പ്രണബ് ഇന്ന് സ്ഥാനമേല്‍ക്കും
ന്യൂഡല്‍ഹി: ഇന്ത്യയുടെ 13-ാമത് രാഷ്ട്രപതിയായി പ്രണബ് മുഖര്‍ജി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 11.30-നാണ് സത്യപ്രതിജ്ഞ. രാഷ്ട്രപതി ചുമതലയേല്‍ക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ ആചാരപരമായ ഒട്ടേറെ പ്രത്യേകതകളുള്ളതാണ്. കോളനി ഭരണ കാലഘട്ടത്തിന്റെ തുടര്‍ച്ചയായ ഔപചാരികതകളും ചടങ്ങുകളും ഇപ്പോഴും അണുവിട തെറ്റാതെ പിന്തുടരുന്നുണ്ട്.
ബുധനാഴ്ച രാവിലെ നടക്കുന്ന ചടങ്ങുകളില്‍ രാഷ്ട്രപതിയുടെ മിലിട്ടറി സെക്രട്ടറിയും എ.ഡി.സി. യും ചേര്‍ന്ന് നിയുക്ത രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെയും ഭാര്യ സുവ്രയെയും രാഷ്ട്രപതിഭവനിലെ ഓഫീസ് മുറിയിലേക്ക് ആനയിക്കും. രാഷ്ട്രപതിയുടെ സെക്രട്ടറി ഇവരെ സ്വീകരിക്കും. സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ അപ്പോള്‍ ഓഫീസ് മുറിയിലുണ്ടാകും.
ഈ ഓഫീസ് മുറിയില്‍നിന്നാണ് സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഔപചാരികയാത്ര ആരംഭിക്കുന്നത്. രാഷ്ട്രപതിയുടെ ഔദ്യോഗിക വാഹനത്തിലാണ് ഇവരെ ആനയിക്കുന്നത്. പിന്‍സീറ്റില്‍ ഇടതുവശത്ത് പ്രതിഭാപാട്ടീലും വലതുവശത്ത് പ്രണബ് മുഖര്‍ജിയും ഇരിക്കും. പാര്‍ലമെന്റ് മന്ദിരത്തിലേക്ക് കടക്കുന്ന രാഷ്ട്രപതി പ്രതിഭാപാട്ടീലിനെയും പ്രണബ് മുഖര്‍ജിയെയും ഉപരാഷ്ട്രപതി, ലോക്‌സഭാ സ്പീക്കര്‍, ചീഫ് ജസ്റ്റിസ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും.
സെന്‍ട്രല്‍ ഹാളിലെ വേദിയില്‍ മധ്യത്തിലെ ഇരിപ്പിടത്തില്‍ സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ ഇരിക്കും. വലതുവശത്ത് പ്രണബ് മുഖര്‍ജിയും ചീഫ്ജസ്റ്റിസ് എസ്.എച്ച്. കപാഡിയയും ഇരിക്കും. ഇടതുവശത്ത് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, സ്പീക്കര്‍ മീരാകുമാര്‍, ആഭ്യന്തര സെക്രട്ടറി ആര്‍.കെ. സിങ്, രാഷ്ട്രപതിയുടെ മിലിട്ടറി സെക്രട്ടറി എന്നിവര്‍. ദേശീയഗാനത്തിനുശേഷം പ്രണബിനെ രാഷ്ട്രപതിയായി തിരഞ്ഞെടുത്തുകൊണ്ടുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം ആഭ്യന്തരസെക്രട്ടറി വായിക്കും.
തുടര്‍ന്ന് സത്യപ്രതിജ്ഞ. പ്രണബിന് ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞയ്ക്കുശേഷം പ്രതിഭാപാട്ടീല്‍ ഇരുന്ന കസേരയില്‍ പ്രണബ് ഇരിക്കും. പ്രണബ് ഇരുന്ന കസേരയില്‍ പ്രതിഭാപാട്ടീലും. ഈ സമയം പുറത്ത് 21 ആചാരവെടി മുഴങ്ങും. തുടര്‍ന്ന് പ്രണബ് ചുമതലയേറ്റ് രജിസ്റ്ററില്‍ ഒപ്പുവെക്കും. പിന്നെ പ്രണബിന്റെ പ്രസംഗം. ദേശീയഗാനത്തിനുശേഷം വാഹനവ്യൂഹം തിരിച്ച് രാഷ്ട്രപതിഭവനിലേക്ക്. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും.
രാഷ്ട്രത്തിന്റെ പ്രഥമപൗരനായ പ്രണബ് കുമാര്‍ മുഖര്‍ജിയ്ക്ക് ഇനി യാത്രകളിലും അതീവ സുരക്ഷ. പക്ഷെ അദ്ദേഹത്തിനിത് സമ്മിശ്ര വികരമായിരിക്കും പ്രധാനം ചെയ്യുക. ഇഷ്ടവാഹനമായ അംബാസഡറിനോടുള്ള വിരഹ ദു:ഖം പിന്നെ പുതിയ ലിമോസിന്റെ സുരക്ഷയിലേക്കുള്ള കൂടുമാറ്റം ഇതാണ് ഇന്ത്യന്‍ പ്രസിഡന്റായി സ്ഥാനമേല്‍ക്കുമ്പോള്‍ പ്രണബിനെ കാത്തിരിക്കുന്ന ആദ്യാനുഭവങ്ങള്‍. നീണ്ട അഞ്ചു പതിറ്റാണ്ട് കാലത്തെ രാഷ്ട്രീയ ജീവിതത്തിനിടയ്ക്ക് ആദ്യമായാണ് പ്രണബ് തന്റെ ഇഷ്ട വാഹനമായ അംബാസഡറില്‍ നിന്നും മാറുന്നത്. മെഴ്‌സിഡസ് ബെന്‍സ് എസ് 600 പുള്‍മാന്‍ ഗാര്‍ഡ് എന്ന ജര്‍മന്‍ നിര്‍മിത ലിമോസിനായിരിക്കും മുന്നോട്ടുള്ള യാത്രകളില്‍ ഇനി പ്രസിഡന്റിന് കൂട്ട്.
സുരക്ഷയ്ക്ക് അതീവ പരിഗണന നല്‍കുന്ന ഒരു ആഢംബര ലിമോസിന്‍. അതാണ് പുള്‍മാന്‍ഗാര്‍ഡ്. ഇതില്‍ പ്രസിഡന്റ് ഇരിക്കുന്ന ഭാഗം ഷൗഫറുടെ (ലിമോസിന്റെ ഡ്രൈവര്‍) ക്യാബിനില്‍ നിന്നും സൗണ്ട് പ്രൂഫ് സംവിധാനം ഉപയോഗിച്ച് വേര്‍ത്തിരിച്ചിരിക്കുന്നു. വെടിയുണ്ടകളെ മാത്രമല്ല; ബാലിസ്റ്റിക്ക്, ഗ്രനേഡ് അക്രമണങ്ങളെപ്പോലും ചെറുക്കാന്‍ ഇന്ത്യന്‍ പ്രസിഡന്റിന്റെ കാറിന് സാധിക്കും.
ജി.പി.എസ്( ഗ്ലോബല്‍ പെസിഷനിങ് സിസ്റ്റം)സാറ്റലൈറ്റ് നാവിഗേറ്റര്‍. ജി.പി.എസില്‍ അധിഷ്ഠിതമായ സെല്‍ഫോണ്‍ സേവനം, എട്ട് ഡ്യൂവല്‍ സ്‌റ്റേജ് എയര്‍ബാഗുകളോടൊപ്പം സീറ്റ് ബെല്‍റ്റ് ടെന്‍ഷനറുകള്‍ എന്നിവ കൂടിച്ചേരുമ്പോള്‍ പ്രസിഡന്റിനായി മെഴ്‌സിഡസ് ബെന്‍സ് ഒരുക്കിയ സുരക്ഷാ കവചം റെഡി. പ്രസിഡന്റിന്റെ ക്യാബിനില്‍ അഭിമുഖമായാണ് രണ്ട് നിര സീറ്റുകള്‍. ഇവിടെ മുഖാമുഖ സംഭാഷണങ്ങള്‍ നടത്തുന്നതിനിടയില്‍ ദാഹമകറ്റാന്‍ സീറ്റിനടിയില്‍ റെഫ്രിജറേറ്ററുമുണ്ട്. 4315 മില്ലീമീറ്ററാണ് കാറിന്റെ വീല്‍ബേസ്. അതായത് സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ എസ് ക്ലാസ് ബെന്‍സിന്റേതുമായി താരതമ്യം ചെയ്യുമ്പോള്‍ 115 സെന്റീമീറ്റര്‍ അധികം.
എ.കെ 47 തോക്കുകളില്‍ നിന്നുള്ള വെടിവെയ്പ്പും വിവിധ തരം ഹാന്‍ഡ് ഗ്രനേഡുകള്‍ കൊണ്ടുള്ള അക്രമണവും ചെറുക്കാന്‍ കഴിയുമെന്ന് പരിശോധിച്ചുറപ്പിച്ച ശേഷമാണ് പ്രസിഡന്റിന്റിന് ബെന്‍സ് രഥമൊരുക്കിയിരിക്കുന്നത്. 90 ലിറ്റര്‍ ഇന്ധന ടാങ്കാണ് ഇതിലുള്ളത്. തീപ്പിടുത്തം ഉണ്ടായാല്‍ സ്വയം തീയണയ്ക്കാനുള്ള സംവിധാവുമുണ്ട്. ഇന്ത്യന്‍ പ്രസിഡന്റ് യാത്ര ചെയ്യുന്ന ഈ ലിമോസിന് 12 കോടി രൂപയാണ് വില.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment