസന വിരുദ്ധ കാര്യങ്ങളുമുണ്ട്. അവയെ എതിര്‍ക്കുന്നതിന് സമരം വേണ്ടി വരും. അതിലും എല്ലാവരും ഒരുമിച്ചു നില്‍ക്കണം. -അദ്ദേഹം പറഞ്ഞു.

കേരള മാതൃകയുടെ അടിത്തറയ്ക്ക് ഭീഷണി ഉയരുന്നുണ്ട്. ഭൂവുടമാ സമ്പ്രദായത്തില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റം, വിദേശ മുതലാളിത്തം, പൊതുമേഖലയുടെ നിലനില്പിനുള്ള ഭീഷണി, സാര്‍വത്രിക വിദ്യാഭ്യാസവും ആരോഗ്യവും പരിമിതപ്പെടുത്തുന്ന സമ്പ്രദായങ്ങള്‍ എന്നിവ കേരള മോഡലിനുള്ള ഭീഷണികളാണ്- പിണറായി പറഞ്ഞു.

ഗോവയിലും ഹിമാചല്‍പ്രദേശിലുമെന്ന പോലെ കേരളത്തിലും പുറത്തുനിന്നുള്ളവര്‍ ഭൂമി വാങ്ങുന്നത് നിരോധിക്കുന്ന നിയമനിര്‍മാണത്തെക്കുറിച്ച് ആലോചിക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്‍റ് രമേശ് ചെന്നിത്തല പറഞ്ഞു.

ഐ.ടിയും ടൂറിസവും അടക്കമുള്ള പുതിയ വികസന മേഖലകള്‍ക്കൊപ്പം പരമ്പരാഗത മേഖലകളില്‍ മൂല്യവര്‍ദ്ധന ഉല്പന്നങ്ങള്‍ കൊണ്ടുവന്ന് തനത് വിഭവങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയണമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

വിജ്ഞാനമാണ് ഈ കാലഘട്ടത്തിലെ പ്രധാന വിപണനവസ്തു എന്ന് തിരിച്ചറിയുകയും അത് പ്രയോജനപ്പെടുത്താന്‍ തക്കവിധം മാനസികമാറ്റം ഉണ്ടാകുകയും വേണമെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.

പൊതുകാര്യത്തിനായി മുതല്‍ മുടക്കുന്ന സ്വകാര്യനിക്ഷേപത്തെ വേറിട്ട് കാണേണ്ടതില്ലെന്നും അങ്ങനെ പണം മുടക്കുന്നവര്‍ക്ക് പ്രതിഫലം ഉറപ്പാക്കാന്‍ നിയമനിര്‍മാണം വേണമെന്നും കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം. മാണി നിര്‍ദേശിച്ചു.

സമ്പത്തും വിഭവങ്ങളും ഒരു വിഭാഗത്തിന്റെ പക്കല്‍ മാത്രം കേന്ദ്രീകരിക്കപ്പെടുന്നത് മറ്റ് വിഭാഗങ്ങളുടെയിടയില്‍ മാനസിക സംഘര്‍ഷത്തിന് കാരണമാകുമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്‍റ് വി.മുരളീധരന്‍ പറഞ്ഞു.

ഏകീകൃത പാഠ്യപദ്ധതി വേണമെന്ന് ജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്‍റ് മാത്യു ടി. തോമസ് അഭിപ്രായപ്പെട്ടു. വൃദ്ധജനങ്ങളുടെ സംരക്ഷണം നാളത്തെ കേരളത്തിന്റെ വലിയ പ്രശ്‌നമാണെന്നും അതിന് പരിഹാരം കാണണമെന്നും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു. പരമ്പരാഗത തൊഴില്‍ മേഖലകളെ സംരക്ഷിച്ചുകൊണ്ടേ കേരളത്തിന് മുന്നോട്ടുപോകാന്‍ കഴിയൂവെന്ന് ആര്‍.എസ്.പി. സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പറഞ്ഞു. വികസന കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളുടെ കൂട്ടായ്മ മാതൃകയാകണമെന്നും രാഷ്ട്രീയ സമവായം ഉണ്ടാകണമെന്നും കേരളാ കോണ്‍ഗ്രസ് ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പറഞ്ഞു.

കേരളത്തില്‍ നിന്ന് ഉച്ചാടനം ചെയ്ത പല അനാചാരങ്ങളും തിരിച്ചുവരികയാണെന്നും അവയ്‌ക്കെതിരെ ചെറുത്തുനില്പ് ഉയരണമെന്നും സ്വാഗതപ്രസംഗത്തില്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പറഞ്ഞു. കേരളത്തിന് പുറത്ത് അധ്വാനശീലരായ മലയാളികള്‍ ഇവിടെ മടിക്കുന്നുവെന്നത് മാറ്റത്തിന് തടസ്സമായി നില്‍ക്കുന്നുവെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി. ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍ നന്ദി പറഞ്ഞു.



www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment