Saturday 23 June 2012

[www.keralites.net] കുഞ്ഞനന്തന്‌ പാര്‍ട്ടി വിധിച്ചത്‌ 40 ദിവസത്തെ 'അജ്‌ഞാതവാസം'

 

കുഞ്ഞനന്തന്‌ പാര്‍ട്ടി വിധിച്ചത്‌ 40 ദിവസത്തെ 'അജ്‌ഞാതവാസം'

 

കോഴിക്കോട്‌: ടി.പി. ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്നു കുഞ്ഞനന്തനു പാര്‍ട്ടി വിധിച്ചത്‌ 40 ദിവസത്തെ 'അജ്‌ഞാതവാസം'. മേയ്‌ നാലിനു വള്ളിക്കാടു ചന്ദ്രശേഖരനെ കൊലചെയ്‌തു 13 ദിവസം കഴിഞ്ഞാണു കുഞ്ഞനന്തന്‍ ഒളിവില്‍ പോയത്‌. കൊലപാതകശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ ക്വട്ടേഷന്‍ സംഘം സഞ്ചരിച്ച വാഹനം പോലീസ്‌ കണ്ടെത്തിയതോടെ കുഞ്ഞനന്തന്‍ അപകടം മണത്തു. അന്നു തന്നെ ക്വട്ടേഷന്‍ സംഘത്തലവനായ കൊടി സുനിയുടെ പങ്കും അന്വേഷണ സംഘത്തിനു വ്യക്‌തമായിരുന്നു.

തുടര്‍ന്നു വീട്ടില്‍ നിന്നുമാറി പാര്‍ട്ടി ഗ്രാമങ്ങളായ കരിവെള്ളൂര്‍, കയ്യൂര്‍, വെള്ളൂര്‍ ഭാഗങ്ങളിലെ പ്രാദേശിക നേതാക്കളുടേയും പാര്‍ട്ടി അനുഭാവികളുടേയും വീടുകളില്‍ താമസിച്ചു. അവിടെ നിന്നു കുഞ്ഞനന്തന്‍ മാധ്യമവാര്‍ത്തകളില്‍ ശ്രദ്ധാലുവായി. നേതാക്കളിലേക്ക്‌ അന്വേഷണം എത്തുമെന്ന പത്രവാര്‍ത്തകള്‍ കണ്ട്‌ ആദ്യം പരിഭ്രമിച്ചെങ്കിലും പാര്‍ട്ടി നേതൃത്വത്തില്‍ നിന്നു ലഭിച്ച പിന്തുണ ധൈര്യമേകി.

ചന്ദ്രശേഖരന്റെ കൊലപാതകം നടന്നു 12-ാം ദിവസം കുന്നൂമ്മക്കര ലോക്കല്‍കമ്മിറ്റിയംഗം കെ.സി. രാമചന്ദ്രന്‍, ഓര്‍ക്കാട്ടേരി ലോക്കല്‍കമ്മറ്റിയംഗം പടയങ്കണ്ടി രവീന്ദ്രന്‍ എന്നിവരെ പിടികൂടിയതോടെ കുഞ്ഞനന്തന്‌ പാര്‍ട്ടി അപായ സൂചന നല്‍കി. മേയ്‌ 16 ന്‌ ഇരുവരേയും അന്വേഷണ സംഘം കസ്‌റ്റഡിയിലെടുത്തപ്പോള്‍ പാര്‍ട്ടി നേതൃത്വം കുഞ്ഞനന്തന്‌ 'അജ്‌ഞാതവാസം' വിധിച്ചു. കുഞ്ഞനന്തനെ തേടി പ്രത്യേക അന്വേഷണസംഘം വീട്ടിലെത്തിയതറിഞ്ഞു സംസ്‌ഥാനം വിടാന്‍ തീരുമാനിക്കുകയായിരുന്നു. നേതൃത്വത്തിന്റെ അറിവോടെ കുഞ്ഞനന്തന്റെ സുഹൃത്തും കണ്ണൂരിലെ സി.പി.എമ്മിന്റെ ഉന്നതനേതാക്കളുമായി അടുത്തബന്ധം പുലര്‍ത്തുന്ന ബംഗളുരുവിലെ ബേക്കറി ഉടമയുമായ പാനൂര്‍ കണ്ണവെള്ളി പാത്തിയില്‍ കുമാരന്റെ അടുത്തേക്കു മാറി.

വിദേശബന്ധമുള്ള കുഞ്ഞനന്തന്‍ വിദേശത്തേക്കു കടക്കുമെന്ന രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തലുകളെ തുടര്‍ന്നു പ്രത്യേക അന്വേഷണ സംഘം മേയ്‌ 21 ന്‌ ലുക്കൗട്ട്‌ സര്‍ക്കുലര്‍ പുറത്തിറക്കി. ബംഗളുരുവിലേക്കു മറ്റു വാഹനങ്ങളില്‍ പോയാല്‍ പോലീസ്‌ ശ്രദ്ധിക്കുമെന്നതിനാല്‍ യാത്ര ബസിലാക്കി. ബസ്‌ മാര്‍ഗം ബംഗളുരുവിലെത്തി കുമാരനെ കണ്ടു.

ബംഗളുരുവില്‍ തങ്ങുന്നതു സുരക്ഷിതമല്ലെന്നതിനാല്‍ ബസില്‍ ബല്‍ഗാമിലേക്കു പുറപ്പെട്ടു. അവിടെ കുമാരന്റെ പേരില്‍ ലോഡ്‌ജില്‍ മുറിയെടുത്തു തങ്ങി. അന്വേഷണ സംഘം കര്‍ണാടകയിലുണ്ടെന്ന വിവരത്തെ തുടര്‍ന്നു പൂനെയിലേക്കു കടന്നു. കുമാരന്റെ പേരില്‍ ഇവിടേയും മുറിയെടുത്തു രണ്ടു ദിവസം തങ്ങി. ശാരീരികാസ്വസ്‌ഥതകള്‍ അനുഭവിക്കേണ്ടി വന്നതിനാല്‍ യാത്ര വേണ്ടെന്നു തീരുമാനിച്ചു.

ഒടുവില്‍ കോടതിയില്‍ കീഴടങ്ങാമെന്നുറപ്പിച്ചു പയ്യന്നൂരിലെത്തി. അവിടെ നിന്ന്‌ ആദ്യം പയ്യന്നൂരിലെ ആശുപത്രിയില്‍ എത്തി, രണ്ടു ദിവസം തങ്ങി. പിന്നീടു ചില പ്രാദേശിക നേതാക്കളുടെ സഹായത്തോടെ കണ്ണൂര്‍ - കാസര്‍ഗോഡ്‌ ജില്ലകളുടെ അതിര്‍ത്തി ഗ്രാമങ്ങളിലാണു കുഞ്ഞനന്തന്‍ താമസിച്ചിരുന്നത്‌.

 

 

വിടരുതവനേ... കൊല്ലവനേ... ജനം ആക്രോശിച്ചു

 

 

കുഞ്ഞനന്തന്‍ കോടതിയില്‍ എത്തുന്നതിന്‌ 15 മിനിറ്റു മുമ്പ്‌ പാനുര്‍ ഏരിയാസെക്രട്ടറി പവിത്രന്‍ കോടതിയിലെത്തി പരിസരം വീക്ഷിച്ചു വിലയിരുത്തിയ ശേഷമാണു കുഞ്ഞനന്തനോടു കോടതയിലേക്കു വരാന്‍ നിര്‍ദേശം നല്‍കിയത്‌. ഉച്ച സമയമായതിനാല്‍ കോടതിയില്‍ തിരക്കു കുറയുമെന്നും അധികം ശ്രദ്ധിക്കപ്പെടുമില്ലെന്നുമുള്ള കണക്കുകൂട്ടലില്‍ ഉച്ചയ്‌ക്ക് ഒരു മണിയോടെ കുഞ്ഞനന്തന്‍ കോടതിയിലെത്തി. ഓട്ടോയിലെത്തിയ മൂന്നുപേര്‍ വടകര ജുഡീഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയിലേക്ക്‌ ഓടിക്കയറുന്നതു കണ്ടപ്പോഴാണു പലര്‍ക്കും സംശയമായത്‌. പിന്നീടാണ്‌ ഇതിലൊരാള്‍ കുഞ്ഞനന്തനാണെന്നു തിരിച്ചറിഞ്ഞത്‌. വാര്‍ത്തയറിഞ്ഞതോടെ കോടതി പരിസരം ജനനിബിഡമായി. ജനം കോടതി പരിസരത്ത്‌ തമ്പടിച്ചു. വിവരം ചാനലുകള്‍ പുറത്തുവിട്ടതോടെ വാഹനങ്ങളില്‍ ദൂരസ്‌ഥലങ്ങളില്‍നിന്നും ആളുകളെത്തി.

ഇതോടെ കോടതി പരിസരവും അഞ്ചുവിളക്കു ജംഗ്‌ഷനും നിന്നു തിരിയാനിടമില്ലാതായി. അതോടൊപ്പം മാധ്യമപ്പടയും പോലീസും. കോടതി നടപടി കഴിഞ്ഞ്‌ ഒന്നരയോടെ കുഞ്ഞനന്തനെ പുറത്തിറക്കിയെങ്കിലും പോലീസ്‌ വാഹനത്തില്‍ കയറ്റാന്‍ പറ്റാത്ത സ്‌ഥിതിയായിരുന്നു. ചീത്ത വിളിച്ച്‌ ആക്രോശിക്കുകയായിരുന്നു ജനം. വിടരുതവനെ.... കൊല്ലവനേ...ഇങ്ങനെ പോയി പ്രതികരണങ്ങള്‍. പോലീസിന്റെ തന്ത്രപരമായ ഇടപെടലോടെയാണ്‌ കാറില്‍ കയറ്റിയത്‌.

നേരത്തേ കോടതി നടപടി പൂര്‍ത്തിയാക്കി വടകര ഗവ. ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്ക് എത്തിച്ചപ്പോഴും ആശുപത്രി പരിസരത്ത്‌ ആരുമുണ്ടായിരുന്നില്ല. എന്നാല്‍ പെട്ടെന്നു ജനം തടിച്ചുകൂടി.

കുഞ്ഞനന്തന്റെ മുഖത്ത്‌ ഒളിവില്‍ കഴിഞ്ഞ ക്ഷീണമൊന്നുമുണ്ടായിരുന്നില്ല. ചിരിച്ചുകൊണ്ടാണ്‌ കോടതിയില്‍ നിന്ന്‌ ഇറങ്ങിവന്നത്‌.

എവിടെ നിന്റെ പര്‍ദയെന്ന പരിഹാസം കേട്ടിട്ടും കുഞ്ഞനന്തന്‍ കുലുങ്ങിയില്ല. നേരത്തേ പയ്യന്നൂരില്‍ നിന്നു കുഞ്ഞനന്തന്‍ പര്‍ദയിട്ടു രക്ഷപ്പെട്ടെന്നു വാര്‍ത്തയുണ്ടായിരുന്നു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment