Sunday, 7 October 2012

[www.keralites.net] ബാറും മറ്റേ ബാറും

 

ബാറും മറ്റേ ബാറും



ഇന്ദ്രന്‍



മദ്യപാനം പൗരാവകാശപ്രശ്‌നം ആക്കിയതില്‍ മദ്യ ഉപഭോക്താക്കള്‍ക്ക് 
അതിയായ സന്തോഷമുണ്ട്. കള്ളോ ബിയറോ എന്ന് നിശ്ചയിക്കാനേ പൗരസ്വാതന്ത്ര്യമുള്ളൂ, കള്ളോ വ്യാജക്കള്ളോ എന്ന് തീരുമാനിക്കാന്‍ അതില്ല

ബിയറിന്റെയും കള്ളിന്റെയും ഗുണദോഷങ്ങള്‍ സംബന്ധിച്ച് ഗവേഷണമോ പഠനമോ ഒന്നും ലോകോളേജ് സിലബസ്സില്‍പെടുത്തിയതായി അറിവില്ല. നിയമപുസ്തകത്തിലും കാണില്ല അതുസംബന്ധിച്ച വകുപ്പുകള്‍. പിന്നെയെങ്ങനെയാണ് കള്ളല്ല ബിയറാണ് നല്ലത് എന്ന് ഹൈക്കോടതി ജസ്റ്റിസ് പറയുക? പറഞ്ഞിരിക്കാനിടയില്ല. തീര്‍ച്ചയായും ഏത് ഇന്ത്യന്‍ പൗരനുമുള്ള അഭിപ്രായസ്വാതന്ത്ര്യം ജസ്റ്റിസിനുമുണ്ട്. സ്വാനുഭവം ആര്‍ക്കും ജനങ്ങളുമായി പങ്കുവെക്കാം. മുന്തിയസാധനം ഏത് എന്ന് സ്വാനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പറയാം. ഇത് നിയമവ്യാഖ്യാനത്തിന്റെ പരിധിയിലൊന്നും വരില്ല. ഈ വിഷയത്തില്‍ ആധികാരികത ഉള്ളവര്‍ കോടതി ബാറിലല്ല മറ്റേ ബാറിലാണ് കൂടുതല്‍ എന്നുമാത്രം. 
കള്ളോളം നല്ലൊരു വസ്തു ഭൂലോകത്തില്ലെടി... എന്നാണ് കാവ്യത്തില്‍ പറഞ്ഞിട്ടുള്ളത്. അത് തനത് കേരളീയ ജ്ഞാനവുമാണ്. കള്ളുകുടിയന്‍ എന്നത് പണ്ടേ ഒരു ശകാരപദമാണെന്നത് വേറെ കാര്യം. ഇന്ന് കള്ളോളം മോശമായ വസ്തു ഭൂലോകത്തില്ല എന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് ബഹു.കോടതി കള്ളിന് പകരം ബിയറുകുടിച്ചുകൂടേ എന്ന് ചോദിച്ചത്. ജസ്റ്റ്എ കമെന്റ്. ലഹരി കുറഞ്ഞ മദ്യം എന്നതാണോ കള്ളിന്റെ ഏക യോഗ്യത? എങ്കില്‍ ബിയര്‍പോലും സബ്സ്റ്റിറ്റിയൂട്ട് വേണ്ട. റമ്മായാലും നല്ലോണം ഡയല്യൂട്ട് ആക്കിയാല്‍ ലഹരികുറയ്ക്കാം. മദ്യവിഷയത്തില്‍ ജസ്റ്റിസിന്റെ ജ്ഞാനത്തെക്കുറിച്ച് പൊതുജനത്തിന് വലിയ മതിപ്പുണ്ടാകാനിടയില്ല. കള്ളുകുടിക്കുന്നവരാരും ജസ്റ്റിസ് പറയുന്നതുകേട്ട് അതുനിര്‍ത്തി ബിയര്‍ കുടിക്കില്ല. മദ്യവിഷയത്തില്‍ ഗാന്ധി പറഞ്ഞത് കേട്ടിട്ടില്ല; പിന്നല്ലേ ജസ്റ്റിസ്. 

കള്ളുകുടിക്കണമോ ബിയര്‍ കുടിക്കണമോ എന്ന് ജനം തീരുമാനിക്കും എന്ന് മന്ത്രി ബാബു പറഞ്ഞു. മദ്യപാനം പൗരാവകാശപ്രശ്‌നം ആക്കിയതില്‍ മദ്യ ഉപഭോക്താക്കള്‍ക്ക് അതിയായ സന്തോഷമുണ്ട്. കള്ളോ ബിയറോ എന്ന് നിശ്ചയിക്കാനേ പൗരസ്വാതന്ത്ര്യമുള്ളൂ, കള്ളോ വ്യാജക്കള്ളോ എന്ന് തീരുമാനിക്കാന്‍ അതില്ല. ഇന്ന് കള്ള് കള്ളുഷാപ്പുകളിലില്ല എന്ന് സ്‌കൂള്‍കുട്ടികള്‍ക്കും അറിയാം. കള്ളുവ്യവസായമില്ല, കള്ളവ്യവസായമേ ഉള്ളൂ. ഒരു തെങ്ങുപോലും ചെത്താതെ കള്ളുഷാപ്പ് നടത്താം. കള്ള് വകുപ്പുമന്ത്രിക്ക് ഇതിലൊന്നും ധാര്‍മികരോഷമില്ല, കള്ള് വ്യവസായം നിര്‍ത്തണമെന്ന് കോടതി പറഞ്ഞതിലേ രോഷമുള്ളൂ.
മദ്യവില്പന വൈകുന്നേരം മതിയെന്ന അഭിപ്രായത്തോട് പൊതുവേ യോജിപ്പാണ് മദ്യപാനികള്‍ക്കു പോലുമുള്ളത്. പണ്ടാരം തുറന്നുവെക്കുന്നതുകൊണ്ടല്ലേ രാവിലെത്തന്നെ പോയി സേവിക്കാനുള്ള പ്രലോഭനത്തിന് വഴങ്ങിപ്പോകുന്നത്. വൈകുന്നേരം മതി. അത്യാവശ്യക്കാര്‍ വീട്ടിലോ ലോഡ്ജ് മുറിയിലോ വാങ്ങി സൂക്ഷിച്ചുകൊള്ളും. ബിവറേജസ് കോര്‍പ്പറേഷന്റെ കട വൈകുന്നേരമേ തുറക്കാവൂ എന്ന് വ്യവസ്ഥചെയ്യരുതെന്ന് മാത്രം. അങ്ങനെ ചെയ്താല്‍ ഇപ്പോള്‍ കാണുന്ന ക്ഷമയും മാന്യതയുമെല്ലാം മദ്യപാനികള്‍ കൈവിട്ടെന്ന് വരും. ബിവറേജസ്സിന് മുന്നില്‍ ക്രമസമാധാനം പാലിക്കാന്‍ പോലീസ് സന്നാഹം വേണ്ടിവരും. ട്രാഫിക് ഐ.ജി., ജയില്‍ ഐ.ജി. എന്നിവയ്ക്ക് പുറമേ ബിവറേജസ് ഐ.ജി. എന്നൊരു പോസ്റ്റും വേണ്ടിവരും. മദ്യക്കച്ചവടം നഷ്ടക്കച്ചവടമായി മാറും. ആകെ പുലിവാലാകും.
വിവാദത്തിലുള്ള ലഹരി തത്കാലം ശമിപ്പിക്കാന്‍ മദ്യവിവാദവും പ്രയോജനപ്പെടുമെന്നല്ലാതെ ജനത്തിന് ഒരു പ്രയോജനവുമില്ല. നിരോധനമോ വര്‍ജനമോ വേണ്ടത്, നിരോധനം കൊണ്ട് വ്യാജന്‍ ഉണ്ടാവുകയല്ലേ ഉള്ളൂ, ദിവസവും രണ്ട് പെഗ്ഗ് കഴിക്കുന്നത് ശരീരത്തിന് നല്ലതല്ലേ, നിരോധനം ലോകത്തെവിടെയെങ്കിലും വിജയിച്ചിട്ടുണ്ടോ, വ്യാജക്കള്ളിനേക്കാള്‍ നല്ലത് ബിയറല്ലേ, കോഴിയാണോ കോഴിമുട്ടയാണോ ഭൂമിയില്‍ ആദ്യം ഉണ്ടായത് തുടങ്ങിയ ചര്‍ച്ചകള്‍ സൂര്യന്‍ കിഴക്കുദിക്കുന്ന കാലത്തോളം തുടരും, മദ്യപന്റെ കുടുംബം കുളം തോണ്ടിക്കൊണ്ടിരിക്കും. സര്‍ക്കാര്‍ ഖജാനകള്‍ നിറഞ്ഞിരിക്കുകയും ചെയ്യും. 

* * * * 

അതിനിടെയാണ് മുസ്‌ലിംലീഗിന് പെട്ടെന്ന് മദ്യവിരോധം ഉണ്ടായത്. പഴയ പാപങ്ങള്‍ക്ക് പശ്ചാത്താപം ഉണ്ടാകുന്നത് തെറ്റല്ല. 1967-ലെ സപ്തകക്ഷി മുന്നണിഭരണമാണ് സംസ്ഥാനത്തെ മദ്യനിരോധനം എടുത്തുകളഞ്ഞത്. ആ മന്ത്രിസഭയില്‍ മുസ്‌ലിംലീഗും ഉണ്ടായിരുന്നു. മന്ത്രിസ്ഥാനത്തേക്കാള്‍ വലുതല്ല മദ്യവിരോധം. ലീഗ് അന്നും ഇന്നും മദ്യത്തിനെതിരാണ്. കുടിക്കേണ്ടവര്‍ക്ക് കുടിക്കാം. ഞങ്ങള്‍ കുടിക്കില്ല. '67-ലെ മന്ത്രിസഭാംഗമായിരുന്ന ഗൗരിയമ്മ ഇന്ന് മദ്യവിരുദ്ധസമരം ഉദ്ഘാടനം ചെയ്യുമ്പോള്‍ അന്നത്തെ തീരുമാനം തെറ്റായിപ്പോയി എന്ന് തുറന്നുപറഞ്ഞു. മദ്യവിരുദ്ധ സമരം നടത്തുന്ന ഡി.വൈ.എഫ്.ഐ. അത്രത്തോളം പോയില്ല.
ഹിന്ദുക്കളായ ചെത്തുകാരെ തൊഴില്‍രഹിതരാക്കി സമുദായത്തെ നശിപ്പിക്കലാണ് ലീഗിന്റെ ലക്ഷ്യം എന്നുമാത്രം പറയരുത്. പടച്ചോന്‍ പൊറുക്കില്ല. ഹിന്ദുസമുദായത്തെ കുത്തുപാളയെടുപ്പിക്കണമെങ്കില്‍ ലീഗ് ആവശ്യപ്പെടേണ്ടത് മദ്യം ഒരുനിയന്ത്രണവുമില്ലാതെ രാവും പകലും ലഭ്യമാക്കണമെന്നാണ്. താഴ്ന്ന ജാതിക്കാര്‍ കിട്ടുന്ന കൂലിയെല്ലാം ഷാപ്പില്‍ കൊടുത്ത് പാപ്പരാവുകയാണല്ലോ പടച്ചോനേ എന്ന് പണ്ട് ഉച്ചത്തില്‍ മനസ്സുനൊന്ത ഒരു നായര്‍ കാരണവരോട് മറ്റൊരു കാരണവര്‍ പറഞ്ഞതായി കേട്ടിട്ടുണ്ട്. ''കുടിക്കട്ടെ കുടിക്കട്ടെ അതും കൂടിയില്ലെങ്കില്‍ ഇവന്മാരെ പിടിച്ചാല്‍ കിട്ടില്ല.''
നമ്മളെയും തോല്പിച്ചുകളയും. ഇന്ന് ആ പ്രശ്‌നമില്ല. എല്ലാവരെയും സമത്വബോധത്തോടെ ലെവലാക്കാന്‍ മദ്യത്തിന് കഴിയുന്നുണ്ട്. അതുതുടരട്ടെ 

Mathrubhumi 

Nandakumar

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment