എത്ര ദയാലുവാണ് ഈ ജൂറി!
നിധീഷ് നടേരി
സംസ്ഥാന സിനിമാ അവാര്‍ഡ് നിര്‍ണയത്തില്‍ ഇക്കുറി ഒരു സഹതാപ തരംഗത്തിന്‍െറ ദയനീയത കണ്ടെടുക്കാം. പ്രകടനങ്ങള്‍ക്കപ്പുറം ചില വ്യക്തികളുടെ ഭൂതകാലംകൂടി കണക്കിലെടുത്ത്, പ്രായശ്ചിത്തംചെയ്യലിന് നിയോഗിക്കപ്പെട്ടപോലെയായി ചില തെരഞ്ഞെടുപ്പുകള്‍. ദിലീപിന് മികച്ച നടന്‍, ജഗതിക്ക് ഹാസ്യനടന്‍, ശ്രീകുമാരന്‍ തമ്പിക്ക് ഗാനരചന എന്നിവ പരിഗണിച്ചതിന്‍െറ മന$ശാസ്ത്രം അത് വ്യക്തമാക്കിത്തരുന്നുണ്ട്.
'വെള്ളരിപ്രാവിന്‍െറ ചങ്ങാതി' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ദിലീപിന് മികച്ച നടനുള്ള പുരസ്കാരം നല്‍കിയിരിക്കുന്നത്. ഈ ചിത്രത്തിലെവിടെയും സ്ഥിരം പാറ്റേണില്‍നിന്ന് മാറി 'ദിലീപിസം' പടംപൊഴിച്ച അഭിനയമൊന്നും ഈ നടന്‍ കാഴ്ചവെച്ചില്ലെന്ന് ആ നടന്‍െറ വെള്ളിത്തിരയിലെ പ്രകടനങ്ങള്‍ വര്‍ഷങ്ങളായി വീക്ഷിക്കുന്ന ഏതു ശരാശരി പ്രേക്ഷകനും മനസ്സിലാക്കാവുന്നതേയുള്ളൂ. അതേസമയം, 'ചാന്തുപൊട്ട്' എന്ന ചിത്രത്തില്‍ മെയ്യും മനസ്സും വഴങ്ങിയ അസാധാരണമായ പരകായ പ്രവേശത്തിന്‍െറ അദ്ഭുതം കാണിച്ചുതന്നിട്ടുമുണ്ട് ദിലീപ്. 'പ്രണയ'ത്തിലെ മോഹന്‍ലാലും അനുപം ഖേറുമായിരുന്നു മികച്ച നടനുവേണ്ടിയുള്ള മത്സരത്തില്‍ ആദ്യം ശക്തമായി ഏറ്റുമുട്ടിയതത്രെ. ഇരുവര്‍ക്കുമായി അവാര്‍ഡ് വീതിച്ചുകൊടുക്കുന്നതിനെ കുറിച്ചും ആലോചനകളുണ്ടായെന്ന് വാര്‍ത്തകള്‍. അതിനിടയിലേക്കാണ് ദിലീപ് എന്ന മൂന്നാമതൊരാള്‍ വരുന്നത്. പഴയതും പുതിയതുമായ കാലഘട്ടങ്ങളിലൂടെ കടന്നുപോയ കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിച്ചതാണ് ദിലീപിന് പുരസ്കാരം നേടിക്കൊടുത്തതെന്ന് ജൂറി. 'വെള്ളരിപ്രാവിന്‍െറ ചങ്ങാതി'യിലെന്തായാലും അത്തരത്തിലുള്ള വേറിട്ട പ്രകടനമൊന്നും സംഭവിച്ചിട്ടില്ല. പലപ്പോഴും അതി നാടകീയതയിലേക്ക് വഴുതിപ്പോവുകയും മിമിക്രി ഷോയുടെ സ്വഭാവം കൈവരിക്കുകയും ചെയ്ത പ്രകടനമായിരുന്നു ചിത്രത്തില്‍ ദിലീപിന്‍േറത്. പലപ്പോഴായി അവാര്‍ഡ് നിര്‍ണയത്തില്‍ മിമിക്രിയുടെ പേരില്‍ മാറ്റി നിര്‍ത്തപ്പെട്ടുവെന്നത് ദിലീപിന്‍െറ സ്ഥിരം പരിദേവനമായിരുന്നു. അങ്ങനെ, ഭാഗ്യരാജിന്‍െറ നേതൃത്വത്തിലുള്ള സമിതി ദിലീപിനോട് പ്രായശ്ചിത്തം ചെയ്തിരിക്കുന്നു എന്നുവേണം കരുതാന്‍.
''ജഗതി ശ്രീകുമാര്‍ എന്ന നടനെ ഒരു ഹാസ്യനടന്‍െറ ലേബലില്‍മാത്രം ഒതുക്കേണ്ടതല്ല. വ്യത്യസ്തമായ വേഷങ്ങള്‍ അവതരിപ്പിച്ച്, മൂന്നുപതിറ്റാണ്ടായി മലയാളസിനിമയില്‍ നില്‍ക്കുന്ന പ്രഗല്ഭനായ നടനാണ് ജഗതി ശ്രീകുമാര്‍. ഇതിനേക്കാള്‍ വലിയ രീതിയില്‍ അംഗീകാരങ്ങള്‍ അദ്ദേഹത്തിന് നല്‍കേണ്ടതായിരുന്നു. അവാര്‍ഡ് ജൂറിയുടെ മുന്നില്‍ അദ്ദേഹത്തിന്‍െറ ഇപ്പോഴത്തെ ആരോഗ്യനിലയുടെ പ്രത്യേക പരിഗണനയുണ്ടാകണമെന്ന് വാശിപിടിക്കുന്നതില്‍ അര്‍ഥമില്ല''-ജഗതിക്ക് ഹാസ്യനടന്‍ അവാര്‍ഡ് നല്‍കിയതിനോട് സിബി മലയിലിന്‍െറ പ്രതികരണം ഇങ്ങനെയായിരുന്നു.
ആരോഗ്യാവസ്ഥയുടെ തോത് നോക്കി സഹതാപത്തില്‍ പൊതിഞ്ഞ അവാര്‍ഡ് നല്‍കുന്നത് കലാകാരനെ അപമാനിക്കലാണ്. 'സ്വപ്ന സഞ്ചാരി' എന്ന ചിത്രത്തിലെ കപടസ്വാമി വേഷത്തിനാണ് അവാര്‍ഡ്. എത്രയോ കാലമായി നമ്മെ വിസ്മയിപ്പിക്കുന്ന ജഗതിയുടെ ശരാശരി അഭിനയസാധ്യതകള്‍ക്കപ്പുറത്ത് ഒന്നും ആവശ്യപ്പെടുന്നില്ല ആ കഥാപാത്രം. വ്യത്യസ്ത ചിത്രങ്ങളിലെ പ്രകടനം പരിഗണിച്ച് മികച്ച നടനായി ജഗതിയെ പരിഗണിക്കാതിരുന്നത് സിനിമയിലെ ഈ അലിഖിത വ്യവസ്ഥ കാരണമായിരുന്നുവത്രെ.
അഭിനയത്തെ തട്ടുകളായി തിരിച്ച് മാര്‍ക്കിടുന്ന രീതി കാലഹരണപ്പെടേണ്ടിയിരിക്കുന്നു. നായകന്‍, സഹനടന്‍, ഹാസ്യനടന്‍, നായിക, സഹനടി, സ്വഭാവനടന്‍ എന്നൊക്കെ കള്ളികളിട്ട് അവാര്‍ഡ് നിര്‍ണയിക്കുന്ന ഫ്യൂഡല്‍ ഛായ കലര്‍ന്ന രീതി അര്‍ഥശൂന്യമാണ്. അഭിനയം എന്ന കലയിലെ മികവ് ഒരു നടന് പ്രകടിപ്പിക്കാന്‍ മുഴുനീളം സ്ക്രീനില്‍ വരണമെന്നില്ല. മികച്ച നടീനടന്മാര്‍ക്കുള്ള പരിഗണനകളില്‍ തിലകന്‍, ജഗതി, നെടുമുടി വേണു, കെ.പി.എ.സി ലളിത തുടങ്ങിയ പ്രതിഭകളൊക്കെ ഇടംപിടിക്കണമെങ്കില്‍ അവര്‍ കേന്ദ്രകഥാപാത്രമാവുന്ന കാലവും കാത്തിരിക്കണമെന്നത് എന്തൊരു ദുര്‍വിധിയാണ്.
പതിറ്റാണ്ടുകള്‍ക്കുശേഷം സിനിമയില്‍ പാട്ടെഴുതിയ ശ്രീകുമാരന്‍ തമ്പിക്ക് ഗാനരചനക്ക് അവാര്‍ഡ് കൊടുത്തത് 'നായിക' എന്ന ചിത്രത്തിലെ പാട്ടുകളുടെ മെറിറ്റ് നോക്കിയല്ലെന്ന് ഉറപ്പിക്കാം. അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയ വരികള്‍തന്നെ അത് വിളിച്ചുപറയും.
''നനയും നിന്‍ മിഴിയോരം
വിടരും പുഞ്ചിരിനാളം
എനിക്കായ് തരും കാവ്യ വര്‍ണജാലം
രാഗമധുരമയമായി
നവഭാവസുകൃതലയമായി...'' എന്നു തുടങ്ങുന്ന ഗാനത്തിനാണ് മികച്ച രചനക്കുള്ള പുരസ്കാരം നല്‍കിയത്. മലയാളത്തിന് ഹൃദയസരസിലേറ്റാന്‍ കാവ്യസുഗന്ധമുള്ള നിരവധി ഗാനങ്ങള്‍ ശ്രീകുമാരന്‍ തമ്പി സമ്മാനിച്ചിട്ടുണ്ടെന്നത് നിസ്തര്‍ക്കമായ കാര്യമാണ്. പക്ഷേ, ശരാശരി നിലവാരമുള്ള ഈ ഗാനത്തിന് അവാര്‍ഡ് കൊടുത്തതിലെ സാംഗത്യമെന്താണ്? പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ട ശ്രീകുമാരന്‍ തമ്പിക്ക് ഒരവാര്‍ഡ് കൊടുത്ത് സാന്ത്വനിപ്പിച്ചു കളയാം എന്ന അസുഖകരമായ നിലപാടുണ്ട് ഇതിനുപിന്നില്‍. ശ്രീകുമാരന്‍ തമ്പിക്കുപോലും അതിന്‍െറ രാഷ്ട്രീയം ഇഷ്ടപ്പെട്ടുകാണില്ല.
ആര്‍ക്കൊക്കെയോ കനിവരുളിയ ദയാലുവായ മനുഷ്യന്‍െറ ഉദാരതയോടെ നില്‍ക്കുകയാണ് ഭാഗ്യരാജിന്‍െറ നേതൃത്വത്തിലുള്ള ജൂറി. അതുകൊണ്ടാണ് പലപ്പോഴും മുന്നില്‍വന്ന ചിത്രങ്ങളിലെ മെറിറ്റിന്‍െറ അളവുകോലുകള്‍ക്കപ്പുറത്ത് വ്യക്തിസംബന്ധമായ മറ്റ് രാഷ്ട്രീയങ്ങള്‍ അവരെ സ്വാധീനിച്ചത്.
കാഴ്ചപ്പുറത്തെ
വൈവിധ്യങ്ങളുടെ മെനു
മുഖ്യധാരാ സിനിമ, സമാന്തര സിനിമ എന്ന വര്‍ഗീകരണങ്ങളിലേതിലെങ്കിലുംപെട്ട സിനിമകളായിരുന്നു മുന്‍കാല അവാര്‍ഡ് സമിതികളുടെ കാഴ്ചപ്പുറത്ത് വന്നുപെട്ടിരുന്നത്. മുഖ്യധാരാപ്രേക്ഷകരെ തൃപ്തരാക്കാനുള്ള ലക്ഷ്യത്തിനിടയില്‍ വന്നുപെടുന്ന നല്ല പ്രകടനങ്ങള്‍, സാധാരണ പ്രേക്ഷകന് സംവേദനം ദുഷ്കരമായ സിനിമാ ബൗദ്ധികത തെളിയിക്കാനിറക്കുന്ന സമാന്തരസിനിമകളിലെ പ്രകടനങ്ങള്‍ ഇവയില്‍നിന്നുള്ള തെരഞ്ഞെടുപ്പായിരുന്നു ദൗത്യം. സംവിധാനമടക്കമുള്ള മുന്‍നിര പുരസ്കാരങ്ങളധികവും സമാന്തരസിനിമാക്കാരുടെ ബൗദ്ധിക വ്യായാമങ്ങള്‍ക്ക് കൊടുത്ത് ജൂറി കാര്യം എളുപ്പമാക്കി. എന്താണ് നടന്നതെന്നറിയാതെ സാധാരണ സിനിമാപ്രേമിയും വിധി കേട്ട് തലകുലുക്കി.
സിനിമയിലെ ഈ വര്‍ഗീകരണത്തെ അപ്രസക്തമാക്കി സിനിമാബൗദ്ധികതയും കമേഴ്സ്യല്‍ സാധ്യതയും കൂട്ടിയിണക്കിയ ഒരുപറ്റം സിനിമാശ്രമങ്ങളുമായി കഴിഞ്ഞവര്‍ഷം മലയാളത്തിര സമ്പന്നമായിരുന്നു. ക്രാഫ്റ്റിലും ടെക്നിക്സിലും പരീക്ഷണങ്ങള്‍ നിറഞ്ഞ, അതേസമയം പ്രേക്ഷകനെ ഏറെ ആകര്‍ഷിച്ച, സിനിമാസ്വാദനത്തില്‍ പുതുമ സമ്മാനിച്ച 'ട്രാഫിക്കും', 'ചാപ്പാക്കുരിശും', 'സാള്‍ട്ട് ആന്‍ഡ് പെപ്പറു'മെല്ലാം തിരയിലെത്തി. ന്യൂ ജനറേഷന്‍ സിനിമയെന്ന് ചെല്ലപ്പേരിട്ട ഇവയും പുതിയ ഭൂമികയില്‍ ഇത്തരം പരീക്ഷണത്തിന് കാലുമാറ്റിച്ചവിട്ടിയ പഴയ നിരക്കാരുടെ സിനിമകളും സമാന്തരസിനിമകളും ചേര്‍ന്ന കടുത്ത മെനുവിനു പുറത്തിരുന്നായിരുന്നു 2011ലെ ജൂറിയുടെ വിധിനിര്‍ണയം.
മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ട 'ഇന്ത്യന്‍ റുപ്പി' നവകാലത്തിന്‍െറ പരീക്ഷണചോദന തുടിക്കുന്ന ചലച്ചിത്രംതന്നെയാണ്. അവതരണത്തിലും ദൃശ്യസഞ്ചാരത്തിലുമെല്ലാം മികച്ച സംവിധായകന്‍െറ കൈയടക്കം വ്യക്തമാക്കിയ സിനിമ. രഞ്ജിത്തിന്‍െറ വഴിമാറി നടത്തത്തിനിടയില്‍ പിറന്ന കാമ്പുള്ള ചലച്ചിത്രശ്രേണിയില്‍ 'ഇന്ത്യന്‍ റുപ്പി' ചേര്‍ത്തുവെക്കാം.
മികച്ച ചലച്ചിത്രമൊരുക്കിയ സംവിധായകനില്‍നിന്ന് പക്ഷേ, മികച്ച സംവിധാനപ്പട്ടം വഴുതിമാറി. 'പ്രണയം' എന്ന ചിത്രമൊരുക്കിയ ബ്ളെസിക്കാണ് അത് ലഭിച്ചത്. 'കാഴ്ച'യും 'തന്മാത്ര'യും 'ഭ്രമര'വും ഒരുക്കി സംവിധാനചാതുരി തെളിയിച്ചയാളാണ് ബ്ളെസി. പിന്നീട് ഗ്രാഫ് താഴോട്ടിറങ്ങി. അതി നാടകീയതയുടെ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ശരാശരി ചിത്രത്തിന്‍െറ സംവിധാനത്തിന് ബ്ളെസിക്ക് സംവിധായകപ്പട്ടം കൊടുത്തത് അനൗചിത്യമായി. 'ട്രാഫിക്', 'ചാപ്പാക്കുരിശ്', 'ഇന്ത്യന്‍റുപ്പി' തുടങ്ങി നവീന സിനിമാശ്രമങ്ങളുടെ സംവിധായകര്‍ക്കൊപ്പം മത്സരിപ്പിച്ചാല്‍ 'പ്രണയ'ത്തിന്‍െറ സംവിധാനത്തിന് മിഴിവ് ചോരുന്നുണ്ട്.
തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശനാനുമതി നിഷേധിച്ച 'ആദിമധ്യാന്തം' സംവിധാനം ചെയ്ത ഷെറിക്ക് മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം നല്‍കി. ടെക്നിക്കല്‍ ക്വാളിറ്റി പോരെന്ന വിചിത്രമായ കണ്ടെത്തലില്‍ (ബധിരനായ കുട്ടി മുഖ്യകഥാപാത്രമായ സിനിമയുടെ കുറച്ചുഭാഗത്ത് ശബ്ദമേയില്ല എന്നതാണ് ടെക്നിക്കല്‍ പോരായ്മയായി അന്ന് കണ്ടെത്തിയത്!)അന്ന് ലിസ്റ്റിനു പുറത്തായ സിനിമയിലൂടെ ലഭിച്ച അംഗീകാരം ഷെറിക്ക് പകരംവീട്ടലാണ്.( ഗണേഷിന്‍െറ പ്രായശ്ചിത്തം?) ഈ ചിത്രത്തിലെ അഭിനയത്തിനാണ് പ്രിജിത്ത്് എന്ന ബാലതാരത്തിന് ജൂറിയുടെ പ്രത്യേകപരാമര്‍ശം ലഭിച്ചതും. 'ചാപ്പാക്കുരിശി'ലൂടെ കഴിവു തെളിയിച്ച സമീര്‍ താഹിര്‍ എന്ന സംവിധായകനും ഈ പുരസ്കാരത്തിന് എന്തുകൊണ്ടും അര്‍ഹനായിരുന്നു.
ലോകസിനിമയില്‍ ഏറെ പരീക്ഷിച്ച നോണ്‍ ലീനിയര്‍ സ്ക്രിപ്റ്റിങ്ങിന്‍െറ സാധ്യതകള്‍ സമര്‍ഥമായി ഉപയോഗിച്ച ചിത്രമായിരുന്നു 'ട്രാഫിക്'. ഈ ചിത്രത്തിലൂടെ ബോബി സഞ്ജയ് ടീമിന് ലഭിച്ച തിരക്കഥാ അവാര്‍ഡ് അര്‍ഹിക്കുന്ന അംഗീകാരംതന്നെയാണ്. ക്രമരാഹിത്യത്തില്‍നിന്ന് ക്രമം കണ്ടെടുക്കുന്ന ചടുലമായ ആഖ്യാനരീതിയിലൂടെ ഒട്ടും പിരിമുറുക്കം ചോരാതെ, ആസ്വാദനം ദുഷ്കരമാവാതെയാണ് അവര്‍ ട്രാഫിക് ഒരുക്കിയത്.
സിനിമയില്‍ കെട്ടുകാഴ്ചകളാവുന്ന സ്ത്രീകഥാപാത്രങ്ങളില്‍നിന്ന് ഏറെ അകലെ, നോര്‍മലായി മാറിനിന്ന കഥാപാത്രമാണ് ശ്വേതാമേനോന്‍ 'സാള്‍ട്ട് ആന്‍ഡ് പെപ്പറി'ല്‍ കാഴ്ചവെച്ചത്. പഴയ മാമൂലുകളനുസരിച്ചുള്ള നായികയല്ലെങ്കിലും മികച്ച നടിക്കുള്ള പുരസ്കാരത്തിന് ശ്വേത തെരഞ്ഞെടുക്കപ്പെട്ടു. തന്മയത്വത്തോടെ മായ എന്ന ജീവസ്സുറ്റ കഥാപാത്രത്തെ കൈകാര്യം ചെയ്യാന്‍ ശ്വേതക്കായി. സമാന്തരമേഖലയെ അവഗണിച്ചില്ലെന്ന് ആശ്വസിക്കാന്‍ 'ആകാശത്തിന്‍െറ നിറ'ത്തിലൂടെ സംവിധായകന്‍ ഡോ. ബിജുവിനു ലഭിച്ച പ്രത്യേക ജൂറി പുരസ്കാരമുണ്ട്. സംഗീതവിഭാഗത്തിലെ തെരഞ്ഞെടുപ്പുകളും മികവുറ്റതായി . 'ഉറുമി'യുടെ പശ്ചാത്തല സംഗീതം പുതുമകളേറിയതായിരുന്നു. ലഭിച്ച വേറിട്ട സിനിമാസ്പേസില്‍ സംഗീതത്തെ ദീപക് ദേവ് സമര്‍ഥമായി ഉപയോഗിച്ചു. 'ഇവന്‍ മേഘരൂപനി'ലൂടെ മികച്ച സംഗീത സംവിധായകനായ ശരതിന്‍െറ ഗാനങ്ങളും നവീനമായ സ്വരസഞ്ചാരങ്ങളാല്‍ വേറിട്ടുനില്‍ക്കുന്നു.
വീതംവെപ്പിന്‍െറയും സഹതാപതരംഗത്തിന്‍െറയും സമ്മര്‍ദ്ദത്തിനിടയിലും ചില മികച്ച ശ്രമങ്ങളെങ്കിലും സത്യസന്ധമായി തെരഞ്ഞെടുക്കാന്‍ ഭാഗ്യരാജിന്‍െറ നേതൃത്വത്തിലുള്ള ജൂറിക്ക് കഴിഞ്ഞിട്ടുണ്ടെന്നത് ആശ്വാസകരംതന്നെ.
No comments:
Post a Comment