പടിയിറങ്ങുമോ ധോനിയും സച്ചിനും ??
മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വി ഇന്ത്യന്‍ ക്രിക്കറ്റില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് വാതില്‍ തുറന്നിട്ടിരിക്കുകയാണ്. ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മഹേന്ദ്ര സിങ് ധോനിയെ മാറ്റണമെന്ന ആവശ്യം ഒരുഭാഗത്ത് കൊഴുക്കുന്നു. ക്യാപ്റ്റനെ അനുകൂലിച്ചും തള്ളിപ്പറഞ്ഞും മുന്‍കാല താരങ്ങളും പ്രമുഖരും രംഗത്തുണ്ട്. മറ്റൊന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ ക്രിക്കറ്റില്‍നിന്ന് വിരമിക്കണമെന്ന ആവശ്യമാണ്. ഇവിടെയും ഇരുപക്ഷവും വാശിയോടെ രംഗത്തുനില്‍ക്കുന്നു. ക്യാപ്റ്റന്‍സിയെക്കുറിച്ച് ധോനിയും വിരമിക്കലിനെക്കുറിച്ച് സച്ചിനും വാ തുറക്കാത്തതിനാല്‍, സസ്‌പെന്‍സ് നഷ്ടപ്പെടുന്നില്ല.
ക്യാപ്റ്റന്‍ സ്ഥാനം സംശയത്തില്‍
ധോനിയെ പുറത്താക്കാന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി മൊഹീന്ദര്‍ അമര്‍നാഥാണ് ആദ്യം രംഗത്തെത്തിയത്. കഴിഞ്ഞവര്‍ഷം ഇംഗ്ലണ്ടിനോടും ഓസ്‌ട്രേലിയയോടും തുടര്‍ച്ചയായി ടെസ്റ്റുകള്‍ തോറ്റപ്പോള്‍, കൃഷ്ണമാചാരി ശ്രീകാന്ത് തലവനായ സെലക്ഷന്‍ കമ്മിറ്റി ഏകകണ്ഠമായി ധോനിയെ പുറത്താക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രസിഡന്റ് എന്‍.ശ്രീനിവാസന്‍ അവസാനനിമിഷം ഈ തീരുമാനം അട്ടിമറിച്ചുവെന്നും മൊഹീന്ദര്‍ പറഞ്ഞു.
സെലക്ഷന്‍ കമ്മിറ്റിയോഗത്തിലെ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത് ശരിയല്ലെന്നായിരുന്നു ശ്രീകാന്തിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍, നാഗ്പുര്‍ ടെസ്റ്റ് സമനിലയില്‍ അവസാനിക്കുകയും ഇന്ത്യ 28 വര്‍ഷത്തിനുശേഷം ഇംഗ്ലണ്ടിനുമുന്നില്‍ ഹോം പരമ്പര അടിയറവെക്കുകയും ചെയ്തതോടെ ശ്രീകാന്തും സ്വരം മാറ്റി. ക്യാപ്റ്റന്‍സി മികവ് ധോനിക്ക് നഷ്ടമായെന്നും നായകപദവിയില്‍നിന്ന് ധോനിയെ നീക്കണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു. വെറും വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ടീമില്‍ തുടരുകയാണെങ്കില്‍, ധോനിയുടെ കളി മെച്ചപ്പെടുമെന്നും മുന്‍ ചീഫ് സെലക്ടര്‍ അഭിപ്രായപ്പെട്ടു.
ജൂലായ് 2011-നുശേഷം 17 ടെസ്റ്റുകളാണ് ധോനിക്കുകീഴില്‍ ഇന്ത്യ കളിച്ചത്. ഇതില്‍ പത്തെണ്ണത്തിലും തോറ്റു. ആറെണ്ണം ഇംഗ്ലണ്ടിനോടും നാലെണ്ണം ഓസ്‌ട്രേലിയയോടും. നാഗ്പുരില്‍ നേടിയ 99 റണ്‍സൊഴിച്ചാല്‍ ബാറ്റുകൊണ്ടും കാര്യമായ സംഭാവന ക്യാപ്റ്റന്റെ പക്കല്‍നിന്നുണ്ടായില്ല.
ധോനിക്ക് പകരം വിരാട് കോലിയെ ക്യാപ്റ്റനാക്കേണ്ട സമയമായെന്ന് സുനില്‍ ഗാവസ്‌കര്‍ പറയുന്നു. നാഗ്പുര്‍ ടെസ്റ്റില്‍ സാഹചര്യങ്ങള്‍ക്കനുസൃതമായി ബാറ്റ് ചെയ്ത് സെഞ്ച്വറി കുറിച്ച കോലിയുടെ പ്രകടനം ക്യാപ്റ്റനുചേര്‍ന്നതാണെന്ന് ഗാവസ്‌കര്‍ നിരീക്ഷിക്കുന്നു.
എന്നാല്‍, ധോനിയുടെ ക്യാപ്റ്റന്‍സിയില്‍ മുന്‍ നായകന്‍ ദ്രാവിഡിന് ഇപ്പോഴും സംശയമില്ല. ഇന്ത്യന്‍ നിരയില്‍ ധോനിയോളം നായകപാടവമുള്ള മറ്റൊരാളുമില്ലെന്ന് ദ്രാവിഡ് പറയുന്നു.പിഴവുകള്‍ ഏതൊരു ക്യാപ്റ്റനും സംഭവിക്കും. അതില്‍നിന്ന് മുക്തനാകാന്‍ സാധിച്ചാല്‍ ഇനിയും വിജയങ്ങളിലേക്ക് നയിക്കാന്‍ ധോനിക്കാകുമെന്നും ദ്രാവിഡ് പറയുന്നു.
ഇനി സച്ചിന് തീരുമാനിക്കാം നാല് ടെസ്റ്റുകളില്‍നിന്ന് 112 റണ്‍സ്. സച്ചിന്‍ തെണ്ടുല്‍ക്കറുടെ കരിയറില്‍ ഇതുപോലെ പരീക്ഷണം നേരിട്ടിട്ടുള്ള മറ്റൊരു ഘട്ടമില്ല. 39-കാരനായ സച്ചിന്‍ വിരമിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ, പ്രകടനവും മോശമായത് ലോകക്രിക്കറ്റിലെതന്നെ സൂപ്പര്‍താരത്തെ വിഷമസന്ധിയില്‍ എത്തിച്ചിരിക്കുകയാണ്.
ക്രിക്കറ്റ് ആസ്വദിക്കുന്നിടത്തോളം താന്‍ കളിക്കുമെന്നാണ് സച്ചിന്‍തന്നെ പറയുന്നത്. എന്നാല്‍, തുടര്‍ച്ചയായി പരാജയപ്പെടുമ്പോള്‍ സച്ചിന് കളി ആസ്വദിക്കാനാവുന്ന തെങ്ങനെയെന്ന് വിമര്‍ശകര്‍ ചോദിക്കുന്നു. തന്റെ കരിയറിന്റെ കാര്യത്തില്‍ സച്ചിന്‍ സെലക്ടര്‍മാരുമായി സംസാരിക്കണമെന്ന് തുടക്കം മുതലേ ആവശ്യപ്പെട്ടിരുന്നത് സുനില്‍ ഗാവസ്‌കറാണ്.
സച്ചിന് ഇനിമേലില്‍ ക്രിക്കറ്റ് ആസ്വദിക്കാനാവുമെന്ന് തോന്നുന്നില്ലെന്ന് ഗാവസ്‌കര്‍ പറയുന്നു. കരിയറിനെ ക്കുറിച്ച് സച്ചിന്‍ പുനരാലോചന നടത്തണം. ട്വന്റി- 20യില്‍നിന്ന് വിരമിച്ച സച്ചിന്‍ ഇനി ഏകദിന മത്സരങ്ങളില്‍ കളിക്കുന്ന കാര്യവും സംശയമാണ്. ഈ മാസം പാകിസ്താനെതിരെ നടക്കുന്ന പരമ്പരയിലും സച്ചിന്‍ കളിക്കുമെന്നുറപ്പില്ലെന്ന് ഗാവസ്‌കര്‍ പറയുന്നു.
എന്നാല്‍, സച്ചിന് പകരംവെക്കാന്‍ മറ്റൊരു താരമില്ലെന്ന അഭിപ്രായമാണ് ക്യാപ്റ്റന്‍ ധോനിക്കുള്ളത്. രാഹുല്‍ ദ്രാവിഡും ലക്ഷ്മണും സച്ചിനുമൊക്കെ പകരംവെ ക്കാനാകാത്ത താരങ്ങളാണ്. ദ്രാവിഡിന്റെയും ലക്ഷ്മണിന്റെയും വിരമിക്കല്‍ ടീമിലുണ്ടാക്കിയ ശൂന്യതയാണ് ടീം ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി. സച്ചിന്‍ സമീപകാല ത്തൊന്നും അത്തരമൊരു തീരുമാനമെടുക്കില്ലെന്നാണ് കരുതുന്നതെന്നും ധോനി പറഞ്ഞു.
ഒരു പരമ്പരയില്‍ നിറംമങ്ങിയെന്നുവെച്ച് സച്ചിന്‍ വിരമിക്കേണ്ട കാര്യമില്ലെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ലോകചെസ് ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദിനെപ്പോലെയുള്ളവര്‍ സച്ചിന്റെ കടുത്ത ആരാധകരാണ്. ഇനിയും അദ്ദേഹത്തില്‍ ക്രിക്കറ്റ് ശേഷിക്കുന്നുണ്ടെന്നും വിമര്‍ശകര്‍ക്കനുസരിച്ച് തീരുമാനമെടുക്കേണ്ടതില്ലെന്നും ആനന്ദ് പറയുന്നു.
Mathrubhumi |
No comments:
Post a Comment