ഹലോ… സാറേ ഇതു ഞാനാ…
ഹ എന്നാ ഒണ്ടെടാ ഉവ്വേ ? ഇന്നലെ ചാനലിലെ തന്റെ ഷോ കണ്ട് ഞാന്‍ വിളിക്കാനിരുന്നതാ.. നന്നായിരുന്നു കേട്ടോ..
ഓ.. അങ്ങനെ ജീവിച്ചു പോകുന്നു സാറേ.. അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരായ പടയോട്ടമല്ലേ…
അതെയതെ എന്തു പറഞ്ഞാലും തന്റെ പടയോട്ടം ലൈവ് ഷോയിലൂടെ വിചാരണ ചെയ്യപ്പെടുന്ന അഴിമതിക്കാര്‍ കേരളസമൂഹത്തില്‍ നിന്നു തുടച്ചുനീക്കപ്പെടുകയാണ് കേട്ടോ… ആരൊക്കെയോ ആത്മഹത്യ ചെയ്തിരുന്നു അല്ലേ ? ഇന്നലെത്തന്നെ… 100 രൂപ കൈക്കൂലി വാങ്ങിയ ആ പഞ്ചായത്ത് സെക്രട്ടറിയെ പൊളിച്ചടുക്കിയില്ലേ… അയാള്‍ക്കിനി ഈ നാട്ടില്‍ ജീവിക്കാന്‍ പറ്റുവോ ? നന്നായി കുട്ടാ നന്നായി…
സാറിനപ്പോലെയുള്ള പത്രപ്രവര്‍ത്തകരെ കണ്ടാണ് ഞാനീ രംഗത്തേക്കു വന്നത്…അഴിമതിരഹിതമായ ഒരു കേരളത്തിനുവേണ്ടി നമ്മളൊക്കെ ചോര ചിന്തുകയല്ലേ സാറേ ?
അതെയതെ… ബൈ ദ ബൈ.. ഇന്നലെ പ്രസ് കോണ്‍ഫറന്‍സ് വിളിച്ച കോണ്ഡം കമ്പനിക്കാര് എല്ലാവര്ക്കും ഒരോ നിരോധ് വീതം ഗിഫ്റ്റ് കൊടുത്തു എന്നു ഞാന്‍ കേട്ടു..
ഉവ്വുവ്വ്… അത് വാങ്ങിക്കാന്‍ എന്തൊരിടിയായിരുന്നെന്നോ… എല്ലാവര്ക്കും കിട്ടിയില്ല എന്നു പറഞ്ഞ് പത്രക്കാര് കമ്പനി എംഡിയുടെ തന്തയ്ക്ക് വിളിച്ചു..
അതവിടെ നില്ക്കട്ടെ… ഈ തലസ്ഥാന നഗരത്തിലെ സീനിയര്‍ ജേണലിസ്റ്റായ എനിക്കുള്ള ഗിഫ്റ്റ് എവിടെ ?
അയ്യോ.. അതിപ്പോ.. അവിടെ വന്നവര്‍ക്കു തന്നെ ഓരോന്ന് തികച്ചു കിട്ടിയില്ല…പിന്നെ സാറിനീ പ്രായത്തില്‍ അതിന്റെ ആവശ്യമുണ്ടാവില്ലല്ലോ എന്നും കരുതി..
പിന്നെ തനിക്കാവശ്യമുണ്ടായിട്ടാണോ കഴിഞ്ഞയാഴ്ച ജെസ്ലി പവര്‍ എക്സട്രാക്കാരുടെ പത്രസമ്മേളനത്തിനു അഞ്ചു പാക്കറ്റ് താന്‍ വാങ്ങിക്കൊണ്ടുപോയത്.. താനത് താഴത്തെ മെഡിക്കല്‍ ഷോപ്പില്‍ കൊണ്ടുപോയി വിറ്റത് ആരുമറിയില്ലെന്നു കരുതിയോ ?
അങ്ങനെയല്ല സര്…നമ്മളൊക്കെ പത്രക്കാരല്ലേ.
എടോ, എനിക്കാവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും പ്രസ് കോണ്‍ഫറന്‍സില്‍ കൊടുക്കുന്ന ഗിഫ്റ്റ് എന്തായാലും രണ്ടെണ്ണം വീതം എനിക്ക് എത്തിക്കണമെന്നു ഞാന്‍ പറഞ്ഞിട്ടില്ലേ ?
അത് പിന്നെ പ്രസ് കോണ്‍ഫറന്‍സ് വിളിച്ച കോണ്ഡം കമ്പനിക്കാരോടു ഞാന്‍ പറഞ്ഞതാണ്… അപ്പോള്‍ അവര്‍ പറഞ്ഞു, ലൈംഗികതൊഴിലാളികള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ സബ്സിഡി കൊടുക്കുന്ന സാധനമാണ്… ഒരുപാടെണ്ണം വെറുതെ തരാന്‍ പറ്റില്ലെന്ന്…
അവന് ഞാനറിയിച്ചുകൊടുക്കാം… ഈ ഗവണ്മെന്റില് എനിക്കുള്ള ഹോള്‍ഡ് എന്താണെന്നു തനിക്കറിയുമോ ? ഒരു മാസത്തിനകം അവന്റെ കമ്പനി പൂട്ടിച്ചില്ലെങ്കില്‍ എന്റെ പേര് തന്റെ പട്ടിക്കിട്ടോ..
സര്, കോണ്ഡം ഫ്രീ കിട്ടിയില്ല എന്നു എന്നു പറഞ്ഞ് കമ്പനി പൂട്ടിക്കുകയെന്നൊക്കെ പറഞ്ഞാല്‍… കടയില്‍ അതിന് 50 പൈസയേ വിലയുള്ളൂ..
ഓ പിന്നെ… ഷിറ്റ്സ് ഇന്ത്യ ഹോട്ടല്‍ ഉദ്ഘാടനത്തിനു ബിയര്‍ ഫ്രീ കിട്ടിയില്ല എന്നു പറഞ്ഞ് ഹോട്ടലിനെതിരേ ഒരാഴ്ച അന്വേഷണ പരമ്പര തട്ടി ഹോട്ടല്‍ പൂട്ടിച്ചതല്ലേടോ താന്‍ ? അത്രയ്ക്കൊന്നും വരില്ല ഇത്…
സര്.. നമ്മള് ഇങ്ങനെ പരസ്പരം ചെളിവാരിയെറിയേണ്ട കാര്യമില്ല.. ഇതൊക്കെ മാധ്യമധര്‍മത്തിന്റെ ഭാഗമാണ്… മറ്റുള്ളവരുടെ അഴിമതികളും അണിയറക്കഥകളും ജനങ്ങളെ അറിയിക്കുകയാണ് നമ്മുടെ സാമൂഹികപ്രതിബദ്ധത…നമ്മുടെ കഥകള്‍ ആരും ഒരിക്കലും അറിയാന്‍ പോകുന്നില്ല.. അല്ലെങ്കില്‍ തന്നെ നമ്മള് പത്രക്കാരില്ലെങ്കില് ഈ കേരളം പിന്നെ ഉണ്ടാകുമോ സര് ? സാറിതു പ്രശ്നമാക്കരുത്… സാറിനുള്ള കോണ്ഡങ്ങള് 24 മണിക്കൂറിനകം ഞാന്‍ ഓഫിസിലെത്തിക്കും…
പിന്നെ.. വെട്ടൊന്നു മുറി രണ്ട് പത്രത്തില്‍ നിന്നും ന്യൂസ് എഡിറ്റര്‍ വിളിച്ചിരുന്നു… അയാള്‍ സഹകരണബാങ്കില്‍ നിന്നും പണ്ടൊരു 10 ലക്ഷം രൂപ ലോണെടുത്തത് ഇപ്പോള്‍ തിരിച്ചടയ്ക്കണമെന്നു പറഞ്ഞ് മാനേജര്‍ ശല്യം ചെയ്യുന്നെന്ന്…
അയാള്‍ക്കെങ്ങനെ ധൈര്യം വന്നു അതിന് ?? തലസ്ഥാനത്തെ സീനിയര്‍ ജേണലിസ്റ്റുകളോട് ബാങ്ക് ലോണ്‍ തിരിച്ചടയ്ക്കാനോ ? ഇക്കണക്കിനു പോയാല്‍ നമ്മളോട് കറന്റ് ബില്ലും ടെലഫോണ്‍ ബില്ലുമൊക്കെ അടയ്ക്കാന്‍ പറയുന്ന കാലം വരുമല്ലോ…
അതെയതെ… വന്നുവന്ന് പത്രസ്വാതന്ത്ര്യം എന്നൊന്ന് ഇല്ലാതായിരിക്കുന്നു…ഞാന്‍ സിഎമ്മിനോട് സംസാരിച്ചിട്ടുണ്ട്… ബാങ്ക് മാനേജരെ ഈയാഴ്ച തന്നെ കാസര്‍കോട്ടേക്കു സ്ഥലംമാറ്റിക്കോളും… പക്ഷെ അതുപോര… ഈ മാനേജര്‍ ഇതുപോലെ ലോണ്‍ തിരിച്ചടയ്ക്കാനാവശ്യപ്പെട്ടവരോ അവരുടെ ബന്ധുക്കളോ ആരെങ്കിലും അടുത്തകാലത്ത് മരിച്ചിട്ടുണ്ടോ എന്നന്വേഷിച്ച് അത് മാനേജരുടെ സമ്മര്‍ദ്ദം മൂലമുണ്ടായ മാനസികസമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നു പറഞ്ഞ് ഒരു റിപ്പോര്‍ട്ട് കൊടുക്കണം… സീനിയര്‍ ജേണലിസ്റ്റുകളോടു കളിച്ചാല്‍ എന്താണ് സംഭവിക്കുക എന്ന് അയാളെ അറിയിച്ചു കൊടുക്കണം..
ശരി സര്… പിന്നെ 50 പൈസ ചില്ലറ ബാക്കി കൊടുക്കാത്ത കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാരെ പിടികൂടാന്‍ സാര്‍ നടത്തിയ സ്റ്റിങ് ഓപ്പറേഷന് ഈ വര്‍ഷത്തെ അവാര്‍ഡ് കിട്ടുമെന്നാണ് സൂചന… അവസാന റൗണ്ടില്‍ സാറിന്റെ ആ പരമ്പരയ്ക്ക് ഭയങ്കര റാങ്കിങ് ആണത്രേ… 30 കണ്ടക്ടര്മാരുടെയല്ലേ പണിപോയത്…
ഓ.. ഇതൊക്കെ എന്ത് ?.. പണ്ട് ഞാന്‍ ഓഫിസില്‍ കൃത്യം പത്തുമണിക്കെത്താത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കുടുക്കാന്‍ ഒരു സ്റ്റിങ് ഓപ്പറേഷന് നടത്തിയിരുന്നു..അന്ന് 40 സൂപ്രണ്ടുമാരെ സസ്പെന്‍ഡ് ചെയ്തിരുന്നു..
സാറ് ഇന്നു വൈകുന്നേരത്തെ എന്റെ ഷോ കാണണം… പാര്‍ട്ടി മീറ്റീങ്ങിനു വാടകയ്ക്കെടുത്ത കസേരകളില്‍ രണ്ടെണ്ണം തിരികെ കൊടുക്കാത്തതിനെപ്പറ്റിയാണ്… റെക്കോര്‍ഡിങ് കഴിഞ്ഞു… അതില്‍ കസേര വാടകയ്ക്കു കൊടുത്ത ആന്റപ്പന് പൊട്ടിക്കരയുന്നുണ്ട്… മിക്കവാറും ഇന്നത്തെ എപ്പിസോഡ് ടാമില്‍ കയറും…
അതു പറഞ്ഞപ്പോഴാണ് ഓര്‍ത്തത്…പണ്ട് നമ്മള് വാങ്ങിച്ച ഹൗസിങ് ബോര്‍ഡ് ഫ്ലാറ്റിന്റെ ഗഡു വല്ലതും താനടച്ചായിരുന്നോ ?
അയ്യേ ഛെ… ഗഡു അടയ്ക്കാനോ ? ഇപ്പോള്‍ 10 വര്‍ഷമായില്ലേ ? ഒറ്റ ഗഡുപോലും അടച്ചിട്ടില്ല… ഞാനത് മറിച്ചു വില്‍ക്കാനുള്ള ആലോചനയിലാ… അന്ന് അതിന് ആകെ കൊടുത്തത് ഒരു ലക്ഷം രൂപയല്ലേ ? ഇപ്പോള്‍ പലരും 60 ലക്ഷം രൂപ വരെ പറയുന്നുണ്ട്.. പോരെങ്കില്‍ പത്തുവര്‍ഷമായി വാടകയിനത്തില്‍ നാലഞ്ചു ലക്ഷം രൂപ വേറെയും കിട്ടി…
അന്ന് പത്തു ലക്ഷമായിരുന്നല്ലോ ഫ്ലാറ്റിന്റെ വില… അങ്ങനെ നോക്കുമ്പോള്‍ അത്ര വലിയ കയറ്റമില്ല.. പിന്നെ നമ്മള് ഒരു ലക്ഷമേ അടച്ചിട്ടുള്ളൂ എന്നതാണ് ആകെയുള്ള ആശ്വാസം…
അല്ല സാറേ.. ഫ്ലാറ്റിന്റെ അപ്പുറത്തെ ആ ഗ്രൗണ്ടില്ലേ ? അവിടെ വിമാനത്താവളം വരുന്നു എന്നു പറഞ്ഞ് നമുക്ക് വാര്‍ത്ത കൊടുത്താലോ ? അപ്പോ എന്തായാലും വിലകൂടും…
ആ ഗ്രൗണ്ട് സര്‍ക്കാര്‍ പുറംപോക്കാണെടോ… ഞാനതിന്റെ കുറച്ചുഭാഗം കയ്യേറിയിട്ടുണ്ട്… മിനിസ്റ്ററോട് പറഞ്ഞിട്ടുണ്ട്… മിക്കവാറും ഈ മാസം തന്നെ പട്ടയം കിട്ടും..അതുകൊണ്ട് അതില്‍ തൊട്ടു കളിക്കേണ്ട.. വിലകൂട്ടാന്‍ നമുക്ക് വേറെന്തെങ്കിലും വാര്‍ത്ത കൊടുക്കാം…
അതും കൂടി കൂട്ടി സാറിന് സിറ്റിയിലാകെ 12 വീടുകളില്ലേ ?
ഓ എന്നാലും ദാരിദ്ര്യവാ… തനിക്കുമില്ലേ നാലഞ്ചു വീടുകള്‍ ?
സ്വന്തം വീടുള്‍പ്പെടെ വാടകയ്ക്ക് കൊടുത്തിട്ടാ ഞാന്‍ ജീവിച്ചുപോകുന്നത്…
അപ്പോ താന്‍ എവിടാ താമസിക്കുന്നത് ?
ഞാന്‍ വേറൊരു വീട് വാടകയ്ക്ക് എടുത്തു താമസിക്കുവല്ലേ ? ഹൗസ് ഓണര്‍ മണല്‍ മാഫിയക്കാരനാ.. അങ്ങരുടെ വാര്‍ത്തകള്‍ വരാതെ നോക്കിയാല്‍ മതി.. വാടക കൊടുക്കേണ്ട… സീനിയര്‍ ജേണലിസ്റ്റ് ആയതുകൊണ്ടുള്ള ഓരോ പ്രയോജനങ്ങളേ… അല്ല, സാറിപ്പോ ഹൗസിങ് ബോര്‍ഡ് ഫ്ളാറ്റിന്റെ കാര്യം ചോദിക്കാന്‍ കാര്യം ?
രണ്ടായിരത്തിലെ കണക്കനുസരിച്ച് നമ്മളൊക്കെ സര്‍ക്കാരിലേക്ക് 9 ലക്ഷം രൂപ വീതം തിരിച്ചടയ്ക്കാനുണ്ട്… ഒരു ഗഡുപോലും അടയ്ക്കാത്തതുകൊണ്ട് പലിശയൊക്കെ കൂട്ടിയാല്‍ അതു കുറെ വരും…
അതിപ്പോ ആര് തിരിച്ചു ചോദിക്കാനാ സാറേ ?
പറയാന്‍ പറ്റില്ല.. സര്‍ക്കാര്‍ മാറി വരുന്ന സാഹചര്യമുണ്ടായാല്‍ ഇതൊക്കെ വേണമെങ്കില്‍ കുത്തിപ്പൊക്കാം..
അപ്പോ എന്താണ് വഴി ?
രണ്ട് വഴികളാണുള്ളത്.. ഒന്ന്, ഹൗസിങ് ബോര്‍ഡ് പിരിച്ചുവിടുക… രണ്ട്, നമ്മുടെ കുടിശിക സര്‍ക്കാര്‍ എഴുതിത്തള്ളുക…
രണ്ടും നടപ്പാക്കണം എന്നാണ് സര് എന്റെ അഭിപ്രായം… ഇവിടൊരു ഹൗസിങ് ബോര്‍ഡിന്റെ ആവശ്യമുണ്ടോ ?
രണ്ടും കൂടി നടക്കില്ല… തല്ക്കാലം ഹൗസിങ് ബോര്‍ഡ് അവിടെ നില്ക്കട്ടെ എന്നാണ് സിഎം പറയുന്നത്.. മൂപ്പരടെ വീടിന്റെ മെയിന്റനന്‍സ് ഒക്കെ അവരാണേ… കടം വേണമെങ്കില്‍ എഴുതിത്തള്ളാം എന്നു പറഞ്ഞിട്ടുണ്ട്…
എല്ലാവരുടേം കൂടി എത്ര രൂപ വരുമോ എന്തോ ?
ഏതാണ്ട് 20 കോടിയോളം രൂപ വരും…
ശ്ശൊ… അതിപ്പോ ഒരു ഗ്രാന്‍ഡായി തലസ്ഥാനത്തെ പത്രപ്രവര്ത്ത് തന്നെ കൊടുക്കാന്‍ വല്ല വകുപ്പുമുണ്ടോ ?
അതെങ്ങനാടോ ? അത് നമ്മളെല്ലാവരും കൂടി സര്‍ക്കാരിനെ പറ്റിച്ച കാശല്ലേ ?
ഓ നേരാണല്ലോ… പെട്ടെന്ന് 20 കോടിയെന്നൊക്കെ കേട്ടപ്പോള്‍…
ങ്ഹും.. അപ്പോള്‍ അവിടെ അന്ന് വീടെടുത്ത എല്ലാവരെയും ഒന്നു ബന്ധപ്പെടണം…എന്നിട്ട് നമ്മളെല്ലാം വലിയ ദാരിദ്ര്യത്തിലാണെന്നും മാനേജ്മെന്റുകള്‍ നമ്മളെ പീഡിപ്പിക്കുകയാണെന്നും അതുകൊണ്ട് ലോണ്‍ തിരിച്ചടയ്ക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും താമസിക്കാന്‍ വേറെ വീടില്ലാത്തതിനാല്‍ വീട് ഒഴിഞ്ഞു തരാനും പറ്റില്ല എന്നും കാണിച്ച് ഒരു നിവേദനം എഴുതി ഒപ്പിടീച്ച് വയ്ക്കണം.. നിയമസഭ റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുമ്പോള്‍ ഞാന്‍ സിഎമ്മിനെ കാണുന്നുണ്ട്.. കയ്യോടെ പാസ്സാക്കിയെടുത്തേക്കാം..
ശരി.. ഞാനെന്നാലിറങ്ങട്ടെ സാറേ ? കൊച്ചി വരെ പോകണം..
കൊച്ചിക്ക് കാറിനാണേല് ഞാനും വരാം…
അയ്യോ അല്ല… കാറൊക്കെ പ്രൈവറ്റ് ടാക്സി ഓടിക്കുവാ… ട്രെയിനിലാ അതാകുമ്പോ പാസ്സുണ്ടല്ലോ…
സീനിയര്‍ ജേണലിസ്റ്റുകളായതിന്റെ ഓരോരോ ഗുണങ്ങള്‍… അല്ലേടോ ?
വോ… തന്നെ തന്നെ !
* ഇത് 'കളഞ്ഞു കിട്ടിയ ജട്ടി""-'എന്ന എന്റെ പുതിയ നോവലിന്റെ മുപ്പത്തിയേഴാം അധ്യായത്തിലെ രണ്ടു മുതല്‍ അഞ്ചു വരെയുള്ള പേജുകളില്‍ നിന്ന് അടര്‍ത്തിയെടുത്തതാണ്. ഇതിന് ഏതെങ്കിലും സംഭവങ്ങളുമായി വ്യക്തികളുമായോ സാദൃശ്യം ഉണ്ടെന്നു തോന്നുന്നെങ്കില്‍ അത് തികച്ചും യാദൃച്ഛികം മാത്രമാണ്.
-നോവലിസ്റ്റ്
No comments:
Post a Comment