Tuesday, 14 August 2012

[www.keralites.net] മമ്മൂട്ടിയും മോഹന്‍ലാലും കാമുകന്‍മാര്‍ ആകരുത്‌‍

 

മമ്മൂട്ടിയും മോഹന്‍ലാലും കാമുകന്‍മാര്‍ ആകരുത്‌‍

പല്ലിശേരി

കൊല്ലം റെയില്‍വേ സ്‌റ്റേഷന്‍.

രാവിലെ ഏഴ്‌ മണി.

അഞ്ചാംനമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക്‌ ചലചിത്ര സംവിധായകന്‍ ഹരിഹരനൊപ്പം ഞാന്‍ നടന്നു.

ഭരത്‌ മുരളി അനുസ്‌മരണവും അവാര്‍ഡുദാനവും കഴിഞ്ഞാണ്‌ ഹരിഹരന്റെ മടക്കയാത്ര.

മുരളി ആദ്യമായി അഭിനയിച്ച്‌ റിലീസ്‌ ചെയ്‌ത പഞ്ചാഗ്നിയുടെ സംവിധായകന്‍ എന്ന നിലയില്‍ ഭരത്‌ മുരളി കള്‍ച്ചറല്‍ സെന്റര്‍ ഹരിഹരനെ ആദരിച്ചിരുന്നു. വ്യക്‌തിബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ആളാണ്‌ ചലചിത്രസംവിധായകന്‍ എന്ന നിലയില്‍ 40 വര്‍ഷം പിന്നിട്ട ഹരിഹരന്‍.

മംഗലാപുരത്തേക്കുള്ള പരശുറാം എക്‌സ്പ്രസ്‌ വരാന്‍ ഇനിയും 30 മിനുട്ടുണ്ട്‌. തലേദിവസത്തെ മുരളി അനുസ്‌മരണത്തിന്റെ വാര്‍ത്തകളും ചിത്രങ്ങളും മിക്ക പത്രങ്ങളിലും നല്ല പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നത്‌ ഹരിഹരന്റെ ശ്രദ്ധയില്‍പ്പെട്ടു.

'
നല്ല നടനായിരുന്നു മുരളി. ആദ്യമായി പഞ്ചാഗ്നിയില്‍ അഭിനയിക്കാന്‍ കൈതപ്രത്തിനൊപ്പമാണ്‌ വന്നത്‌. മുരളിയുടെ ശബ്‌ദമാണെന്നെ ഏറെ ആകര്‍ഷിച്ചത്‌. ആദ്യ സീന്‍ കഴിഞ്ഞപ്പോള്‍തന്നെ ഞാന്‍ എം.ടിയോട്‌ പറഞ്ഞു. മലയാളസിനിമയ്‌ക്ക് മുരളി ഒരു മുതല്‍ക്കൂട്ടാകും. എന്റെ പ്രതീക്ഷകള്‍ക്കപ്പുറം മുരളി വളര്‍ന്നു.'

സഹയാത്രികരില്‍ ചില ചെറുപ്പക്കാര്‍ ഹരിഹരന്റെ അടുത്തേക്ക്‌ വന്നു: 'ഗുഡ്‌ മോര്‍ണിംഗ്‌ സര്‍'-ഹരിഹരനെ അവര്‍ വിഷ്‌ ചെയ്‌തു. തിരിച്ച്‌ ഹരിഹരനും.

'
ഞങ്ങള്‍ സാറിന്റെ സിനിമകളുടെ ആരാധകരാണ്‌.'

ഹരിഹരന്‍ ചിരിച്ചു. അംഗീകരിക്കുന്ന മട്ടില്‍.

'
സാറെങ്ങോട്ടാണ്‌'.

'
കോഴിക്കോട്ടേക്ക്‌, എം.ടിയെ കാണണം.'

'
പുതിയ പടം എന്താ തുടങ്ങാത്തത്‌? കഴിഞ്ഞ മാസം തുടങ്ങുമെന്നാണല്ലോ സിനിമാമംഗളത്തില്‍ വായിച്ചത്‌.' ഹരിഹരന്‍ എന്നെ നോക്കി പകുതി ചിരി സമ്മാനിച്ചു.

'
എന്താ വൈകുന്നത്‌?'

'
ഒരു നടിയെ വേണം. പത്മപ്രിയയെപ്പോലെ ഒരു നടി. അതിനുള്ള അന്വേഷണമാണ്‌.'

'
പത്മപ്രിയയെ അഭിനയിപ്പിച്ചു കൂടെ'

'
പത്മപ്രിയയെയായിരുന്നു അഭിനയിപ്പിക്കാന്‍ തീരുമാനിച്ചത്‌. എന്നാല്‍ പഠിക്കുന്നതിനായി അവര്‍ അമേരിക്കയിലാണ്‌'.

'
മീരാ ജാസ്‌മിനെ അഭിനയിപ്പിച്ചുകൂടെ സാര്‍'

'
മീരാ ജാസ്‌മിനും അമേരിക്കയിലാണ്‌. ഒരു മാസം കഴിഞ്ഞേ തിരിച്ചു വരൂ..'

'
നായകന്‍ മമ്മൂട്ടിയോ മോഹന്‍ലാലോ'

'
അവര്‍ രണ്ടു പേരും ഇല്ല'

'
മോഹന്‍ലാലിനോട്‌ ഇക്കാര്യം സംസാരിച്ചിരുന്നതല്ലേ? ഞങ്ങള്‍ അങ്ങനെയാണല്ലോ വായിച്ചിരുന്നത്‌. പിന്നെന്താ ലാലേട്ടനെ വേണ്ടെന്നു വച്ചത്‌...'

'
മോഹന്‍ലാലിനെ അഭിനയിപ്പിക്കാന്‍ ആലോചിച്ചത്‌ ഈ സിനിമയിലല്ല. എം.ടിയുടെ 'രണ്ടാമൂഴ'ത്തിലാണ്‌. ആ പ്രോജക്‌ട് ഇപ്പോഴത്തെ പ്രോജക്‌ടിന്‌ ശേഷമേ ഉണ്ടാകൂ.

'
സര്‍... മമ്മൂട്ടിക്കും മോഹന്‍ലാലിനും ഇനിയും അഭിനയം നിര്‍ത്തിക്കൂടേ?'

ഹരിഹരന്‍ അവരെ നോക്കിനിന്നു. ഒന്നും പറഞ്ഞില്ല.

'
ഇവര്‍ക്കൊക്കെ നാണമാവില്ലേ സാര്‍ കൊച്ചു പെമ്പിള്ളേരുടെ കൂടെ പ്രണയിച്ചു നടക്കാന്‍... മമ്മുട്ടിക്ക്‌ 65 വയസായി അല്ലേ സാര്‍?'

ഹരിഹരന്‍ മറുപടി പറയാതെ നിന്നു.

'
നമുക്ക്‌ മുന്നോട്ട്‌ നടക്കാം' എന്നു പറഞ്ഞ്‌ ഹരിഹരന്‍ നടന്നു.

ഞാന്‍ അവിടെ നിന്നിരുന്ന ചെറുപ്പക്കാരോട്‌ പറഞ്ഞു.

'
ഇനി ഒന്നും ചോദിക്കേണ്ട. അദ്ദേഹത്തിന്‌ ദേഷ്യം വന്നിട്ടുണ്ട്‌'.

'
ദേഷ്യം വരാനായി ഞങ്ങളൊന്നും ചോദിച്ചില്ലല്ലോ..'

'
നിങ്ങളെന്തു ചെയ്യുന്നു?'

'
ഞങ്ങള്‍ തിരുവനന്തപുരത്താണ്‌ ജോലി ചെയ്യുന്നത്‌. ടെക്‌നോ പാര്‍ക്കില്‍.'

ട്രെയിന്‍ വരുന്ന മുന്നറിയിപ്പ്‌.

'
സത്യം പറയാലോ സാര്‍, പഴശ്ശിരാജ ഞങ്ങള്‍ക്കിഷ്‌ടപ്പെട്ട സിനിമയാണ്‌. എന്നാല്‍ മമ്മൂട്ടിയെ ഞങ്ങള്‍ക്കിഷ്‌മായില്ല.'

വളവുതിരിഞ്ഞു വരുന്ന പരശുറാം. ചെറുപ്പക്കാരോട്‌ യാത്രപറഞ്ഞ്‌ ഞാന്‍ ഹരിഹരന്റെ അടുത്തേക്ക്‌ നടന്നു.

'
അവര്‍ മിടുക്കരാണ്‌, അവരുടെ ചോദ്യം കേട്ടില്ലേ..? ഇതൊന്നും മമ്മൂട്ടിയടക്കമുള്ളവര്‍ മനസിലാക്കുന്നില്ല'.

ഹരിഹരന്‍ അതിനുത്തരം പറയാതെ വിഷയം മാറ്റാനൊരുങ്ങി. പിന്നീട്‌ ഞങ്ങള്‍ സിനിമയെക്കുറിച്ചും സംഗീതത്തെക്കുറിച്ചും അഭിനയത്തെക്കുറിച്ചും സംസാരിച്ചു.

'
കോമഡി രണ്ടു തരത്തിലുണ്ട.്‌ ഒന്ന്‌ ഇന്റലിജന്റ്‌ കോമഡി. ഇറ്റ്‌ ഈസ്‌ ഓള്‍വേയ്‌സ് ഗുഡ്‌.. കോമഡി പടം മോശമാണെന്ന്‌ ഒരിക്കലും പറയാന്‍ പറ്റില്ല. സിനിമയുടെ ഒരു ഭാഗമാണത്‌. ഇപ്പോള്‍ വരുന്ന സിനിമകളില്‍ ഒരേ ടൈപ്പ്‌ കോമഡികളാണ്‌. ഞാന്‍ ഫാമിലിയുടെ ആളാണ്‌, ഞാന്‍ കോമഡിയുടെ ആളാണ്‌, ക്രൈം ത്രില്ലറിന്റെ ആളാണ്‌ എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. ലോക സിനിമ എടുത്തു നോക്കു. സസ്‌പെന്‍സ്‌ ത്രില്ലറുണ്ട്‌. മര്‍ഡര്‍ മിസ്‌റ്ററിയുണ്ട്‌. ഇന്‍വെസ്‌റ്റിഗേഷനുണ്ട്‌, ഗോസ്‌റ്റ് ഫിലിംസുണ്ട്‌, കോമഡി ഫിലിംസുണ്ട്‌, അങ്ങനെ വെറൈറ്റീസ്‌ ഓഫ്‌ ഫിലിംസ്‌ വരണം. എന്നാല്‍ നമ്മുടെ സിനിമയില്‍ മഹാനടന്മാരുള്‍പ്പെടെ കോമഡിയിലേക്കാണ്‌ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്‌. മലയാള സിനിമ മാത്രമല്ല ഇന്ത്യ സിനിമ എടുത്തു നോക്കിയാലും ഒരു നടന്റെയോ നടിയുടേയോ ഔട്ട്‌ സ്‌റ്റാന്റിംഗ്‌ പെര്‍ഫോമന്‍സ്‌ കാണാന്‍ കഴിയുമോ? അശോക്‌ കുമാര്‍, ദിലീപ്‌കുമാര്‍, ദേവാനന്ദ്‌ അവരെന്താണ്‌ ചെയ്‌തത്‌... ചാടിക്കളിക്കുകയല്ലെ ചെയ്‌തത്‌. പെര്‍ഫോമന്‍സ്‌ സ്‌റ്റൈല്‍ ഇന്ന്‌ ഇന്ത്യയിലുണ്ടോ?'

മ്യൂസിക്ക്‌ നല്ലതല്ലേ?

'
മ്യൂസിക്‌ ചാടിക്കളിക്കാനുള്ളതാണോ? സംഗീതം ഇന്ത്യന്‍ ഫിലിംസ്‌ മിസ്‌യൂസ്‌ ചെയ്യുകയല്ലേ ചെയ്യുന്നത്‌? ഇതൊരു പക്ഷേ പലര്‍ക്കും വളര്‍ച്ചയായും മോഡേണായും തോന്നാം.

'
പോണാല്‍ പോകട്ടും പോടാ' എന്നു പാടി ശിവാജി ഗണേശന്‍ ശവപ്പറമ്പിലൂടെ നടക്കുന്ന ഒരു രംഗം ഇപ്പോഴും പ്രേക്ഷക മനസിലുണ്ട്‌. അതൊരിക്കലും മനസില്‍ നിന്നും മായുകയില്ല ആ ഗാനരംഗം ഇപ്പോഴും നമ്മേ ഡിസ്‌റ്റര്‍ബ്‌ ചെയ്‌തു കൊണ്ടിരിക്കുകയാണ്‌. ഇന്നാണെങ്കില്‍ ആ ശവപ്പറമ്പില്‍ ഗ്രൂപ്പ്‌ ഡാന്‍സ്‌ കളിക്കും. സംഗീതം എന്നു പറയുന്നത്‌ ദൈവികമായ കലയാണ്‌. അതിന്‌ ഭാവങ്ങളുണ്ട്‌, വീര്യമുണ്ട്‌, ശൃംഗാരമുണ്ട്‌, ദു:ഖമുണ്ട്‌. ഇന്ന്‌ ഇതൊന്നുമില്ലാതെ ചാടിക്കളിക്കുകയാണ്‌.'

99
ശതമാനം സിനിമകളിലെ ഗാനങ്ങളും വിദേശത്തു വച്ചാണ്‌ ചിത്രീകരിക്കുന്നത്‌. ഒരു പാട്ടെങ്കിലും വിദേശത്തു വച്ച്‌ എടുത്തില്ലെങ്കില്‍ ഉറക്കംവരാത്ത അവസ്‌ഥ. 40 വര്‍ഷമായി സംവിധാന രംഗത്തു പ്രവര്‍ത്തിക്കുന്ന താങ്കള്‍ ഇതിനെ എങ്ങനെ കാണുന്നു?

'
ചരിത്രം പരിശോധിച്ചാല്‍ മലയാള സിനിമയിലായാലും ഹിന്ദി സിനിമയിലായാലും ഏറ്റവും കൂടുതല്‍ ഹിറ്റായിട്ടുള്ള ഗാനചിത്രീകരണം നമ്മുടെ മണ്ണില്‍ വച്ചായിരുന്നു എന്നു കാണാം. ഇതുമാത്രമേ എനിക്കു പറയാനുള്ളു.'

മമ്മൂട്ടിയും മോഹന്‍ലാലും ഇനിയും പ്രായപൂര്‍ത്തി എത്താറായ പെണ്‍കുട്ടികളോടൊപ്പം കാമുകരായി അഭിനയിക്കണോ?

'
അതൊക്കെ അവരല്ലേ തീരുമാനിക്കേണ്ടത്‌. നല്ല നടന്മാരാണ്‌ ഇരുവരും. കുറേ സെലക്‌ടീവായി നല്ല സിനിമകളില്‍ നല്ല വേഷങ്ങളില്‍ അഭിനയിച്ചു കൂടെ? ഇനി അവര്‍ അച്‌ഛന്റേയും അമ്മാവന്മാരുടേയും റോളുകളില്‍ അഭിനയിക്കുന്നതാണ്‌ ബുദ്ധി.

നല്ല സിനിമയാണെങ്കില്‍ ജനം കണ്ടിരിക്കും. അതിന്റെ ഏറ്റവും വലിയ ഉദാഹരണം 1964ല്‍ റിലീസ്‌ ചെയ്‌ത 'കര്‍ണന്‍' തന്നെ. ശിവാജി ഗണേശന്‍ 48 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ അഭിനയിച്ച്‌ സൂപ്പര്‍ ഹിറ്റാക്കിയ സിനിമ 48 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും റിലീസ്‌ ചെയ്‌തിരിക്കുന്നു. കര്‍ണ്ണന്‍ ഒരു ചരിത്ര സംഭവമായിരുന്നു. ഇപ്പോഴും അതിനു മാറ്റം വന്നിട്ടില്ല. നിറഞ്ഞ സദസില്‍ ഓടിക്കൊണ്ടിരിക്കുകയാണ്‌. അത്തരം സിനിമകളിലാണ്‌ പ്രായമായ നായകനടന്മാര്‍ അഭിനയിക്കേണ്ടത്‌.

മമ്മൂട്ടിക്കും മോഹന്‍ലാലിനും ഫാന്‍സ്‌ അസോസിയേഷനുകള്‍ ധാരാളമുണ്ടെങ്കിലും അടുത്തകാലത്ത്‌ റിലീസ്‌ ചെയ്‌ത പല സിനിമകളും തകര്‍ച്ചയിലാണ്‌. മുമ്പൊക്കെ റിലീസ്‌ ചെയ്‌ത് തിയറ്ററില്‍ ചെന്ന്‌ കണ്ട ശേഷം നല്ല സിനിമയാണെങ്കില്‍ അത്‌ ജനം അംഗീകരിക്കണോ തിരസ്‌ക്കരിക്കണോ എന്നു പറയുമായിരുന്നു. എന്നാല്‍ ഇന്ന്‌ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും സിനിമകള്‍ റിലീസ്‌ ചെയ്യുന്ന ദിവസം തന്നെ മോശം സിനിമയാണെന്ന്‌ പബ്ലിസിറ്റി കൊടുക്കുന്നു. ഇതാണിപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്‌.

എന്നിട്ടും അവര്‍ക്ക്‌ വിഷമമില്ല. കാരണം സാറ്റ്‌ലൈറ്റ്‌ റൈറ്റ്‌സില്‍ കൂടി സിനിമ ലാഭകരമാക്കാമെന്ന്‌ ഉറപ്പു നല്‍കുന്നു. സാറ്റ്‌ലൈറ്റ്‌ റൈറ്റ്‌സ് നായകനടന്മാരെ രക്ഷിക്കാനുള്ളതാണ്‌. പടം പൊട്ടിയാലും അവരുടെ മാര്‍ക്കറ്റ്‌ താഴാതെ നോക്കുന്നതിനാണ്‌ സാറ്റ്‌ലൈറ്റ്‌ റൈറ്റ്‌. അതേസമയം പുതിയ നടന്മാരും സംവിധായകരും ചെയ്യുന്ന സിനിമകള്‍ ശ്രദ്ധിക്കപ്പെടുന്നവയാണ്‌. ചിലവു ചുരുക്കി സിനിമ എടുത്ത ശേഷം അതില്‍ ഓന്നോ രണ്ടോ താരങ്ങളെ വിളിക്കുന്നു. അവരുടെ പേരില്‍ സാറ്റ്‌ലൈറ്റ്‌ റൈറ്റ്‌ കൊടുക്കുന്നു. പ്രൊഡ്യൂസര്‍ക്ക്‌ സന്തോഷം. പണം മുന്‍കൂട്ടി വന്നതുകൊണ്ട്‌ പുറത്തു നിന്നുള്ള മുതലും ലാഭവും മുന്‍കൂട്ടി ലഭിച്ചു. അതുകൊണ്ട്‌ ആ സിനിമ കൂടുതല്‍ ദിവസം ഓടിക്കുന്നതിനോ പബ്ലിസിറ്റി കൊടുക്കുന്നതിനോ നിര്‍മ്മാതാവ്‌ തയ്യാറാകുന്നില്ല. നിര്‍മ്മാതാവിന്‌ മുതലും ലാഭവും കിട്ടുമെങ്കിലും ഓടാത്ത സിനിമയുടെ നായകനും സംവിധായകനുമാണെന്ന ചീത്തപ്പേര്‌ ലഭിക്കുന്നു.

മമ്മൂട്ടിയും മോഹന്‍ലാലും നല്ല നടന്മാരാണ്‌. അതിലാര്‍ക്കും തര്‍ക്കവുമില്ല. എന്നാല്‍ പ്രായമായിട്ടും പ്രായത്തിനനുസരിച്ചുള്ള വേഷങ്ങള്‍ സ്വീകരിക്കാത്തതിലാണ്‌ അമര്‍ഷം. മമ്മുട്ടിയായാലും മോഹന്‍ലാലായാലും 'കല്യാണം കഴിക്കാന്‍ മറന്നു, അല്ലെങ്കില്‍ വിവാഹമേ വേണ്ട എന്ന നിലയില്‍ ജീവിച്ചു, വളരെ വൈകിയാണ്‌ വിവാഹത്തെകുറിച്ചും കുടുംബജീവിതത്തെ കുറിച്ചും അറിഞ്ഞത്‌.' ഇത്തരത്തിലാണ്‌ കഥാപാത്രങ്ങളുടെ പോക്ക്‌.

മുമ്പ്‌ ഇവരോടൊപ്പം നായികയായി അഭിനയിച്ച നടിമാരില്‍ പലരും ഇവരുടെ അമ്മയായിട്ടാണ്‌ അഭിനയിക്കുന്നത്‌. അവര്‍ക്ക്‌ അങ്ങനെ അഭിനയിക്കാന്‍ പ്രയാസം തോന്നിയിട്ടില്ല.

കാഴ്‌ചയില്‍ മമ്മൂട്ടി സുന്ദരനാണ്‌. ആരോഗ്യം സംരക്ഷിക്കുന്നവനാണ്‌. സ്‌പെഷ്യല്‍ ട്രെയിനിംഗ്‌ തന്നെ ഇക്കാര്യത്തില്‍ മമ്മൂട്ടിക്കുണ്ട്‌. ആഹാരനിയന്ത്രണത്തിലും മമ്മൂട്ടി മിടുക്കനാണ്‌.

ഈയിടെ രണ്ടു നായികനടിമാരെ കണ്ടു. രണ്ടുപേരും സൂപ്പര്‍ നായകനടന്മാരുടെ കൂടെ അഭിനയിച്ചവരാണ്‌. മകളാകാന്‍ പ്രായമുള്ള നടിമാരില്‍ ഒരാള്‍ പറഞ്ഞത്‌ ഇങ്ങനെയായിരുന്നു:

'
ഞാനദ്ദേഹത്തിന്റെ (മമ്മൂട്ടിയുടെ) കാമുകിയായിട്ടാണ്‌ അഭിനയിച്ചത്‌. സത്യത്തില്‍ എനിക്ക്‌ ആ നടനെ ഇഷ്‌ടമാണ്‌. എന്നാല്‍ ഞാനദ്ദേഹത്തിന്റെ കാമുകിയാണെന്ന ബോധം ഉണ്ടായ നിമിഷം മുതല്‍ ആത്മാര്‍ത്ഥമായി അഭിനയിക്കാന്‍ എനിക്കു കഴിഞ്ഞില്ല. അദ്ദേഹം പ്രേമപൂര്‍വം എന്റെ കണ്ണുകളിലേക്കു നോക്കിയപ്പോള്‍ എനിക്കു ചിരിയാണ്‌ വന്നത്‌. ഇവരുടെ മുഖം ക്ലോസപ്പില്‍ കാണുമ്പോഴാണ്‌ പ്രായം എത്ര ബാധിച്ചിട്ടുണ്ടെന്ന്‌ മനസിലാകുന്നത്‌. എങ്കില്‍ ചോദിക്കും ഇവരോടൊപ്പം അഭിനയിക്കാതിരുന്നുകൂടെ എന്ന്‌. എന്തിനു അഭിനയിക്കാതിരിക്കണം? അഭിനയം ഞങ്ങളുടെ ജോലിയാണ്‌. അതുകൊണ്ട്‌ അഭിനയിക്കുന്നു. ഞങ്ങള്‍ അഭിനയിക്കാന്‍ തയ്യാറായില്ലെങ്കില്‍ മറ്റു പലരും അതിന്‌ തയ്യാറാകും.'

മമ്മൂട്ടിയും മോഹന്‍ലാലും ഇനി ധനമോഹം മറന്ന്‌ നല്ല കഥാപാത്രങ്ങള്‍ക്ക്‌ വേണ്ടി കാത്തിരിക്കണം. ധാരാളം വായിക്കുന്ന കൂട്ടത്തിലാണ്‌ മമ്മൂട്ടി. നല്ല സാഹിത്യകൃതികള്‍ തെരഞ്ഞു പിടിച്ച്‌ സിനിമയാക്കാന്‍ ശ്രദ്ധിക്കണം. സത്യനും മധുവും സോമനും എല്ലാം വ്യത്യസ്‌ത കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്‌ ഓര്‍ക്കുമല്ലോ.

സാഹിത്യകൃതികള്‍ തെരഞ്ഞെടുക്കുമ്പോഴും അതിലെ കഥാപാത്രമാകാന്‍ കഴിയുമോ എന്ന ചിന്തയും ഉണ്ടാകണം. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമ ചെയ്യാനും അതിശക്‌തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും കഴിയണം.

തമിഴ്‌നാട്ടില്‍ കമലഹാസനും രജനികാന്തും ഈ രീതി വര്‍ഷങ്ങള്‍ക്കുമുമ്പേ പരീക്ഷിച്ചു തുടങ്ങിയവരാണ്‌. അതുകൊണ്ട്‌ അവരുടെ സിനിമയ്‌ക്ക് വേണ്ടി ജനം കാത്തിരിക്കുന്നു. എന്താണ്‌ കമലഹാസന്റെ സിനിമ റിലീസ്‌ ചെയ്യാത്തത്‌, എന്താണ്‌ രജനീകാന്തിന്റെ സിനിമ റിലീസ്‌ ചെയ്യാത്തത്‌ എന്ന്‌ ആകാംക്ഷയോടെ ചോദിക്കുന്ന ലക്ഷക്കണക്കിന്‌ പ്രേക്ഷകര്‍. ഈ ചോദ്യമാണ്‌ ഒരഭിനേതാവിന്റെ വിജയം. അതു കൊണ്ടവര്‍ നിത്യവസന്തംപോലെ തമിഴ്‌ സിനിമയില്‍ നിറഞ്ഞുനില്‍ക്കന്നു.

ഇവിടെ മമ്മൂട്ടിയും മോഹന്‍ലാലും നേടേണ്ടതൊക്കെ നേടിക്കഴിഞ്ഞു. അതുകൊണ്ട്‌ ചാട്ടവും ഓട്ടവും പ്രായപൂര്‍ത്തിയാകാത്ത പെമ്പിള്ളേരുടെ കൂടെയുള്ള അഭിനയവും ഒഴിവാക്കുക. തങ്ങളുടെ പ്രായത്തിനനുസരിച്ചുള്ള റോളുകള്‍ തെരഞ്ഞെടുക്കുക. ഒരു സ്വയം വിമര്‍ശനം മമ്മൂട്ടിയും മോഹന്‍ലാലും നടത്തുക. കാരണം നിങ്ങളെ മലയാളസിനിമയ്‌ക്ക് എന്നും വേണം. അതുകൊണ്ടാണ്‌ വേഷം കെട്ടലുകള്‍ മാറ്റി നല്ല വേഷങ്ങള്‍ തെരഞ്ഞെടുക്കണമെന്നു പറയുന്നത്‌.

ഒരിക്കല്‍കൂടി പറയട്ടെ,

പ്രായത്തിനനുസരിച്ച്‌ പക്വതയുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുക.


www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment