പ്ലസ്വണ്‍ ക്ലാസുകളില്‍ അധികസീറ്റുകള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി മേഖലയിലെ അധ്യയനം ബുദ്ധിമുട്ടിലാക്കും.
ക്ലാസ്മുറികളടക്കം അടിസ്ഥാന സൗകര്യങ്ങള്‍ വേണ്ടവിധമില്ലാത്ത സ്കൂളുകളില്‍ അധികസീറ്റുകള്‍ അനുവദിക്കുന്നതോടെ ഒരു ക്ലാസില്‍ 68 കുട്ടികള്‍ പഠിക്കേണ്ടി വരും. സര്‍ക്കാര്‍ സ്കൂളുകളില്‍ പുതിയ പ്ലസ്വണ്‍ ബാച്ചുകള്‍ അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കാതെയാണ് സീറ്റ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. സയന്‍സ് വിഭാഗത്തില്‍ മൂന്നും കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളില്‍ എട്ടും വീതമാണ് അധിക സീറ്റുകള്‍ അനുവദിച്ചത്.
ഹയര്‍ സെക്കന്‍ഡറിയില്‍ നിലവില്‍ വിദ്യാര്‍ഥികളുടെ എണ്ണം 50 ആണ്. സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശപ്രകാരം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി 20 ശതമാനം വിദ്യാര്‍ഥികളെ കൂടുതല്‍ പഠിപ്പിക്കുന്നുണ്ട്. ഇങ്ങനെ 60 വിദ്യാര്‍ഥികളുമായാണ് ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നത്. എട്ട് കുട്ടികള്‍കൂടി എത്തുമ്പോള്‍ ക്ലാസുകള്‍ ശ്വാസം മുട്ടും.
സംസ്ഥാനത്തെ മിക്ക സ്കൂളുകളിലും യുപി, ഹൈസ്കൂള്‍ ക്ലാസുകള്‍ നടത്തിയിരുന്ന മുറികളാണ് പിന്നീട് ഹയര്‍ സെക്കന്‍ഡറിക്ക് വിട്ടുനല്‍കിയത്്. 20:30 വിസ്തീര്‍ണത്തില്‍ വേണ്ട മുറികള്‍ക്ക് പകരം 20:20 വലിപ്പമുള്ള ക്ലാസുകളിലാണ് പഠനം നടക്കുന്നത്. 40 കുട്ടികളെ ഇരുത്തി പഠിപ്പിക്കാനുള്ള സൗകര്യം മാത്രമാണ് ഈ മുറിയിലുള്ളത്.
പുതിയ പാഠ്യപദ്ധതിപ്രകാരം ക്ലാസ്മുറി ചര്‍ച്ചകളും ലാബ് പ്രവര്‍ത്തനങ്ങളുമടക്കം നിരവധി പ്രവര്‍ത്തനങ്ങള്‍ നടതണം. 68 വിദ്യാര്‍ഥികളെ ഒരുമിച്ചിരുത്തിയാല്‍ അധ്യാപകന് ക്ലാസില്‍ നടക്കാനോ എല്ലാ വിദ്യാര്‍ഥികളെയും ശ്രദ്ധിക്കാനോ കഴിയില്ല. നഗരപ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്കൂളുകളില്‍ മാത്രമാണ് ഹയര്‍ സെക്കന്‍ഡറിയില്‍ വലിയ ക്ലാസ്മുറികള്‍ ഒരുക്കിയിട്ടുള്ളത്. ഗ്രാമീണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബഹുഭൂരിപക്ഷം സ്കൂളുകള്‍ക്കും ചെറിയ ക്ലാസ്മുറികളാണുള്ളത്.
ലാബ് സൗകര്യമടക്കമുള്ളവയുടെ അപര്യാപ്തതകളും ഏറെ. എല്ലാവര്‍ക്കും ലാബ് സൗകര്യം നല്‍കുന്നതില്‍ പെടാപ്പാട് പെടുന്ന അധ്യാപകര്‍ കൂടുതല്‍ വിദ്യാര്‍ഥികളെത്തുന്നതോടെ കുഴങ്ങും. സര്‍ക്കാര്‍ സ്കൂളുകളില്‍ അടിസ്ഥാനസൗകര്യങ്ങളൊരുക്കി പുതിയ ബാച്ചുകള്‍ അനുവദിക്കുകയാണ് വേണ്ടതെന്നാണ് അധ്യാപകരുടെ അഭിപ്രായം. എയ്ഡഡ് മേഖലയില്‍ കൂടുതല്‍ അപേക്ഷകള്‍ വന്നപ്പോള്‍ സര്‍ക്കാര്‍ പുതിയ ബാച്ച് അനുവദിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ പുതിയ ബാച്ച് അനുവദിക്കുമ്പോള്‍ കെട്ടിട നിര്‍മാണം, അധ്യാപക നിയമനം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കേണ്ടതായി വരും. ഈ ചെലവുകള്‍ ഒഴിവാക്കുകുക എന്ന ഉദ്ദേശ്യത്തോടെയാണ് അധിക ബാച്ച് അനുവദിക്കാതെ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.
No comments:
Post a Comment