മാധ്യമപ്രവര്‍ത്തകര്‍ മുക്കിയ കോടികള്‍ ! ബ്രേക്കിംഗ് ന്യൂസുകാര്‍ എവിടെ?
http://www.vallikkunnu.com/2012/07/kerala-journalists.html?showComment=1342426649841
കൊല്ലക്കടയില്‍ സൂചി വിറ്റാല്‍ ബ്രേക്കിംഗ് ന്യൂസ് കൊടുക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ തങ്ങളുടെ സഹപ്രവര്‍ത്തകര്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തപ്പോള്‍ വാല് ചുരുട്ടി മാളത്തിലൊളിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കാവല്‍പട്ടികളില്‍ ഒരെണ്ണം കുരയ്ക്കുന്നില്ല. രാഷ്ട്രീയക്കാരും സാമൂഹ്യ പ്രവര്‍ത്തകരും അപവാദങ്ങളില്‍ പെട്ടാല്‍ ഒന്നേ മുക്കാല്‍ മീറ്റര്‍ നീളമുള്ള നാക്കുമായി ചാനലുകളിലും പത്രത്താളുകളിലും ചാടിവീഴുന്ന ജഗജില്ലികള്‍ എന്തേ ഈ വാര്‍ത്ത മാത്രം കൊടുക്കാത്തത്. പത്രപ്രവര്‍ത്തകര്‍ കട്ടാല്‍ അത് കളവാകില്ല എന്നുണ്ടോ? ഉവ്വോ?
കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡിന്റെ പ്രത്യേക സ്കീം പ്രകാരം തിരുവനന്തപുരത്ത് പേരൂര്‍ക്കടയിലുള്ള ജേര്‍ണലിസ്റ്റ് കോളനിയില്‍ വീടുകള്‍ സ്വന്തമാക്കിയ അമ്പത്തിനാല് മാധ്യമ പ്രവര്‍ത്തകരാണ് കഴിഞ്ഞ പന്ത്രണ്ടു കൊല്ലമായി സര്‍ക്കാരിനെ പറ്റിച്ചു നടക്കുന്നത്. ഏതാണ്ട് ഇരുപതു കോടിയോളം രൂപയാണ് ഇവര്‍ സര്‍ക്കാരിലേക്ക് അടക്കാനുള്ളത്. പന്ത്രണ്ടു വര്‍ഷം മുമ്പ് 7.62 ലക്ഷവും 10.28 ലക്ഷവും വിലയിട്ട ഫ്ലാറ്റുകളാണ് വെറും ഒന്നേകാല്‍ ലക്ഷം രൂപ അടച്ചു മാധ്യമ സിംഹങ്ങള്‍ കൈവശപ്പെടുത്തിയത്. ബാക്കി പണം തവണകളായി തിരിച്ചടക്കാമെന്ന കരാറില്‍ വീടുകള്‍ കരസ്ഥമാക്കിയ അമ്പത്തിനാല് പേരില്‍ അഞ്ചു പേരൊഴികെ ഒരെണ്ണവും കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി ചില്ലിക്കാശു സര്‍ക്കാര്‍ ഖജനാവിലേക്ക് തിരിച്ചടച്ചിട്ടില്ല. അഞ്ചു പേരാകട്ടെ മറ്റുള്ളവര്‍ കൂട്ടത്തോടെ പണമടക്കാത്തത് കണ്ടതോടെ ഏതാനും തവണകള്‍ അടച്ചു ആ പരിപാടി നിര്‍ത്തി. മാറി മാറി വന്ന സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തി തുക എഴുതിത്തള്ളുന്നതിന് വേണ്ട ശ്രമങ്ങളാണ് തട്ടിപ്പിനും അഴിമതിക്കുമെതിരെ നിരന്തരം കുരച്ചുകൊണ്ടേയിരിക്കുന്ന വീരന്മാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
തട്ടിപ്പ് നടത്തിയവരുടെ ലിസ്റ്റ്
കള്ള രേഖകള്‍ ചമച്ചാണ് പലരും ഫ്ലാറ്റുകള്‍ സ്വന്തമാക്കിയിരിക്കുന്നത്. മാത്രമല്ല അവരില്‍ ചിലര്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഫ്ലാറ്റുകള്‍ മറ്റുള്ളവര്‍ക്ക് വാടകയ്ക്ക് നല്‍കുകയും ചെയ്തിരിക്കുന്നു. പോരേ പൂരം!! സര്‍ക്കാര്‍ ചിലവില്‍ പണി കഴിപ്പിച്ച വീട് കാശൊന്നും അടക്കാതെ മൂന്നാം പാര്‍ട്ടിക്ക് വാടകയ്ക്ക് കൊടുക്കുക!!. മാധ്യമ വീരപ്പന്മാരുടെ ധാര്‍മികത നോക്കണേ!!.. മാത്രമോ, വാടകയിനത്തില്‍ പോക്കറ്റിലെത്തുന്ന ആ കാശ് പോലും തിരിച്ചടക്കാതിരിക്കുക. മാസം മിനിമം ആറായിരം രൂപയ്ക്കു വാടകക് കൊടുത്തിട്ടുണ്ടെങ്കില്‍ ഈ പന്ത്രണ്ടു വര്‍ഷം കൊണ്ട് കീശയിലായത് എട്ടു ലക്ഷത്തി അറുപത്തി നാലായിരം രൂപ!!!!. അതായത് ഫ്ലാറ്റിന്റെ വിലയേക്കാള്‍ കൂടുതല്‍. എന്നിട്ടും അഞ്ചു നയാപൈസ സര്‍ക്കാരിലേക്ക് അടച്ചില്ല. ന്യൂസ് അവര്‍ സ്റ്റുഡിയോയിലും 'കവര്‍ സ്റ്റോറി' യിലും കിടന്നു ചിലയ്ക്കുമ്പോള്‍ എന്തൊരു ധാര്‍മികതയാണ്, എന്തൊരു സാമൂഹ്യ പ്രതിബദ്ധതയാണ്. ഇരുപത്തി മൂന്ന് പേരാണ് കാട്ടിലെ തടിയും തേവരുടെ ആനയും കണക്കെ ഫ്ലാറ്റുകള്‍ വാടകയ്ക്ക് മറിച്ച് കൊടുത്തിരിക്കുന്നത്.
പാവപ്പെട്ട കര്‍ഷകനോ തൊഴിലാളിയോ ലോണ്‍ എടുത്ത അടവ് തെറ്റിയാല്‍ ജപ്തി നോട്ടീസുമായി എത്താറുള്ള ഹൗസിംഗ് കോര്‍പറേഷന്‍ ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും മാധ്യമ സിംഹങ്ങളെ തൊടാന്‍ മിനക്കെട്ടിട്ടില്ല. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ഈ ലോണ്‍ എഴുതിതള്ളിക്കാനുള്ള ശ്രമങ്ങള്‍ സിംഹങ്ങള്‍ നടത്തിയിരുന്നു. പക്ഷെ അത് വിലപ്പോയില്ല. ഇപ്പോള്‍ മാണി അച്ചായനെ പിടിച്ചു ലോണ്‍ എഴുതിതള്ളാനുള്ള തിരക്കിട്ട ശ്രമങ്ങളാണ് ബ്രേക്കിംഗ് ന്യൂസുകാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
പലിശ കണക്കു കൂട്ടുന്ന വിഷയത്തിലുള്ള തര്‍ക്കമാണ് തുക തിരിച്ചടക്കാതിരിക്കാന്‍ കാരണമെന്നാണ് വാര്‍ത്ത പുറത്തു വന്നപ്പോള്‍ ചില മാധ്യമ സുഹൃത്തുക്കള്‍ പറയുന്നത്. (ലിസ്റ്റില്‍ എന്റെ അടുത്ത രണ്ടു സുഹൃത്തുക്കളുമുണ്ട്!!. ഈ പോസ്റ്റോടെ ആ സൗഹൃദം ഏതാണ്ട് അവസാനിച്ചു കിട്ടും). അങ്ങനെ ഒരു തര്‍ക്കമുണ്ടായിരുന്നുവെങ്കില്‍ ആ തര്‍ക്കം എന്ത് കൊണ്ട് ഇത്ര കാലവും മൂടിവെച്ചു. പൊതു ജനമധ്യത്തില്‍ എല്ലാം അലക്കുന്ന കൂട്ടത്തില്‍ അതുമൊന്ന് അലക്കാമായിരുന്നില്ലേ. പിടിക്കപ്പെട്ടപ്പോള്‍ ഉരുണ്ടു കളിക്കുന്നോ? ഈ വാര്‍ത്ത സായാഹ്ന ബുള്ളറ്റിനില്‍ ചര്‍ച്ച ചെയ്യുവാന്‍ ധീരത കാണിച്ച കൈരളി ടി വി യെ അഭിനന്ദിക്കുന്നു. കാര്യമെന്തൊക്കെ പറഞ്ഞാലും ഭാസുരേന്ദ്ര ബാബുവും എന്‍ മാധവന്‍ കുട്ടിയും വിഷയത്തെക്കുറിച്ച് സംസാരിക്കാനെങ്കിലും തയ്യാറായി. ഇന്നത്തെ എഡിഷനില്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ തയ്യാറായ ദേശാഭിമാനി പത്രവും അഭിനന്ദനം അര്‍ഹിക്കുന്നു.
സംഘടിതമായി ഈ വാര്‍ത്തയെ മുക്കിക്കൊല്ലാന്‍ കേരളത്തിലെ മറ്റു മാധ്യമ രാജാക്കന്മാര്‍ ശ്രമിച്ചേക്കും. പക്ഷെ പൂര്‍ണമായി മുക്കിക്കൊല്ലാന്‍ അവര്‍ക്ക് സാധിക്കില്ല. കാലം മാറിയിട്ടുണ്ട്. പരമ്പരാഗത മാധ്യമങ്ങളേക്കാള്‍ ശക്തിയുള്ള സോഷ്യല്‍ മീഡിയകള്‍ പൊതുജനങ്ങളുടെ കൈകളിലുണ്ട്. ഡല്‍ഹിയില്‍ നിന്നും വാര്‍ത്ത പുറത്തു വന്ന നിമിഷം മുതല്‍ ഇ -മീഡിയകളില്‍ ഇത് ചര്‍ച്ചയായിക്കഴിഞ്ഞു. തീ പടരും പോലെ അത് പടര്‍ന്നു തുടങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ പണം പിടുങ്ങിയവര്‍ ആരെക്കെയെന്നു ജനം തിരിച്ചറിഞ്ഞു തുടങ്ങി. ആരുടെ കടം എഴുതിത്തള്ളിയാലും ഈ തട്ടിപ്പ് വീരന്മാരുടെ കടം സര്‍ക്കാര്‍ എഴുതിത്തള്ളരുത്. മാധ്യമ പ്രവര്‍ത്തകര്‍ എന്ന് കേള്‍ക്കുമ്പോള്‍ മുട്ട് വിറയ്ക്കുന്ന ഭരണാധികാരികളാണ് അനന്തപുരിയില്‍ ഉള്ളതെങ്കില്‍ അവരുടെ മുഖത്തു നോക്കി ഒന്നേ പറയാനുള്ളൂ.. പ്ഫൂ..
മ്യാവൂ: കാണുക.. കവര്‍ സ്റ്റോറി. അടുത്ത ലക്കം !!! (ചിത്രീകരണം: സ്വന്തം ഫ്ലാറ്റില്‍ നിന്ന് തന്നെ)
With Regards
Abi
"At his best, man is the noblest of all animals; separated from law and justice he is the worst"
- Aristotle
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment