Sunday, 25 November 2012

[www.keralites.net] Palestine- An article from mathrubhumi

 

വി.ടി. സന്തോഷ്‌കുമാര്‍


പലസ്തീന്റെ വെസ്റ്റ്ബാങ്കില്‍ ഇസ്രായേലിന്റെ 522 ചെക്ക് പോയന്റുകളുണ്ട്. അതിര്‍ത്തിയിലല്ല, രാജ്യത്തിനുള്ളിലാണീ റോഡുതടസ്സങ്ങളും സുരക്ഷാപരിശോധനയും. മറുഭാഗത്തുള്ള കൊച്ചു ഗാസയെയാകട്ടെ കരയിലും കടലിലും ആകാശത്തും നിന്നുള്ള ഉപരോധങ്ങള്‍വഴി വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുകയാണ്.

സ്വന്തംരാജ്യത്ത് ശത്രുക്കള്‍ സ്ഥാപിച്ച ഈ ചെക്ക്‌പോയന്റുകള്‍ക്കും ഉപരോധങ്ങള്‍ക്കുമിടയില്‍ മുടന്തി നീങ്ങുകയാണ് ശരാശരി പലസ്തീന്‍കാരന്റെ ദൈനംദിന ജീവിതം. വീട്ടിലെത്തിച്ച്, മക്കള്‍ക്ക് വേവിച്ചു കൊടുക്കാനുള്ള അരിയുമായി ഒരു ചെക്ക്‌പോയന്റ് പിന്നിട്ട് മറ്റൊന്നില്‍ കാത്തുകിടക്കേണ്ടിവരുന്ന ഏതൊരു പലസ്തീന്‍കാരനും അവസരംകിട്ടിയാല്‍ ഇസ്രായേലിനു നേരേ ഒരു കല്ലെങ്കിലുമെറിയാന്‍ തോന്നിപ്പോകും. രോഷം ഇത്തിരി കൂടുതലുള്ളവര്‍ നമ്മുടെ എലിവാണം പോലത്തെ റോക്കറ്റുണ്ടാക്കി തൊടുത്തുവിടും. പ്രാകൃതമായ ഈ റോക്കറ്റ് മിക്കപ്പോഴും ലക്ഷ്യത്തിലെത്തില്ല. എത്തിയാല്‍ത്തന്നെ വലിയ അപകടമൊന്നുമുണ്ടാവുകയുമില്ല.

ഈ റോക്കറ്റാക്രമണത്തിന്റെ പേരുപറഞ്ഞാണ് ഇസ്രായേല്‍ സൈന്യം പലസ്തീനിലെ പിഞ്ചുകുഞ്ഞുങ്ങളെപ്പോലും കൊന്നൊടുക്കുന്നത്, അവരെ തീവ്രവാദികളായി ചിത്രീകരിക്കുന്നത്, അവര്‍ ലോകത്തിനുതന്നെ ഭീഷണിയാണെന്ന് സ്ഥാപിക്കുന്നത്. ഈ റോക്കറ്റാക്രമണങ്ങളുടെ പേരുപറഞ്ഞാണ് സ്വയം പ്രതിരോധിക്കാനുള്ള അവകാശമെന്ന് പേരിട്ട് അമേരിക്ക ഇസ്രായേലിന്റെ കടന്നാക്രമണങ്ങള്‍ക്ക് ചൂട്ടുപിടിക്കുന്നത്.

ഏറ്റവുമൊടുവില്‍ ഈ നവംബര്‍ 14-ന് തുടങ്ങി 21 വരെ നീണ്ട വ്യോമാക്രമണപരമ്പരയ്ക്കും ഇസ്രായേല്‍ പഴിചാരുന്നത് ഗാസ ഭരിക്കുന്ന ഹമാസ് നടത്തിയതായിപ്പറയുന്ന റോക്കറ്റാക്രമണത്തെയാണ്. ഹമാസിന്റെ പ്രതിരോധ ഉപമേധാവി അഹമ്മദ് ജാബരിയെ വ്യോമാക്രമണത്തില്‍ വധിച്ചുകൊണ്ടായിരുന്നു ഇസ്രായേലിന്റെ 'പ്രത്യാക്രമണത്തിന്റെ' തുടക്കം. 'പ്രതിരോധ സ്തംഭം' എന്ന് പേരിട്ട സൈനികനടപടി എട്ടുദിവസം പിന്നിട്ടപ്പോള്‍ 177 പലസ്തീനികള്‍ മരിച്ചെന്ന് ഇസ്രായേല്‍ തന്നെ പറയുന്നു. ഇതില്‍ 30 പേര്‍ പിഞ്ചു കുഞ്ഞുങ്ങളാണ്. പരിക്കേറ്റവരുടെ എണ്ണം ആയിരത്തിലേറെയാണ്.

ഹമാസിന്റെ റോക്കറ്റാക്രമണങ്ങളായിരുന്നില്ല, ഇസ്രായേലിലെ രാഷ്ട്രീയക്കളികളാണ് ഇപ്പോഴത്തെ കടന്നാക്രമണത്തിന് കാരണമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടുത്ത ജനവരിയില്‍ തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. തകര്‍ന്ന സമ്പദ് മേഖലയുള്‍പ്പെടെ ഒട്ടേറെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ വലയുന്ന അദ്ദേഹത്തിന്റെ നില തിരഞ്ഞെടുപ്പില്‍ ഒട്ടും ഭദ്രമല്ല. ഹമാസിനെതിരെ ആക്രമണമഴിച്ചുവിട്ട് ദേശീയവികാരമിളക്കിവിട്ടാല്‍ ലേബര്‍ നേതാവ് ഷെല്ലി യാച്ചിമോവിച്ചിന്റെയും തിരിച്ചുവരവിന് ശ്രമിക്കുന്ന മുന്‍പ്രധാനമന്ത്രി എഹൂദ് ഒല്‍മെര്‍ട്ടിന്റെയും വഴിയടയ്ക്കാന്‍ കഴിയുമെന്ന് നെതന്യാഹുവിനറിയാം. രാജ്യം ഭീഷണി നേരിടുകയാണെന്ന് സ്ഥാപിക്കാനായാല്‍ സര്‍ക്കാറിനെ വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളെന്ന് മുദ്രകുത്താനെളുപ്പമാണല്ലോ.

നവംബര്‍ എട്ടിന് ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിനുള്ള മറുപടിയായിരുന്നു നവംബര്‍ 14-ന്റെ വ്യോമാക്രമണം എന്നവാദം പൊള്ളയാണെന്ന് തെളിയിക്കാന്‍ ഈ രാഷ്ട്രീയവിശകലനത്തിന്റെ ആവശ്യമൊന്നുമില്ല. മാനസികപ്രശ്‌നങ്ങളുള്ള ഒരു പലസ്തീന്‍കാരനെ നവംബര്‍ നാലിന് ഇസ്രായേല്‍ സേന വധിച്ചിരുന്നു. നവംബര്‍ എട്ടിന് 13 വയസ്സുള്ള ഒരു ബാലനെ കൊന്നു. അതിനുശേഷമാണ് തിരിച്ച് റോക്കറ്റാക്രമണമുണ്ടായത്. അല്‍ ജാബരിയെപ്പോലൊരു ഉന്നതനേതാവിനെ വധിക്കാന്‍ മാസങ്ങള്‍ക്കുമുമ്പേ ഇസ്രായേല്‍ സൈന്യം പദ്ധതിയിട്ടിട്ടുണ്ടാവുമെന്നാണ് ഇസ്രായേലി ദിനപ്പത്രമായ ഹാരേറ്റ്‌സിന്റെ എഡിറ്റര്‍ അലൂഫ് ബെന്‍ തന്നെ പറയുന്നത്. അതിനുപിന്നില്‍ ഇസ്രായേലിന് നിഗൂഢ ലക്ഷ്യങ്ങള്‍ വേറെയുണ്ടാകാമെന്ന് ഇസ്രായേലിനെ നന്നായറിയാവുന്നവര്‍ കരുതുന്നു.

നിഗൂഢമായ ലക്ഷ്യങ്ങളും നീചമായ ആക്രമണപദ്ധതികളും ഇസ്രായേല്‍ എന്ന രാജ്യത്തിന്റെ കൂടപ്പിറപ്പാണ്. 369 പലസ്തീന്‍ ഗ്രാമങ്ങളില്‍നിന്ന് അന്നാട്ടുകാരെ തുരത്തിയോടിച്ച് 1948-ല്‍ ഇസ്രായേല്‍ എന്ന രാജ്യം സ്ഥാപിച്ചതുതന്നെ ഒരു ചതിയിലൂടെയായിരുന്നല്ലോ. സൈനികശക്തിയും ഗൂഢതന്ത്രങ്ങളുമുപയോഗിച്ച് പലസ്തീന്‍ ജനതയെ ഇസ്രായേല്‍ വരിഞ്ഞുമുറുക്കുന്നതാണ് പിന്നീട് കണ്ടത്. കാലക്രമേണ പലസ്തീന്‍കാരെ വെസ്റ്റ്ബാങ്കിലും ഗാസയിലുമായി ഒതുക്കി. പിന്നെ അവിടെനിന്നും അവരെ തുരത്താനുള്ള വഴികള്‍ നോക്കി. ഇതിനിടെ പലസ്തീനുള്ളില്‍ ഇസ്രായേല്‍ 703 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളൊരു വന്‍മതില്‍ പണിതു. ആറുലക്ഷത്തോളം സായുധജൂതരെ പലസ്തീന്‍പ്രദേശത്ത് താമസിപ്പിച്ചു. ആ കുടിയേറ്റകേന്ദ്രങ്ങളുടെ വിസ്തൃതി പതുക്കെപ്പതുക്കെ വര്‍ധിപ്പിച്ചു. ഇപ്പോള്‍ സ്വന്തംനാട്ടിലെ 40 ശതമാനം ഭൂഭാഗത്തും പലസ്തീന്‍കാര്‍ക്ക് ഒരധികാരവുമില്ല.

പലസ്തീന്‍ വിമോചനമുന്നണിയായ ഫാത്തായെ വിഘടിപ്പിച്ചതും ഹമാസ് എന്നൊരു വിഭാഗത്തെയുണ്ടാക്കിയതും അവരെ തമ്മിലടിപ്പിച്ചതും ഇസ്രായേല്‍ തന്നെയാണെന്ന് കരുതുന്നവരുണ്ട്. എന്നാല്‍, വെസ്റ്റ് ബാങ്കിലെ പലസ്തീന്‍അതോറിറ്റിയുടെ അധികാരംലഭിച്ച മുഹമ്മദ് അബ്ബാസ് ദുര്‍ബലനായി അമേരിക്കയുടെയും ഇസ്രായേലിന്റെയും കൈയിലെ പാവയായി മാറിയപ്പോള്‍, ഗാസയിലെ ഹമാസ് കുറേക്കൂടി തീവ്ര നിലപാടുകളിലേക്കു മാറി. അതൊടെ ഹമാസായി ഇസ്രായേലിന്റെ മുഖ്യ ശത്രു. ഐക്യരാഷ്ട്ര സഭയുടെ നിരീക്ഷണത്തില്‍ 2006-ല്‍ നടന്ന സ്വതന്ത്രമായ തിരഞ്ഞെടുപ്പിലൂടെയാണ് ഹമാസ് ഗാസയില്‍ അധികാരത്തില്‍ വന്നത്. എന്നാല്‍, പലസ്തീന്‍ ജനതയുടെ പിന്തുണയുള്ള ഹമാസിനെ അംഗീകരിക്കാന്‍ അമേരിക്കയും ഇസ്രായേലും ഒരുക്കമല്ല. അവര്‍ തീവ്രവാദികളാണെന്നതാണ് കാരണമായി പറയുന്നത്.

തീവ്രവാദികളായ ഹമാസിനെ തളര്‍ത്താനെന്ന് പറഞ്ഞാണ് ഗാസയ്ക്കുമേല്‍ 2007 മുതല്‍ ഇസ്രായേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. കയറ്റുമതി പൂര്‍ണമായും തടഞ്ഞുകൊണ്ടും ഇറക്കുമതി പരിമിതപ്പെടുത്തിക്കൊണ്ടുമുള്ള ഉപരോധത്തില്‍ തളര്‍ന്നു വലയുന്നത് ഗാസയിലെ 15 ലക്ഷത്തോളം വരുന്ന നാട്ടുകാരാണ്. ഹമാസിനെ തളര്‍ത്താന്‍ ഉപരോധം മാത്രം പോരെന്ന് തോന്നിയപ്പോഴാകണം 2008-2009 കാലത്ത് ഇസ്രായേല്‍ അവിടെ നഗ്‌നമായ കടന്നാക്രമണം നടത്തിയത്. അന്ന് മൂന്നാഴ്ചകൊണ്ട് 1400 പലസ്തീനികളെയാണ് കൊന്നൊടുക്കിയത്. കനത്ത ഉപരോധംകാരണം ഒരുചാക്ക് സിമന്റുപോലും കൊണ്ടുവരാന്‍ എളുപ്പമല്ലാത്ത ഗാസയില്‍ അന്ന് തകര്‍ക്കപ്പെട്ട കെട്ടിടങ്ങളധികവും അതുപോലെ കിടക്കുകയാണിപ്പോഴും. ഈ നില തുടര്‍ന്നാല്‍ 2020 ആകുമ്പോഴേക്കും ഗാസ താമസയോഗ്യമല്ലാതാവുമെന്നാണ് ഐക്യരാഷ്ട്രസഭ തന്നെ മുന്നറിയിപ്പ് നല്‍കുന്നത്. അതുതന്നെയായിരിക്കണം ഇസ്രായേലിന്റെ പദ്ധതി.

സ്വന്തമായി സൈന്യമുണ്ടാക്കാനോ ആയുധങ്ങള്‍ സംഭരിക്കാനോ അവകാശമില്ലാത്ത, സ്വന്തമായി ഒരു രാജ്യം തന്നെയില്ലാത്ത ജനതയ്ക്കുമേലാണ് ബാലിശമായ കാരണങ്ങള്‍ ഉന്നയിച്ച് ഇസ്രായേല്‍ ഇടയ്ക്കിടെ ഏകപക്ഷീയമായ കടന്നാക്രമണങ്ങള്‍ നടത്തുന്നത്. പതിനഞ്ചോ ഇരുപതോ കിലോമീറ്റര്‍ മാത്രം സഞ്ചരിക്കാന്‍ ശേഷിയുള്ള, തദ്ദേശീയമായി വികസിപ്പിച്ച ഖ്വാസം, കറ്റിയൂഷാ റോക്കറ്റുകളാണ് ഹമാസിന്റെ കൈയിലുള്ള ഏക ആയുധം. അത്തരം ആയിരത്തിലേറെ റോക്കറ്റുകള്‍ ഇത്തവണ ഇസ്രായേലിലേക്ക് തൊടുത്തുവിട്ടു എന്നാണ് ഹമാസ് അവകാശപ്പെടുന്നത്. അതില്‍ പാതിപോലും ലക്ഷ്യത്തിലെത്തിയില്ല. ഈ റോക്കറ്റുവീണ് ആകെ മരിച്ചത് അഞ്ച് ഇസ്രായേലികളും. ഇറാന്‍ നിര്‍മിത റോക്കറ്റുകളാണ് ഹമാസ് ഉപയോഗിക്കുന്നതെന്ന് ഒരു കഥ പ്രചരിപ്പിച്ചിരുന്നെങ്കിലും ഈ ആരോപണം പൊള്ളയാണെന്ന് വൈകാതെ തെളിഞ്ഞു. പേടിപ്പിക്കാനും പ്രകോപിപ്പിക്കാനും മാത്രമേ ഹമാസിന്റെ റോക്കറ്റുകള്‍ക്കാവൂ, എന്നാല്‍, ഇസ്രായേലിന്റെ ബോംബുകള്‍ ഒരു ജനതയെ കൊന്നൊടുക്കുകയാണ്. ബോംബ് വീഴുമ്പോള്‍ മുന്നറിയിപ്പ് നല്‍കാനുള്ള സൈറണുകള്‍പോലുമില്ല ഗാസയില്‍, ഒളിക്കാന്‍ ഷെല്‍ട്ടറുകളുമില്ല.

ഈ യുദ്ധത്തില്‍ തങ്ങളാണ് ജയിച്ചതെന്ന് വെടിനിര്‍ത്തല്‍ നിലവില്‍വന്നപ്പോള്‍ ഹമാസ് അവകാശപ്പെടുകയുണ്ടായി. സ്‌ഫോടനശേഷിയില്ലാത്ത എലിവാണം പോലൊരു അവകാശവാദം. തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ക്കുകയെന്ന ലക്ഷ്യംനേടിയതായി ഇസ്രായേലും പറയുന്നു. ആക്രമണം എന്ന ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ഇസ്രായേലിന് വേണ്ടത്രസമയം അനുവദിച്ച ശേഷമാണ് അമേരിക്ക വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ തുടങ്ങിയത് എന്നതുകൊണ്ടുതന്നെ ഈ അവകാശവാദം ശരിയായിരിക്കണം. ഹമാസുമായി ബന്ധമുള്ള, ഇസ്‌ലാമിക് ബ്രദര്‍ഹുഡിന്റെ മുഹമ്മദ് മുര്‍സി ഭരിക്കുന്ന ഈജിപ്ത് അതിനു മുമ്പുതന്നെ സമാധാനശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും അതൊന്നും ഫലവത്തായിരുന്നില്ല.അതുകൊണ്ടുതന്നെ ബുധനാഴ്ച നിലവില്‍വന്ന വെടിനിര്‍ത്തലിനെ ഇസ്രായേലിന്റെ കടന്നാക്രമണത്തിന്റെ താത്കാലിക വിരാമമായി മാത്രമേ കാണാനാവൂ. ഗാസയെയും പശ്ചിമേഷ്യയെയും വരിഞ്ഞുമുറുക്കിക്കൊണ്ട് ഉപരോധങ്ങള്‍ തുടരുമ്പോള്‍, കുടിയേറ്റകേന്ദ്രങ്ങളുടെ രൂപത്തില്‍ രാജ്യത്തിനകത്തുതന്നെ കൊച്ചുകൊച്ചു ഇസ്രായേലുകള്‍ വളര്‍ന്നുവരുമ്പോള്‍, കൂട്ടക്കൊലകള്‍ തുടരുമ്പോള്‍ പലസ്തീന്‍കാര്‍ക്ക് സമാധാനമായി കഴിയാനാവില്ല. പലസ്തീന്‍കാര്‍ക്കു സമാധാനം ലഭിക്കാതെ പശ്ചിമേഷ്യയില്‍ ശാന്തി പുലരുകയുമില്ല.
--
Salam
Regards,

Muhammed Shazveer.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment