കോഴിക്കോട്/കണ്ണൂര്‍: കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ മലയോരപ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിലും മഴക്കെടുതിയിലുമായി എട്ടുപേര്‍ മരിച്ചു. ഒരു കുട്ടിയെ കാണാതായി.നിര്‍ത്താതെപെയ്ത പെരുമഴ ഈ മേഖലകളില്‍ വന്‍നാശം വിതച്ചു. ഒട്ടേറെ വീടുകള്‍ തകര്‍ന്നു. റോഡുകള്‍ ഒലിച്ചുപോയി. ഏക്കര്‍ കണക്കിന് കൃഷി നശിച്ചു. മലമ്പ്രദേശങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. കണ്ണൂര്‍ ജില്ലയിലെ പഴശ്ശിഡാം തകര്‍ച്ചാ ഭീഷണിയിലായി.
തിങ്കളാഴ്ച രാത്രിയോടെയുണ്ടായ ശക്തമായ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലുമായി കോഴിക്കോട് ജില്ലയില്‍ മാത്രം ഏഴുപേര്‍ മരിച്ചു. കാണാതായ പെണ്‍കുട്ടിക്കായി തിരച്ചില്‍ തുടരുന്നു. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കടുത്ത് വള്ളിത്തോട് ഒമ്പതുകാരന്‍ വെള്ളത്തില്‍ വീണ് മരിച്ചു.
കോഴിക്കോട് ജില്ലയിലെ പുല്ലൂരാംപാറയിലും കോടഞ്ചേരിക്കടുത്ത് മഞ്ഞുവയലിലുമാണ് തിങ്കളാഴ്ച രാത്രി പേമാരിയും ഉരുള്‍പൊട്ടലുമുണ്ടായത്. ഉരുള്‍പൊട്ടലില്‍ ഒരു കുട്ടി തിങ്കളാഴ്ചതന്നെ മരിച്ചു. അഞ്ചുപേരുടെ മൃതദേഹം ചൊവ്വാഴ്ച മണ്ണിനടിയില്‍ നിന്ന് കണ്ടെത്തി. ഒരു പെണ്‍കുട്ടിയെ കണ്ടെത്താനായിട്ടില്ല. ആസ്പത്രിയിലെത്തിച്ച ഒരാളും ചൊവ്വാഴ്ച മരിച്ചു. രണ്ടുകുട്ടികള്‍ അടക്കം ഒരു കുടുംബത്തിലെ അഞ്ചുപേരാണ് മരിച്ചത്.
ആനക്കാംപൊയില്‍ ചെറുശ്ശേരി തുണ്ടത്തില്‍ ഔസേപ്പച്ചന്‍ (ജോസഫ് -60) ഭാര്യ ഏലിക്കുട്ടി (55), ഇവരുടെ മകന്‍ ബിജുവിന്റെ ഭാര്യ ലിസ (30), ലിസയുടെ മക്കള്‍ അലന്‍ (മൂന്നരവയസ്സ്), ജോയല്‍ (ഒന്നരവയസ്സ്) എന്നിവരാണ് മരിച്ചത്. ഇവരുടെ വീട് നിശ്ശേഷം തകര്‍ന്നു. അലന്റെ മൃതദേഹമാണ് തിങ്കളാഴ്ച സന്ധ്യയോടെ കണ്ടെത്തിയത്.
ജോയിറോഡ് ഭാഗത്തെ പടന്നംമാക്കല്‍ ബിനുവിന്റെ മകള്‍ ജ്യോത്സ്‌ന (ഏഴ്)യെയാണ് കാണാതായത്. ആനക്കാംപൊയില്‍ യു.പി. സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ജ്യോത്സ്‌ന അച്ഛന്‍ ബിനുവിന്റെകൂടെ വീട്ടിലേക്ക് പോകവേ തോട് മുറിച്ചുകടക്കുമ്പോള്‍ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. വെള്ളത്തില്‍ വീണ് ബിനുവിനും പരിക്കേറ്റു. കോടഞ്ചേരി പൊട്ടന്‍കോട്ടുമലയില്‍ കാണാതായ മഞ്ഞുവയല്‍ പാലത്തൊടുകയില്‍ ഗോപാലന്റെ (80) മൃതദേഹമാണ് മണ്ണിനടിയില്‍നിന്ന് കണ്ടെടുത്തത്. വീട് തകര്‍ന്ന് പരിക്കേറ്റ വര്‍ക്കി (73) സ്വകാര്യ ആസ്പത്രിയിലാണ് മരിച്ചത്.
ഉരുള്‍പൊട്ടി മലമറിഞ്ഞെത്തി ഇരുവരുടെയും വീടുകള്‍ നിശ്ശേഷം തകര്‍ന്നു. കട്ടിലില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഗോപാലന്‍ മണ്ണിനടിയിലാവുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ കഴിയാതിരുന്ന വര്‍ക്കിയെ നാട്ടുകാരാണ് ഓമശ്ശേരി സ്വകാര്യ ആസ്പത്രിയിലാക്കിയത്. വര്‍ക്കിയുടെ കോണ്‍ക്രീറ്റ് വീട് കാണാന്‍പോലുമില്ല. വര്‍ക്കിയുടെ മകന്റെ മകള്‍ നീതു ബാബു (17) മലമറിഞ്ഞൊഴുകി വരുന്ന ഭീകര ശബ്ദംകേട്ട് ഓടി രക്ഷപ്പെടുകയായിരുന്നു. നീതുവിനും പരിക്കുണ്ട്. മറ്റാരും വീട്ടിലില്ലായിരുന്നു.
ഗോപാലന്‍ കഴിഞ്ഞ കുറേക്കാലമായി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഭാര്യ മരിച്ചിട്ട് അഞ്ചുകൊല്ലമായി. രണ്ടുമണിയോടെ ഗോപാലന്‍ വീട്ടിലേക്ക് കയറിപ്പോകുന്നത് അയല്‍വാസികള്‍ കണ്ടിരുന്നു. വര്‍ക്കിയുടെ ഭാര്യ അന്നമ്മ. മക്കള്‍: ജോസ്, ലിസി, വത്സ, ജോണി, ബാബു. മരുമക്കള്‍: ആലീസ് കുന്നത്ത്, ജോസ് പേടിക്കാട്ടുകുന്നേല്‍, ടോമി പുല്ലൂരാംപാറ, കൊപ്പുകോതാനി സാലി, മോളി (സഹകരണ ബാങ്ക്, കോടഞ്ചേരി).
ചെറുശ്ശേരിയില്‍ മരിച്ച ഔസേപ്പച്ചന്റെ മറ്റു മക്കള്‍: വിനോദ്, ലാലി, ബാബു. മരുമക്കള്‍: ലൗലി, ഷാജി, ഷിനി. പൊട്ടന്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വീടുകള്‍ തകര്‍ന്നടിയുന്നത് നാട്ടുകാര്‍ക്ക് നോക്കി നില്ക്കാനേ കഴിഞ്ഞുള്ളു. കനത്ത മൂടല്‍മഞ്ഞും മഴയും കുത്തൊഴുക്കും ചെളിയും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. എങ്കിലും പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തിങ്കളാഴ്ച പാതിരാത്രിവരെ രക്ഷാപ്രവര്‍ത്തനം നടത്തി.
മരിച്ചവര്‍ക്കും പൂര്‍ണമായി വീട് നഷ്ടപ്പെട്ടവര്‍ക്കും ഒരു ലക്ഷം രൂപ സഹായധനം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ബദാനിയ ധ്യാനകേന്ദ്രം, വിമല യു.പി. സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍. 115 കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്.
കണ്ണൂരില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ പഴശ്ശി ഡാം തകര്‍ച്ചാഭീഷണിയിലായി. അണക്കെട്ടിന്റെ ചരിത്രത്തിലാദ്യമായി 17 മണിക്കൂറോളം വെള്ളം കവിഞ്ഞൊഴുകി. ഇതോടെ പരിസരപ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. ഈ മേഖലയില്‍ നൂറുകണക്കിന് കുടുംബങ്ങളെ ഒഴിപ്പിച്ചു. ഇരിട്ടി ടൗണില്‍ വെള്ളം കയറി 200 കടകള്‍ക്ക് കേടുപാടുണ്ടായി. കോടികളുടെ നഷ്ടം കണക്കാക്കുന്നു. ദ്രുതകര്‍മസേനയും തീരരക്ഷാസേനയും സ്ഥലത്തെത്തിയിട്ടുണ്ട്. ആറളം ഫാം വനത്തിലും വാണിയപ്പാറ രണ്ടാം കടവിലുമാണ് തിങ്കളാഴ്ചയും ചൊവ്വാഴ്ച പുലര്‍ച്ചെയുമായി ഉരുള്‍പൊട്ടലുണ്ടായത്.
ശ്രീകണ്ഠാപുരം ടൗണില്‍ വന്‍തോതില്‍ വെള്ളം കയറി. 140 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. 200 കടകളില്‍ വെള്ളം കയറി. രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി. കുടിയേറ്റ മേഖലയിലേക്കുള്ള റോഡ്ഗതാഗതം മുടങ്ങി. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.പി. മോഹനന്‍, കെ.സി. ജോസഫ്, പി.ജെ. ജോസഫ് എന്നിവര്‍ പഴശ്ശി ഡാം സന്ദര്‍ശിച്ചു. വള്ളിത്തോട് കുന്നോത്ത് നാരോത്ത് ദിനേശന്റെയും ഷീനയുടെയും മകന്‍ അക്ഷയ് (9) ആണ് വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. വീട്ടിനടുത്ത് കളിക്കുമ്പോഴാണ് അപകടം.
പുല്ലൂരാംപാറയില്‍ നിന്ന് ഫോട്ടോഗ്രാഫര്‍ കെ.ബി.സതീഷ് കുമാര്‍ എടുത്ത ഉരുള്‍പൊട്ടല്‍ ദൃശ്യങ്ങള്‍.
ഫോട്ടോ: കെ.ബി.സതീഷ് കുമാര്‍ |
www.keralites.net |
Reply via web post | Reply to sender | Reply to group | Start a New Topic | Messages in this topic (1) |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment