Sunday 22 July 2012

[www.keralites.net] ഉന്നത വിദ്യാഭ്യാസമുള്ള 30 ശതമാനത്തിലേറെ മലയാളികളും പുറത്ത്

 


ഉന്നത വിദ്യാഭ്യാസമുള്ള 30 ശതമാനത്തിലേറെ മലയാളികളും പുറത്ത്

എസ്.എന്‍. ജയപ്രകാശ്‌

* പ്രവാസികളില്‍ നിന്നുള്ള വരുമാനം 49,695 കോടിയായി 
* ഇത് കേരളത്തിന്റെ ജി.ഡി.പി യുടെ 31.2 ശതമാനം 
* പ്രവാസിപ്പണം എത്തുന്നത് 17 ശതമാനം കുടുംബങ്ങളില്‍ മാത്രം 



തിരുവനന്തപുരം: ബിരുദാനന്തര ബിരുദവും പ്രൊഫഷണല്‍ വിദ്യാഭ്യാസ യോഗ്യതയുമുള്ള 30 ശതമാനത്തിലേറെ മലയാളികളും ജോലിചെയ്യുന്നത് കേരളത്തിനുപുറത്തും വിദേശത്തും. വിദഗ്ധ തൊഴില്‍ മേഖലയില്‍ പ്രാഗത്ഭ്യമുള്ള 25 - 30 ശതമാനം മലയാളികള്‍ ജീവിക്കുന്നതും കേരളത്തിന് വെളിയില്‍. പ്രവാസികളില്‍ നിന്ന് കേരളത്തിലെത്തുന്ന പണം 50,000 കോടിയിലെത്തിയെങ്കിലും മനുഷ്യവിഭവശേഷിയിലെ ഈ ചോര്‍ച്ചമൂലം കേരളത്തിനുണ്ടാകുന്ന സാമ്പത്തിക നഷ്ടം ഇനിയും കണക്കാക്കിയിട്ടില്ല. 

2011- ലെ റിപ്പോര്‍ട്ട് ഓണ്‍ കേരള മൈഗ്രേഷന്‍ സര്‍വേയാണ് കുടിയേറ്റം സമ്പദ് വ്യവസ്ഥയിലുണ്ടാക്കുന്ന മെച്ചങ്ങള്‍ക്കൊപ്പം വിപരീത ഫലങ്ങളിലേക്കും വെളിച്ചം വീശുന്നത്. സെന്‍റര്‍ ഫോര്‍ ഡെവലപ്‌മെന്‍റ് സ്റ്റഡീസിലെ എസ്.ഇരുദയ രാജനും കെ.സി. സഖറിയയും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടാണിത്.

കേരളത്തിലെ ആണുങ്ങളില്‍ 11.3 ശതമാനം പേരും കേരളത്തിനു പുറത്താണ്. ഇതില്‍ കേരളത്തിലെ 12-ാം ക്ലാസ് ജയിച്ചവരിലെ 17.6 ശതമാനം പേരുണ്ട്. ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റുള്ളവരിലെ 35.2 ശതമാനവും പ്രൊഫഷണല്‍ ബിരുദമുള്ളവരിലെ 35 ശതമാനംപേരും ബിരുദാനന്തര ബിരുദമുള്ളവരിലെ 27 ശതമാനം പേരുമുണ്ട്. സ്ത്രീകളില്‍ പ്രൊഫഷണല്‍ ബിരുദമുള്ള 36.3 ശതമാനം പേരും കേരളത്തിനു പുറത്തോ വിദേശത്തോ ആണ്. 

തൊഴിലില്ലായ്മയുടെ കാര്യത്തിലും കുടിയേറ്റത്തിന് മറുവശമുണ്ട്. കുടിയേറ്റം സംസ്ഥാനത്തെ തൊഴിലില്ലായ്മ കുറച്ചു. എന്നാല്‍ നാട്ടിലെ തൊഴിലവസരങ്ങള്‍ വളര്‍ത്തിക്കൊണ്ടല്ല ഇത്. പകരം, തൊഴിലില്ലാത്തവര്‍ സംസ്ഥാനത്തിനുപുറത്തേക്ക് പോയതുകൊണ്ടാണ് തൊഴിലില്ലായ്മ കുറഞ്ഞത്. 

ഇവിടെയെത്തുന്ന പ്രവാസിപ്പണത്തിന്റെ 3.4 ശതമാനം വരുന്ന തുക വര്‍ഷംതോറും യുവാക്കളുടെ വിദ്യാഭ്യാസത്തിനായി കേരളത്തിനുവെളിയില്‍ ചെലവിടുകയാണ്. 2011-ല്‍ മാത്രം 1,703 കോടിയാണ് ഈയിനത്തില്‍ കേരളത്തിന് പുറത്തുപോയത്. സംസ്ഥാനത്തെ പ്രൊഫഷണല്‍ വിദ്യാഭ്യാസ വികസനത്തെക്കുറിച്ച് പുനരാലോചനയ്ക്ക് സമയമായെന്നാണ് ഇത് സൂചിപ്പിക്കുന്നത്. 

2011-ല്‍ കേരളത്തില്‍ പ്രവാസികളില്‍ നിന്നെത്തിയത് 49, 695 കോടിയാണ്. 2008- ല്‍ ഇത് 43,288 കോടിയായിരുന്നു. 2011- ലെ വരുമാനം സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ 31.23 ശതമാനമാണ്. സംസ്ഥാനത്തിന്റെ റവന്യൂവരുമാനത്തിന്റെ 1.6 മടങ്ങാണ്. മൊത്തം പൊതുകടത്തിന്റെ 60 ശതമാനം വരുമിത്.

പ്രവാസിപ്പണത്തെ പഠനം രണ്ടായി തിരിക്കുന്നു. വീട്ടാവശ്യങ്ങള്‍ക്ക് അയയ്ക്കുന്നതും ധനകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപവും. ഇതുരണ്ടും ചേര്‍ന്നതാണ് മൊത്തം വരുമാനം. വീടുകളിലേക്ക് 2011- ല്‍ പ്രവാസികളില്‍ നിന്നെത്തിയത് 15,129 കോടിയാണ്. 2008- ല്‍ ഇത് 12,151 കോടിയും 2003- ല്‍ 7,965 കോടിയുമായിരുന്നു. 

വന്‍ വരുമാനമാണ് പ്രവാസികളില്‍ നിന്ന് എത്തുന്നതെങ്കിലും ഇതിന്റെ ഗുണം കിട്ടുന്നത് 17.1 ശതമാനം കുടുംബങ്ങള്‍ക്ക് മാത്രമായിരുന്നു. 2008 - ലും ഇത്രയും കുടുംബങ്ങള്‍ മാത്രമായിരുന്നു ഇതിന്റെ ഗുണഭോക്താക്കള്‍. അതായത്, പ്രവാസവരുമാനം നേടുന്ന കുടുംബങ്ങളുടെ എണ്ണത്തില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ മാറ്റമുണ്ടായില്ലെന്നര്‍ഥം.

 
മാതൃഭൂമി വെബ്‌ എഡിഷന്‍



www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment