പ്രവാസിക്ക് വകുപ്പുണ്ട്, മന്ത്രിയുണ്ട്; എന്തിന്?!
കഴിഞ്ഞ മെയ് എട്ടുമുതല്‍ രണ്ടു മാസത്തോളം നീണ്ടുനിന്ന എയര്‍ ഇന്ത്യ പൈലറ്റുമാരുടെ സമരം ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് പിന്‍വലിക്കേണ്ടിവന്നിരിക്കുകയാണ്. പിരിച്ചുവിട്ട പൈലറ്റുമാരെ തിരിച്ചെടുത്തും സമര കാലത്തെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും നല്‍കാമെന്ന വാഗ്ദാനം കിട്ടിയില്ലെങ്കില്‍ പൈലറ്റുമാര്‍ വീണ്ടും സമരത്തിനിറങ്ങാനുള്ള സാധ്യതയും തള്ളിക്കളയാവുന്നതല്ല.
രണ്ടുമാസത്തെ സമരം കാരണം ദേശീയ വിമാന കമ്പനിക്ക് ഉണ്ടായ നഷ്ടം അറുനൂറു കോടിയിലേറെയാണത്രേ. പൈലറ്റുമാര്‍ക്കോ നാട് ഭരിക്കുന്നവര്‍ക്കോ ഇതുകൊണ്ടൊരു നഷ്ടവും സംഭവിക്കാന്‍ പോകുന്നില്ല. എന്നാല്‍ അഴിമതി നടത്തിയും സമരം ചെയ്തും പൊതു മുതല്‍ നശിപ്പിച്ചും രാജ്യത്തിന് ലക്ഷം കോടികളുടെ നഷ്ടം വരുത്തിവെക്കുന്നത് നികത്താന്‍ പാടുപെടുന്നവരില്‍ വലിയൊരു വിഭാഗം ലക്ഷക്കണക്കായ പ്രവാസികളാണ്.
ഒന്നോ രണ്ടോ വര്ഷം കൂടുമ്പോള്‍ സ്വന്തം കുടുംബത്തോടൊപ്പം എണ്ണിച്ചുട്ട ദിവസങ്ങള്‍ ചെലവഴിക്കാനുള്ള അവസരം കാത്തു കഴിയുന്നവര്‍, നീണ്ട പ്രവാസ ജീവിതത്തിന്റെ "സമ്മാനമായി" കിട്ടിയ രോഗങ്ങള്‍ക്ക് വിദഗ്ദ ചികില്‍സ തേടി നാട്ടിലെത്തേന്ടവര്‍, മക്കളുടെയും മറ്റു ബന്ധുമിത്രാദികളുടെയും വിവാഹത്തിനും മറ്റും നേതൃത്വം നല്‍കേണ്ടവര്‍, ലീവിന് പോയി കൃത്യസമയത്ത് ജോലിക്ക് ഹാജരാകേണ്ടവര്‍ ഇവരുടെയൊക്കെ യാത്രാപ്രശ്‌നം പരിഹരിക്കാന്‍ നീണ്ട രണ്ടു മാസത്തിനിടയില്‍ സാധിക്കാത്ത പ്രവാസി വകുപ്പും ബന്ധപ്പെട്ട മന്ത്രിമാരും രാജിവെക്കാന്‍ തയ്യാറാകണം. സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണമെടുത്ത് ക്ഷേമനിധിയും പെന്‍ഷനും നല്‍കാന്‍ മാത്രമായി ഇത്ര വലിയൊരു വകുപ്പ് ആവശ്യമുണ്ടോ?.
ഗള്‍ഫില്‍ കാല്‍കുത്തുന്നത് മുതല്‍ നാട്ടിലെത്തുന്നത് വരെ നേതാക്കന്‍മാരെ താങ്ങി നടക്കുന്നവര്‍ക്കും മീഡിയകള്‍ക്ക് മുന്നിലെത്തുമ്പോള്‍ പ്രഖ്യാപനങ്ങളുടെ പെരുമഴ നടത്തി അണികളെ ആവേശം കൊള്ളിക്കുന്ന സ്വന്തം നേതാക്കളുടെ ബലഹീനതയും സ്നേഹവും ഉള്ളിലിരിപ്പും മനസ്സിലാക്കാന്‍ ഇതിലും നല്ലൊരു ഉദാഹരണം വേറെ ഇല്ല.
പ്രവാസികളെപ്പോലെ എല്ലാം മറക്കാനും പൊറുക്കാനും വിഡ്ഢിയാക്കാനും പറ്റിയവര്‍ വേറെ ഇല്ലെന്നു നന്നായി അറിയുന്നവര്‍ പ്രവാസി പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന കാലത്തോളം ഇതിലും വലിയ ദുരന്തങ്ങള്‍ സംഭവിച്ചാലും അവര്‍ പ്രവാസി ദിവസും മേളകളുമായി നടക്കുന്നത് കാണാനായിരിക്കും പ്രവാസികളുടെ വിധി.
No comments:
Post a Comment