തിരുവനന്തപുരം: അഭയക്കേസില്‍ ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്‌റ്റര്‍ സെഫി എന്നിവര്‍ക്കെതിരേ ശാസ്‌ത്രീയമായ തെളിവുണ്ടെന്ന് സി.ബി.ഐ. കോടതിയെ അറിയിച്ചു. ഇവരെ പ്രതി ചേര്‍ത്താണു കേസ് അന്വേഷണം നടന്നത്. ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് കുന്നശേരിക്ക് പയസ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസി സിസ്‌റ്റര്‍ ലൗസിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും കേസിലെ ഒന്നും രണ്ടും പ്രതികളായ ഫാ. തോമസ് കോട്ടൂരും ഫാ. ജോസ് പൂതൃക്കയിലും ഇവരെ സഹായിച്ചിരുന്നുവെന്നും സി.ബി.ഐ. സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കോട്ടയം ബി.സി.എം. കോളജ് പ്രഫസറായിരുന്ന ത്രേസ്യാമ്മയുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് സി.ബി.ഐ. റിപ്പോര്‍ട്ട് തയാറാക്കിയത്. സിസ്‌റ്റര്‍ അഭയ കൊല്ലപ്പെട്ട കാലത്ത് അഭയ താമസിച്ചിരുന്ന പയസ് ടെന്‍ത് കോണ്‍വെന്റില്‍ ത്രേസ്യാമ്മ സിസ്‌റ്റര്‍ സെഫിയുടെ മുറിയിലാണ് താമസിച്ചിരുന്നത്. സിസ്‌റ്റര്‍ സെഫി നിരന്തരമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായി ആലപ്പുഴ മെഡിക്കല്‍കോളജിലെ ഫോറന്‍സിക് സര്‍ജനായ ഡോ. രമയും ഡോ. ലളിതാംബിക കരുണാകരനും സി.ബി.ഐക്കു മൊഴിനല്‍കി. ഇവരുടെ കന്യാചര്‍മം വച്ചുപിടിപ്പിച്ചതാണെന്നും കണ്ടെത്തി. അഞ്ചു നിലകളുള്ള പയസ് ടെന്‍ത് കോണ്‍വെന്റിന്റെ ഏറ്റവും താഴത്തെ നിലയിലുള്ള സെല്ലാര്‍ റൂമിലാണ് സിസ്‌റ്റര്‍ ലൗസിയും സിസ്‌റ്റര്‍ സെഫിയും താമസിച്ചിരുന്നത്. രാത്രി 10.30നു ശേഷം ഈ മുറിയിലേക്കു മറ്റാര്‍ക്കും കടന്നു ചെല്ലാനാകില്ല. അഭയ ഈ മുറിയില്‍ വെള്ളം കുടിക്കാന്‍ രാത്രി ചെന്നപ്പോള്‍ സെഫിയെയും ഫാ. തോമസ് കോട്ടൂരിനെയും ഫാ. ജോസ് പൂതൃക്കയിലിനെയും കണ്ടിരുന്നു. 1992 മാര്‍ച്ച് 27നാണ് കോണ്‍വെന്റിലെ കിണറില്‍ സിസ്‌റ്റര്‍ അഭയയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. പ്രതികള്‍ക്കെതിരേ ശക്‌തമായ തെളിവുകളുള്ള സാഹചര്യത്തില്‍ തിരുവനന്തപുരം സി.ബി.ഐ. കോടതിയുടെ പരിഗണനയിലുള്ള കേസില്‍ തുടരന്വേഷണം വേണമെന്ന ഹര്‍ജികള്‍ തള്ളണമെന്നും സി.ബി.ഐ. സീനിയര്‍ പ്രോസിക്യൂട്ടര്‍ വി.എന്‍. അനില്‍കുമാര്‍ ആവശ്യപ്പെട്ടു. പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയും ജോമോന്‍ പുത്തന്‍പുരയ്‌ക്കലും അഡ്വ. നാഗരാജുവും നല്‍കിയ തുടരന്വേഷണ ഹര്‍ജികളും തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസ് വീണ്ടും പരിഗണിക്കുന്നതിനു സി.ബി.ഐ. കോടതി സെപ്‌റ്റംബറിലേക്കു മാറ്റി. തെളിവ് നശിപ്പിച്ചതിന് സി.ബി.ഐ: ഡിവൈ.എസ്.പി. വര്‍ഗീസ് പി. തോമസിനെതിരേ ക്രൈംബ്രാഞ്ച് മുന്‍ ഡിവൈ.എസ്.പി: കെ. സാമുവല്‍ തിരുവനന്തപുരം സി.ബി.ഐ. കോടതിയില്‍ ഹര്‍ജി നല്‍കി. 1993ലാണ് സി.ബി.ഐ. അഭയകേസ് ഏറ്റെടുത്തത്. 79 ദിവസം പിന്നിട്ടിട്ടും കോട്ടയം സബ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍നിന്നും ഡിവൈ.എസ്.പി. വര്‍ഗീസ് പി. തോമസ് തൊണ്ടി സാധനങ്ങള്‍ വാങ്ങിയില്ല. പിന്നീട് അവരതു നശിപ്പിച്ചു. ഇതു വര്‍ഗീസ് പി. തോമസിന്റെ ഗൂഢാലോചനയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. |
No comments:
Post a Comment