Sunday, 15 July 2012

[www.keralites.net] 54 പത്രക്കാരുടെ വായ്പ വെട്ടിപ്പ്: കേരളഹൗസിങ് ബോര്‍ഡിലേക്ക് അടക്കാനുള്ളത് 19.37 കോടി രൂപ

 

അടവ് തുടര്‍ച്ചയായി വീഴ്ച വന്നാല്‍ പാവപ്പെട്ടവനെ കിടപ്പാടം ജപ്തിചെയ്യുന്ന സര്‍ക്കാരിന് കേരളത്തിലെ 54 മാധ്യമപ്രവര്‍ത്തകരുടെ 19.37 കോടി രൂപയുടെ വായ്പ വിഷയമേയല്ല. മാത്രമല്ല, തിരിച്ചടയ്ക്കാത്തതിനാല്‍ നിയമനടപടി നേരിടുമെന്ന പേടിയൊന്നും ഇവര്‍ക്കില്ല. പകരം ഇതെങ്ങനെയെങ്കിലും സര്‍ക്കാറിനെ കൊണ്ട് എഴുതിതള്ളിക്കാനുള്ള സമ്മര്‍ദ്ദ തന്ത്രവുമായി ഇവര്‍ രംഗത്ത് സജീവവുമാണ്.
 വിവരാവകാശ നിയമപ്രകാരം തിരുവനന്തപുരം ജേര്‍ണലിസ്റ്റ് കോളനിയെ കുറിച്ച് ശേഖരിച്ച രേഖകളുമായി ദ സണ്‍ഡേ എക്‌സ്പ്രസ് ആണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. കേരളഹൗസിങ്‌ബോര്‍ഡില്‍ നിന്നും വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത 54 മാധ്യമപ്രവര്‍ത്തകരുടെ ലിസ്റ്റുമായാണ് ഞായാറാഴ്ച എക്‌സ്പ്രസ് പുറത്തിറങ്ങിയത്. ജനങ്ങള്‍ക്ക് മാതൃകയാകേണ്ട മാധ്യമപ്രവര്‍ത്തകര്‍ കേരള സ്‌റ്റേറ്റ് ഹൗസിങ് ബോര്‍ഡിലേക്ക് തിരിച്ചടയ്ക്കാനുള്ളത് 19.37 കോടി രൂപയാണ്.
 ഡെക്കാന്‍ ക്രോണിക്കിള്‍ കേരള റസിഡന്റ് എഡിറ്റര്‍ ജോണ്‍ മേരി, കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റര്‍ പി പി ജെയിംസ്, മലയാള മനോരമ ബ്യൂറോ ചീഫ് ജോണ്‍ മുണ്ടക്കയം, വീക്ഷണം റസിഡന്റ് എഡിറ്റര്‍ ജെ അജിത് കുമാര്‍ എന്നിവരാണ് ലിസ്റ്റിലെ പ്രബലന്മാര്‍. വായ്പ തിരിച്ചടയ്ക്കാത്തവര്‍ക്കെതിരേ ഹൗസിങ് ബോര്‍ഡ് കാലാകാലങ്ങളില്‍ നടപടികള്‍ക്ക് മുതിരാറുണ്ടെങ്കില്‍ ഭരിയ്ക്കുന്നവര്‍ അതിന് അനുവദിക്കാറില്ലെന്നതാണ് സത്യം. ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാറിന്റെ രാഷ്ട്രീയ നേതൃത്വത്തിനും മാധ്യമപ്രവര്‍ത്തകരുടെ ലോണ്‍ എഴുതിതള്ളണമെന്ന നിലപാടാണ് ഉള്ളത്.
 2000ലാണ് തിരുവനന്തപുരത്തെ എന്‍സിസി നഗറില്‍ ഒന്നരക്കോടിയോളം വിലമതിപ്പുള്ള സ്ഥലത്ത് ഹൗസിങ് ബോര്‍ഡിന്റെ ജേര്‍ണലിസ്റ്റ് കോളനിയെന്ന പ്രൊജക്ട് വരുന്നത്. സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വന്തമായി വീട് ലഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇതാരംഭിച്ചത്. തുടക്കത്തില്‍ ഡബിള്‍ ബെഡ്‌റൂം ഫ്ളാറ്റിന് 7.62 ലക്ഷം രൂപയും ത്രീ ബെഡ് റൂമിന് 10.28 ലക്ഷം രൂപയുമാണ് വില നിശ്ചയിച്ചിരുന്നത്.
 ഹഡ്‌കോയുടെ സാമ്പത്തിക സഹായത്തോടുകൂടി നടപ്പാക്കിയ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാന്‍ പത്രക്കാര്‍ തമ്മില്‍ മത്സരമായിരുന്നു. ഒരു ലക്ഷം രൂപ ഡൗണ്‍ പേയ്‌മെന്റ് നല്‍കുന്നവര്‍ക്ക് ഫ്ളാറ്റുകള്‍ അനുവദിക്കാനും തുടങ്ങി. പിഴവ് വരുത്തിയതില്‍ ഭൂരിഭാഗം പേരും ഈ ഒരു ലക്ഷം രൂപമാത്രമാണ് കാര്യമായി അടച്ചിട്ടുള്ളത്. ഇവരെല്ലാം തന്നെ സര്‍ക്കാറിന്റെ 50000 രൂപ സബ്‌സിഡിയും കൈപറ്റിയുണ്ടെന്ന കാര്യം ശ്രദ്ധേയമാണ്.
 ഈ ലിസ്റ്റിലുള്ള ഭൂരിഭാഗം പേരും ഇവിടെ താമസിക്കുന്നില്ലെന്നതാണ് ഏറ്റവും ഞെട്ടിപ്പിക്കുന്ന കാര്യം. സര്‍ക്കാറില്‍ നിന്നും ചുളുവില്‍ അടിച്ചെടുത്ത ഫ്ളാറ്റുകള്‍ വാടകയ്ക്ക് കൊടുത്ത് പോക്കറ്റ് മണി കണ്ടെത്തുകയാണ് പലരും ചെയ്യുന്നത്. വാടകയിനത്തില്‍ ലഭിക്കുന്ന പണം ഹൗസിങ് ബോര്‍ഡിലേക്ക് അടച്ചിരുന്നെങ്കില്‍ കടം എന്നേ വീടുമായിരുന്നു. ഇത്തരത്തില്‍ വാടകയ്ക്ക് കൊടുക്കുന്നത് ഹൗസിങ് ബോര്‍ഡുമായുള്ള കരാര്‍ ലംഘനം കൂടിയാണെന്ന കാര്യത്തില്‍ സംശയമില്ല.
 ഒറ്റ അടവ് പോലും തിരിച്ചടയ്ക്കാത്തവരുടെ കടം 25 ലക്ഷവും 30 ലക്ഷവുമൊക്കെയായി ഉയര്‍ന്നു. മറ്റേതെങ്കിലും സ്ഥാപനമായിരുന്നെങ്കില്‍ ഈ 'വിഖ്യാത' മാധ്യമപ്രവര്‍ത്തകരെല്ലാം ഇപ്പോള്‍ അഴിക്കുള്ളിലായിരിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഭവനനിര്‍മാണ ബോര്‍ഡിന്റെ ചുമതലയുള്ള കെഎം മാണി ഫ്ളാറ്റുകളുടെ വില പുനര്‍നിര്‍ണയിക്കണമെന്ന നിലപാടുള്ള വ്യക്തിയാണ്. പുതിയ മാര്‍ക്കറ്റ് വിലയനുസരിച്ച് ഫ്ളാറ്റുകളുടെ വില പുനര്‍നിര്‍ണയിക്കേണ്ടതുണ്ട്.
 ഇത് തിരുവനന്തപുരത്തെ കോളനിയുടെ മാത്രം കാര്യമാണ്. ഇതില്‍ ചിലര്‍ ഒന്നിലേറെ ഫ്ളാറ്റുകള്‍ കൈക്കലാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഭരണത്തിലുള്ള സ്വാധീനമുപയോഗിച്ച് കേരളത്തിലുള്ള മറ്റു ജേര്‍ണലിസ്റ്റ് കോളനികളിലും ഇവര്‍ ഇത്തരത്തില്‍ വീടുകള്‍ സ്വന്തമാക്കി സൈഡ് ബിസിനസ്സ് നടത്തുന്നുണ്ട്. അപ്പോള്‍ കേരളത്തിലെ മൊത്തം ജേര്‍ണലിസ്റ്റ് കോളനികളിലെ കണക്ക് നോക്കുകയാണെങ്കില്‍ സര്‍ക്കാറിന് നഷ്ടപ്പെടാന്‍ പോകുന്ന, അല്ലെങ്കില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് എത്ര കോടികളാണ്? തീര്‍ച്ചയായും ജനങ്ങള്‍ മാതൃകയാകേണ്ടവര്‍ നടത്തിയ ഈ തട്ടിപ്പിന് ചൂട്ടുപിടിച്ചുകൊടുക്കുന്ന നടപടി സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാവാതിരിക്കാന്‍ ഇതിനെതിരേ ജനവികാരം ഉയരേണ്ടതുണ്ട്. സര്‍ക്കാരിനെ പ്രീണിപ്പിക്കാനായി സര്‍ക്കാരിനനുകൂല വാര്‍ത്തകള്‍ ചമയക്കാന്‍ ഇത്തരം മാധ്യമ പ്രവര്‍ത്തകര്‍ ശ്രമിക്കും എന്നതും വസ്തുതയാണ്.
 ഇതില്‍ ടിപി കുഞ്ഞുമുഹമ്മദ് 17 തവണയും ജോണ്‍ മേരി അഞ്ചു തവണയും എന്‍എസ് സുഭാഷ് നാലു തവണയും മാണിക്കം മൂന്നു തവണയും എസ് ജയകുമാര്‍ രണ്ടു തവണയും പണം അടച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. ബാക്കിയുള്ളവരെല്ലാം തന്നെ ഈ പണം മുഴുവനായും സര്‍ക്കാര്‍ എഴുതിതള്ളുമെന്ന പ്രതീക്ഷയില്‍ സര്‍ക്കാരിന്റെ കനിവു തേടുന്നു 'പാവപ്പെട്ടവരാണ്'
 ഫ്ളാറ്റുകള്‍ അനുവദിച്ചതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ലിസ്റ്റ് പരിശോധിക്കുമ്പോള്‍ വ്യക്തമാകും. നൂറുശതമാനം അര്‍ഹരായ പലരുടെയും സീനിയോറിറ്റി പോലും മറികടന്നാണ് ചിലര്‍ക്ക് വീടുകള്‍ അനുവദിച്ചതെന്ന പരാതി നേരത്തെ തന്നെയുണ്ടായിരുന്നു. മാധ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള വാര്‍ത്ത ആയതിനാല്‍ വരും ദിനങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട ഞെട്ടിപ്പിക്കുന്ന ഈ വാര്‍ത്ത മിക്ക മാധ്യമങ്ങളും മൂടിവെക്കും എന്നതില്‍ സംശയമില്ല.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment