കാട്ടില്‍ കണ്ട സത്യങ്ങള്‍
മണ്ണിന്റെ ഫലപുഷ്ടി ഉറപ്പു വരുത്താന്‍ രാസവളം പ്രയോഗിക്കണമെന്ന് കാര്‍ഷിക സര്‍വകലാശാലകളും കൃഷിശാസ്ത്രജ്ഞരും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും കര്‍ഷകരെ തുടര്‍ച്ചയായി നിര്‍ബന്ധിക്കുന്നു. ഒരു വ്യാഴവട്ടത്തിനുശേഷം കൃഷിയില്‍നിന്ന് പഴയതുപോലെ വിളവ് കിട്ടാതായപ്പോള്‍ ഞാന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും മറുപടി തരാന്‍ ആര്‍ക്കും സാധിച്ചില്ല. അന്നേരമാണ് ഞാന്‍ കാടിനെക്കുറിച്ച് ചിന്തിച്ചത്. കാടിന്റെ പരിസ്ഥിതി സംവിധാനം ആദിവാസി ജീവിത രീതിയെ ബാധിക്കുന്നത് എങ്ങനെ എന്ന് നേരത്തേ നടത്തിയ ഗവേഷണത്തില്‍ ഞാന്‍ കണ്ടെത്തിയതാണല്ലോ. വനത്തിലുള്ള മരങ്ങള്‍ക്കും ചെടികള്‍ക്കും വള്ളികള്‍ക്കും എന്തുകൊണ്ട് രാസവളം ആവശ്യമില്ല? പുറത്തു നിന്ന് ജൈവവളം കൊണ്ടുവരേണ്ടതില്ല? ട്രാക്ടറുകള്‍ വനം ഉഴുതുമറിക്കുന്നില്ല? എന്തുകൊണ്ട് കീടനാശിനി ആവശ്യമില്ല? ഇതൊന്നുമില്ലാതെ, മനുഷ്യന്റെ ഒരു സഹായവുമില്ലാതെ കാട്ടുമരങ്ങള്‍ വന്‍തോതില്‍ കായ്കനികള്‍ തരുന്നു. മാവും പ്ലാവും പുളിയും നെല്ലിയുമൊക്കെ ഏത് വേനലിനേയും അതിജീവിക്കുന്നു. അപ്പോള്‍ സര്‍വകലാശാലകളും കൃഷി ശാസ്ത്രജ്ഞരും പറയുന്നതില്‍ എന്തോ പന്തികേടുണ്ട്.
ആറ് വര്‍ഷത്തെ ഗവേഷണംകൊണ്ട് കാട്ടില്‍ വളരുന്ന ഏത് സസ്യത്തിനും ആവശ്യമായ മൂലകങ്ങള്‍ അവയുടെ വേരുകള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തുനിന്നുതന്നെ ലഭിക്കുന്നുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. മനുഷ്യന്റെ ഒരു സഹായവും വേണ്ട. നശിപ്പിക്കാതിരുന്നാല്‍ മാത്രം മതി.
പ്രശസ്ത മണ്ണുശാസ്ത്രജ്ഞരായ ഡോ. ക്ലാര്‍ക്കും ഡോ. വാഷിങ്ടണും 1924-ല്‍ ഇന്ത്യയില്‍ നടത്തിയ പരീക്ഷണം മണ്ണിന്റെ ഫലഭൂയിഷ്ഠത ഉറപ്പുവരുത്തുന്നതാണ്. ലോക പ്രശസ്ത എണ്ണക്കമ്പനിയായ ബര്‍മാ ഷെല്‍ എണ്ണപര്യവേക്ഷണത്തിനായാണ് അവരെ നിയോഗിച്ചത്. ഇന്ത്യയില്‍ അങ്ങോളമിങ്ങോളം അവര്‍ നടത്തിയ പരിശോധനയില്‍ മണ്ണില്‍ താഴേക്ക് ചെല്ലുംതോറും സസ്യങ്ങളുടെ വളര്‍ച്ചക്ക് ആവശ്യമായ മൂലകങ്ങളുടെ അളവ് കൂടിക്കൂടി വരുന്നതായി കണ്ടെത്തി. നമ്മുടെ മണ്ണില്‍ പോഷക മൂലകങ്ങള്‍ സമൃദ്ധമായി ഉണ്ടെന്ന മഹാസത്യം വെളിപ്പെട്ടുവെങ്കിലും മണ്ണ് പരിശോധിക്കണമെന്ന് ഇന്നും കാര്‍ഷിക സര്‍വകലാശാലകളും കൃഷി വകുപ്പും ശുപാര്‍ശ ചെയ്യുന്നു. ഇത് മറ്റൊരു വഞ്ചനയാണ്.
മണ്ണില്‍ സസ്യവളര്‍ച്ചയ്ക്ക് ആവശ്യമായ മൂലകങ്ങള്‍ യഥേഷ്ടം ഉണ്ടെങ്കിലും സസ്യങ്ങളുടെ വേരുകള്‍ക്ക് അത് നേരിട്ട് വലിച്ചെടുക്കാന്‍ സാധിക്കുന്നില്ല. സസ്യങ്ങളെ അതിന് പ്രാപ്തമാക്കുന്നത് വേരുകള്‍ക്ക് ചുറ്റും പ്രവര്‍ത്തുന്ന സൂക്ഷ്മ ജീവികളാണെന്ന് ഞാന്‍ കണ്ടെത്തി.
കയറ്റുമതിക്ക് പോലും പറ്റുന്ന ഗുണമേന്മയുള്ള കായ്കനികള്‍ തരുന്ന കാട്ടിലെ മരങ്ങളുടെ ചുവട്ടില്‍ ജന്തുക്കളുടെയും പക്ഷികളുടെയും കീടങ്ങളുടെയും വിസര്‍ജ്യവസ്തുക്കളും അവശിഷ്ടങ്ങളും കണ്ടു. ഇതിനും മരങ്ങളുടെ വളര്‍ച്ചയ്ക്കും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് മനസ്സിലായി. ഈ ജീവജാലങ്ങളുടെ അവശിഷ്ടങ്ങളില്‍ നിന്നുണ്ടാകുന്ന ജീവാണുക്കളും മരങ്ങളില്‍നിന്ന് വീഴുന്ന ഇലകളും മറ്റും ജീര്‍ണിച്ചുണ്ടാകുന്ന ജൈവാംശവും (humus) ഉപയോഗിച്ചാണ് മരങ്ങള്‍ കാട്ടില്‍ ആരോഗ്യകരമായ വളര്‍ച്ച കൈവരിക്കുന്നതെന്നും ഞാന്‍ പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും കണ്ടെത്തി.
ഗവേഷണത്തിനായി കാട് കയറിയിറങ്ങുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ച വേറൊരു കാര്യമുണ്ട്. ചില മരത്തിനു ചുവട്ടില്‍ ഉറുമ്പുകളെപ്പോലുള്ള ചെറുജീവികള്‍ അതീവ ചുറുചുറുക്കോടെ ജീവിക്കുന്നു. മരത്തിന്റെ നിഴലിനു പുറത്ത് അവറ്റയെ കാണാനില്ല. ഈ കാഴ്ച എന്റെ ഗവേഷണത്തിന് ആക്കം കൂട്ടി. സസ്യങ്ങള്‍ സൂക്ഷ്മാണുക്കളെ ആകര്‍ഷിക്കുന്നതിന് മധുരമുള്ള ചില ദ്രവ്യങ്ങള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഇത് സൂക്ഷ്മാണുക്കളുടെ ഭക്ഷണമാകുന്നു. പ്രകാശസംശ്ലേഷണം വഴി ഉത്പാദിപ്പിച്ച ഈ ഭക്ഷണം വേരുകള്‍ വഴിയാണ് സസ്യം പുറത്തേക്ക് ഒഴുക്കുന്നത്. മണ്ണിലുള്ള സൂക്ഷ്മ ജീവികളുടെ വളര്‍ച്ചയ്ക്ക് ഇത് സഹായകമാകുന്നു. ഈ ഭക്ഷണം കഴിച്ച് സസ്യങ്ങളുടെ വേരുകള്‍ക്കിടയില്‍ ജീവിക്കുന്ന ഈ സൂക്ഷ്മജീവികള്‍ വേരുകള്‍ക്ക് നേരിട്ട് വലിച്ചെടുക്കാന്‍ പറ്റാത്ത രീതിയിലുള്ള പോഷകങ്ങളെ വേരുകള്‍ക്ക് എത്തിപ്പിടിക്കാന്‍ പറ്റുന്ന തരത്തിലാക്കുന്നു. ഈ മഹാസത്യമാണ് സത്യത്തില്‍ എന്നെ പുതിയ കൃഷിരീതിയിലേക്ക് നയിച്ച അടിസ്ഥാന പാഠം.
ഫലവൃക്ഷങ്ങളുടെ ചുവട്ടില്‍ പരസ്പരം സഹകരിച്ച് ജീവിക്കുന്ന 268 വക ചെറു സസ്യങ്ങളെ കണ്ടു. അവയില്‍ 75 ശതമാനം സസ്യങ്ങളും ഇരട്ടപ്പരിപ്പ് വര്‍ഗത്തിലും 25 ശതമാനം ഒറ്റപ്പരിപ്പ് വര്‍ഗത്തിലും (പുല്ല്) പെട്ടവയാണ്. സൂര്യപ്രകാശം ഉപയോഗിച്ച് നിര്‍മിക്കുന്ന ഭക്ഷണം സൂക്ഷ്മാണുക്കള്‍ക്ക് ഉപകാരപ്പെടുന്നുവെന്നും മണ്ണില്‍ വീഴുന്ന ഇലകള്‍ ജീര്‍ണിച്ച് ജൈവാംശമായി മാറുന്നതിനാല്‍ സൂക്ഷ്മാണുക്കള്‍ പെരുകുന്നുവെന്നും കണ്ടെത്തി.
കാട്ടിലെ പഠനങ്ങളില്‍ നിന്ന് ഞാന്‍ നമ്മുടെ സര്‍വകലാശാലകള്‍ പ്രചരിപ്പിക്കുന്ന വലിയ നുണകളുടെ നിജസ്ഥിതി കണ്ടെത്തുകയായിരുന്നു. സസ്യങ്ങള്‍ക്ക് ആവശ്യമായ മൂലകങ്ങളെല്ലാം പഞ്ചഭൂതങ്ങളില്‍ നിന്ന് ലഭിക്കുന്നുവെന്നതാണ് സത്യം. രാസവളം പ്രയോഗിക്കാന്‍ നിര്‍ബന്ധിക്കുന്ന സര്‍വകലാശാലകള്‍ പെരുംനുണകളാണ് നമ്മെ പഠിപ്പിക്കുന്നത്. സസ്യങ്ങള്‍ക്ക് വളരാന്‍ വേണ്ടതെല്ലാം അവയുടെ വേരിന്റെ അടുത്തുനിന്നുതന്നെ കിട്ടുന്നു. നമ്മുടെ മണ്ണ് എല്ലാ മൂലകങ്ങളാലും സമൃദ്ധമാണ്. ഒരു സസ്യം വളരാന്‍ ആവശ്യമായ മൂലകങ്ങളുടെ 1.5 ശതമാനം മാത്രമേ മണ്ണില്‍ നിന്ന് എടുക്കുന്നുള്ളു. ബാക്കി 98.5 ശതമാനം വായുവില്‍ നിന്നും വെള്ളത്തില്‍ നിന്നുമാണ് സ്വീകരിക്കുന്നത്. പിന്നെ എന്തിനാണ് സസ്യം വളരാന്‍ പുറത്തുനിന്ന് വളം പ്രയോഗിക്കുന്നത്? വളര്‍ച്ചയ്ക്ക് ആവശ്യമായ ഭക്ഷണം ഉത്പാദിപ്പിക്കുന്നതാകട്ടെ പ്രകാശസംശ്ലേഷണം വഴിയാണ്. പ്രകാശസംശ്ലേഷണത്തിന് കാര്‍ബണ്‍ ഡൈ ഓകൈ്‌സഡും നൈട്രജനും സസ്യം അന്തരീക്ഷത്തില്‍നിന്ന് എടുക്കുന്നു. വെള്ളം ഭൂമിയില്‍നിന്ന് ലഭിക്കുന്നു. അത് തരുന്നതാകട്ടെ മഴമേഘങ്ങള്‍. പ്രകാശം സൂര്യനില്‍നിന്നും. എല്ലാ പ്രവൃത്തിയും പ്രകൃതിയുടെ സഹായത്താല്‍ മാത്രം നടക്കുമ്പോള്‍ സര്‍വകലാശാലകള്‍ പറയുന്ന നുണകള്‍ വിശ്വസിച്ച് കൃഷിക്ക് പണം ചെലവാക്കേണ്ട ആവശ്യമുണ്ടോ?
ചാണകം കൊണ്ടൊരു പച്ച രാജ്യം
ചെലവില്ലാ കൃഷി ജനങ്ങളിലേക്ക്
സ്വന്തം പാടത്ത് എന്റെ ആശയങ്ങള്‍ നൂറുമേനി വിളഞ്ഞതോടെ ഞാന്‍ ജനങ്ങളിലേക്ക് ഇറങ്ങി. വര്‍ഷങ്ങളുടെ നിരീക്ഷണവും ഗവേഷണവും പഠനവും വഴി കണ്ടെത്തിയ കൃഷിയറിവുകള്‍ സാധാരണ കര്‍ഷകരിലെത്തിക്കണം. പുണെയില്‍ ആദ്യമായി നടത്തിയ ശില്പശാലയില്‍ 25 കര്‍ഷകര്‍ പങ്കെടുത്തു.
കര്‍ഷകരുടെ മനസ്സ് മാറ്റിയെടുക്കാന്‍ വളരെ പ്രയാസമായിരുന്നു. അവര്‍ ശീലിച്ചുപോന്ന, അവരെ പറഞ്ഞുപഠിപ്പിച്ച രീതികളില്‍നിന്ന് മാറാന്‍ പറ്റില്ല. സങ്കീര്‍ണമായ സ്ഥിതിവിശേഷം. സര്‍ക്കാരും കൃഷി ശാസ്ത്രജ്ഞരും കൃഷിവകുപ്പും എനിക്കെതിരാണ്. എതിര്‍ ലോബി വളരെ ശക്തം. എങ്കിലും എന്റെ ശില്പശാലകളില്‍ വന്നവരെ ബോധ്യപ്പെടുത്താന്‍ എനിക്ക് സാധിച്ചു. എന്റെ കൃഷിയിടം സന്ദര്‍ശിച്ചപ്പോള്‍ അവര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി.
മഹാരാഷ്ട്രയിലാണ് സീറോ ബജറ്റ് കൃഷിരീതിയിലേക്ക് മാറാന്‍ തയ്യാറായി ആദ്യം കര്‍ഷകരെത്തിയത്. വിളവെടുപ്പില്‍ ഫലം കണ്ടപ്പോള്‍ അവര്‍ തെളിഞ്ഞ മുഖവുമായി എന്നെ കാണാന്‍ വന്നു. എല്ലാവര്‍ക്കും സന്തോഷം. അദ്ഭുതമായിരുന്നു അവര്‍ക്ക്. ഒരു ചെലവുമില്ലാതെ, പരിസ്ഥിതിക്ക് കോട്ടം തട്ടാതെ മികച്ച വിളവ് കിട്ടിയപ്പോള്‍ സംശയത്തോടെയാണെങ്കിലും എന്റെ രീതിയിലേക്ക് മാറിയ കര്‍ഷകര്‍ക്ക് ശരിക്കും അദ്ഭുതമായിരുന്നു. പിന്നീട് ഇന്ത്യയിലുടനീളം യാത്രകള്‍. സെമിനാറുകള്‍. ശില്പശാലകള്‍, എല്ലാ സംസ്ഥാനത്തും ഈ കൃഷിരീതിയിലേക്ക് ആളുകള്‍ വന്നു തുടങ്ങി. സ്വന്തം ആവശ്യത്തിന് പച്ചക്കറികളും തെങ്ങും മറ്റും കൃഷി ചെയ്യുന്നവര്‍ക്കൊക്കെ ഈ രീതി വലിയ ആശ്വാസമായി. കര്‍ണാടകയിലാണ് ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ സീറോ ബജറ്റ് കൃഷി ചെയ്യുന്നത്. കേരളത്തില്‍ കുറവാണ്. മലയാളികള്‍ ബുദ്ധിയുള്ളവരാണ്. അവരുടെ പ്രബുദ്ധത തന്നെയാണ് ഈ രീതിയിലേക്ക് മാറാന്‍ അവര്‍ക്ക് പ്രധാന തടസ്സം.
ഒരു രൂപ പോലും പ്രതിഫലം പറ്റാതെയാണ് രാജ്യത്തുടനീളം സെമിനാറുകളും ശില്പശാലകളും സംഘടിപ്പിക്കാന്‍ ഓടിനടക്കുന്നത്. മഹാരാഷ്ട്രയിലാണെങ്കില്‍ വണ്ടിക്കൂലിയും സ്വന്തം കീശയില്‍ നിന്നെടുക്കും. പ്രൊഫസറായിരുന്ന മകന്‍ അമോല്‍ പലേക്കര്‍ ജോലി രാജി വെച്ച് എന്നോടൊപ്പമുണ്ട്. രണ്ടാമത്തെ മകന്‍ അമിത് എഞ്ചിനിയറാണ്. അവനും കൃഷിക്കും എന്റെ കൃഷിരീതിയുടെ പ്രചാരണത്തിനുമായി സജീവമായി കൂടെയുണ്ട്. എല്ലാവരും ഒറ്റപ്പെടുത്തിയപ്പോഴും എല്ലാറ്റിനും കൂടെ നിന്ന ഭാര്യ ചന്ദ 2005 ജൂലായ് 12-ന് ഞങ്ങളെ വിട്ടുപോയി.
കര്‍ഷകന്‍ ബാങ്കിന്റെ അടിമയല്ല
കര്‍ഷകന് സര്‍ക്കാരിന്റെ സബ്‌സിഡിയും മറ്റ് സഹായങ്ങളും ആവശ്യമില്ല. ഈ ബോധ്യമാണ് ആദ്യം കര്‍ഷകനുണ്ടാകേണ്ടത്. ആ അഭിമാന ബോധമുണ്ടെങ്കില്‍ കര്‍ഷകന്‍ ഒരിക്കലും ആത്മഹത്യയിലേക്ക് എത്തില്ല. ഹരിതവിപ്ലവമാണ് കര്‍ഷകനെ ബാങ്കുകളുടെ അടിമയാക്കിയത്. കൃഷിക്ക് ചെലവു കൂടിയപ്പോള്‍ അവന് ബാങ്കുകള്‍ക്കുമുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കേണ്ടി വന്നു. പ്രതീക്ഷിച്ച വിള കിട്ടാതാകുമ്പോള്‍ അവന് വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വരുന്നു. ബാങ്കുകള്‍ അവനെ ശ്വാസം മുട്ടിച്ചു കൊല്ലുന്നു. സീറോബജറ്റ് കൃഷിരീതിയില്‍ കര്‍ഷകന് പുറമെനിന്ന് ഒന്നും വാങ്ങേണ്ടതില്ല. അതുകൊണ്ടുതന്നെ കൃഷിയില്‍നിന്ന് എന്തുകിട്ടിയാലും ലാഭമാണ്.
ഹരിതവിപ്ലവത്തിനുമുന്‍പ് കൃഷിക്കും കര്‍ഷകനും കര്‍ഷക തൊഴിലാളികള്‍ക്കും ആവശ്യമുള്ള എല്ലാ സാധനങ്ങളും സ്വന്തം ഗ്രാമത്തില്‍തന്നെ ലഭ്യമായിരുന്നു. ഉപ്പ് ഒഴികെ മറ്റൊന്നിനും ഗ്രാമീണര്‍ക്ക് നഗരത്തില്‍ നിന്ന് വാങ്ങേണ്ടതില്ലായിരുന്നു. ഗ്രാമത്തിലെ കാര്‍ഷികോത്പന്നങ്ങള്‍ നഗരത്തില്‍ വില്പന നടത്തി നഗരത്തിലെ പണം ഗ്രാമത്തിലേക്ക് എത്തുമായിരുന്നു അന്നൊക്കെ. കാര്‍ഷിക സര്‍വകലാശാലകള്‍ ഹരിതവിപ്ലവത്തിലൂടെ ഗ്രാമീണരെ നഗരത്തിന്റെ ആശ്രിതരാക്കി മാറ്റി. കൃഷിആവശ്യത്തിനും ജീവിതാവശ്യങ്ങള്‍ക്കും ചെലവേറിയപ്പോള്‍ അവന്‍ കടക്കാരനായി. ആത്മഹത്യയില്‍നിന്ന് കര്‍ഷകരെ രക്ഷിക്കാന്‍ ഒരു പോംവഴിയും ഹരിതവിപ്ലവക്കാര്‍ക്കും സര്‍വകലാശാലകള്‍ക്കും സര്‍ക്കാരിനും ഇല്ല. കുടുംബത്തെ അനാഥമാക്കി നിരവധി കര്‍ഷകര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആത്മഹത്യ ചെയ്യുന്നു. നമ്മള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴും എവിടെയെങ്കിലും ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്നുണ്ടാകും. അല്ലെങ്കില്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്നുണ്ടാകും.
കേന്ദ്രസര്‍ക്കാര്‍ ആത്മഹത്യയില്‍നിന്ന് കര്‍ഷകരെ രക്ഷിക്കാന്‍ ആയിരംകോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കി. അത് ഒന്നിനും പരിഹാരമല്ലെന്ന് ഇന്നും വ്യക്തമായിക്കൊണ്ടിരിക്കുന്നു. ആത്മഹത്യ പെരുകുകയല്ലാതെ കുറഞ്ഞിട്ടില്ല. ആത്മഹത്യയുടെ കാരണമെന്തെന്ന് പഠിക്കാതെ ഇത്തരം ലൊട്ടുലൊടുക്ക് പദ്ധതികള്‍കൊണ്ട് ഒരു പ്രയോജനവുമില്ല. പണം കടം വാങ്ങേണ്ടതില്ലാത്ത കൃഷിരീതിയിലേക്ക് അവരെ മാറ്റിയെടുക്കുകയാണ് വേണ്ടത്. ആ രീതിയാണ് ഞാന്‍ പരിചയപ്പെടുത്തുന്നത്. കര്‍ഷകരുടെ ജീവിതത്തിന് പുതിയ വെളിച്ചം പകരാന്‍ ഈ രീതി ഉപകരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ രീതിയില്‍ കൃഷിചെയ്യുന്ന ഒരാള്‍ക്കും ആത്മഹത്യ ചെയ്യേണ്ടി വരില്ല. കര്‍ഷകര്‍ ആത്മഹത്യ ചെയ്ത നിരവധി പ്രദേശങ്ങള്‍ ഞാന്‍ സന്ദര്‍ശിച്ചിരുന്നു. പല കുടുംബങ്ങളിലും പോയി. നാല് തരത്തിലാണ് കര്‍ഷകര്‍ ദുരന്തത്തിലേക്ക് നീങ്ങുന്നത്. ഉത്പാദന ചെലവു കൂടുകയും വിളവ് കുറയുകയും ചെയ്തു. ബാങ്കുകളില്‍നിന്ന് ലോണെടുത്ത് കടത്തിനു മേല്‍ കടക്കാരായി. ആഭരണങ്ങള്‍ വിറ്റും കാലികളെ വിറ്റും കടം വീട്ടാന്‍ ശ്രമിക്കും. ഫലത്തില്‍ പിന്നെയും കടം പെരുകും. വിപണിയുടെ ചതിയാണ് മറ്റൊന്ന്. നല്ല വിള കിട്ടുമ്പോള്‍ മാര്‍ക്കറ്റില്‍ മനഃപൂര്‍വം വില കുറയ്ക്കും. അപ്പോള്‍ ശരിയായ വില കിട്ടില്ല. ഓരോ വിളയുടെയും വിളവെടുപ്പുകാലത്ത് സര്‍ക്കാര്‍ ഇറക്കുമതിയിലേക്ക് നീങ്ങും. ലോണെടുത്ത് കൃഷി ചെയ്തവന് വില കൂടുന്നതു വരെ കാത്തിരിക്കാന്‍ നിര്‍വാഹമില്ല. കിട്ടിയ വിലയ്ക്ക് വിള വിറ്റ് ബാങ്ക് ലോണ്‍ തിരിച്ചടയ്‌ക്കേണ്ടതുണ്ട് അവര്‍ക്ക്. സര്‍ക്കാരിന്റെ നിലപാടുകളും പ്രകൃതി ദുരന്തങ്ങളുമാണ് മറ്റ് കാരണങ്ങള്‍.
ചെലവില്ലാത്ത കൃഷി ചെയ്യുന്നവന് മാര്‍ക്കറ്റ് സ്റ്റെഡിയാകുന്നതുവരെ കാത്തിരിക്കാം. അവന് ആര്‍ക്കും പണം തിരിച്ചുകൊടുക്കേണ്ടതില്ല. വില്‍ക്കാന്‍ തിരക്കു കൂട്ടേണ്ടതില്ല. വിഷമില്ലാത്ത വിളയായതുകൊണ്ട് നല്ല വില കിട്ടും. അവന് ആത്മഹത്യ ചെയ്യാന്‍ ഒരു കാരണവുമില്ല. ഒരു ഉദാഹരണം പറയാം. സാധാരണ കൃഷിരീതിയില്‍ ഉത്പാദിപ്പിച്ച മഞ്ഞളിന് മാര്‍ക്കറ്റില്‍ ക്വിന്റലിന് 1500 മുതല്‍ 2000 രൂപ വരെ വില കിട്ടുന്ന കാലത്താണ് കര്‍ണാടകയിലെ സീറോബജറ്റ് കര്‍ഷകനായ രുദ്രപ്പ മഞ്ഞള്‍ നാലായിരം രൂപയ്ക്ക് വിറ്റത്. മാത്രമല്ല, രുദ്രപ്പയുടെ വിള അന്വേഷിച്ച് കച്ചവടക്കാര്‍ അദ്ദേഹത്തിന്റെ സ്ഥലത്ത് വരികയാണ് ചെയ്തത്. കൃഷിവകുപ്പ് ഉദ്യോഗസ്ഥരും സര്‍വകലാശാലക്കാരും രുദ്രപ്പയുടെ കൃഷിയിടം സന്ദര്‍ശിച്ചു. ഒരു ഏക്കറില്‍ 47 ക്വിന്റല്‍ ചോളം ഉത്പാദിപ്പിച്ച രുദ്രപ്പയ്ക്ക് കര്‍ണാടക സര്‍ക്കാര്‍ ഈയിടെ പാരിതോഷികം നല്‍കിയിരുന്നു.
സീറോബജറ്റ് കൃഷിരീതി അവലംബിക്കുന്നവര്‍ക്ക് നാടന്‍വിത്തുകള്‍ വിതരണം ചെയ്യാന്‍ പ്രത്യേക സംവിധാനമുണ്ട്. പ്രാദേശികമായി വിത്തുകള്‍ ശേഖരിച്ച് പരസ്പരം വിതരണം ചെയ്യാന്‍ കര്‍ഷകസംഘങ്ങള്‍ സ്വയം ഏര്‍പ്പെടുത്തിയ സംവിധാനമാണിത്. ആവശ്യമുള്ള വിത്തുകള്‍ ആരുടെ കൈവശമാണ് ഉള്ളതെന്ന് അറിയിക്കുക മാത്രമാണ് ഇക്കാര്യത്തില്‍ എന്റെ കര്‍ത്തവ്യം. സീറോ ബജറ്റ് കൃഷിരീതി പരീക്ഷിച്ച് വിജയം കണ്ട നിരവധി കര്‍ഷകര്‍ ഫോണിലൂടെയും കത്തുകളിലൂടെയും സന്തോഷം പങ്കിടുമ്പോള്‍ ഞാന്‍ കൃതാര്‍ഥനാണ്.
കൃഷി ആത്മീയം
സീറോബജറ്റ് സ്പിരിച്വല്‍ ഫാമിങ് എന്ന് എന്റെ കൃഷിരീതിക്ക് പേരിടാന്‍ കാരണമുണ്ട്. കൃഷി പ്രകൃതിയുടെ ഭാഗമാണ്. ദൈവത്തില്‍ വിശ്വസിക്കുക എന്നു പറഞ്ഞാല്‍ ദൈവത്തിന്റെ പ്രതിമയില്‍ വിശ്വസിക്കുക എന്നല്ല. പ്രതിമ ശില്പികള്‍ നിര്‍മിക്കുന്നതാണ്. അത് എങ്ങനെ ദൈവമാകും? യഥാര്‍ഥ ദൈവം അരൂപിയാണ്. പ്രകൃതി അരൂപിയായ ദൈവം തന്നെയാണ്.
ദൈവത്തിന്റെ ഭരണഘടനയാണ് പ്രകൃതി. ദൈവത്തെ പ്രകൃതിയിലൂടെ കാണണം. ആ പ്രകൃതിക്ക് കോട്ടം തട്ടാത്ത കൃഷിയാണ് ഇത്. അപ്പോള്‍ ഞാന്‍ ദൈവത്തിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. അങ്ങനെ ഇത് ആത്മീയ കൃഷിയാകുന്നു.'