സെറ്റില്‍ മൊട്ടിടുന്ന പ്രണയം, പിന്നെ ഒളിച്ചോട്ടം, തട്ടിക്കൂട്ടിയുള്ള വിവാഹം. സിനിമാതാരങ്ങളുടെ വിവാഹത്തിലേക്കുള്ള പൂര്‍വകര്‍മങ്ങളുടെ ഇത്തരം എത്ര കഥകള്‍ നാം കേട്ടിരിക്കുന്നു. നായികാ നായകന്മാര്‍ ജീവിതത്തിലൊന്നിച്ചത്, പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന യുവാക്കളുമായുള്ള നടിമാരുടെ പ്രണയം വിവാഹത്തില്‍ കലാശിക്കുന്നത്‌്, ഈവിധ സംഭവങ്ങളാല്‍ സമ്പുഷ്‌ടമാണ് മലയാളസിനിമ.
ഇത്തരം ഒളിച്ചോട്ടം, പ്രണയവിവാഹങ്ങള്‍ മാര്‍ത്താണ്ഡവര്‍മയെന്ന രണ്ടാമത്തെ മലയാളസിനിമയില്‍നിന്ന് തുടങ്ങുന്നു. ഈ നിശബ്‌ദ ചിത്രത്തിന്റെ നിര്‍മാതാവ് സുന്ദര്‍രാജും നായിക ദേവകിഭായിയും തമ്മിലുള്ള പ്രണയവും വിവാഹവും അക്കാലത്ത് വാര്‍ത്തയായിരുന്നില്ല. തുടര്‍ന്നുള്ള ഇവരുടെ ജീവിതം മലയാള സിനിമാചരിരതത്തിലെ ഒരു ഏടായി. നാഗര്‍കോവിലിലെ ഒരു അതിനസമ്പന്ന നാടാര്‍ ക്രിസ്‌ത്യന്‍ കുടുംബത്തില്‍ പിറന്ന സുന്ദര്‍രാജ് ജെ.സി. ഡാനിയലിന്റെ ബന്ധുവായിരുന്നു. ഡാനിയല്‍ 'വിഗതകുമാരന്‍' നിര്‍മിക്കുമ്പോള്‍ ആദ്യാവസാനം ഒരു പ്രൊഡക്‌്ഷന്‍ കണ്‍ട്രോളറുടെ ജോലി നിര്‍വഹിച്ചത് സുന്ദര്‍രാജാണ്. ഡാനിയലിന്റെ തകര്‍ച്ചയ്‌ക്ക് സാക്ഷിയായ സുന്ദര്‍രാജിന് പക്ഷേ തന്റെ ബന്ധുവിന്റെ അനുഭവം പാഠമായിരുന്നില്ല. തനിക്കും ഒരു സിനിമ പിടിക്കണമെന്ന ആഗ്രഹം സുന്ദര്‍രാജില്‍ ഉല്‍ക്കടമായി. ഡാനിയലിന്റെ തകര്‍ച്ചയറിയാമായിരുന്ന ബന്ധുക്കള്‍ സുന്ദര്‍രാജിനെ ആവുന്നതും വിലക്കി. പക്ഷേ അദ്ദേഹമുണ്ടോ പിന്മാറുന്നു. തന്റെ വമ്പിച്ച ഭൂസ്വത്ത് വിറ്റുകിട്ടിയ പണംകൊണ്ട് ശ്രീരാജേശ്വരി സ്‌റ്റുഡിയോ നാഗര്‍കോവിലില്‍ തുടങ്ങി. തുടര്‍ന്ന് 'മാര്‍ത്താണ്ഡവര്‍മ'യുടെ നിര്‍മാണം ആരംഭിച്ചു ആ യുവാവ്. ബന്ധുക്കളില്‍നിന്ന് യാതൊരു സഹായവും അദ്ദേഹത്തിന് ലഭിച്ചില്ല. ഷൂട്ടിംഗ് പുരോഗമിക്കുന്തോറും നായികയായിരുന്ന ദേവകി ഭായിയുമായി അദ്ദേഹം അടുത്തു. ഒരു ബ്രാഹ്‌മണ കുടുംബത്തില്‍ പിറന്ന ദേവകിഭായി അക്കാലത്ത് ദക്ഷിണേന്ത്യയിലെ പേരുകേട്ട നടിയായിരുന്നുവത്രെ. ഷൂട്ടിംഗ് പുരോഗമിക്കുന്തോറും ഇരുവരും കൂടുതല്‍ അടുത്തു. ഷൂട്ടിംഗ് തീര്‍ന്നതും രണ്ടുപേരും വിവാഹിതരായി. വ്യത്യസ്‌ത മതസ്‌ഥരായതിനാല്‍ ഇവര്‍ സ്വന്തം വീടുകളില്‍നിന്ന് നിഷ്‌കാസിതരുമായി.
ഇനിയുള്ളത് ഒരു സിനിമാക്കഥ. പകര്‍പ്പവകാശക്കേസില്‍ പരാജയപ്പെട്ട സുന്ദര്‍രാജ് തീര്‍ത്തും പാപ്പരായി. ശേഷിച്ച സ്വത്തും സ്‌റ്റുഡിയോ നിന്ന സ്‌ഥലവും ഉപകരണങ്ങളും നിസാര വിലയ്‌ക്ക് കടം തീര്‍ത്ത സുന്ദര്‍രാജ് പിന്നീട് ജോലി അന്വേഷിച്ച് നാടുചുറ്റി. പലപല ജോലികള്‍ ചെയ്‌ത് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിച്ചേര്‍ത്ത അദ്ദേഹത്തെ ഇന്ന് നാം കാണുമ്പോലെ നടിയായ ഭാര്യ ഉപേക്ഷിച്ചുപോയില്ല. വിവാഹാനന്തരം അവരും സിനിമയില്‍നിന്ന് പുറത്താക്കപ്പെട്ടു. തകര്‍ച്ചയില്‍ നീന്തുന്ന ഭര്‍ത്താവിനെ ഉപേക്ഷിക്കാതെ അദ്ദേഹത്തിന്റെ ദുരിതങ്ങള്‍ തന്റേതായി ആ സ്‌ത്രീ സ്വീകരിച്ചു. ഫലം വിസ്‌മൃതിയുടെ ലോകത്തേക്ക് ആ നടി വളരെപ്പെട്ടെന്ന് തള്ളപ്പെട്ടു.
അച്‌ഛന്‍ തിരുവനന്തപുരത്ത് പത്രപ്രവര്‍ത്തകനായിരുന്നപ്പോള്‍ ഡാനിയലിനെ പലതവണ അഗസ്‌തീശ്വരത്ത് പോയി കണ്ടിരുന്നു. അദ്ദേഹത്തില്‍നിന്ന് സുന്ദര്‍രാജിനെക്കുറിച്ച് കേട്ടറിഞ്ഞ അച്‌ഛന് എങ്ങനെയും മലയാളത്തിലെ രണ്ടാമത്തെ സിനിമാ നിര്‍മാതാവിനെ കാണണമെന്ന് വാശി. ഡാനിയല്‍ നല്‍കിയ വിവരമനുസരിച്ച് അന്വേഷണം നടത്തിയ അച്‌ഛന്‍ അദ്ദേഹത്തെ തിരുവനന്തപുരത്ത് കണ്ണമ്മൂലയിലുള്ള ഒരു റേഷന്‍കടയില്‍ കണ്ടെത്തി. ആ കടയുടെ നടത്തിപ്പുകാരനായി, അരി തൂക്കിക്കൊടുക്കുന്ന സുന്ദര്‍രാജിനെ കണ്ടപ്പോള്‍ അച്‌ഛന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഔപചാരികമായ പരിചയപ്പെടലിന് ശേഷം മാര്‍ത്താണ്ഡവര്‍മയെക്കുറിച്ച് വിശദമായി സുന്ദര്‍രാജില്‍നിന്ന് ചോദിച്ചറിഞ്ഞു എന്റെ പിതാവ്. ദീര്‍ഘനേരത്തെ സംഭാഷണത്തിനിടയില്‍ തന്റെ പത്നിയെ സുന്ദര്‍രാജ് അച്‌ഛന് പരിചയപ്പെടുത്തി. നടിയുടെ യാതൊരു ലക്ഷണവും അശേഷിക്കാത്ത ആ സ്‌ത്രീയില്‍ തനി ഒരു വീട്ടമ്മയെയാണ് അച്‌ഛന്‍ കണ്ടത്. ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞുനിന്നൊരു താരത്തിന്റെ ദുരന്തപര്യവസാനം ഇങ്ങനെയോ എന്നോര്‍ത്ത് അച്‌ഛന്‍ സങ്കടപ്പെട്ടു. പിരിയാന്‍നേരത്ത് സുന്ദര്‍രാജ് അച്‌ഛനോട് ഒരുറപ്പ് ആവശ്യപ്പെട്ടു. ഞാനോ, എന്റെ ഭാര്യയോ ഇവിടെ ജീവിച്ചിരിപ്പുണ്ടെന്ന് എഴുതരുത്. അയല്‍വീട്ടിലുള്ളവര്‍ക്കുപോലും തന്റെ ഭാര്യ ഒരുകാലത്ത് താരത്തിളക്കമുള്ള നടിയായിരുന്നുവെന്ന സത്യമറിയില്ലെന്ന് സുന്ദര്‍രാജ് അച്‌ഛനോട് പറഞ്ഞു. ഒരു പത്രപ്രവര്‍ത്തകന് എത്രനാള്‍ സത്യം കടിച്ചമര്‍ത്തി വയ്‌ക്കാന്‍ കഴിയും. അച്‌ഛന്‍ പ്രവര്‍ത്തിച്ചിരുന്ന 'മലയാളി' ദിനപത്രത്തില്‍ ഒരുദിവസം സുന്ദര്‍രാജിനെക്കുറിച്ചുള്ള ലേഖനം പ്രത്യക്ഷപ്പെട്ടു. അതോടെ സുന്ദര്‍രാജിനെയും ദേവകി ഭായിയെയും ഒരിക്കല്‍കൂടി ലോകം അറിഞ്ഞു. ഭാഗ്യം, ആ ലേഖനത്തിലൂടെ മാര്‍ത്താണ്ഡവര്‍മ എന്ന ചിത്രം മാത്രമല്ല, സുന്ദര്‍രാജും ദേവകി ഭായിയും സിനിമാചരിത്രത്തില്‍ പ്രതിഷ്‌ഠിക്കപ്പെട്ടു.
പില്‍ക്കാലത്ത് എത്ര ഒളിച്ചോട്ടങ്ങള്‍ മലയാളസിനിമ കണ്ടു. തകര്‍ച്ചയില്‍ ഭാഗഭാക്കാകാതെ ഭര്‍ത്താവിനെ ഉപേക്ഷിച്ച് വേറൊരുവന്റെ കൂടെ ഒളിച്ചോടുന്ന നടിമാര്‍ മലയാള സിനിമയിലുണ്ടായി. നാണിപ്പിക്കുന്ന എത്ര കഥകള്‍ നാം കേട്ടു. ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു. സിനിമാനടിമാര്‍ പച്ചത്തുരുത്തുകള്‍ തേടുന്നവരാണെന്ന് സിനിമാ എഴുത്തുകാര്‍ കഥകളുടെയും ഉദാഹരണങ്ങളുടെയും അകമ്പടിയോടെ എഴുതി. ചില നടികളാകട്ടെ എല്ലാം നഷ്‌ടപ്പെട്ടപ്പോള്‍ ജീവിതം അവസാനിപ്പിക്കുന്നതും നാം മലാളികള്‍ കണ്ടു. ഒളിച്ചോട്ടങ്ങളുടെ ബാക്കിപത്രമായി അവരുടെ ജീവിതങ്ങള്‍ മാറി. നിറഞ്ഞുനിന്ന നടിമാരും കുത്തുപാളയെടുത്ത നിര്‍മാതാക്കളും പില്‍ക്കാല സിനിമയുടെ ദുരന്തമുഖങ്ങളായി ശേഷിച്ചു. വസ്‌ത്രം മാറുമ്പോലെ ഭര്‍ത്താക്കന്മാരെ മാറി സ്വീകരിച്ച നടിമാരും മലയാളസിനിമയിലുണ്ടായി. ഈ സംഭവങ്ങള്‍ പരിശോധിക്കുമ്പോള്‍ എത്ര പവിത്രമായിരുന്നു സുന്ദര്‍രാജ്-ദേവകിഭായി ദമ്പതിമാരുടെ ജീവിതം. മാറ്റ് കുറഞ്ഞിട്ടും ആ നടി ഭര്‍ത്താവിനെ ഉപേക്ഷിച്ചില്ല. പകരം ഭര്‍ത്താവിന്റെ വേദനകള്‍ തന്റേതാക്കി ജീവസന്ധാരണം നടത്തി ദേവകിഭായി. സിനിമയിലെ ഒളിച്ചോട്ടങ്ങള്‍ക്ക് അത്യപൂര്‍വമായ ഒരു ശുഭപര്യവസാന ജീവിതമാണിപ്പോഴും സുന്ദര്‍രാജ്-ദേവകിഭായി ദാമ്പത്യം. മാര്‍ത്താണ്ഡവര്‍മ ജീവിതനൊമ്പരമായപ്പോള്‍ ദേവകിഭായി ആശ്വാസത്തിന്റെ കുളിര്‍മഴയായി സുന്ദര്‍രാജിന്.
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Reply via web post | Reply to sender | Reply to group | Start a New Topic | Messages in this topic (1) |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net