തിരുവനന്തപുരം: ബിഹാര്‍ സ്വദേശി സത്നാംസിംഗ് കൊല്ലപ്പെട്ടതിനു കാരണമായ മുറിവുകള്‍ മരണത്തിനു തൊട്ടുമുമ്പു നടന്ന മര്‍ദനത്തെത്തുടര്‍ന്നായിരുന്നുവെന്നു ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിനു തെളിവു ലഭിച്ചു. തിരുവനന്തപുരം പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ സത്നാംസിംഗ് ക്രൂരമായി മര്‍ദിക്കപ്പെട്ടുവെന്നാണ് ഇതു തെളിയിക്കുന്നത്. മരിക്കുന്നതിന് 24 മണിക്കൂറുനുള്ളിലാണു മാരകമായ മുറിവുണ്ടായതെന്നു പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രിയിലെ അഞ്ചു വാര്‍ഡര്‍മാര്‍ക്കൊപ്പം ഡ്യൂട്ടി പോലീസുകാരും ചേര്‍ന്നാണു സിംഗിനെ ആശുപത്രി സെല്ലിലേക്കു വലിച്ചിഴച്ചുകൊണ്ടുപോയതെന്നു ദൃക്‌സാക്ഷികള്‍ മൊഴിനല്‍കി. മരണത്തില്‍ പോലീസുകാര്‍ക്കു പങ്കുണ്ടോയെന്നു ക്രൈംബ്രാഞ്ച് ഐ.ജി: ബി. സന്ധ്യ പരിശോധിച്ചുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ടു ഹെഡ്‌വാര്‍ഡന്‍ അടക്കം അഞ്ചു വാര്‍ഡന്‍മാരുടെ പങ്കിനെക്കുറിച്ച് ക്രൈംബ്രാഞ്ച് പോലീസിനു തെളിവു ലഭിച്ചിട്ടുണ്ട്. ഡ്യൂട്ടി ഡോക്‌ടര്‍ മായ കൃത്യനിര്‍വഹണത്തില്‍ വീഴ്‌ചവരുത്തിയിട്ടുണ്ട്. വാര്‍ഡര്‍മാരായ ബാലചന്ദ്രന്‍, സുകുമാരന്‍, രാജേഷ്, വനിതാ ജീവനക്കാരി എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നതെന്നു സൂചനയുണ്ട്. കുറ്റകൃത്യത്തില്‍ ഇവര്‍ക്കു പങ്കുണ്ടെന്നു തെളിഞ്ഞാല്‍ അറസ്‌റ്റ് ചെയ്യാനാണു ക്രൈംബ്രാഞ്ച് തീരുമാനം. കഴിഞ്ഞദിവസം സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഐ.ജി: ബി. സന്ധ്യ ആശുപത്രിയിലെത്തിയിരുന്നു. പതിനഞ്ചോളം ജീവനക്കാരെ ചോദ്യംചെയ്‌തു. ആശുപത്രി സൂപ്രണ്ടിന്റെ മൊഴി രണ്ടുതവണ രേഖപ്പെടുത്തി. സത്നാംസിംഗിനെ പാര്‍പ്പിച്ചിരുന്ന സെല്‍ ഐ.ജി. പരിശോധിച്ചു. മര്‍ദനമേറ്റ സിംഗ് വെള്ളം കുടിക്കാന്‍ ഇഴയുകയും വെള്ളം നക്കിക്കുടിക്കാന്‍ ശ്രമിച്ചതുമായ സ്‌ഥലങ്ങള്‍ ഐ.ജി. അടയാളപ്പെടുത്തി. മരണത്തെക്കുറിച്ച് പരസ്‌പരവിരുദ്ധ മൊഴികളാണു വാര്‍ഡര്‍മാര്‍ നല്‍കിയത്. കൊല്ലം ജില്ലാ ജയിലിലെയും അമൃതാനന്ദമയി മഠത്തിലെയും വീഡിയോ ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷണസംഘം പരിശോധിച്ചു. അവിടെ മര്‍ദനം നടന്നതിന്റെ ലക്ഷണം കണ്ടെത്താനായില്ല. വള്ളിക്കാവ് ആശ്രമത്തില്‍ മനോവിഭ്രാന്തി കാട്ടിയതിന് അറസ്‌റ്റിലായ സത്നാംസിംഗ് വെള്ളിയാഴ്‌ചയാണു മരിച്ചത്. തലയുടെ പിന്‍ഭാഗത്ത് ഇരുമ്പുപൂട്ടുപയോഗിച്ച് ഇടിച്ചതാണു മരണത്തിനു ഹേതുവായത്. വണ്ണമുള്ള കേബിള്‍ ഉപയോഗിച്ച് ശരീരത്തിന്റെ ഒരു ഭാഗത്ത് ഇരുപതുതവണ ഒരേസമയം മര്‍ദിച്ചുവെന്നും എഴുപതിലേറെ മുറിവുകള്‍ മൃതദേഹത്തില്‍ ഉണ്ടായിരുന്നെന്നുമാണ് പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ക്രൈംബ്രാഞ്ച് ഇന്നോ നാളെയോ അറസ്‌റ്റ് രേഖപ്പെടുത്തും. |
No comments:
Post a Comment