Monday 6 August 2012

[www.keralites.net] ഇതുപോലുള്ള തട്ടിപ്പ് തെറ്റ് ആണോ read please

 

സ്വാമി നിത്യാനന്ദയും ആത്മീയ 'സ്വിസ് ബാങ്കുകളും'

ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ നേതാക്കളും ആള്‍ദൈവങ്ങളായി അറിയപ്പെടുന്ന ആത്മീയവാദികളും തമ്മില്‍ എപ്പോഴും അടുത്ത ബന്ധമാണ്. രണ്ടുകൂട്ടരും സമ്പത്തിന്‍െറ കൂമ്പാരത്തിന്മേലാണ് അടയിരിക്കുന്നത്. പണത്തിന്‍െറ ഉറവിടത്തെക്കുറിച്ച് ഇവരോട് ഏതെങ്കിലും സര്‍ക്കാര്‍ ഏജന്‍സി അന്വേഷിച്ചതായി കേട്ടുകേള്‍വിയില്ല. ആള്‍ദൈവങ്ങളുമായുള്ള രാഷ്ട്രീയനേതാക്കളുടെ അവിഹിത ഇടപാടുകള്‍ ഇന്നുവരെ അന്വേഷണവിധേയമാകാത്തത് രാജ്യത്തിനകത്ത് ഒഴുകുന്ന 'കരിമ്പണ'ത്തിന്‍െറ 'ദിവ്യശക്തി'കൊണ്ടാണെന്ന സംശയം അസ്ഥാനത്തല്ല. ഇരുകൂട്ടരുടെയും ചാപല്യങ്ങള്‍ ഊതിപ്പെരുപ്പിച്ച് അടിസ്ഥാന പ്രശ്നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് മാധ്യമങ്ങള്‍ക്കും താല്‍പര്യം.
ഇന്ത്യക്കാരുടെ ഒന്നര ലക്ഷം കോടി വരുന്ന സ്വിസ് ബാങ്ക് നിക്ഷേപത്തെക്കുറിച്ച് തലനാരിഴ കീറി സംവാദം നടക്കുന്ന കാലത്താണ് 'സ്വാമി' നിത്യാനന്ദയും നടി രഞ്ജിതയുമൊത്തുള്ള കിടപ്പറ ദൃശ്യങ്ങള്‍ ആര്‍ഷഭാരത സംസ്കാരത്തിന് 'പോറലു'ണ്ടാക്കിയത്. കിടപ്പറ സീഡി ചില ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്തതോടെ കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാറിന്‍െറ പൊലീസ് രണ്ടുപേര്‍ക്കുമെതിരെ കേസെടുക്കുകയും നിത്യാനന്ദയെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തു.
തമിഴ്നാട്ടിലെ തിരുവണ്ണാമലക്കാരന്‍ രാജശേഖരനാണ് നിത്യാനന്ദ എന്ന് അധികമാര്‍ക്കുമറിയില്ല. കേസിനെ തുടര്‍ന്ന് രഞ്ജിത ഒരു വര്‍ഷത്തോളം ഒളിജീവിതം നയിച്ചു. തമിഴ്നാട്ടില്‍ ഡി.എം.കെ സര്‍ക്കാര്‍ നിലംപതിച്ചശേഷമാണ് ഇരുവരും പൊതുവേദിയില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടത്. ഡി.എം.കെക്കും മാരന്‍ സഹോദരന്മാര്‍ക്കുമെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ച നിത്യാനന്ദ 1400 വര്‍ഷം പഴക്കമുള്ള മധുര ആധീനം മഠത്തിന്‍െറ ഇളയ മഠാധിപതിയായി ചുമതലയേല്‍ക്കുകയും ചെയ്തു. തനിക്ക് എ.ഐ.എ.ഡി.എം.കെ സര്‍ക്കാറിന്‍െറ പിന്തുണയുണ്ടെന്ന് നിത്യാനന്ദ പലവട്ടം പറഞ്ഞിട്ടും മുഖ്യമന്ത്രി ജയലളിത അക്കാര്യം നിഷേധിച്ചിട്ടില്ല.
എന്നാല്‍, ഇക്കുറി നിത്യാനന്ദക്കെതിരായ ആരോപണങ്ങള്‍ കുറച്ചുകൂടി ഗൗരവത്തിലുള്ളതാണ്. മുന്‍ ശിഷ്യയായ ആരതി റാവു എന്ന ചെന്നൈക്കാരിയാണ് സ്വാമിക്കെതിരെ ആരോപണവുമായി കളത്തിലുള്ളത്. വിവാഹിതയായി അമേരിക്കയില്‍ താമസമാക്കിയ ഈ യുവതി രണ്ടു ലക്ഷം രൂപ മാസശമ്പളമുള്ള ജോലി ഒഴിവാക്കിയാണ് കര്‍ണാടകയിലെ ബിഡതി ആശ്രമത്തില്‍ എത്തിയതത്രെ. രാജ്യത്തിന്‍െറ പല ഭാഗങ്ങളില്‍ കൊണ്ടുപോയി 40ലേറെ തവണ നിത്യാനന്ദ തന്നെ മാനഭംഗപ്പെടുത്തിയെന്നാണ് ആരതിയുടെ പരാതി.
ആരതിയുടെ പരാതിയേക്കാളുപരി, ഇതുസംബന്ധിച്ച് നിത്യാനന്ദ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരെ ഗുണ്ടകള്‍ കൈയേറ്റം ചെയ്തതാണ് ഇത്തവണ നിത്യാനന്ദയെ വീണ്ടും ജയിലിലത്തെിച്ചത്. ഒറ്റദിവസംകൊണ്ട് ജാമ്യത്തിലിറങ്ങിയ നിത്യാനന്ദ രഞ്ജിതയോടൊപ്പം മധുര ആധീനം മഠത്തില്‍ തമ്പടിച്ചു. മഠത്തില്‍ ലഹരിപാനവും 'ഗുരുപൂജ'യും മുറുകിയതോടെ ഹൈന്ദവസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. നൂറോളം ശിഷ്യഗണങ്ങളുമായി മനഃസമാധാനം തേടി കൊടൈക്കനാലില്‍ എത്തിയിരിക്കുകയാണ് നിത്യാനന്ദ. അവിടെ ആശ്രമം പണിയാനുള്ള ഒരുക്കത്തിലും.
യോഗയും ധ്യാനവും ധ്യാനപീഠവുമെല്ലാം നിത്യാനന്ദയെ സംബന്ധിച്ചിടത്തോളം സൈഡ് ബിസിനസ് മാത്രമാണ്. യഥാര്‍ഥ കച്ചവടം കോടികളുടേതാണ്. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ പ്രവര്‍ത്തിക്കുന്ന 'നിത്യാനന്ദ ടെമ്പ്ള്‍ ആര്‍ട്സ്' എന്ന ബിസിനസ് സ്ഥാപനത്തില്‍നിന്നു മാത്രം അദ്ദേഹത്തിന് 2009ല്‍ കിട്ടിയ ലാഭം 12 കോടി രൂപ. ഇന്ത്യയില്‍നിന്നുള്ള വിഗ്രഹങ്ങള്‍, രുദ്രാക്ഷമാലകള്‍, കവറിങ് ആഭരണങ്ങള്‍ തുടങ്ങിയവയാണ് ഇവിടെ വില്‍ക്കുന്നത്. ഇന്ത്യക്കകത്തും വിദേശത്തും യോഗ, മെഡിറ്റേഷന്‍ ക്യാമ്പുകളും പൂജാകര്‍മങ്ങളും നടത്തിയതിലൂടെ കിട്ടിയ പണമുള്‍പ്പെടെ 2009ല്‍ നിത്യാനന്ദയുടെ മൊത്തം വരുമാനം 87.99 കോടി രൂപയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ബിഡതിയിലുള്ള ഒരു സ്വകാര്യ ബാങ്കിലെ നിത്യാനന്ദയുടെ അക്കൗണ്ടിലൂടെ നാലു വര്‍ഷത്തിനിടെ കൈമറിഞ്ഞത് 32 കോടി രൂപ. ഇതുപോലെ ബിഡതിയില്‍ മാത്രം നിത്യാനന്ദക്ക് 11 ബാങ്കുകളില്‍ അക്കൗണ്ട് ഉണ്ടത്രെ. ഈ കണക്കുകള്‍ പുറത്തുവിട്ടതും നിത്യാനന്ദയുടെ ആളുകള്‍ തന്നെയാവാനാണ് സാധ്യത.
എന്നാല്‍, നിത്യാനന്ദയുടെ കൈയിലൂടെ ഒഴുകുന്ന കോടികള്‍ വിഗ്രഹ കച്ചവടത്തില്‍നിന്നും യോഗാ ക്യാമ്പുകളില്‍നിന്നും കിട്ടുന്നതുതന്നെയാണോ എന്ന സംശയവും ഉയരുന്നുണ്ട്. ഒരു വിഭാഗം രാഷ്ട്രീയക്കാരുടെ ശത്രുത സമ്പാദിച്ച 'നിത്തി' പ്രതികാരനടപടികള്‍ ഭയന്ന് പണത്തിന്‍െറ ഉറവിടത്തെക്കുറിച്ച് സ്വന്തം നിലക്ക് നടത്തിയ 'വെളിപ്പെടുത്തലാ'വാനാണിട. സ്വിസ് ബാങ്ക് നിക്ഷേപത്തേക്കാള്‍ സുരക്ഷിതമാണ് ആള്‍ദൈവങ്ങളുടെ ലോക്കറുകളെന്ന് പല രാഷ്ട്രീയനേതാക്കളും കരുതുന്നു. പുട്ടപര്‍ത്തിയിലെ സായിബാബ മരിച്ചപ്പോള്‍ 40,000 കോടിയുടെ സ്വത്ത് ഉണ്ടെന്നാണ് കണക്കാക്കിയത്. ബാബയുടെ കിടപ്പുമുറിയില്‍പോലും കോടികളുടെ സ്വര്‍ണവും രത്നവും കറന്‍സിയും കുന്നുകൂട്ടിയിരിക്കുന്നതു കണ്ട് ജനം അമ്പരന്നു. കൂലിവേലക്കാരനുപോലും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കി ആദായനികുതി വാങ്ങുകയും പുരയിടം വാങ്ങാന്‍ ബ്ളേഡില്‍നിന്നുള്ള ഒന്നോ രണ്ടോ ലക്ഷം രൂപയുമായി പിടിയിലാവുന്നവനോട് പണത്തിന്‍െറ ഉറവിടം അന്വേഷിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ബാബയുടെ സമ്പാദ്യത്തിന്‍െറ ഉറവിടമെന്തെന്നോ എത്ര കോടി നികുതി നല്‍കി എന്നോ തിരക്കിയില്ല. ബാബയുടെ സ്വത്തുക്കള്‍ ആന്ധ്ര സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പിന്നീട് അക്കാര്യത്തില്‍ ഒരു നടപടിയും ഉണ്ടായില്ല. മരിച്ച ബാബയുടെ പേരില്‍ ഇപ്പോഴും ഇടപാടുകള്‍ തുടരുകയാണ്.
സായിബാബയെ പുട്ടപര്‍ത്തിയില്‍ ചെന്ന് ദര്‍ശിക്കാത്ത രാഷ്ട്രീയനേതാക്കളും ഭരണാധികാരികളും വിരളമാണ്. ആള്‍ദൈവത്തോടുള്ള ഭക്തിയേക്കാള്‍ സ്വന്തം കരിമ്പണം സുരക്ഷിതമായി സൂക്ഷിക്കാനുള്ള വ്യഗ്രതയാണ് ഇവരില്‍ പലരെയും പുട്ടപര്‍ത്തിയില്‍ എത്തിച്ചതെന്ന് കരുതുന്നവരെ കുറ്റപ്പെടുത്താനാവില്ല. റെയ്ഡുകളെയും വെളിപ്പെടുത്തലുകളെയും ഭയക്കാനില്ലാത്ത 'ആത്മീയ ലോക്കറാ'യാണ് ആള്‍ദൈവങ്ങളെ രാഷ്ട്രീയക്കാര്‍ പ്രയോജനപ്പെടുത്തുന്നത്.
സായിബാബയുടെ അടുക്കളയില്‍ പാത്രം കഴുകാന്‍ നിന്നവര്‍പോലും പില്‍ക്കാലത്ത് ആത്മീയ ബിസിനസ് തന്ത്രങ്ങള്‍ പഠിച്ച് സ്വയം ആള്‍ദൈവങ്ങളായി മാറിയതിന് ഉദാഹരണങ്ങളുണ്ട്. കഞ്ഞിവീഴ്ത്തും ഉഴിച്ചിലും പിഴിച്ചിലുമായി ബിസിനസ് തുടങ്ങിയ 'കുട്ടി ആള്‍ദൈവങ്ങള്‍' കോടികള്‍ വിലമതിക്കുന്ന ഹോട്ടലുകളുടെയും ആശുപത്രികളുടെയും ഉടമകളാവുന്നതും ചലച്ചിത്രതാരങ്ങളും ഉന്നത രാഷ്ട്രീയ നേതാക്കളും ഇവരുമായി 'സ്നേഹം' കൂടുന്നതും കേരളത്തിലെ സമകാലീന കാഴ്ചകളാണ്. ആരുടെ ബിനാമിയാകാനും തയാറുള്ളവരെ ആള്‍ദൈവങ്ങളാക്കാന്‍ രാഷ്ട്രീയക്കാര്‍ക്കൊപ്പം മാധ്യമങ്ങളും കിടമത്സരം നടത്തുന്നു.
ഇത്തരത്തില്‍ പ്രമുഖ ദക്ഷിണേന്ത്യന്‍ രാഷ്ട്രീയക്കാരുടെ ബിനാമിയായ ഒരു ആള്‍ദൈവമാണ് നിത്യാനന്ദയും എന്ന് ഉറപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്, അദ്ദേഹത്തെ ചുറ്റിപ്പറ്റി അരങ്ങേറുന്ന സംഭവവികാസങ്ങള്‍. കര്‍ണാടക പൊലീസിന്‍െറ നോട്ടപ്പുള്ളിക്ക് തമിഴ്നാട് പൊലീസ് സംരക്ഷണം നല്‍കുന്നത് ഉന്നത രാഷ്ട്രീയ ഇടപെടലുകള്‍കൊണ്ടാവാതെ തരമില്ല.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment