Tuesday 12 June 2012

[www.keralites.net] ഒറ്റയ്ക്ക് നൂറിലേറെ കവര്‍ച്ചനടത്തിയ ആള്‍ അറസ്റ്റില്‍

 

ഒറ്റയ്ക്ക് നൂറിലേറെ കവര്‍ച്ചനടത്തിയ ആള്‍ അറസ്റ്റില്‍
Posted on: 12 Jun 2012


Fun & Info @ Keralites.netമൂവാറ്റുപുഴ: കൂട്ടാളികളില്ലാതെ ഏഴുവര്‍ഷത്തിനിടെ നൂറിലേറെ മോഷണങ്ങള്‍ നടത്തിയ യുവാവിനെ മൂവാറ്റുപുഴ പോലീസ് പിടികൂടി.

ഇടുക്കി ഉടുമ്പന്‍ചോല വാത്തിക്കുടി ബഥേല്‍ കരയില്‍ നാലുതൂണ്‍ ഭാഗത്ത് തേക്കുംകാട്ടില്‍ സി.ടി. ജിജോ (33) ആണ് അറസ്റ്റിലായത്. ഡിവൈഎസ്​പി എം.എന്‍. രമേഷ്, സിഐ ഫെയ്മസ് വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ എസ്‌ഐ പി.എസ്. ഷിജുവും സംഘവുമാണ് ജിജോയെ പിടിച്ചത്. നൂറിലധികം വീടുകളില്‍നിന്നായി ലക്ഷങ്ങള്‍ വിലവരുന്ന സ്വര്‍ണവും പണവും ഇയാള്‍ അപഹരിച്ചതായി പോലീസ് പറഞ്ഞു.

20 വയസുള്ളപ്പോള്‍ കട്ടപ്പന, ഇരട്ടയാര്‍, നാരകക്കാനം, ഇടുക്കി എന്നിവിടങ്ങളില്‍ 25ഓളം വീടുകളില്‍നിന്ന് സ്വര്‍ണം മോഷ്ടിച്ചാണ് തുടക്കം. 2005ല്‍ പോലീസ്​പിടിയിലായ ഇയാള്‍ പാലായില്‍നിന്ന് ജയില്‍ചാടി രക്ഷപ്പെട്ടു. പാലായില്‍നിന്ന് കൂത്താട്ടുകുളംവരെ ഓടിയാണ് ഇയാള്‍ രക്ഷപ്പെട്ടത്. അന്നു രാത്രിതന്നെ മൂവാറ്റുപുഴ-പെരുമ്പാവൂര്‍ റോഡില്‍ അഞ്ചോളം വീടുകളില്‍ കവര്‍ച്ചനടത്തുകയും ചെയ്തു.

നൂറോളം കവര്‍ച്ചകളില്‍ അറുപതോളം എണ്ണം എവിടെയാണെന്ന് അറിയില്ലെന്നാണ് ചോദ്യംചെയ്യലില്‍ ഇയാള്‍ പറയുന്നത്. മോഷണസ്ഥലം മുന്‍കൂട്ടി നിശ്ചയിക്കാതെ കാണുന്നബസില്‍ക്കയറി രാത്രിയില്‍ എത്തിപ്പെടുന്ന സ്ഥലത്ത് കവര്‍ച്ച നടത്തുകയാണ് രീതി. ബസ്സില്‍നിന്നിറിങ്ങി രണ്ടുമണിക്കൂറോളംനടന്ന് മോഷണത്തിനുപറ്റിയ വീടുകള്‍ കണ്ടുവയ്ക്കും. വാതില്‍ പൊളിക്കുന്ന ശീലമില്ലാത്ത ഇയാള്‍ വീട്ടുകാരുടെ അശ്രദ്ധ മുതലെടുത്താണ് അകത്തുകടക്കുക. വീട്ടില്‍നിന്നും പണവും ആഭരണവും എത്രകിട്ടിയാലും വീട്ടിലുള്ളവരുടെ കഴുത്തില്‍നിന്നും മാലപൊട്ടിക്കുന്ന ശീലവും ഇയാളുടെ സവിശേഷതയാണെന്ന് എസ്‌ഐ വ്യക്തമാക്കി.

2005ല്‍ ജയിചാടിയശേഷം 2007ല്‍ നിരവധി കവര്‍ച്ചകള്‍ക്കുശേഷം സറണ്ടര്‍ചെയ്തതോടെ ഇയാളുടെ പല മോഷണങ്ങളും അന്വേഷിക്കപ്പെട്ടിരുന്നില്ല. ശിക്ഷകഴിഞ്ഞിറങ്ങിയശേഷം ഇപ്പോഴാണ് ജിജോ പിടിയിലാകുന്നത്.

കൂട്ടാളികളില്ലാത്തതും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതും പോലീസിന്റെ അന്വേഷണത്തിനു വെല്ലുവിളിയായിരുന്നു. മാത്രമല്ല, കവര്‍ച്ച നടത്തുന്ന വീടുകളില്‍ അയല്‍വീട്ടിലെ ചെരുപ്പും വസ്ത്രങ്ങളും കൊണ്ടുവന്നിടുന്ന ഇയാള്‍ അന്വേഷണസംഘത്തെ എപ്പോഴും തെറ്റിദ്ധരിപ്പിച്ചിരുന്നു. കവര്‍ച്ചനടത്തുന്ന എല്ലാ വീടുകളില്‍നിന്നും മൊബൈല്‍ ഫോണ്‍ എടുക്കുന്ന ഇയാള്‍ അത് കുറച്ചുദൂരെ ഉപേക്ഷിക്കും. കവര്‍ച്ച മനസ്സിലാക്കി ഉണരുന്ന വീട്ടുകാര്‍ ഉടന്‍തന്നെ നാട്ടുകാരെയോ പോലീസിനെയോ വിളിക്കാതിരിക്കാനുള്ള മുന്‍കരുതലായിരുന്നു ഇത്. ഒരു വീട്ടിലെ മൊബൈല്‍ മറ്റൊരു വീട്ടില്‍ കൊണ്ടുവച്ചും മോഷ്ടിച്ച മൊബൈലില്‍നിന്ന് മോഷണംനടന്ന വീട്ടിലേക്കു വിളിച്ചും അയല്‍വാസികളെ തമ്മിലടിപ്പിക്കുന്ന പതിവും ഇയാള്‍ക്കുണ്ട്.

മദ്യപിച്ചശേഷമാണ് ഇയാള്‍ കവര്‍ച്ചക്കൊരുങ്ങുക. കിട്ടുന്ന പണം ആര്‍ഭാടജീവിതത്തിനു വിനിയോഗിച്ചിരുന്ന ജിജോക്ക് ഭാര്യയും മക്കളുമുണ്ട്. ഇടുക്കിയില്‍ സ്വന്തം എസ്റ്റേറ്റുണ്ടെന്നാണ് നാട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നത്.

വീടിന്റെ വാതിലുകളുടെ ഓടാമ്പല്‍ നീക്കിയും ജനലിനോടുചേര്‍ന്നുള്ള വാതിലുകളുടെ കുറ്റി മാറ്റിയും മറ്റുമാണ് വീടുകളില്‍ കയറിയിരുന്നത്. മോഷണമുതല്‍കൊണ്ട് കുടകില്‍ കുരുമുളകുതോട്ടം പാട്ടത്തിനെടുത്തിരുന്നു. നാട്ടില്‍ പരോപകാരിയായിട്ടാണ് ജിജോ അറിയപ്പെടുന്നത്.

എറണാകുളം, ഇടുക്കി, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ കവര്‍ച്ച നടത്തിയിട്ടുണ്ട്.

മൂവാറ്റുപുഴ, പിറവം, പാല, അങ്കമാലി, തലശ്ശേരി, വടക്കാഞ്ചേരി, കൂത്താട്ടുകുളം, ചാലക്കുടി, തൊടുപുഴ, പട്ടിമറ്റം, താമരശ്ശേരി, കോലഞ്ചേരി, ഇരിട്ടി, പെരുമ്പാവൂര്‍ തുടങ്ങി നിരവധി പ്രദേശങ്ങളില്‍ കവര്‍ച്ച നടത്തിയിട്ടുണ്ടെന്ന് എസ്‌ഐ പി.എസ്. ഷിജു പറഞ്ഞു. ഇരിട്ടി വളകോട് ചെയ്യിലായില്‍ നൂറുദ്ദീന്റെ വീട്ടില്‍നിന്നും 31 പവന്‍ കവര്‍ന്നതാണ് വലിയ കവര്‍ച്ച.

2001ല്‍ തോപ്രാംകുടിയില്‍നിന്ന് താമസംമാറ്റി. പിന്നീട്, കടപ്ലാമറ്റം എലക്കാട് ഹരിജന്‍ കോളനിയില്‍ മുത്തോലില്‍ ചെല്ലമ്മയുടെ വീട്ടിലായിരുന്നു താമസം.

പ്രതിയെ മൂവാറ്റുപുഴ കോടതി റിമാന്‍ഡ്‌ചെയ്തു. കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യുമെന്ന് ഡിവൈഎസ്​പി അറിയിച്ചു.
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment