......ലണ്ടന്‍ ഒളിമ്പിക്സില്‍ ഓവറോള്‍ കിരീടം തിരിച്ചുപിടിച്ച് അമേരിക്ക കരുത്തുകാട്ടി. അതും, വിദേശമണ്ണിലെ തങ്ങളുടെ എക്കാലത്തെയും മികച്ച പ്രകടനത്തോടെ.
ചൈനയ്ക്കും അഭിമാനിക്കാം. വിദേശത്ത് അവരുടെയും എക്കാലത്തെയും മികച്ച പ്രകടനമാണ് ലണ്ടനില്‍ കണ്ടത്.
1924ല്‍ പാരീസിലും 1968ല്‍ മെക്സിക്കോ സിറ്റിയിലും നേടിയ 45 സ്വര്‍ണമായിരുന്നു ഒളിമ്പിക്സില്‍ ഇതിനു മുമ്പ് അമേരിക്കയുടെ മികച്ച പ്രകടനങ്ങള്‍. ലണ്ടനില്‍ 46 സ്വര്‍ണം ഉള്‍പ്പെടെ 104 മെഡല്‍ നേടി. സോവിയറ്റ് യൂണിയന്‍ ബഹിഷ്കരിച്ച 1984ലെ ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്സില്‍ നേടിയ 78 സ്വര്‍ണത്തേക്കാള്‍ തിളക്കമുണ്ട് ലണ്ടനിലെ ഈ 46ന്. ബീജിങ്ങില്‍ 596 അംഗ സംഘവുമായെത്തിയ അമേരിക്ക നേടിയത് 36 സ്വര്‍ണമായിരുന്നു. ലണ്ടനില്‍ അംഗസംഖ്യ 539 ആയി കുറഞ്ഞപ്പോള്‍ സ്വര്‍ണമെഡലുകള്‍ 10 എണ്ണം കൂടി. ബീജിങ്ങില്‍ ഏറ്റ തിരിച്ചടികളില്‍നിന്ന് പാഠമുള്‍ക്കൊണ്ട് നടത്തിയ തിരുത്തലുകളും പരിശ്രമവുമാണ് അമേരിക്കയെ വീണ്ടും ചാമ്പ്യന്മാരാക്കിയത്. ഹാന്‍ഡ്ബോള്‍ ഒഴികെ ലണ്ടനിലെ എല്ലാ ഇനങ്ങളിലും അമേരിക്ക മത്സരിച്ചിരുന്നു. 16 ഇനത്തിലും മെഡല്‍ നേട്ടം കൈവരിക്കാനായി. ഇതില്‍ 13 ഇനങ്ങളില്‍ കുറഞ്ഞത് ഒരു സ്വര്‍ണമെങ്കിലും നേടി എന്ന പ്രത്യേകതയുമുണ്ട്. നീന്തലിലാണ് അമേരിക്ക കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ബീജിങ്ങില്‍ 12 സ്വര്‍ണമാണ് കുളത്തില്‍നിന്ന് ലഭിച്ചതെങ്കില്‍ ഇവിടെ അത് 16 ആയി. കഴിഞ്ഞതവണ അഞ്ച് വ്യക്തിഗതസ്വര്‍ണം നേടിയ മൈക്കേല്‍ ഫെല്‍പ്സിന്റെ ലണ്ടനിലെ വ്യക്തിഗത നേട്ടം രണ്ടായി കുറഞ്ഞപ്പോഴാണ് അമേരിക്കയുടെ ആകെ നേട്ടം വര്‍ധിച്ചതെന്നതും ശ്രദ്ധേയം.
നീന്തലില്‍ ഓസ്ട്രേലിയയുടെ പതനവും ചൈനയുടെ ഉയര്‍ച്ചയും കണ്ടു. കഴിഞ്ഞതവണ ആറു സ്വര്‍ണം നേടിയ ഓസീസ് ഇത്തവണ ഒരു സ്വര്‍ണവുമായി മടങ്ങിയപ്പോള്‍ സ്വന്തം നാട്ടില്‍ ഒരു സ്വര്‍ണം മാത്രമുണ്ടായിരുന്ന ചൈന ഇവിടെ അഞ്ച് സ്വര്‍ണവുമായി പട്ടികയില്‍ രണ്ടാമതെത്തി.
അത്ലറ്റിക്സിലും കഴിഞ്ഞതവണത്തെ ഏഴു സ്വര്‍ണം ഒമ്പത് ആക്കി അമേരിക്ക തിരിച്ചുവരവ് നടത്തി. ട്രാക്കിലും ഫീല്‍ഡിലുംനിന്ന് അവര്‍ ആകെ 29 മെഡല്‍ നേടി. അത്ലറ്റിക്സിലെ ഈ പ്രകടനമാണ് അവസാനാളുകളില്‍ ചൈനയെ പിന്തള്ളാന്‍ അമേരിക്കയെ സഹായിച്ചത്. സ്പ്രിന്റില്‍ കഴിഞ്ഞതവണ ചരിത്രത്തിലാദ്യമായി ഒരു സ്വര്‍ണംപോലും ഇല്ലാതെയായിരുന്നു അവരുടെ മടക്കം. എന്നാല്‍, ഇത്തവണ വനിതകളുടെ 200 മീറ്ററില്‍ ആലിസണ്‍ ഫെലിക്സും 4-100 റിലേയില്‍ വനിതാ ടീമും പൊന്നണിഞ്ഞു. 4-400 റിലേയില്‍ പുരുഷടീമിനേറ്റ തോല്‍വിയാണ് അത്ലറ്റിക്സില്‍ അമേരിക്കയ്ക്ക് ഏറ്റ തിരിച്ചടി.
എട്ട് സ്വര്‍ണം നേടിയ റഷ്യയും അത്ലറ്റിക്സില്‍ മുന്നോട്ടുവന്നു. സ്പ്രിന്റ് ട്രാക്കില്‍ ജമൈക്ക ആധിപത്യം കാത്തു. ദീര്‍ഘദൂരത്തില്‍ കെനിയക്കേറ്റ തിരിച്ചടിയായിരുന്നു അത്ലറ്റിക്സിലെ പ്രധാന സംഭവങ്ങളിലൊന്ന്. ബീജിങ്ങില്‍ ആറു സ്വര്‍ണം നേടിയ അവര്‍ക്ക് ഇവിടെ രണ്ടു മാത്രം. അതിലൊന്ന് 800 മീറ്ററില്‍ ഡേവിഡ് റുദിഷയുടെ വകയും.
ബാസ്കറ്റ്ബോള്‍ ഇരു വിഭാഗത്തിലും കുത്തക കാത്ത അമേരിക്ക വനിതാ ഫുട്ബോളില്‍ ലോകചാമ്പ്യന്മാരായ ജപ്പാനെ കീഴടക്കി കിരീടം നേടി. ഗുസ്തിയില്‍ രണ്ട് സ്വര്‍ണത്തോടെ ചരിത്രനേട്ടം കൈവരിച്ചപ്പോള്‍ ജിംനാസ്റ്റിക്സില്‍ ഒരു സ്വര്‍ണം അധികം നേടി.
രണ്ടാംസ്ഥാനത്തേക്ക് ഇറങ്ങിയെങ്കിലും കായികശക്തി എന്ന നിലയില്‍ ചൈനയുടെ പേരിന് ലണ്ടന്‍ അടിവരയിട്ടു. മിഷന്‍ 119 എന്ന പേരില്‍ 2001ല്‍ ചൈന ആരംഭിച്ച പദ്ധതി ഇപ്പോഴും ഫലംതരുന്നു എന്നാണ് ലണ്ടനില്‍ നേടിയ 38 സ്വര്‍ണം തെളിയിക്കുന്നത്. ജിംനാസ്റ്റിക്സില്‍ ഏറ്റ കനത്ത തിരിച്ചടിയാണ് ചൈനയെ ഉലച്ചത്. കഴിഞ്ഞ 11 സ്വര്‍ണം നേടിയ ഇനത്തില്‍ അവര്‍ക്ക് ഇത്തവണ ആറു സ്വര്‍ണത്തില്‍ തൃപ്തിപ്പെടേണ്ടിവന്നു. അതേസമയം പുതിയ മേഖലകളില്‍ ചൈന കാലുറപ്പിക്കുന്ന ദൃശ്യങ്ങളുമുണ്ടായി. നീന്തലിലും അത്ലറ്റിക്സിലും അവര്‍ വലിയ മുന്നേറ്റം നടത്തി.
29 സ്വര്‍ണവുമായി 100 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച മെഡല്‍വേട്ട നടത്തി ആതിഥേയരായ ബ്രിട്ടനാണ് പ്രതീക്ഷയില്‍കവിഞ്ഞ നേട്ടമുണ്ടാക്കിയ ടീം. 1908ല്‍ ലണ്ടന്‍ വേദിയായപ്പോഴുള്ള 56 സ്വര്‍ണമാണ് അവരുടെ എക്കാലത്തെയും വലിയ നേട്ടം.
ആകെയുള്ള സ്വര്‍ണത്തില്‍ ഏതാണ്ട് പകുതിയും(302ല്‍ 150) പട്ടികയില്‍ ആദ്യ അഞ്ച്് സ്ഥാനങ്ങളിലുള്ള അമേരിക്ക, ചൈന, ബ്രിട്ടന്, റഷ്യ, കൊറിയ എന്നീ രാജ്യങ്ങളാണ് പങ്കിട്ടത്.
85 രാജ്യങ്ങള്‍ മെഡല്‍പട്ടികയില്‍ എത്തി.
119 രാജ്യങ്ങള്‍ക്ക് മെഡല്‍പട്ടികയില്‍ ഇടംനേടാനായില്ല.
No comments:
Post a Comment