Monday, 17 December 2012

[www.keralites.net] വൈദ്യം പഠിക്കണം ദ്രവ്യമുണ്ടാക്കുവാന്‍ - nice

 

വൈദ്യം പഠിക്കണം ദ്രവ്യമുണ്ടാക്കുവാന്‍ മുരളി തുമ്മാരുകുടി ഇന്ത്യയില്‍ വര്‍ഷാവര്‍ഷം പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാരേക്കാള്‍ പത്തിരട്ടിയെങ്കിലും വരും പാസാവുന്ന എഞ്ചിനീയര്‍മാരുടെ എണ്ണം. ഇന്ത്യയുടെ സമീപകാലസാമ്പത്തിക പുരോഗതിയിലും എഞ്ചിനീയര്‍മാരുടെ പങ്ക് വലുതാണ്. എന്നാലും ഇന്ത്യയില്‍ നല്കപ്പെടുന്ന പത്മപുരസ്‌കാരങ്ങള്‍ പരിശോധിച്ചാല്‍ എഞ്ചിനീയര്‍മാരേക്കാള്‍ കൂടുതല്‍ പുരസ്‌കാരങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് കിട്ടുന്നതായി കാണാം. പ്രാഞ്ചിയേട്ടനെപ്പോലെ പത്മ പുരസ്‌കാരത്തില്‍ ഒരു കണ്ണുള്ളതുകൊണ്ട് ഞാനിതിന്റെ കാരണം ഗഹനമായി ചിന്തിക്കാറുണ്ട്. ഇന്ത്യയില്‍ അതിവിശിഷ്ടരായ ഡോക്ടര്‍മാരുടെ എണ്ണം അങ്ങനെയുള്ള എഞ്ചിനീയര്‍മാരേക്കാള്‍ പത്തുമാര്‍ക്ക് കൂടുതലുള്ളതുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്നെനിക്ക് തോന്നുന്നില്ല. പത്മപുരസ്‌കാരങ്ങള്‍ക്ക് ആളുകളെ തിരഞ്ഞെടുക്കുന്നത് ഒരു ട്രാന്‍സ്പാരന്റ് പ്രോസസ്സ് അല്ലാത്തിനാല്‍ ഈ തിരഞ്ഞെടുപ്പു പ്രക്രിയയില്‍ ഉള്ള ആളുകളുടെ വ്യക്തിപരമായ അഭിപ്രായവും താല്പര്യങ്ങളും ആര്‍ക്കു ബഹുമതികിട്ടും എന്നതിനെ ബാധിക്കും. ഇവിടെയാണോ ഡോക്ടര്‍മാര്‍ക്ക് എഞ്ചിനീയര്‍മാരേക്കാള്‍ ആധിപത്യം വരുന്നത്. ഒന്നാമത് ഭൂരിഭാഗം ഡോക്ടര്‍മാരും അവരുടെ കര്‍മ്മ മണ്ഡലത്തിലെ ഉപഭോക്താക്കളുമായി നേരിട്ടാണ് ഇടപഴകുന്നത്. എഞ്ചിനീയര്‍മാരാകട്ടെ സമൂഹവുമായിട്ടും. പ്രധാനമന്ത്രിയുടെ മുട്ടിന്റെ ചിരട്ടമാറ്റിവക്കുന്ന ഡോക്ടര്‍ അദ്ദേഹത്തെ നേരിട്ട് കാണുന്നു, സംസാരിക്കുന്നു, ഡോക്ടറുടെ പ്രയത്‌നങ്ങളുടെ ഫലം നേരിട്ടറിയാന്‍ പ്രധാനമന്ത്രിക്ക് അവസരമുണ്ടാകുന്നു. എന്നാല്‍ ന്യൂഡല്‍ഹിയിലെ വിമാനത്താവളം പണിക്ക് മേല്‍നോട്ടം വഹിച്ച എഞ്ചിനീയര്‍ ആകട്ടെ പ്രധാനമന്ത്രിയുള്‍പ്പെട്ട സമൂഹത്തിനു സേവനം ചെയ്യുന്നുവെങ്കിലും അവരുടെ കണ്ണില്‍പ്പെടുന്നില്ല. (അങ്ങനെ കണ്ണില്‍പ്പെട്ട ഇ.ശ്രീധരന്‍ പത്മപുരസ്‌കാരജേതാവുമാണ്). രണ്ടാമത്തെ കാരണം ഡോക്ടര്‍മാര്‍ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന സന്ദര്‍ഭമാണ്. ശരാശരി മനുഷ്യനാകട്ടെ ഇന്ത്യന്‍ പ്രസിഡന്റാകട്ടെ നമുക്കോ നമുക്ക് വേണ്ടപ്പെട്ടവര്‍ക്കോ ഒരസുഖമുണ്ടാകുമ്പോഴാണ് നാം ഡോക്ടര്‍മാരെ അവരുടെ കര്‍മ്മ മണ്ഡലത്തില്‍ പരിചയപ്പെടുന്നത്. നമ്മുടെ അധികാര സാമ്പത്തിക ശക്തികള്‍ എന്തു തന്നെ ആയാലും നമ്മുടെ ജീവിതത്തിലെ ഏറ്റവും വള്‍ണറബിള്‍ ആയ സമയമാണിത്. അപ്പപ്പോള്‍ അവര്‍ ചെയ്യുന്ന സേവനങ്ങളും പ്രവര്‍ത്തനങ്ങളും നമുക്ക് അതീവമഹത്തരമായി തോന്നും. ഇതു ഇന്നും ഇന്നലത്തെയും ഒന്നും കഥയല്ല. ഏറെക്കാലമായി ചികിത്സിച്ചിട്ടും മാറാത്ത വയറുവേദന ഇംഗ്ലീഷ് മരുന്നുപയോഗിച്ച് മാറ്റിയതിന്റെ പ്രത്യുപകാരമായിട്ടു കൂടിയാണത്രെ ബ്രിട്ടീഷുകാര്‍ക്ക് മുഗള്‍ ചക്രവര്‍ത്തി കച്ചവടസൗകര്യങ്ങള്‍അനുവദിച്ചുകൊടുത്തത്. രാജ്യാധിപത്യം ആണെങ്കിലും പ്രജാധിപത്യം ആണെങ്കിലും ഡോക്ടര്‍മാര്‍ വിചാരിച്ചാല്‍ വല്ലതും നടക്കുമെന്നുസാരം. ഇതു മനസ്സിലാക്കിയായിരിക്കണം 'വൈദ്യം പഠിക്കണം ദ്രവ്യമുണ്ടാക്കുവാന്‍' എന്ന് കുഞ്ചന്‍ നമ്പ്യാര്‍ പാടിയത്. ഇത്രയൊക്കെ പറഞ്ഞതുകൊണ്ട് വൈദ്യം പഠിക്കുന്ന ശരാശരിക്കാരുടെ നില ദ്രവ്യത്തില്‍ മുങ്ങിക്കിടക്കുകയാണെന്ന് ഞാന്‍ കരുതുന്നു എന്നു കരുതരുത്. ഇന്ത്യയില്‍ ഇപ്പോഴും എഞ്ചിനീയറിംഗ് അഡ്മിഷനിലും ബുദ്ധിമുട്ടാണ് എം.ബി.ബി.എസിന് അഡ്മിഷന്‍ കിട്ടാന്‍ കിട്ടിയാലോ നാലുവര്‍ഷം പഠിച്ച് എഞ്ചിനീയര്‍മാര്‍ നാല്പതിനായിരവും അന്‍പതിനായിരം രൂപ ശരാശരി പ്രതിമാസ ശമ്പളവുമായി പുറത്തിറങ്ങുമ്പോള്‍ തുടക്കക്കാരായ ഡോക്ടര്‍മാരുടെ കാര്യം കഷ്ടമാണ്. രണ്ടു വര്‍ഷം പ്രവര്‍ത്തനപരിചയവുമായി കുട്ടി എഞ്ചിനീയര്‍മാര്‍ കോട്ടിട്ട് അമേരിക്കക്ക് പറക്കുമ്പോള്‍ ഇവിടെ പത്തുവര്‍ഷം കോട്ടിട്ട് പഠിപ്പും പ്രാക്ടീസും നടത്തിയ ഡോക്ടര്‍ക്ക് അമേരിക്കയില്‍ പ്രാക്ടീസ് ചെയ്യാന്‍ കടമ്പകള്‍ വേറെയും ബാക്കി. എന്തിന് എഞ്ചിനീയര്‍ മൂത്ത് ടീം ലീഡറും പ്രൊജക്ട് മാനേജരും ഒക്കെ ആകുന്നവരെ കൂട്ടി എഞ്ചിനീയര്‍മാര്‍ വരച്ച വരയില്‍ നിര്‍ത്തുമ്പോള്‍ പുതിയതായി പുറത്തിറങ്ങുന്ന ഡോക്ടര്‍ കുട്ടികളെ പത്തും പതിനാലും മണിക്കൂര്‍ പണിയെടുപ്പിക്കുകയും എന്നാല്‍ അംഗീകാരം കൊടുക്കാതിരിക്കുകയും ചെയ്യുന്നതാണ് വൈദ്യശാസ്ത്രരംഗത്തെ ശരാശരി രീതി. അതുകൊണ്ട് വൈദ്യം പഠിച്ചവര്‍ ദ്രവ്യമുണ്ടാക്കിക്കോട്ടെ. എനിക്ക് സന്തോഷമേ ഉള്ളൂ. കുഞ്ചന്‍നമ്പ്യാര്‍ വൈദ്യത്തെപ്പറ്റി പറയുന്ന കാലത്ത് കേരളത്തില്‍ പ്രധാനമായും ആയുര്‍വേദവും അല്പം ലാടവൈദ്യവുമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ പക്ഷെ കാര്യങ്ങള്‍ അങ്ങനെയല്ല ജനങ്ങള്‍ പൊതുവെ അലോപ്പതി എന്നു വിളിക്കുന്ന വൈദ്യശാഖ മുതല്‍ സിദ്ധവും യുനാനിയും വരെ പഠിപ്പിക്കാന്‍ മെഡിക്കല്‍ കോളേജുകളും പ്രയോഗിക്കാന്‍ ഡോക്ടര്‍മാരും ഉപയോഗിക്കാന്‍ രോഗികളും ഉണ്ട്. എയ്ഡ്‌സിനു പോലും ഒറ്റമൂലി കൊടുത്ത് ദ്രവ്യമുണ്ടാക്കുന്ന ഡോക്ടര്‍മാരും അനവധി. ആധുനിക വൈദ്യശാസ്ത്രത്തെ അലോപ്പതി എന്നു വിളിക്കുന്നത് ആധുനിക വൈദ്യശാസ്ത്രമോ ശാസ്ത്രസമൂഹമോ അംഗീകരിച്ചിട്ടില്ല. മോഡേണ്‍ മെഡിസിന്‍ എന്നാണ് ഇതിന്റെ ശരിയായ വിളിപ്പേര്. മറ്റുള്ള വൈദ്യശാഖകളെ ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ എന്നും (ആരുടെ ശരി എന്നൊക്കെ ചോദ്യമുണ്ടാകാം. ഇതിനൊക്കെ ഓരോരുത്തര്‍ക്കും അവര്‍ക്ക് ഇഷ്ടപ്പെട്ട ഉത്തരവും ഉണ്ടാകാം. രോഗത്തിന്റെ കാര്യകാരണങ്ങളെപ്പറ്റിയും ചികിത്സയുടെ തെറ്റുകുറ്റങ്ങളെപ്പറ്റിയും ആധുനിക ശാസ്ത്രതത്വങ്ങളും സങ്കേതങ്ങളും ഉപയോഗിച്ച പഠനവും പ്രയോഗവും നടത്തുന്നതുകൊണ്ട് ഈ വൈദ്യശാഖയെ മോഡേണ്‍ എന്നു വിളിക്കാന്‍ എനിക്ക് ബുദ്ധിമുട്ടില്ല). ഇതിന്റെ അര്‍ത്ഥം ആധുനിക വൈദ്യശാസ്ത്രത്തിന് കുറവുകള്‍ ഇല്ല എന്നോ മറ്റു വൈദ്യശാഖകള്‍ക്ക് സാധ്യതകള്‍ ഇല്ല എന്നോ അല്ല). ആധുനിക വൈദ്യശാസ്ത്രത്തിലോ ആള്‍ട്ടര്‍നേറ്റീവ് ചികിത്സാരീതികളിലോ എനിക്ക് വലിയഗ്രാഹ്യം ഒന്നുമില്ല. ഈ കാര്യങ്ങളില്‍ എന്റെ അഭിപ്രായം ഈവിധസംവിധാനങ്ങള്‍ നേരിടേണ്ടി വരുന്ന ഒരു സാധാരണക്കാരന്റേതാണ്. ആധുനികവും അല്ലാത്തതുമായ ചികിത്സാരീതികള്‍ എനിക്കും കുടുംബത്തിനും വേണ്ടി ഞാന്‍ ഉപയോഗിക്കാറും ഉണ്ട്. ഇക്കാര്യത്തില്‍ എനിക്ക് ഏറ്റവും വിലയേറിയ ഉപദേശം ലഭിച്ചത് ബ്രൂണൈയിലെ ഞങ്ങളുടെ ചീഫ് മെഡിക്കല്‍ ഓഫീസറായിരുന്ന ഒരു ന്യൂസിലന്‍ഡുകാരന്‍ ഡോക്ടറില്‍ നിന്നാണ്. ബ്രൂണൈയില്‍ ജോലിക്കെത്തിയ ഏതാണ്ട് മുപ്പതോളം കുടുംബങ്ങളെ ആശുപത്രിയും ആരോഗ്യപരിപാലനരീതികളും പരിചയപ്പെടുത്തുകയായിരുന്നു അദ്ദേഹം. ' നിങ്ങളെല്ലാം ശരാശരി ആരോഗ്യമുള്ളവരും ഒരു വിധം ആരോഗ്യകരമായ അന്തരീക്ഷത്തില്‍ ജീവിക്കുന്നവരും ആണ്. അതുകൊണ്ടുതന്നെ ആരോഗ്യകരമായ ജീവിതരീതിയെപ്പറ്റിയാണ് അധികം ചിന്തിക്കേണ്ടത് അല്ലാതെ രോഗത്തെയോ ചികിത്സയേയോ പറ്റിയല്ല' എന്നു പറഞ്ഞാണ് അദ്ദേഹം പ്രഭാഷണം തുടങ്ങിയത്. 'ഞങ്ങള്‍ ഇവിടെ ഇരുപത്തിനാലുമണിക്കൂറും ആഴ്ചയില്‍ ഏഴുദിവസവും നിങ്ങളുടെ ഏതു ആരോഗ്യപ്രശ്‌നത്തിലും ഇടപെടാന്‍ തയ്യാറായി ഇരിക്കുന്നും ഉണ്ട്. അതുകൊണ്ടു തന്നെ നിങ്ങള്‍ക്ക് എന്തെങ്കിലും അസുഖം തോന്നിയാല്‍ ഉടന്‍ ഓടി ഇങ്ങോട്ടുവരരുത്. വീട്ടില്‍ പോയി വിശ്രമിക്കുക. പെട്ടെന്നു വഷളാവുന്ന രോഗമാണെങ്കില്‍ പത്തുമിനുട്ടിനകം ആംബുലന്‍സ് അവിടെ എത്തും. എന്നാല്‍ പല അസുഖങ്ങളും ശരീരത്തിന് അല്പം വിശ്രമം കൊടുത്താല്‍ ശരീരം സ്വയം ശരിയായിക്കൊള്ളും.' 'കുറേ ആളുടെയെങ്കിലും പ്രശ്‌നം തങ്ങളെ ആരും ശ്രദ്ധിക്കുന്നില്ല എന്നതാണ്. അവരെ ആശുപത്രിയില്‍ ഡോക്ടറുടെ അടുത്ത് എത്തിച്ചാല്‍ തന്നെ പ്രശ്‌നം തീരും. മരുന്നു കൊടുത്തു വഷളാക്കാതിരിക്കുകയാണ് ഇവര്‍ക്ക് പറ്റിയ ഏറ്റവും നല്ല ചികിത്സ. 'രണ്ടു ദിവസം കൊണ്ടും മാറാത്തതും ശരിക്കും രോഗമുള്ളതുമായ ആളുകള്‍ക്ക് പറ്റിയ വിദഗ്ദമായ ചികിത്സകള്‍ ഒക്കെ ഇവിടെ ലഭ്യമാണ്. എങ്കില്‍പോലും കുറേപേരുടെ രോഗങ്ങള്‍ ഭേദമാകില്ല. ആധുനിക വൈദ്യശാസ്ത്രത്തിനും പരിമിതികള്‍ ഉണ്ട്. അപ്പോള്‍ അങ്ങനെയുള്ളവരുടെ രോഗം ഭേദമാക്കാന്‍ പറ്റിയില്ലെങ്കിലും ചികിത്സിച്ച് മോശമാക്കാതിരിക്കുകയും ആരോഗ്യകരവും സാന്ത്വനപ്പെടുത്തുന്നതും വേദന കുറക്കുന്നതുമായ പരിപാലനങ്ങള്‍ നല്‍കുകയും ഒക്കെയാണ് ഇവിടെ ചെയ്യാന്‍ ശ്രമിക്കുന്നത്.' ഇത്രയും ആണ് അദ്ദേഹം ഞങ്ങളോട് പറഞ്ഞത്. ഇതില്‍നിന്നും ഞാന്‍ മനസ്സിലാക്കിയതും പ്രയോഗിക്കുന്നതും ആയ ചില തത്വങ്ങള്‍ ഉണ്ട്. ഒന്നാമത് അസുഖമുണ്ടെന്നു തോന്നുന്ന ഭൂരിഭാഗം ആളുകളുടെയും ആരോഗ്യപരിപാലനത്തിന് (ചികിത്സക്ക് അല്ല) റേക്കി മുതല്‍ എന്തുസംവിധാനത്തിനും സാധിക്കും. ചികിത്സ രീതിയിലും ഡോക്ടറിലും ഉള്ള വിശ്വാസം, ഡോക്ടറും മറ്റു സംവിധാനങ്ങളും ഉള്ള ഒരു ഹെല്‍ത്ത് കെയര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ആരോഗ്യകരമായ അന്തരീക്ഷം, നല്ല ഉപദേശം, ചികിത്സിച്ച് രോഗം മാറ്റിയില്ലെങ്കിലും കൂട്ടാതിരിക്കാനുള്ള അറിവ് ഇത്രയും മതി. നമ്മുടെ ആരോഗ്യപരിപാലനസംവിധാനത്തില്‍ ഈ പറഞ്ഞവ മോഡേണ്‍ മെഡിസിനുള്‍പ്പെടെ പ്രാക്ടീസ് ചെയ്യുന്ന സ്ഥലങ്ങളില്‍ ലഭ്യമല്ല. രോഗികളുടെ ബാഹുല്യവും ആരോഗ്യപരിപാലനരംഗത്ത് ആവശ്യത്തിന് മുതല്‍ മുടക്കില്ലാത്തതും കാരണം ഭൂരിഭാഗം ആശുപത്രികളിലും, അത് ഏതുവൈദ്യശാഖ ആയാലും, വൃത്തിയോ വെടിപ്പോ ഇല്ല. അതുകൊണ്ടുതന്നെ പനിയുമായി ആശുപത്രിയില്‍ എത്തുന്ന ആള്‍ വയറിളക്കവുമായി തിരിച്ചുപോകേണ്ടിവരുന്നു. രോഗം നിര്‍ണ്ണയിക്കുന്നതിലെ പിഴവുകള്‍, മരുന്നിലെ മായം, മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ എല്ലാം രോഗിയുടെ നിലയെ എല്ലാ സംവിധാനങ്ങളിലും ബാധിക്കുന്നു. ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്റെ പ്രയോഗത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ ഒരു പൊതുനയം ഇല്ല. ചില രാജ്യങ്ങളില്‍ ചില ചികിത്സാരീതികള്‍ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. മറ്റു ചിലവ സ്വന്തം ചിലവില്‍ നടത്തമെന്നല്ലാതെ സര്‍ക്കാര്‍ സംവിധാനങ്ങളിലോ ഇന്‍ഷുറന്‍സ് ചിലവിലോ നടത്താന്‍ പറ്റില്ല. ഇന്ത്യയില്‍ പല വൈദ്യശാഖകള്‍ക്കും സര്‍ക്കാറിന്റെ അംഗീകാരം ഉണ്ടെന്നു മുന്‍പേ പറഞ്ഞല്ലോ. ഈ കാര്യത്തില്‍ സ്വിറ്റ് സര്‍ലാണ്ടിലെ രീതി എനിക്കിഷ്ടമാണ്. രോഗികളെ ചികിത്സിക്കുന്ന എല്ലാ ഡോക്ടര്‍മാരും മോഡേണ്‍ മെഡിസിന്‍ പഠിച്ചവരായിരിക്കണം എന്നതാണ് ഒന്നാമത്തെ കണ്ടീഷന്‍. പക്ഷെ മോഡേണ്‍ മെഡിസിനില്‍ അടിസ്ഥാന പഠനത്തിനു ശേഷം മറ്റു ആള്‍ട്ടര്‍നേറ്റീവ് വൈദ്യശാഖകളില്‍ പഠനം നടത്താനും പ്രാക്ടീസ് നടത്താനും ഡോക്ടര്‍മാര്‍ക്ക് അനുമതിയുണ്ട്. അതുപോലെ ആള്‍ട്ടര്‍നേറ്റീവ് വൈദ്യത്തെ ആശ്രയിക്കാന്‍ രോഗികള്‍ക്കും ഇതിന്റെ ചിലവ് ഇന്‍ഷുറന്‍സ് കമ്പനികള്‍ വഹിക്കുകയും ചെയ്യും. എല്ലാ വൈദ്യസംവിധാനങ്ങളും എല്ലാവര്‍ക്കും ലഭ്യമാണെന്നും ആശുപത്രികള്‍ വൃത്തിയുള്ളവയാണെന്നും പ്രത്യേകം പറയേണ്ടല്ലോ. ഇതൊക്കെയാണെങ്കിലും അത്യാവശ്യഘട്ടങ്ങളില്‍ ഒഴിച്ച് ഞാന്‍ കണ്‍സള്‍ട്ടേഷനും ചികിത്സയും ഒക്കെ നടത്തുന്നത് നാട്ടിലാണ്. കാരണം ഇവിടുത്തെ ഡോക്ടര്‍മാരുടെ ഒരു പ്രത്യേക രീതിയാണ്. നമ്മോട് എല്ലാ രോഗവിവരവും അന്വേഷിച്ച ശേഷം അവര്‍ ഒരു തടിയന്‍ ബുക്കെടുത്തുവെച്ച് അതില്‍ നോക്കിയാണ് മരുന്നു കുറിക്കുന്നത്. നമ്മുടെ നാഡിയിടിപ്പും നാക്കിന്റടിയിലും ഒന്നോടിച്ചു നോക്കി മിനുട്ടുകള്‍ക്കകം കുറിപ്പെഴുതുന്ന ഡോക്ടര്‍മാരെ പരിചയിച്ചുപോന്ന വെങ്ങോലക്കാരന് പുസ്തകം നോക്കി മരുന്നു കണ്ടു പിടിക്കുന്ന ഡോക്ടര്‍മാരെ അല്പം സംശയത്തോടെയേ നോക്കാന്‍ പറ്റൂ. എന്നാലും രണ്ടു കാര്യങ്ങള്‍ കൂടെ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. തിരക്കു കുറഞ്ഞ ആശുപത്രികളിലേ പോകാറുള്ളൂ, കുറിച്ചു തരുന്ന മരുന്ന് ചുരുങ്ങിയത് നാല്പത്തിയെട്ട് മണിക്കൂര്‍ കഴിഞ്ഞേ കഴിച്ചു തുടങ്ങാറുള്ളൂ. അതുകൊണ്ടുതന്നെ കഴിച്ച മരുന്നിനേക്കാള്‍ കഴിക്കാത്ത മരുന്നാണ് എനിക്ക് ഇതുവരെ കൂടുതല്‍ ആശ്വാസം തന്നിട്ടുള്ളത്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment