കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പിടിയിലായ ഓരോ സി.പി.എം. നേതാവിന്റെയും ശ്രമം കുറ്റസമ്മതം നടത്തി അന്വേഷണം എങ്ങനെയെങ്കിലും അവസാനിപ്പിക്കാന്‍ മാത്രം. ചോദ്യം ചെയ്യലിനോട് ആദ്യം നിസഹകരിക്കുകയും പിന്നീടു കുറ്റസമ്മതം നടത്തി പാര്‍ട്ടിയെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് ഇന്നലെ കാരായി രാജന്‍ വരെയുള്ളവര്‍ സ്വീകരിച്ചത്. പിടിയിലായ നേതാക്കളുടെ പെരുമാറ്റവും രേഖപ്പെടുത്തുന്ന മൊഴിയും പോലീസ് വിശദമായി പരിശോധിച്ചപ്പോഴാണ് എല്ലാവരുടെയും നിലപാടിലെ സമാനത പോലീസിനു ബോധ്യപ്പെട്ടത്. അന്വേഷണ ഉദ്യോഗസ്‌ഥര്‍ ഒരുക്കിയ കുരുക്കില്‍ അറിയാത്ത കാര്യങ്ങള്‍വരെ പല നേതാക്കളും കുറ്റസമ്മതമായി പറഞ്ഞു. കോഴിക്കോട് സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം പി. മോഹനനാകട്ടെ ഒരക്ഷരമുരിയാടിയിട്ടില്ല. പാര്‍ട്ടി ഉന്നത നേതാക്കളുമായി ബന്ധമുള്ള കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയംഗം കെ.സി. രാമചന്ദ്രന്‍, ഒഞ്ചിയം ഏരിയാ സെക്രട്ടറി സി.എച്ച്. അശോകന്‍, പാനൂര്‍ ഏരിയാക്കമ്മിറ്റിയംഗം പി.കെ. കുഞ്ഞനന്തന്‍ എന്നിവരാണ് കുറ്റസമ്മതത്തിലൂടെ അന്വേഷണം അവസാനിപ്പിക്കാന്‍ ശ്രമിച്ചത്. ഇവര്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലാകുന്നതിനു മുമ്പു പാര്‍ട്ടിയിലെ പല ഉന്നത നേതാക്കളും പലതവണ ഫോണിലൂടെയോ നേരിട്ടോ ഇടനിലക്കാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ വഴിയോ ബന്ധപ്പെട്ടതായി രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിച്ചു. കഴിഞ്ഞദിവസം കാക്കനാട് ജയിലില്‍നിന്നു പ്രത്യേകാന്വേഷണ സംഘം അറസ്‌റ്റ് ചെയ്‌ത സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റംഗം കാരായി രാജനെ കേസ്‌അന്വേഷണനാളുകളില്‍ സി.പി.എം. ഉന്നത നേതാക്കള്‍ ബന്ധപ്പെട്ടു. കെ.സി. രാമചന്ദ്രന്‍ കസ്‌റ്റഡിയിലാകുന്നതിനു മുമ്പായി പി. മോഹനന്‍ ബന്ധപ്പെട്ടിട്ടുണ്ട്. പി.കെ. കുഞ്ഞനന്തന്‍ കീഴടങ്ങുന്നതിനു മുമ്പായി പല നേതാക്കളും നേരിട്ടു സന്ദര്‍ശിക്കുകയും പലവിധ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്‌തതായും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. ഇവരെല്ലാം അന്വേഷണസംഘത്തോട് ആദ്യം കുറ്റം നിഷേധിച്ചു. നിരന്തരം ചോദ്യം ചെയ്യുമ്പോള്‍ കുറ്റം സമ്മതിക്കും. നടന്ന കാര്യങ്ങള്‍ തുറന്നുപറയുകയും ചെയ്‌തു. മറ്റു നേതാക്കള്‍ക്കു പങ്കില്ലെന്നു പാര്‍ട്ടിക്കുവേണ്ടി കൊലപാതകം നടത്തുകയായിരുന്നെന്നുമാണ് ഇവര്‍ എല്ലാം പറഞ്ഞത്. അന്വേഷണം ഉന്നതനേതാക്കളിലേക്കു നീളുന്നത് എന്തു വിലകൊടുത്തും തടയുക എന്നതാണ് ഇവരുടെ ഈ നിലപാടിനു പിന്നിലെന്നു പ്രത്യേക അന്വേഷണസംഘം കരുതുന്നു. അന്വേഷണസംഘം അനുവര്‍ത്തിക്കുന്ന ശാസ്‌ത്രീയാന്വേഷണരീതിയില്‍ കെ.സി. രാമചന്ദ്രന്‍ പതറിപ്പോയപ്പോഴാണു പി.കെ. കുഞ്ഞനന്തന്റെ പേരു വന്നത്. കുഞ്ഞനന്തനില്‍നിന്നു ദിവസങ്ങള്‍ക്കു ശേഷമാണു പി. മോഹനനിലേക്ക് എത്താന്‍ പ്രത്യേക അന്വേഷണസംഘത്തിനായത്. കൊലപാതകത്തില്‍ പങ്കാളിയാവുകയോ കൊലയ്‌ക്കു സൗകര്യമൊരുക്കുകയോ പ്രതികള്‍ക്ക് ഒളിയിടമൊരുക്കുകയോ ചെയ്‌തവര്‍ കുറ്റമേറ്റെടുക്കുന്നതിനു പിന്നില്‍ വ്യക്‌തമായ താല്‍പര്യമുണ്ടെന്നുതന്നെയാണു രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനം. സി.പി.എം. പ്രതിസന്ധിയിലായ ഈ ഘട്ടത്തില്‍ പാര്‍ട്ടിയെ സംരക്ഷിക്കേണ്ട ചുമതല സ്വയം ഏറ്റെടുക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്നു പോലീസും രഹസ്യാന്വേഷണ വിഭാഗവും കരുതുന്നു. വ്യക്‌തിപരമായി നേതാക്കള്‍ക്കിടയില്‍ പ്രീതിനേടാനും പാര്‍ട്ടിയില്‍ സ്‌ഥാനക്കയറ്റവുമാണ് ഈ കുറ്റസമ്മതത്തിലൂടെ പലരും ലക്ഷ്യമിടുന്നത്. |
No comments:
Post a Comment