കമലാദാസിന്റെ തിരഞ്ഞെടുത്ത കവിതകള്‍
പ്രാവുകള്‍
ഒരു അപരാഹ്നക്കിനാവിന്റെ
ചവിട്ടുപടികളില്‍
നിശ്ശബ്ദരായി
അമ്പലപ്രാവുകള്‍ ഇരിക്കുന്നു.
ഉച്ചവെയിലില്‍
കരിഞ്ഞ കൊക്കുകളില്‍
പൊടിവന്നു വീഴുന്നു.
ജ്വരബാധിതമായ നിരത്തുകളില്‍
പൊടി വന്നു വീഴുന്നു.
സൂര്യന്‍ വീര്‍ത്തു വലുതാകുന്നു.
പഴുപ്പെത്തിയ
ഒരു മധുരക്കനിപോലെ
എന്റെ സായാഹ്നസ്വപ്‌നത്തില്‍
നെടുങ്ങനെ
വെള്ളിരേഖകള്‍ പായിക്കുന്നു.
വാക്കുകള്‍ പക്ഷികള്‍
വാക്കുകള്‍ പറവകളാണ്
സന്ധ്യയില്‍നിന്നും ഒളിച്ച്
കുഴഞ്ഞ ചിറകുകളുമായ്
എവിടെയാണവ ചേക്കേറുന്നത്?
സന്ധ്യ
എന്റെ ശിരസ്സില്‍ പതിച്ചു.
സന്ധ്യ ത്വക്കില്‍ പതിച്ചു.
ഉറങ്ങുവാന്‍ കിടക്കുമ്പോള്‍
അനുഗൃഹീതമായ പ്രഭാതം
കാണുമെന്ന്
എനിക്ക് ഉറപ്പില്ലല്ലൊ.
കൃഷ്ണന്‍
നിന്റെ ശരീരം
എന്റെ തടവറയാണ്,
കൃഷ്ണാ
അതിനപ്പുറം എനിക്കൊന്നും കാണാനാവുന്നില്ല.
നിന്റെ കറുപ്പ്
എന്നെ അന്ധയാക്കുന്നു
നിന്റെ പ്രണയാര്‍ദ്രമായ വാക്കുകള്‍
സമര്‍ത്ഥമായ ലോകത്തിന്റെ
ആരവത്തെ പുറത്തിട്ടടയ്ക്കുന്നു.
ഗ്രീഷ്മം
ഇതൊരു രഹസ്യമാണ്
ഒരിക്കല്‍
അവന്റെ ഷര്‍ട്ടില്‍ക്കൂടി
ഞാന്‍ അവന്റെ മാറിടം കണ്ടു;
രോമങ്ങളും
അന്നു രാത്രി
എന്റെ സ്വപ്‌നത്തില്‍
ഗ്രീഷ്മത്തിന്റെ കാറ്റുകള്‍
മരങ്ങളില്‍നിന്ന്
ഇലകളെ നിലംപതിപ്പിച്ചു
ഞാന്‍ അവയില്‍ ശയിച്ചു
പുകമണമുള്ള ഇലകള്‍ക്കുമീതെ
ഞാന്‍ ശയിച്ചു.
കടത്തുവള്ളം
നിന്റെ മെലിഞ്ഞ ശരീരം
എന്നെ ആ ശബ്ദരഹിതമായ തീരത്തിലേക്ക്
വഹിച്ചുകൊണ്ടുപോകുമോ?
പകല്‍വെളിച്ചത്തില്‍ നിറം മങ്ങിനില്‍ക്കുന്ന
ഒരു ഗ്രഹത്തെപ്പോലെ
അവിടെയെനിക്ക് ആകാശമില്ലാതെ
കിടക്കാനാവുമോ?
പ്രവാചകന്മാരുടെ രക്തത്താല്‍
ഉപ്പുരസമുള്ളതാണ്
എന്റെ കണ്ണുനീര്‍ത്തുള്ളികള്‍
എന്നാല്‍ ഭാവി
ഒരു വന്ധ്യയായ സത്രീയുടെ തുടകള്‍ക്കിടയിലൂടെ
പുറത്തു വരണമല്ലോ.
തടവുകാരന്‍
ഓമനേ
തടവുകാരന്‍
ജയിലിലെ ഭൂമിശാസ്ത്രം പഠിക്കുന്നതുപോലെ
ഞാന്‍ നിന്റെ ശരീരത്തിലെ
ചമയങ്ങള്‍ നോക്കിപ്പഠിക്കുന്നു
എന്നെങ്കിലും എനിക്ക്
ഈ കെണിയില്‍നിന്നും
രക്ഷപ്പെടണം.
നീലപ്പക്ഷി, സൂര്യാസ്തമയം
കൂട്ടകാരോടൊപ്പമിരുന്ന് സംസാരിക്കുമ്പോള്‍ ഞാന്‍
അവനെക്കുറിച്ചോര്‍ക്കുന്നു പെട്ടെന്ന് എനിക്ക് പിന്നെ
സംസാരിക്കാന്‍ കഴിയാതാവുന്നു അവര്‍ എന്നോടു ചോദിക്കുന്നു
എന്തു പറ്റി നീ വിളറിയിരിക്കുന്നതെന്താണ് ഞാന്‍ തളര്‍ച്ചയോടെ
തലകുലുക്കുന്നു ഒന്നുമില്ല ഒന്നുമില്ല... രാജാവിന്റെ അടുത്ത്
പോകരുതെന്ന് എനിക്ക് താക്കീത് നല്കിയിട്ടുണ്ടായിരുന്നു
എന്നാല്‍ ഞാന്‍ പോവുക തന്നെചെയ്തു. എന്നെ വിശ്വസിക്കു അവന്‍
വേറെ ഏതൊരു പുരുഷനെയുംപോലെ ഒരു പുരുഷനായിരുന്നു
അവന്‍ എന്നെ അവന്റെ മാറിടത്തോട് ചേര്‍ത്തുപിടിച്ചു അവന്‍
പറഞ്ഞു അവന്‍ എന്നെ സ്‌നേഹിച്ചിരുന്നുവെന്ന് ഞാന്‍
സന്തുഷ്ടയായിരുന്നു അവനും ആനന്ദഭരിതനാണെന്നു ഞാന്‍
അറിഞ്ഞു ഒരു വര്‍ഷത്തിനുശേഷം രക്തത്തിന്റെ ലാഞ്ഛന
കൂടാതെ രണ്ടു മഞ്ഞ ചന്ദ്രന്മാര്‍ വലുതാവുകയും ചുരുങ്ങുകയും
ചെയ്തു അവന്റെ മടിത്തട്ടില്‍ കിടന്ന് ഞാന്‍ അവനോട് പറഞ്ഞു.
അവന്റെ മനോഹരമായ മുഖത്ത് സൂര്യന്‍ അസ്തമിച്ചു എന്റെ
കാതുകളില്‍ അവന്റെ നിശ്വാസം കനമേറിയതായിരുന്നു അവന്‍
ഉരിയാടില്ല ഒരു വാക്കുപോലും
അവനിപ്പോള്‍ എന്റെ അടുത്ത് വരുന്നില്ല എന്റെ നേരെ പുഞ്ചിരി
പൊഴിക്കുവാന്‍ തുറന്നിട്ട ജാലകത്തിനരികില്‍ നില്‍ക്കുന്നില്ല
എന്നാല്‍ ഞാന്‍ നോക്കുന്നിടത്തെല്ലാം അവനെ കാണുന്നു ഞാന്‍
നോക്കാത്തിടത്തും അവനെ കാണുന്നു എല്ലാ വസ്തുക്കളിലും
അവനെ കാണുന്നു. സൂര്യാസ്തമനത്തില്‍ എന്റെ ആകാശത്തിനു
കുറുകെ വേഗത്തില്‍ പറന്നു പോകുന്ന ഒരു നീലപ്പക്ഷിയെപ്പോലെ.
മഞ്ഞുകാലം
പുതുമഴയുടെയും മൃദുതളിരുകളുടെയും
ഗന്ധമാണ് ഹേമന്തം.
വേരുകള്‍ തേടുന്ന ഭൂമിയുടെ
ഇളം ചൂടാണ്
ഹേമന്തത്തിന്റെ ഇളംചൂട്...
എന്റെ ആത്മാവുപോലും
ആഗ്രഹിച്ചു
എവിടെയെങ്കിലും അതിന്റെ വേരുകള്‍
പായിക്കേണ്ടതുണ്ട്
മഞ്ഞുകാല സായാഹ്നത്തില്‍
ജാലകച്ചില്ലുകളില്‍
തണുത്ത കാറ്റ് ചീറിയടിക്കുമ്പോള്‍
ഞാന്‍ ലജ്ജയില്ലാതെ
നിന്റെ ശരീരത്തെ സ്‌നേഹിച്ചു.
കോലാട്
വീട്ടില്‍ ആകെക്കൂടിയുള്ള ഒരേ ഒരു സ്ത്രീക്ക്
അസുഖം വന്നു.
അവള്‍
ജോലികളുടെ തിരക്കില്‍
ഉന്മത്തനായ വെളിച്ചപ്പാടിനെപ്പോലെ
വീടു മുഴുവന്‍ ഓടിനടന്നവളായിരുന്നു.
അവളുടെ ഒട്ടിയ കവിളുകളും മെലിഞ്ഞ കാലുകളും
നോക്കി
മക്കള്‍ പറയുമായിരുന്നു
'അമ്മേ, അമ്മ ഒരു കോലാടുതന്നെ'
അവര്‍ അവളെ ഒരു വീല്‍ചെയറിലിരുത്തി
ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോള്‍
അടഞ്ഞുപോയ കണ്ണുകള്‍ തുറന്ന്
അവള്‍ പറഞ്ഞു 'വിടൂ, എന്നെ വിടൂ
അതാ പരിപ്പു കരിഞ്ഞ മണം വരുന്നു'
വയസ്സ്
ഒരു രാത്രിയില്‍
ഞാനുണര്‍ന്നപ്പോള്‍
വയസ്സ് അതിന്റെ മൊരിപിടിച്ച വിരല്‍കൊണ്ട്
എന്റെ കഴുത്തില്‍ കുത്തുന്നതു കാണാനിടയായി.
തെരുവ് വിജനമായിരുന്നു.
വയസ്സ്
രാത്രി
മരക്കൊമ്പില്‍ എല്ലായ്‌പ്പോഴും തൂങ്ങിക്കിടക്കുന്ന
മൂപ്പെത്താത്ത പഴമായിരുന്നു.
പ്രണയം
യൗവ്വനകാലത്തിന്റെ ഇന്ദ്രജാലം.
പ്രണയത്തിന്റെ മായാവിഭ്രമത്തിന്
ഞാനിപ്പോഴും അര്‍ഹയാണോ?
കണ്ണുകളിറുക്കിക്കൊണ്ട്
എന്നെ വിളിക്കരുത്.
ഇന്ന് വാക്കുകളുടെ സത്യം തണുത്തുറഞ്ഞതാണ്.
ഒരു തണുപ്പേറിയ നവജാതശിശു.
പ്രിയപ്പെട്ടവനേ,
നീയാണതിന് പിതൃത്വം നല്‍കിയത്.
നിനക്ക് ഇപ്പോള്‍ ആ കുഞ്ഞിനെ
തിരസ്‌കരിക്കാനാവില്ല.
അര്‍ത്ഥന
ഞാന്‍ മരിക്കുമ്പോള്‍
എന്റെ മാംസവും അസ്ഥികളും
ദൂരെയെറിഞ്ഞ് കളയരുത്.
അവ കൂനകൂട്ടി വെക്കുക.
അവ അവയുടെ ഗന്ധത്താല്‍ പറയട്ടെ
ജീവിതത്തിനെന്തു മേന്മയുണ്ടായിരുന്നുവെന്ന്
അവസാനം
സ്‌നേഹത്തിന്റെ മാഹാത്മ്യമെന്തായിരുന്നുവെന്ന്.
(കമലാദാസിന്റെ തിരഞ്ഞെടുത്ത കവിതകള്‍ എന്ന പുസ്തകത്തില്‍ നിന്ന്)
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment