 | | തിരുവനന്തപുരം: എം.ജി. റോഡിലെ കെ.എഫ്.സിയില്‍നിന്നു വാങ്ങിയ ചിക്കനില്‍ പുഴു. ഭക്ഷ്യസുരക്ഷാ അധികൃതരുടെ പരിശോധനയെത്തുടര്‍ന്നു റസ്‌റ്റോറന്റ് അടച്ചുപൂട്ടി. തിങ്കളാഴ്‌ച വൈകിട്ടാണു സംഭവം. പുളിമൂടിനു സമീപമുള്ള കെ.എഫ്.സിയില്‍നിന്നു ഭക്ഷണം കഴിച്ച പാങ്ങോട് സ്വദേശിയായ ഷിജു അക്‌ബറും കുടുംബവുമാണു ചിക്കനില്‍ നിറയെ പുഴുക്കളെ കണ്ടെത്തിയത്. പരാതി പറഞ്ഞ ഇവരെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തി. 300 ഡിഗ്രിയില്‍ ചൂടാക്കിയ ചിക്കനില്‍ പുഴുവരില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ തണുത്ത ചിക്കനിലാണു പുഴു കണ്ടതെന്നു ഷിജു പറഞ്ഞു. വിവരമറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരെ റസ്‌റ്റോറന്റിലേക്കു കടത്തി വിടാതെ ജീവനക്കാര്‍ തടഞ്ഞുവച്ചു. റസ്‌റ്റോറന്റിലെ തര്‍ക്കങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ ജീവനക്കാര്‍ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. തങ്ങളുടെ ചിക്കനില്‍നിന്നല്ല പുഴുക്കള്‍ കണ്ടെത്തിയത് എന്നായിരുന്നു ജീവനക്കാരുടെ വാദം. ചിക്കന്‍ പുറത്തുനിന്നു കൊണ്ടുവന്നതാണെന്നും അവര്‍ അവകാശപ്പെട്ടു. എന്നാല്‍, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്‌ഥര്‍ നടത്തിയ പരിശോധനയില്‍ പുഴുക്കള്‍ കെ.എഫ്.സിയുടെ ചിക്കനില്‍നിന്നാണെന്നു സ്‌ഥിരീകരിച്ചു. ആറു മാസം പഴക്കമുള്ള കോഴി ഇറച്ചിയും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്‌ഥരുടെ പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് ഷോപ്പ് അടച്ചുപൂട്ടാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നിര്‍ദേശം നല്‍കുകയായിരുന്നു. |