'സി.പി.എം. ഒരാളെ ഒളിവില്‍ നിര്‍ത്താന്‍ ശ്രമിച്ചാല്‍ ഉമ്മന്‍ചാണ്ടിയുടെ പോലീസല്ല, പട്ടാളത്തിനു പോലും കണ്ടെത്താനാകില്ല. അതിനുള്ള തെളിവാണു കുഞ്ഞനന്തനെ പിടിക്കാന്‍ കഴിയാതിരുന്നത്. ആരെയെങ്കിലും സംരക്ഷിക്കാന്‍ തീരുമാനിച്ചാല്‍ എന്തു പ്രയാസമുണ്ടായാലും പാര്‍ട്ടി അത് ചെയ്യും'. കേരള മനഃസാക്ഷിയെ ഒന്നാകെ പിടിച്ചുകുലുക്കിയ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യസൂത്രധാരനെന്നു പോലീസ് കണ്ടെത്തിയ സി.പി.എം. നേതാവാണു കുഞ്ഞനന്തന്‍. ആഴ്‌ചകള്‍ നീണ്ടുനിന്ന ഒളിവാസത്തിനുശേഷം കുഞ്ഞനന്തന്‍ നാടകീയമായി പോലീസിനു മുന്നില്‍ കീഴടങ്ങുകയായിരുന്നു. കുഞ്ഞനന്തനെ ഒളിപ്പിച്ചെന്നു പരസ്യമായി ഇങ്ങനെ മേനി നടിക്കുന്നത് ആരെന്നോ? 2006-11 കാലത്ത് സംസ്‌ഥാനം ഭരിച്ച ആഭ്യന്തരമന്ത്രിയും ഇപ്പോള്‍ പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്‌ണന്‍. ഇവിടെ ചങ്ങലയ്‌ക്കു ഭ്രാന്തു പിടിച്ചോ എന്നു ജനത്തിനു തോന്നിയാല്‍ അവരെ കുറ്റപ്പെടുത്താനാവുമോ? കേരളത്തിലെ ഇന്നത്തെ സി.പി.എമ്മിന്റെ യഥാര്‍ഥ മുഖമാണിത്. കേരളത്തില്‍ ഭരണഘടനയെയും ക്രമസമാധാനപാലന നിയമങ്ങളെയും ഭരണഘടനാ സ്‌ഥാപനങ്ങളെയും വെല്ലുവിളിക്കുകയും അപമാനിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു സമാന്തര ഭരണവ്യവസ്‌ഥയ്‌ക്കു രൂപം നല്‍കിയിരിക്കുകയാണ് സി.പി.എമ്മും അതിന്റെ നേതൃത്വവും. 'നേതാക്കളെ കുടുക്കി ഈ പാര്‍ട്ടിയെ ഏതു നിലയ്‌ക്കും അടിച്ചമര്‍ത്താനാണു ഭാവമെങ്കില്‍ അതിന് ഇപ്പോഴുളള പോലീസ് പോരാതെവരുമെന്നു മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഓര്‍മിച്ചുകൊള്ളണം' എന്ന പിണറായി വിജയന്റെ ഭീഷണിയും ടി.പി. ചന്ദ്രശേഖരന്റെ തലകൊയ്യുമെന്നു സി.പി.എം. നേതാവ് നടത്തിയ പ്രസംഗവും പോലീസിനെ നേരിടുമെന്ന പി. ജയരാജന്റെ വെല്ലുവിളിയും ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്‌ഥരെ സി.പി.എം. നേതാവ് എളമരം കരിം നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്തിയതും അന്വേഷണ വിവരങ്ങള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരേ സി.പി.എം. നിയമ നടപടി സ്വീകരിച്ചതും ടി.പി. വധക്കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്‌ഥരുടെ ഫോണ്‍ ചോര്‍ത്തിയതും പട്ടികയുണ്ടാക്കി ആളെക്കൊന്നു എന്ന പ്രഖ്യാപനവും എല്ലാം ഇതിന്റെ ചില ഉദാഹരണങ്ങള്‍മാത്രം. ''രാഷ്‌ട്രീയ എതിരാളികളെ ശാരീരികമായി ഇല്ലാതാക്കുകയല്ല, രാഷ്‌ട്രീയമായും പ്രത്യയശാസ്‌ത്രപരമായും എതിര്‍ത്ത് പോരാടുകയാണു പാര്‍ട്ടി നയം'' എന്നു പ്രമേയത്തില്‍ പ്രഖ്യാപിക്കുക. എന്നിട്ട് രാഷ്‌ട്രീയ എതിരാളികളെ നിര്‍ദാക്ഷിണ്യം ക്രൂരമായി ഉന്മൂലനം ചെയ്യുക, ഇതല്ലേ കേരളത്തിലെ സി.പി.എം. തുടരുന്ന നയം? ഈ അടുത്തകാലത്തു നടന്ന കൊലപാതകങ്ങള്‍ മാത്രമെടുത്തു പരിശോധിച്ചാല്‍ ഈ നയം വ്യക്‌തമായി തെളിഞ്ഞുവരില്ലേ? കണ്ണൂരിലെ മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂറിനെ പാടത്തു കൊണ്ടുചെന്നു നിര്‍ത്തി നീണ്ട വിചാരണയ്‌ക്കുശേഷം ശിരസ് ഛേദിച്ച് ക്രൂരമായി കൊലപ്പെടുത്തിയതു സി.പി.എം. ഗുണ്ടകളല്ലേ? സി.പി.എം. വിട്ട് എന്‍.ഡി.എഫില്‍ ചേര്‍ന്ന തലശേരിയിലെ മുഹമ്മദ് ഫസലിനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം. നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും പ്രതികളായി ജയിലഴിക്കുള്ളിലല്ലേ? യു.കെ. സലിം, റയീസ്, കെ.പി. ജിജേഷ് എന്നീ കണ്ണൂരിലെ മൂന്നു സി.പി.എം. പ്രവര്‍ത്തകരുടെ കൊലപാതകത്തിനു പിന്നില്‍ സി.പി.എമ്മാണെന്നു വ്യക്‌തമാക്കി, കൊല്ലപ്പെട്ട യു.കെ. സലീമിന്റെ അച്‌ഛന്‍ കെ.പി. യൂസഫ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ഫസല്‍ വധത്തിനു പിന്നിലെ യഥാര്‍ഥ വസ്‌തുതകള്‍ അറിയാമായിരുന്ന ഈ മൂന്നുപേര്‍ അതു പുറംലോകത്തെ അറിയിക്കുമോ എന്ന ആശങ്കയാണ് ഇവരെ കൊലപ്പെടുത്താന്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ചതത്രേ. പിന്നീടു നടന്ന ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ 11 സി.പി.എം. നേതാക്കള്‍ ഉള്‍പ്പെടെ അറുപതിലധികം സി.പി.എമ്മുകാര്‍ പ്രതികളാണ്. കണ്ണൂരിലെ അഴിക്കോട് എം.എല്‍.എ. ആയിരുന്ന സി.പി.എം. നേതാവിന്റെ 16 വയസുളള പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ, ആ കുട്ടിയുടെ കാമുകനും കണ്ണൂര്‍ നഗരത്തിലെ ഒരു ഇലക്‌ട്രോണിക്‌സ് സ്‌ഥാപനത്തിലെ ജീവനക്കാരനുമായ ഒരു ദരിദ്ര യുവാവിന്റെ മരണം (മദ്യത്തില്‍ വിഷം ചെന്നുള്ള ഈ മരണം ഒരു കൊലപാതകമാണെന്നു നാട്ടുകാര്‍ ഉറച്ചു വിശ്വസിക്കുന്നു), ഈ സമയത്ത് ഒപ്പമുണ്ടായിരുന്ന ഒരു സുഹൃത്തിന്റെ കൊലപാതകം എന്നീ മൂന്നു മരണങ്ങളിലും സി.പി.എമ്മിനുള്ള പങ്ക് അന്വേഷിക്കണമെന്ന വാദവും ശക്‌തമായി ഉയര്‍ന്നുകഴിഞ്ഞു. ഇപ്പോഴിതാ കണ്ണൂര്‍ ജില്ലയിലെ സി.പി.എമ്മിന്റെ ഏറ്റവും പ്രമുഖ നേതാവിന്റെ മകന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയാണെന്നും പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ആക്ഷേപം ഉയര്‍ന്നിരിക്കുന്നു! ഏതെങ്കിലും ഭരണഘടനാ സംവിധാനങ്ങളോടു സി.പി.എമ്മിനു ബഹുമാനമുണ്ടോ? ജുഡീഷ്യറിയെയും സി.എ.ജിയെയും ഗവര്‍ണറെയും സി.ബി.ഐയെയും അവസരം കിട്ടുമ്പോഴൊക്കെ അപഹസിക്കാനും അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനും കിട്ടുന്ന അവസരങ്ങള്‍ സി.പി.എം. എപ്പോഴെങ്കിലും നഷ്‌ടപ്പെടുത്തിയിട്ടുണ്ടോ? പിണറായി വിജയനെ ലാവ്‌ലിന്‍ കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതോടെ ഗവര്‍ണറെ ഭത്സിക്കാനും കോലം കത്തിക്കാനും സി.പി.എമ്മിനു യാതൊരു മടിയും ഉണ്ടായില്ല. ലാവ്‌ലിന്‍ കേസില്‍ ഏഴാം പ്രതിയായ സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍, കോടതി ആവശ്യപ്പെട്ടിട്ടും രണ്ടു തവണ കോടതിയില്‍ ഹാജരായില്ല. എന്നാല്‍, ഫസല്‍ വധക്കേസില്‍ പ്രതികളായി ജയിലില്‍ കിടക്കുന്ന കാരായി രാജനെയും ചന്ദ്രശേഖരനെയും ജയിലില്‍ ചെന്നു കാണാന്‍ പിണറായി വിജയന്‍ സമയം കണ്ടെത്തുകയും ചെയ്‌തു. സി.എ.ജിയുടെ കണ്ടെത്തലുകളുടെ കൂടി അടിസ്‌ഥാനത്തിലാണു ഹൈക്കോടതി ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ. അന്വേഷണം പ്രഖ്യാപിച്ചത്. എന്നാല്‍ ആ വിധി പ്രഖ്യാപിച്ച വി.കെ. ബാലിയെ സ്വാശ്രയ കോളജ് മുതലാളിമാരുടെ ആതിഥേയത്വം സ്വീകരിച്ചുവെന്നു പറഞ്ഞ് കുരുക്കാനും പ്രതീകാത്മകമായി നാടുകടത്തി അരിശം തീര്‍ക്കാനുമാണു സി.പി.എം. ശ്രമിച്ചത്. സി.എ.ജിക്കും ഹൈക്കോടതിക്കും സുപ്രീം കോടതിക്കും അച്യുതാനന്ദനും ഈ വിഷയത്തില്‍ ഒരു ചുക്കും അറിയില്ലെന്നു പ്രഖ്യാപിച്ച് അവര്‍ വിജയനെ കുറ്റവിമുക്‌തനാക്കി, വിഷയം എന്നന്നേക്കുമായി അവസാനിപ്പിച്ചു. വിജയനെ വിമര്‍ശിച്ച അച്യുതാനന്ദനെ പി.ബിയില്‍നിന്നു പുറത്താക്കുകയും ചെയ്‌തു. ഇനി സി.ബി.ഐ. കോടതി വിജയനെ ലാവ്‌ലിന്‍ കേസില്‍ ശിക്ഷിച്ചാലും വിജയന്‍ സി.പി.എം. പി.ബിയിലിരുന്ന ജനത്തിനുനേരേ കൊഞ്ഞനംകുത്തും! കഴിഞ്ഞ ഏതാനും ദിവസങ്ങളായി സി.ബി.ഐയോട് സി.പി.എമ്മിനു സ്‌നേഹം വഴിഞ്ഞൊഴുകുകയാണ്. അനഘ എന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുകയും ആത്മഹത്യ ചെയ്യുകയും ചെയ്‌ത കേസില്‍ ഏക പ്രതിയായ ലതാനായര്‍ നല്‍കിയ മൊഴിയുടെ അടിസ്‌ഥാനത്തില്‍ കേസിലെ വാദിയായ ക്രൈം നന്ദകുമാര്‍ ലതാനായര്‍ക്ക് ഒരു കോടി രൂപ വാഗ്‌ദാനം നല്‍കി എന്ന സി.ബി.ഐയുടെ സത്യവാങ്‌മൂലമാണ് സി.പി.എം. സെക്രട്ടറിയെ ഹര്‍ഷപുളകിതനാക്കിയിരിക്കുന്നത്. സി.പി.എം. നടത്താന്‍ പോകുന്ന പ്രചാരണത്തില്‍ ഈ വിജയം ഉള്‍ക്കൊള്ളിക്കും എന്നും നന്ദകുമാറിന്റെ സാമ്പത്തിക സ്രോതസിനേക്കുറിച്ച് അന്വേഷിക്കണമെന്നും സി.പി.എം. ആവശ്യപ്പെട്ടുകഴിഞ്ഞു. അനഘയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ. പരിശുദ്ധം, ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐയുടെ കൈകള്‍ അശുദ്ധം. ഇങ്ങനെയാണു സി.പി.എം. ഇതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ഇപ്പോഴത്തെ സി.പി.എം. ഇങ്ങനെയാണ്. അവര്‍ രാഷ്‌ട്രീയ പ്രതിയോഗികളെ രാഷ്‌ട്രീയമായും പ്രത്യയശാസ്‌ത്രപരമായും മാത്രമേ എതിര്‍ക്കൂവെന്നു പ്രസംഗിക്കും, പക്ഷേ, ആവശ്യാനുസരണം പ്രതിയോഗികളെ ഉന്മൂലനം ചെയ്യും. അവര്‍ ആവശ്യാനുസരണം ജുഡീഷ്യറിയെയും സി.എ.ജിയെയും ഗവര്‍ണറെയും സി.ബി.ഐയെയും എല്ലാം എതിര്‍ക്കും, അപമാനിക്കും, അപഹസിക്കും. അവരുടെ പോലീസ് അന്വേഷിക്കും. കുറ്റവാളികളെ കണ്ടെത്തും ശിക്ഷിക്കും. പക്ഷേ, തങ്ങളുടെ അനുകൂലികളാണ് എങ്കില്‍ സ്‌ത്രീപീഡനം നടത്തിയാലും പാര്‍ട്ടി ഓഫീസുകളില്‍ സദാചാരവിരുദ്ധ പ്രവര്‍ത്തനം നടത്തിയാലും പട്ടികയുണ്ടാക്കി ആളെക്കൊല്ലും എന്നു പ്രഖിപിച്ചാലും പാര്‍ട്ടി ശിക്ഷ മാത്രമേ ഉണ്ടാകൂ. രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ചുള്ള കേസും ശിക്ഷയും ഉണ്ടാവില്ല. അതായത് ഇത്തരക്കാര്‍ അത്യന്തികമായി നിയമത്തിനു മുന്നില്‍നിന്നു രക്ഷപ്പെടും എന്നര്‍ഥം. ഇനി ഇതാ പാര്‍ട്ടി കോടതിയും വരാന്‍ പോകുന്നു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടിക്കാരുടെ പങ്ക് തെളിയിക്കാനായിരിക്കും പാര്‍ട്ടി കോടതി. പക്ഷേ, ഇത് ഒരു പ്രത്യേകതരം കോടതിയാണ്. ഇവിടെ ആദ്യം വിധി ന്യായം പ്രഖ്യാപിക്കപ്പെടും. പിന്നീടാണ് വാദവും സത്യം കണ്ടെത്തലും ഒക്കെ നടക്കുക! കുറ്റവാളികള്‍ രക്ഷപ്പെടുന്നതാവും വിധിന്യായം എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ? |