സത്നം സിങ്ങും കുറെ ചോദ്യങ്ങളും
ബിഹാറിലെ ഗയ സ്വദേശിയായ സത്നം സിങ് എന്ന ചെറുപ്പക്കാരന്‍ പേരൂര്‍ക്കടയിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍വെച്ച് ദുരൂഹ സാഹചര്യത്തില്‍ മരിക്കാനിടയായത് ഗൗരവപ്പെട്ട നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ആഗസ്റ്റ് ഒന്നിന് വള്ളിക്കാവിലെ അമൃതാനന്ദമയി ആശ്രമത്തില്‍, ദര്‍ശനത്തിനിടെ സത്നം സിങ് അമൃതാനന്ദമയിക്കെതിരെ എന്തോ അറബിമന്ത്രം ഉച്ചരിച്ചുകൊണ്ട് പാഞ്ഞടുത്തതാണ് സംഭവങ്ങളുടെ തുടക്കം. അമൃതാനന്ദമയിക്കെതിരെ നടന്ന വധശ്രമമായി മഠവും ബി.ജെ.പിയും ഇതിനെ ചിത്രീകരിച്ചു. സംഭവത്തിന് പിന്നില്‍ തീവ്രവാദ ശക്തികളുണ്ടെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍ വാര്‍ത്താസമ്മേളനം നടത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റു ബി.ജെ.പി നേതാക്കളും ഈ ആരോപണം ഉന്നയിച്ചു. നിരായുധനായ ഒരു മനോരോഗിയുടെ വിഭ്രാന്തിയില്‍പോലും തീവ്രവാദം ആരോപിക്കുകയും അതിന്‍െറ പേരില്‍ ബഹളം സൃഷ്ടിക്കുകയും ചെയ്യുന്ന ബി.ജെ.പി നേതൃത്വത്തിന്‍െറ മനോദൗര്‍ബല്യത്തെ വിട്ടേക്കുക. അതവരുടെ മാറാരോഗമാണ്. പക്ഷേ, പിന്നീടുള്ള ദിവസങ്ങളില്‍ നടന്നതാണ് കൂടുതല്‍ ഗൗരവതരമായിട്ടുള്ളത്.
മനോരോഗിയായ ഒരാളെ ചികിത്സാകേന്ദ്രത്തിലേക്ക് അയക്കുന്നതിന് പകരം, പൊലീസിന് കൈമാറി ജയിലിലേക്ക് മാറ്റിയതില്‍ നിന്നു തുടങ്ങുന്നു സംശയകരമായ ഇടപാടുകള്‍. ജയിലില്‍നിന്ന് സത്നം പിന്നീട് പേരൂര്‍ക്കട മനോരോഗ ചികിത്സാലയത്തിലേക്ക് അയക്കപ്പെടുന്നു. രണ്ടു ദിവസത്തിനുശേഷം, ശരീരത്തില്‍ ക്രൂരമായ മര്‍ദനങ്ങളുടെ പാടുകളോടെ ആ മനുഷ്യന്‍ മരണപ്പെടുന്നു.
മനോരോഗികളോട് നമ്മുടെ സമൂഹം പൊതുവെ പുലര്‍ത്തുന്ന പരിഹാസവും അനുകമ്പയില്ലായ്മയും ചേര്‍ന്ന സമീപനം ഇതില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ലോകത്തോട് മുഴുവന്‍ സ്നേഹത്തെക്കുറിച്ച് നിരന്തരം സംസാരിക്കുന്ന അമൃതാനന്ദമയി മഠവും ഇതേ സമീപനംതന്നെ സ്വീകരിച്ചുവെന്നത് നമ്മെ വേദനിപ്പിക്കുകയും ചെയ്യുന്നു. ഓരോ ഇലയനക്കത്തിലും മതതീവ്രവാദം കാണുകയും അറബിമന്ത്രങ്ങളെപ്പോലും ഭയക്കുകയും ചെയ്യുന്ന ബി.ജെ.പിയെപ്പോലുള്ള രക്തകാമനയില്‍ അധിഷ്ഠിതമായ ഒരു പാര്‍ട്ടിയുടെ സമ്മര്‍ദങ്ങള്‍ കൂടിയായപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയായിരുന്നു.
ആത്മീയതയുടെ വിപണനകേന്ദ്രങ്ങളായ ആശ്രമങ്ങളിലെല്ലാം ദുരൂഹമായ പലതും നടക്കുന്നുവെന്നത് തെളിഞ്ഞ ഒരു സത്യമാണ്. അമൃതാനന്ദമയി മഠവുമായി ബന്ധപ്പെട്ടും സമാനമായ നിരവധി ആരോപണങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി സി. അച്യുതമേനോന്‍െറ ബന്ധുവായ നാരായണന്‍കുട്ടി, അമൃതാനന്ദമയിയുടെ ബന്ധുവായ പ്രദീപ്കുമാര്‍, കണ്ണൂര്‍ സ്വദേശിയായ ധുരന്തര്‍, അമൃതാനന്ദമയിയുടെ സഹോദരന്‍ സുഭകന്‍ എന്നിവരുടെ മരണങ്ങള്‍, ഇതിനുമുമ്പ്, മഠവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ നിറഞ്ഞ കഥകള്‍ പേറുന്നുണ്ട്. ഇത്തരം ദുരൂഹതകളെ പുരസ്കരിച്ച് 'മാതാ അമൃതാനന്ദമയി: ദിവ്യകഥകളും യാഥാര്‍ഥ്യങ്ങളും' എന്ന പേരില്‍ യുക്തിവാദി നേതാവ് ശ്രീനി പട്ടത്താനം ഒരു പുസ്തകംതന്നെ രചിച്ചിട്ടുണ്ട്. എന്നാല്‍, പുസ്തകത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് പകരം ഗ്രന്ഥകര്‍ത്താവിനെതിരെ തിരിയാനാണ് പലരും ശ്രമിച്ചത്.
ആത്മീയകേന്ദ്രങ്ങളിലെ ദുരൂഹതകളുടെ മറനീക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് എവിടെയും അനുഭവിക്കേണ്ടിവരുന്ന യാഥാര്‍ഥ്യം മാത്രമാണിത്. ആത്മീയതയുടെ പരിവേഷമുണ്ടെങ്കില്‍ എന്തും എങ്ങനെയും ചോദ്യം ചെയ്യപ്പെടാതെ നടത്താം എന്നൊരു അവസ്ഥ നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്- അത് ഏത് മതവിഭാഗവുമായി ബന്ധപ്പെട്ടതാണെങ്കിലും. രാജ്യത്തിന്‍െറ പ്രസിഡന്‍റിനെ പോലും കുറ്റവിചാരണ ചെയ്യാന്‍ അധികാരവും അവകാശവുമുള്ള ഒരു നാട്ടിലാണ് ആത്മീയാചാര്യന്മാര്‍ ഈ വിധം അചോദ്യ ദൈവങ്ങളായി വിലസുന്നത്. സത്നം സിങ്ങിന്‍െറ മരണം ആത്മീയകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട അസുഖകരമായ ചോദ്യങ്ങള്‍ വീണ്ടും ഉയര്‍ത്തേണ്ട സന്ദര്‍ഭമാണ്.
സത്നം സിങ്ങിനെ പൊലീസിന് കൈമാറിയശേഷമാണ് അദ്ദേഹത്തിന്‍െറ മരണം സംഭവിക്കുന്നത്. മഠം അധികൃതര്‍, പൊലീസ്, ജയില്‍ വകുപ്പ്, മനോരോഗ ചികിത്സാലയ നടത്തിപ്പുകാര്‍ എന്നിവരെല്ലാം ഈ വിഷയത്തില്‍ സംശയത്തിന്‍െറ നിഴലില്‍തന്നെയാണ്. നിഷ്പക്ഷവും കണിശവുമായ അന്വേഷണത്തിലൂടെ യഥാര്‍ഥ കുറ്റവാളികളെ പുറത്തുകൊണ്ടുവരേണ്ടതുണ്ട്. ആത്മീയതയുടെ മറയുയര്‍ത്തി അന്വേഷണത്തെ തടസ്സപ്പെടുത്താനോ വഴിമാറ്റുവാനോ ആരെയും അനുവദിക്കരുത്. ദൈവത്തിന്‍െറ സ്വന്തം നാട്ടില്‍ സ്വസ്ഥതയനുഭവിച്ചുവന്ന മനോനില തെറ്റിയ ഒരു ബിഹാറിയെ തല്ലിക്കൊന്നുവെന്ന പഴി മലയാളികള്‍ പേറി നടക്കാന്‍ പാടില്ല.
No comments:
Post a Comment