Thursday, 10 January 2013

[www.keralites.net] ലാല്‍ ജോസും ജീവിതവും തമ്മില്‍

 

ലാല്‍ ജോസും ജീവിതവും തമ്മില്‍

Fun & Info @ Keralites.net

ഇതൊരു യാത്രയാണ്‌. ഒറ്റപ്പാലത്തിന്റെ ഇടവഴികളിലൂടെ ലാല്‍ ജോസ്‌ എന്ന വ്യക്‌തിയുടെ ജീവിതത്തിലേക്ക്‌ ഒരു യാത്ര. ഈ യാത്രയില്‍ കളിയുണ്ട്‌,ചിരിയുണ്ട്‌, തമാശകളുണ്ട്‌. അതിനുമപ്പുറം അനുഭവങ്ങളുടെ നേര്‍ക്കാഴ്‌ചകളും ധാരാളം. ലാല്‍ജോസെന്ന വ്യക്‌തിക്ക്‌ ആമുഖം ആവശ്യമുണ്ടോ? സുപരിചിതമായ നാമത്തിലേക്കുള്ള യാത്ര ലാല്‍ ജോസ്‌ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. എല്ലാം ഒരു നിമിത്തമെന്ന്‌ വിശ്വസിക്കാന്‍ ഇഷ്‌ടപ്പെടുന്ന വ്യക്‌തി. ആ നിമിത്തങ്ങളിലേക്ക്‌ ലാല്‍ ജോസ്‌ നടന്നു തുടങ്ങി. ഒറ്റപ്പാലത്തിന്റെ പരിചിതമായ നാട്ടു വഴികളിലൂടെ...

നടന്നു തുടങ്ങാം

തൃശൂര്‍ വലപ്പാട്‌ ഗ്രാമത്തിലെ ജോസ്‌ മാഷ്‌ ഒറ്റപ്പാലം എല്‍.എസ്‌.എം കോണ്‍വെന്റ്‌ സ്‌കൂളിലെ ടീച്ചറായിരുന്ന ലില്ലി ടീച്ചറെ കല്യാണം കഴിച്ച്‌ ഒറ്റപ്പാലത്തേക്ക്‌ കുടിയേറി. അമ്മയുടെ ആദ്യപ്രസവം അച്‌ഛന്റെ നാട്ടിലായിരുന്നു. ഞാനായിരുന്നു മൂത്ത സന്താനം. വലപ്പാട്‌ ഗവ. ആശുപത്രിയില്‍ ഞാന്‍ ജനിച്ച സമയത്ത്‌ ഡോക്‌ടര്‍ വാച്ചിലേക്കൊന്നു നോക്കിയത്രേ. ലാല്‍ ബഹദൂര്‍ ശാസ്‌ത്രി മരിച്ച ദിവസം, അദ്ദേഹത്തിന്റെ മരണ സമയത്തായിരുന്നു എന്റെ ജനനം. കടുത്ത ശാസ്‌ത്രി ആരാധകനായിരുന്ന ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം വീട്ടുകാര്‍ എനിക്ക്‌ ലാല്‍ എന്ന പേരു സമ്മാനിച്ചു. അങ്ങനെ ക്രിസ്‌ത്യാനികള്‍ക്കിടയിലെ അപൂര്‍വ്വം ലാല്‍മാരില്‍ ഒരാളായി ഞാനും വളര്‍ന്നു. എല്‍.എസ്‌.എം കോണ്‍വെന്റ്‌ സ്‌കൂളില്‍ തന്നെയായിരുന്നു നാലാം ക്ലാസ്‌ വരെ എന്റെ വിദ്യാഭ്യാസം. തുടര്‍ന്ന്‌ എന്‍.എസ്‌.എസ്‌ സ്‌കൂളിലും. ചിട്ടയായ ജീവിതത്തില്‍ വീര്‍പ്പുമുട്ടിക്കഴിഞ്ഞ ഞാന്‍ ചെറുപ്പത്തിന്റെ അവകാശങ്ങളെപ്പറ്റി ബോധവാനായിരുന്നില്ല. അതുകൊണ്ടു തന്നെ വീട്ടുകാരുടെ കടുത്ത നിയന്ത്രണത്തില്‍ ഓര്‍മ്മിക്കാന്‍ ഒന്നുമില്ലാത്തതായി എന്റെ സ്‌കൂള്‍ ജീവിതം അവസാനിച്ചു.


ക്രിസ്‌തുമസ്‌ ഓര്‍മ്മ

കുടിയേറ്റക്കാര്‍ നിറഞ്ഞ എല്‍.എസ്‌.എം സ്‌കൂളിനോടു ചേര്‍ന്ന ചാപ്പലില്‍ ഞായറാഴ്‌ച നിറയെ ആള്‍ക്കാരായിരിക്കും. അന്യദേശക്കാര്‍ നിറഞ്ഞു നില്‍ക്കുന്ന ഞായറാഴ്‌ച കുര്‍ബാന. എന്നാല്‍ ക്രിസ്‌തുമസ്‌ അടുക്കുമ്പോള്‍ സ്‌ഥിതി നേരെ വിപരീതമാകും. കുടിയേറ്റക്കാര്‍ സ്വന്തം നാട്ടിലേക്ക്‌ ക്രിസ്‌തുമസ്‌ ആഘോഷത്തിനായി മടങ്ങും. പിന്നെ ക്രിസ്‌തുമസ്‌ കുര്‍ബാനയ്‌ക്ക് ഞങ്ങള്‍ ഒറ്റപ്പാലത്തെ മൂന്നു ക്രിസ്‌ത്യന്‍ കുടുംബങ്ങള്‍ മാത്രം. കോടതിയില്‍ ജോലിയുള്ള കുര്യാക്കോസു ചേട്ടനും കുടുംബവും, ജോയി റോള്‍ഡ്‌ ഗോള്‍ഡ്‌ സ്‌ഥാപനം നടത്തിയിരുന്ന ജോയിച്ചേട്ടനും കുടുംബവും പിന്നെ എന്റെ കുടുംബവും. ഒറ്റപ്പാലത്തെ ആകെ മൊത്തം ക്രിസ്‌ത്യാനികള്‍ ഞങ്ങള്‍ മാത്രമായിരുന്നു. മൂന്നു കുടുംബക്കാര്‍ കൂട്ടിയാല്‍ എവിടെയാകാനാണ്‌. പിന്നെ എന്തോന്ന്‌ ക്രിസ്‌മസ്‌ ആഘോഷം!അന്നേ ചൈനാക്കാര്‍ നമ്മുടെ വിപണി കീഴടക്കിയിരുന്നു. അപ്പച്ചന്‍ വാങ്ങിക്കൊണ്ടു വരുന്ന ചൈനാപേപ്പറിലായിരുന്നു നക്ഷത്ര നിര്‍മ്മാണം. ഈറ കൊണ്ടുണ്ടാക്കുന്ന നക്ഷത്രത്തിന്റെ നടുക്ക്‌ ഒരു മെഴുകുതിരിയും കത്തിച്ചു വയ്‌ക്കും. ആഘോഷങ്ങള്‍ അവിടെ കഴിയും.

വലപ്പാട്‌

അവധിക്കാലത്ത്‌ അച്‌ഛന്റെ ഗ്രാമമായ വലപ്പാട്ടേക്ക്‌ പോകാന്‍ വല്ലാത്ത കൊതിയായിരുന്നു. ധാരാളം സുഹൃത്തുക്കളെന്നെ അവിടെ കാത്തിരിക്കുന്നുണ്ടായിരിക്കും. അവിടെ അപ്പൂപ്പന്‌ നിറയെ തെങ്ങുംതോപ്പാണ്‌. 50 തെങ്ങിന്‌ വെള്ളമൊഴിച്ചു കൊടുത്താ ല്‍ 50 പൈസ തരും. ആ പൈസയും മേടിച്ച്‌ കൂട്ടുകാരോടൊത്ത്‌ വലപ്പാട്‌ കൈലാസ്‌ തിയേറ്ററിലേക്ക്‌ ഒരോട്ടമാണ്‌. തറടിക്കറ്റ്‌ സ്വന്തമാക്കി സിനിമ കാണാന്‍. എന്റെ യാത്രയിലെ ആദ്യ സിനിമാബന്ധമെന്ന്‌ അതിനെ വിശേഷിപ്പിക്കാം. എങ്കിലും പത്താം ക്ലാസ്‌ വരെയുള്ള 15 വര്‍ഷത്തെ ജീവിതത്തി ല്‍ ഞാന്‍ കണ്ട സിനിമകളുടെ എണ്ണം വെറും അഞ്ചാണ്‌. പിന്നീട്‌ സിനിമയിലെത്തുമെന്ന്‌ ദൈവത്തിന്‌ നിശ്‌ചയമുള്ളതു കൊണ്ടാകാം കണ്ട സിനിമകളുടെ പേരുകള്‍ മനസ്സില്‍ കുറിച്ചിടാന്‍ അദ്ദേഹം ശ്രമിച്ചത്‌. ഷോലെ, കൊട്ടാരം വില്‍ക്കാനുണ്ട്‌, എന്റര്‍ ദ ഡ്രാഗണ്‍, ഗാന്ധി, ജീസസ്‌.

പൂര്‍ണ്ണസ്വരാജ്‌

വീടിന്‌ അഞ്ചു കിലോമീറ്റര്‍ ദൂരയുള്ള പാലപ്പുറം എന്‍. എസ്‌.എസ്‌ കോളേജില്‍ പ്രീഡിഗ്രിക്ക്‌ ചേര്‍ന്നതോടെ ഞാനെന്റെ ജീവിതത്തിന്‌ പൂര്‍ണ്ണസ്വരാജ്‌ പ്രഖ്യാപിച്ചു. 15 വര്‍ഷം നേടിയെടുക്കാതെ പോയതെല്ലാം രണ്ടു വര്‍ഷം കൊണ്ട്‌ നേടിയെടുക്കാനായി എന്റെ ശ്രമം. എങ്കിലും ചില കാര്യങ്ങളില്‍ ഞാന്‍ പരാജയമായിരുന്നു. പൊക്കം കുറഞ്ഞവനെന്ന അപകര്‍ഷബോധത്തി ല്‍ നീറി ജീവിച്ച എന്റെ ചിന്തകളെ ശരിവയ്‌ക്കുന്നതായിരുന്നു സഹപാഠികളായ പെണ്‍കുട്ടികളുടെ സമീപനം. നീളം കുറഞ്ഞവരില്‍ മൂന്നാം സ്‌ഥാനക്കാരനായ എന്നെ ഒരൊറ്റ അവളുമാര്‍ പോലും മൈന്‍ഡ്‌ ചെയ്‌തില്ല. എന്നെപ്പോലുള്ള സമാനമനസ്‌കരെയും കൂട്ടി പല കോപ്രായങ്ങളും ഞാന്‍ കാട്ടി. നാടകം, രാഷ്‌ട്രീയം അങ്ങനെ പഠിച്ച പണി പതിനെട്ടും... എവിടെ, ഒരു രക്ഷയുമില്ല. അവളുമാരെല്ലാം സുന്ദരന്മാരുടെ പിറകെയായിരുന്നു. രണ്ടു വര്‍ഷം അങ്ങനങ്ങു പോയി. എന്നെ എന്‍ജിനീയറാക്കാനായിരുന്നു അപ്പച്ചന്റെ ആഗ്രഹം. എന്നാല്‍ പിന്നീട്‌ ആ ആഗ്രഹം അപ്പച്ചന്‍ ഉപേക്ഷിച്ചു. കാരണം എഞ്ചിനീയറിംഗിനു ചേരണമെങ്കില്‍ പ്രീഡിഗ്രി ജയിക്കണമല്ലോ. പിന്നീടുള്ള തെറിവിളികള്‍ എന്നെ ഒരു ഉദ്യോഗസ്‌ഥനാക്കി. ഞാന്‍ കേരളകൗമുദിയിലൂടെ ഒറ്റപ്പാലത്തിന്റെ ഹൃദയമായി. റിപ്പോര്‍ട്ടര്‍, ഫോട്ടോഗ്രാഫര്‍, പത്രം ഏജന്റ്‌, പത്രവിതരണക്കാരന്‍.... ഞാനറിയാതെ ഞാനൊരു ബാലചന്ദ്രമേനോനായി. അതിനിടെ പ്രീഡിഗ്രി ഞാന്‍ സ്വന്തമാക്കി, ബി.എ എക്‌ണോമിക്‌സ് വിദ്യാര്‍ത്ഥിയായി. അവിടെ വച്ച്‌ ഞാന്‍ നാടകക്കളരിയില്‍ സജീവമായി. ഭടന്‍, വിദൂഷകന്‍, കോമാളി... പറ്റുന്നതും പറ്റാത്തതുമായ എല്ലാ കൊച്ചു കൊച്ചു വേഷങ്ങളും ഞാന്‍ തന്നെ ചെയ്‌തു. ലക്ഷ്യം ഒന്നു മാത്രം. ഏതെങ്കിലും അവളുമാരെക്കൊണ്ട്‌ ഒന്ന്‌ നോക്കിക്കുക. അവളുമാര്‍ക്കൊന്നും അതിനുള്ള യോഗമുണ്ടായില്ല, അത്രേം പറഞ്ഞാല്‍ മതി.

കഥ മാറുന്നു

ഇതിനിടയില്‍ അടുത്ത സുഹൃത്തായ ദിനേശന്‍ പിന്നണിഗാന മോഹവുമായി മദ്രാസിലേക്ക്‌ കുടിയേറിയിരുന്നു.ഈ സമയത്ത്‌ ഞാനങ്ങനെ അല്ലറ ചില്ലറ ജോലികളുമായി തട്ടിമുട്ടി മുന്നോട്ടു പോയി. എല്ലാ ജോലികളും എനിക്ക്‌ ബോറടിയായിരുന്നു. ആകെക്കൂടി അറിയാവുന്നതു ഫോട്ടോഗ്രഫി മാത്രം. കളര്‍ പ്രിന്റിംഗ്‌ കേരളത്തിലേക്ക്‌ വന്നു കൊണ്ടിരിക്കുന്ന സമയം. കളര്‍ പ്രിന്റിംഗിനെ പറ്റി കൂടുതല്‍ പഠിക്കാന്‍ എന്നെ ബോംബെയ്‌ക്ക് അയയ്‌ക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചു. എന്നാല്‍ പരിചിതമില്ലാത്ത സ്‌ഥലത്തേക്ക്‌ പോകാന്‍ മടിച്ച ഞാന്‍ ദിനേശിന്റെ അടുത്തേക്കെത്തി. താത്‌കാലികമായി ഒരു കളര്‍ ലാബില്‍ ജോലി. ദിനേശനോടൊത്ത്‌ താമസം. മുറി നിറയെ സിനിമയിലെ അസിസ്‌റ്റന്റ്‌മാരുടെ ബഹളം. കാമറ അസിസ്‌റ്റന്റ്‌, മേക്കപ്പ്‌ അസിസ്‌റ്റന്റ്‌ അങ്ങനെ ഒരുപാടു പേര്‍. അന്ന്‌ അസിസ്‌റ്റന്റ്‌ ഛായാഗ്രാഹകനും പിന്നീട്‌ സ്വതന്ത്ര ഛായാഗ്രാഹകനുമായ ശ്രീശങ്കറാണ്‌ എന്നിലെ സിനിമാക്കാരനെ ആദ്യം കണ്ടെത്തിയത്‌. ഞായറാഴ്‌ചകളില്‍ വട്ടം കൂടിയിരുന്ന്‌ പൊട്ടിച്ച വെടിവേളകളിലെ ഒരു തമാശയായി മാത്രമേ ഞാനതിനെ കണ്ടുള്ളു. പക്ഷേ ശ്രീശങ്കര്‍ സീരിയസ്സായിരുന്നു. രാജാമണി സാര്‍ വഴി ശ്രീശങ്കറെന്നെ കമല്‍ സാറിന്റെ അടുത്തെത്തിച്ചു. അങ്ങനെ ഞാന്‍ സഹസംവിധായകനായി. പ്രാദേശിക വാര്‍ത്തകള്‍ ആദ്യ ചിത്രമായി. കുറച്ചു കഴിഞ്ഞപ്പോള്‍ സംഗതി എനിക്കങ്ങ്‌ ഇഷ്‌ടമായി. ഓരോ ദിവസവും ഓരോ ജോലി. ഓരോരോ സ്‌ഥലങ്ങള്‍. ജോലി ചെയ്യുമ്പോള്‍ ബോറടിച്ചിരുന്ന എനിക്ക്‌ ഈ കൂടുമാറ്റം വല്ലാത്തൊരു അനുഭവമായിരുന്നു. അങ്ങനെ ജിവിതത്തിലാദ്യമായി എന്താകണമെന്നതിനെ കുറിച്ച്‌ എനിക്ക്‌ വ്യക്‌തമായ രൂപം കിട്ടി. ഞാന്‍ ഒരു സിനിമാക്കാരനായി.

ഞാനും അവളും ഞെട്ടുന്നു

സിനിമയില്‍ നിന്ന്‌ വീണു കിട്ടിയ ഇടവേളകളില്‍ ഞാന്‍ വീട്ടിലെത്തി. സിനിമാക്കാരനായ കാര്യം വീട്ടില്‍ പറഞ്ഞു. ഏതോ ഒരു ജോലി പോലെ സിനിമയില്‍ എന്തോ ജോലി കിട്ടിയെന്നാണ്‌ അപ്പച്ചന്‍ കരുതിയത്‌. ആ ആവേശത്തില്‍ അപ്പന്‍ എനിക്ക്‌ കല്യാണം ആലോചിച്ചു. ലീന. എല്‍.എസ്‌. എം സ്‌കൂളിലെ ടീച്ചര്‍. ആ സമയത്ത്‌ എന്റെ വാര്‍ഷിക വരുമാനം 6000 രൂപ പോലും എത്തിയിട്ടില്ല. കല്യാണത്തിനു മുമ്പു തന്നെ ഞാന്‍ ലീനയെ കാര്യമറിയിച്ചു. മലയാള സിനിമയിലെ അസിസ്‌റ്റന്റുമാരുടെ എണ്ണം 1500 ആണ്‌. അതില്‍ 150 പേര്‍ മാത്രമേ ഈ ഫീല്‍ഡില്‍ തുടരൂ. അതില്‍ 15 പേര്‍ക്കു മാത്രമേ സ്വന്തമായി സിനിമ ചെയ്യാന്‍ കഴിയൂ. അതില്‍ നിന്നു അഞ്ചു പേര്‍ മാത്രമേ രക്ഷപെടാന്‍ സാധ്യതയുള്ളു. പക്ഷേ അവളിതൊന്നും വിശ്വസിച്ചില്ല. അവളെന്നെ കെട്ടി. അല്ല വീട്ടുകാര്‍ അവളെക്കൊണ്ടെന്നെ കെട്ടിച്ചു. മധുവിധു നാളില്‍ തന്നെ സത്യം തിരിച്ചറിഞ്ഞ അവള്‍ ഞെട്ടി. ഞാന്‍ ചിരിച്ചു, കാരണം ഞാനത്‌ നേരത്തെ പ്രതീക്ഷിച്ചതാണല്ലോ. അപ്പോഴും അപ്പന്റെയും അമ്മയുടെയും സമാധാനം അവള്‍ക്ക്‌ ജോലിയുള്ളതു കാരണം ഞാന്‍ കഞ്ഞി കുടിച്ചു പോകും എന്നുള്ളതായിരുന്നു.


ഞാന്‍ മാത്രം ഞെട്ടുന്നു

ഗസല്‍ എന്ന സിനിമയ്‌ക്കു ശേഷം കമല്‍ സാര്‍ നീണ്ട ഒരു ഇടവേളയെടുത്തു. അതോടെ മറ്റു സംവിധായകരുടെ കൂടെ ജോലി ചെയ്യാന്‍ ഞാന്‍ നിര്‍ബന്ധിതനായി. ആ സമയത്താണ്‌ സഹസംവിധായകരായ നിസാര്‍ സുദിനത്തിലും കെ.കെ ഹരികുമാര്‍ വധു ഡോക്‌ടറാണിലും അനില്‍ദാസ്‌ സര്‍ഗ്ഗവസന്തത്തിലുമായി സ്വതന്ത്ര സംവിധായകരാകുന്നത്‌. മൂന്നിലും ഞാനായിരുന്നു അസോസിയേറ്റ്‌ ഡയറക്‌ടര്‍. കമല്‍ സാറിന്റെ സഹായിയായ എനിക്ക്‌ അവര്‍ കൂടുതല്‍ പ്രാധാന്യം നല്‍കി. സംവിധായകനു തുല്യമായി ഞാനും പ്രവര്‍ത്തിച്ചു. എന്റെ കഴിവ്‌ ഇഷ്‌ടപ്പെട്ടിട്ടായിരിക്കാം വധു ഡോക്‌ടറാണെന്ന സിനിമ നിര്‍മ്മിച്ച അലക്‌സ് മാത്യു പൂയപ്പള്ളി എന്നോടൊരു സിനിമ സംവിധാനം ചെയ്യാന്‍ ആവശ്യപ്പെട്ടത്‌. ഞാന്‍ പിന്നെയും ചിരിച്ചു. എന്നാല്‍ ഇത്തവണയും എതിര്‍ കക്ഷി സീരിയസ്സായിരുന്നു. പുള്ളിക്കാരന്‍ ശ്രീനിവാസനോട്‌ ഒരു തിരക്കഥ ചോദിച്ചു. സംവിധായകന്‍ ആരെന്നായിരുന്നു ശ്രീനിവാസന്റെ മറുചോദ്യം. പുതുമുഖമായ എന്റെ പേരാണ്‌ അലക്‌സാണ്ടര്‍ പറഞ്ഞത്‌. "എങ്കില്‍ ഉറപ്പായും തിരക്കഥ തരു"മെന്ന്‌ ശ്രീനിവാസന്‍ പറഞ്ഞു. ശ്രീനിവാസന്റെ ആ ആത്മവിശ്വാസമാണ്‌ ഒരു മറവത്തൂര്‍ കനവൊരുക്കി എന്നോടൊപ്പം നിങ്ങളെയും ഞെട്ടിക്കാന്‍ എനിക്കായത്‌. ഒന്നുമാകാതെ, ആരോരുമറിയാതെ എവിടെയോ ജീവിക്കേണ്ട ഞാന്‍ ആമുഖവിശേഷണങ്ങള്‍ ആവശ്യമില്ലാത്ത മനുഷ്യനായത്‌ അങ്ങനെയാണ്‌.

ജീവിതയാത്രകള്‍

ഒരുപാട്‌ സിനിമകള്‍, ഒരുപാട്‌ യാത്രകള്‍. ആ യാത്രകള്‍ ഉള്ളതു കൊണ്ട്‌ മാത്രമാണ്‌ ഞാനിന്നും സിനിമ ചെയ്യുന്നത്‌. ഒരു ദിവസത്തില്‍ കൂടുതല്‍ വീട്ടില്‍ പോലും ഇരിക്കുന്നതിനെ പറ്റി എനിക്ക്‌ ചിന്തിക്കാന്‍ കഴിയില്ല. ഒരു ജിപ്‌സിയായി ഇങ്ങനെ പാറി നടക്കണം. യാത്രകളില്‍ വീണു കിട്ടുന്ന ഇടവേളകളില്‍ എന്റെ ഏറ്റവും വലിയ സൗഹൃദം എന്റെ മക്കളുമായിട്ടാണ്‌. ചെന്നൈ സ്‌റ്റെല്ല മേരീസില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ ഐറിനും ഒറ്റപ്പാലം കാര്‍മല്‍ സ്‌കൂളിലെ എട്ടാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയായ കാതറിനും ഞാന്‍ ഏറ്റവും നല്ല സുഹൃത്താണ്‌. മക്കള്‍ക്കും കലാവാസനയുണ്ട്‌. പക്ഷേ എന്തു ചെയ്യാന്‍, ഒരിക്കല്‍ ചൂടു വെള്ളത്തില്‍ വീണ പൂച്ച പിന്നെ ഏതു വെള്ളം കണ്ടാലും പേടിക്കുമല്ലോ. ഭര്‍ത്താവ്‌ തന്നെ മുന്നില്‍ ഏറ്റവും നല്ല പാഠമായുള്ളപ്പോള്‍ മക്കളെ കലാകാരിയാക്കാത്ത അമ്മയെ കുറ്റം പറയാന്‍ പറ്റുമോ ?


ഞാനും ജീവിതവും തമ്മില്‍

അന്നുമിന്നും കാത്തു സൂക്ഷിക്കുന്നത്‌ പഴയ സൗഹൃദങ്ങള്‍ തന്നെ. ഭാസി, സത്യന്‍, ബാലന്‍,ദേവദാസ്‌...എല്ലാം പഴയ കളിക്കൂട്ടുകാര്‍. എല്ലാരുമായി ഇപ്പോഴും നല്ല ബന്ധമാണ്‌. ഞങ്ങള്‍ അന്നുമിന്നും ഒപ്പിച്ചു കൂട്ടിയ തമാശകള്‍ക്ക്‌ കൈയ്യും കണക്കുമില്ല. ഇന്നും ഞങ്ങള്‍ ഒത്തു കൂടുമ്പോള്‍ ഓര്‍ത്തു പൊട്ടിച്ചിരിക്കുന്ന ഒരുപാട്‌ തമാശകളുണ്ട്‌. പിന്നെയും ഒരുപാട്‌ സൗഹൃദങ്ങളുണ്ട്‌. ആ സൗഹൃദങ്ങളില്‍ കൂടിയാണ്‌ ഞാന്‍ ചിലപ്പോള്‍ കൗതുകങ്ങളിലേക്ക്‌ യാത്ര ചെയ്യുന്നത്‌. അങ്ങനെ ഒരു യാത്രയിലാണ്‌ ഞാന്‍ ടെലിവിഷന്‍ അവതാരകനാകുന്നത്‌. വലിയ അഭ്രപാളി മാത്രം പരിചിതമായ എനിക്ക്‌ ടെലിവിഷന്‍പെട്ടിയെ അടുത്തറിയാനൊരു കൗതുകം. അങ്ങനെ അനില്‍ അയിരൂര്‍ നിര്‍മ്മിച്ച ജനക്‌ ജനക്‌ എന്ന പ്രോഗ്രാമില്‍ കൂടി ടെലിവിഷനിലും അരങ്ങേറ്റം. പിന്നീട്‌ ഏഷ്യാനെറ്റ്‌ പ്ലസില്‍ തന്നെ മാജിക്‌ മൊമെന്റ്‌സ് എന്ന പരിപാടിയുമായി വീണ്ടും. എന്നാല്‍ ടെലിവിഷനില്‍ ഞാന്‍ ചെയ്‌തതില്‍ പ്രേക്ഷകര്‍ക്ക്‌ ഏറെ ഇഷ്‌ടമായി എന്ന്‌ എനിക്കു തോന്നിയത്‌ അമൃതയിലെ സിനിമാക്കാര്യങ്ങള്‍ എന്ന പരിപാടിയാണ്‌. സിനിമയുടെ ഉള്ളറകളിലേക്ക്‌ കടന്നു പോയ ആ പരിപാടി കൗതുകത്തിനപ്പുറം ഒരു സൗഹൃദത്തിന്റെ പേരില്‍ സംഭവിച്ചതാണ്‌. ഞാന്‍ എന്നും ആരാധിക്കുന്ന പപ്പേട്ടന്റെ (പത്മരാജന്‍) മകന്‍ അനന്തപത്മനാഭനായിരുന്നു അതിന്റെ നിര്‍മ്മാതാവ്‌. അനന്തനുമായുള്ള സൗഹൃദത്തില്‍ തുടങ്ങിയ ആ പരിപാടി പിന്നീട്‌ എനിക്കും ഏറെ പ്രിയപ്പെട്ടതായി. ഒരു മറവത്തൂര്‍ കനവില്‍ തുടങ്ങി അയാളും ഞാനും തമ്മിലില്‍ എത്തി നില്‍ക്കുമ്പോള്‍ എന്റെ ജീവിതവും ഞാനും തമ്മില്‍ ഇങ്ങനെയൊക്കെയായത്‌ ഈ സൗഹൃദങ്ങള്‍ എന്റെ മനസ്സിനെ ചെറുപ്പമാക്കുന്നതു കൊണ്ടാണ്‌.

Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net
 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment