Wednesday 15 August 2012

[www.keralites.net] വ്രതത്തിന്‍െറ കാതല്‍

 

വ്രതത്തിന്‍െറ കാതല്‍





അവനവനിലേക്കു തന്നെയുള്ള ഏറെ അര്‍ഥവത്തായ ഒരു തീര്‍ഥയാത്രയാണ് ഇസ്ലാമിലെ വ്രതമെന്നു പറയുന്നതില്‍ തെറ്റില്ല. ആ യാത്രയില്‍ ലോകസ്രഷ്ടാവായ അല്ലാഹു നമുക്ക് കനിഞ്ഞരുളിയ മനസ്സെന്ന കനിയെ വിമലീകരിച്ച, അതിനെ വരണ്ടു വീണ്ടുകീറി ഊഷര ഭൂമിയാക്കിയ പൈശാചിക ശക്തികളെ കണ്ടെത്താനും ആ ദുശ്ശക്തികളെ അടിയോടെ പിഴുതെറിയാനുമുള്ള ദീര്‍ഘിച്ചതും ദുര്‍ഘടം പിടിച്ചതുമായ നിരന്തര പരിശ്രമമാണ് ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനത്തിലൂടെ വിശ്വാസികള്‍ നടത്തുന്നത്.

സ്വന്തത്തിലേക്കുള്ള അന്വേഷണ യാത്ര ജൈത്രയാത്രയാകുന്ന മുറക്ക് വ്രതം അത്യുദ്ഭുതകരമായ മാറ്റം നോമ്പുകാരനില്‍ സൃഷ്ടിക്കുന്നു.തഖ്വാ ബോധം അവന്‍െറ രഹസ്യ പരസ്യ ജീവിതത്തിലെ നിതാന്ത സാന്നിധ്യമായി മാറുന്നു. അതോടെ അഹങ്കാരം ഗര്‍വ്, അസൂയ, കോപം, എടുത്തുചാട്ടം, ശത്രുത, പക, അത്യാഗ്രഹം, കളവ്, ചൂഷണം, പൂഴ്ത്തിവെപ്പ്, അഴിമതി, പലിശ, വ്യഭിചാരം, പീഡനം, തീവ്രവാദം, വര്‍ഗീയത, വഞ്ചന, പിശുക്ക്, ചതി, മദ്യപാനം, ധൂര്‍ത്ത് തുടങ്ങി സകലമാന ദുര്‍വൃത്തികള്‍ക്കുമെതിരെ ഒരു യഥാര്‍ഥ നോമ്പുകാരന്‍ ഒറ്റയാനായി വെണ്‍മഴുവെറിഞ്ഞുകൊണ്ടിരിക്കും. കാരണം ഒരു സത്യവിശ്വാസി തിന്മയുടെ പൂട്ടാണല്ലോ.

തിന്മയുടെ പൂട്ടായതുപോലെ നന്മയുടെ താക്കോലുമാണ് നോമ്പുകാരന്‍. ദൈവഭക്തി, പരലോക ചിന്ത, പശ്ചാത്താപ മനസ്സ്, സത്യസന്ധത, ത്യാഗശീലം, വിനയം, ലാളിത്യം, പരസ്പര ഗുണകാംക്ഷ, പരസ്പര ബഹുമാനം, ക്ഷമ, ദാനശീലം, ആത്മസംയമനം, സത്യസാക്ഷ്യം, വിട്ടുവീഴ്ച, കാരുണ്യം തുടങ്ങി എണ്ണമറ്റ സദ്ഗുണങ്ങളുടെ ആള്‍രൂപമായിരിക്കും ഒരു യഥാര്‍ഥ നോമ്പുകാരന്‍...

പ്രവാചകന്‍െറ ഒരു തിരുവചനത്തില്‍ വന്നതിങ്ങനെ: 'നിങ്ങളിലൊരാള്‍ വ്രതമെടുത്താല്‍ അവന്‍ അനാവശ്യം പറയരുത്, ബഹളം വെക്കരുത്. ആരെങ്കിലും അസഭ്യം പറയുകയോ കലഹിക്കുകയോ ചെയ്താല്‍ ഞാനൊരു നോമ്പുകാരനാണ്, ഞാനൊരു നോമ്പുകാരനാണ് എന്നു പറയട്ടെ.' ഒരു മുസ്ലിം ദാര്‍ശനികന്‍ ഇത്തരം ആളുകളെ തേനീച്ചയോട് ഉപമിച്ചത് എത്ര മനോഹരമായിരിക്കുന്നു. അത് നല്ലതുമാത്രം ശേഖരിക്കുന്നു. നല്ലതുമാത്രം ഉല്‍പാദിപ്പിക്കുന്നു. നല്ലതുമാത്രം സൂക്ഷിക്കുന്നു. നല്ലതുമാത്രം വിതരണം ചെയ്യുന്നു.

വ്യക്തി, കുടുംബം, സമുദായം, രാഷ്ട്രം എന്നിവക്ക് നന്മയുടെ നടപ്പാത കാണിച്ചു കൊടുക്കാനുള്ള നോമ്പിന്‍െറ അസാധാരണ സിദ്ധി കണക്കിലെടുത്ത് ജനസമൂഹങ്ങള്‍ ചരിത്രാതീതകാലം മുതല്‍ക്കേ നോമ്പനുഷ്ഠിച്ചിരുന്നു. രാജാവും പട്ടാളവും കോട്ടയും കൊട്ടാരവും ഇല്ലാത്ത രാജ്യം ഒരു പക്ഷേ ചരിത്രത്തില്‍ കണ്ടെത്താനാവും. പക്ഷേ, നോമ്പെടുക്കാത്ത ഒരു സമൂഹത്തെ -അത് വ്യത്യസ്ത രീതിയിലാണെങ്കില്‍പോലും- നമുക്ക് ചരിത്രത്തില്‍ കണ്ടെത്താനാവില്ല.
ഇസ്ലാമിക വ്രതത്തിന്‍െറ കാതലായ കാര്യം ഖുര്‍ആന്‍ വ്യക്തമാക്കുന്നപോലെ തഖ്വ തന്നെ. മനസ്സിന്‍െറ സമ്പൂര്‍ണ ശുദ്ധീകരണത്തില്‍നിന്ന് തുടങ്ങി ജീവിതത്തിന്‍െറ സകല മേഖലകളെയും അല്ലാഹുവിന്‍െറ കല്‍പനക്കും പ്രീതിക്കുമനുസരിച്ച് കൈകാര്യം ചെയ്യുന്നിടത്തോളം എത്തിനില്‍ക്കുന്ന ഒരു വിശാല അര്‍ഥതാല്‍പര്യമാണ് നോമ്പുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. 

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment