ചന്ദ്രശേഖരന്‍ വധക്കേസില്‍ കസ്റ്റഡിയിലായ വാഹനം വാടകയ്ക്കെടുത്ത അഴിയൂര്‍ പൂഴിത്തലയിലെ പൂഴിയില്‍ വീട്ടില്‍ ഹാരിസ് മുസ്ലിംലീഗുകാരനാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. മാഹിക്കടുത്ത പൂഴിത്തലയിലെ ലീഗ് ഓഫീസിനു പിറകിലാണ് ഹാരിസിന്റെ വീട്. ഇയാളുടെ ലീഗ്ബന്ധം നാട്ടിലെല്ലാവര്‍ക്കും അറിയാം. കേന്ദ്രമന്ത്രി വയലാര്‍രവിയുമായി അടുപ്പമുള്ള എ കെ പ്രകാശന്റെ മകളുടെ ഭര്‍ത്താവാണ് വാഹന ഉടമ നവീന്‍ദാസ്.
ഇതോടെ, കേസില്‍ നിര്‍ണായക തെളിവുകള്‍ നല്‍കേണ്ടവരെല്ലാം യുഡിഎഫ് ബന്ധമുള്ളവരാണെന്ന് വ്യക്തമായി. സിപിഐ എമ്മിനെ പ്രതിസ്ഥാനത്തുനിര്‍ത്താന്‍ ഒരു തുമ്പും ലഭിക്കാതെ അന്വേഷണം വഴിമുട്ടി നില്‍ക്കുമ്പോഴാണ് കസ്റ്റഡിയിലുള്ളവരുടെ രാഷ്ട്രീയബന്ധവും ഉന്നത സ്വാധീനവും വെളിപ്പെടുന്നത്. കസ്റ്റഡിയിലുള്ള രണ്ട് പ്രധാനികളും കോണ്‍ഗ്രസ്- ലീഗ് അനുഭാവികളാണെന്നത് ആര്‍ക്കും നിഷേധിക്കാന്‍ കഴിഞ്ഞിട്ടില്ല. നവീനിന്റെ വാഹനം ഹാരിസ് മുഖേനയാണ് ക്വട്ടേഷന്‍ സംഘത്തിനു ലഭിച്ചതെന്നാണ് പൊലീസ് വെളിപ്പെടുത്തിയത്.
**********************************************************************************************
ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണവിഷയത്തില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മലക്കംമറിഞ്ഞു. പൊലീസ് ആസ്ഥാനത്ത് ചൊവ്വാഴ്ച നടന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലും തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലുമാണ് അന്വേഷണസമയത്തെ പറ്റിയുള്ള വ്യത്യസ്ത നിലപാടുകള്‍ മന്ത്രി പരസ്യമായി പ്രകടിപ്പിച്ചത്. അന്വേഷണം നിശ്ചിതസമയത്തിനകം പൂര്‍ത്തിയാക്കുമെന്നും പ്രതികളെ സമയബന്ധിതമായി പിടികൂടുമെന്നും രാവിലെ യോഗത്തില്‍ ആമുഖമായി പറഞ്ഞ മന്ത്രി പിന്നീട് നിലപാട് മാറ്റി. അന്വേഷണത്തിന് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും അതൊക്കെ തീരുമാനിക്കേണ്ടത് അന്വേഷണസംഘമാണെന്നും വൈകിട്ട് വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി തിരുത്തി. അന്വേഷണം ശരിയായ ദിശയില്‍ പോകാനുള്ള സാവകാശം നല്‍കണം. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനുമുമ്പ് പ്രതികളെ പിടികൂടുമോ എന്ന ചോദ്യത്തിന് ഇതിനെ തെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മറുപടി നല്‍കി. ചന്ദ്രശേഖരന് സംരക്ഷണം നല്‍കണമെന്ന് സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നുവെന്ന കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണത്തെ പറ്റി അദ്ദേഹത്തോടുതന്നെ ചോദിക്കണം. സംരക്ഷണം നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായുള്ള ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് അതൊരു "നോണ്‍ ഇഷ്യൂ" ആണെന്നായിരുന്നു തിരുവഞ്ചൂരിന്റെ മറുപടി.
************************************************************************************************
ചന്ദ്രശേഖരന്‍ വധക്കേസില്‍ കസ്റ്റഡിയിലെടുത്ത കാറിന്റെ ഉടമയായ നവീന്‍ദാസിന്റെ ബന്ധുവിന് വയലാര്‍രവി അഭ്യന്തര മന്ത്രിയായിരിക്കെ പുറമ്പോക്ക് ഭൂമി പതിച്ചു നല്‍കി. നവീന്‍ദാസിന്റെ ഭാര്യാപിതാവ് പ്രകാശിന്റെ സഹോദരന്‍ പരേതനായ ശാന്തപ്പന് ആണ് തൃക്കുന്നപ്പുഴ ചീര്‍പ്പ് പാലത്തോട് ചേര്‍ന്ന് കായല്‍ നികര്‍ത്ത് പുറമ്പോക്ക് സര്‍വ്വെ നമ്പര്‍ 534/11ല്‍ 14സെന്റ് ഭൂമി പതിച്ചു നല്‍കിയത്. തൃക്കുന്നപ്പുഴയിലെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു ശാന്തപ്പന്‍. ശാന്തപ്പന്റെ ഭാര്യ ചേര്‍ത്തല സ്വദേശി സരോജിനിയമ്മ വയലാര്‍രവിയുടെ അടുത്ത ബന്ധുവാണ്. പതിച്ചുകിട്ടിയതില്‍ രണ്ടര സെന്റ് ശാന്തപ്പന്‍ പത്ത് വര്‍ഷം മുമ്പ് മണ്ഡലം കമ്മിറ്റി ഓഫീസ് നിര്‍മിക്കാന്‍ കോണ്‍ഗ്രസിന് സംഭാവന നല്‍കി. രണ്ടുതവണ നാട്ടുകാരില്‍ നിന്ന് പണം പിരിച്ചിട്ടും കെട്ടിടം പണിയാതിരുന്നതിനെ തുടര്‍ന്ന് ഗള്‍ഫ് വ്യവസായികളായ കുമ്പളത്ത് ഗ്രൂപ്പ് പണം മുടക്കി ഓഫീസ് നിര്‍മാണം ആരംഭിച്ചു. കുമ്പളത്ത് അബൂബക്കര്‍ സ്മാരകമായി നിര്‍മിക്കുന്ന കെട്ടിടത്തിന് കഴിഞ്ഞ മാസം കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയാണ് ശിലയിട്ടത്. 1982 മുതല്‍ 86 വരെ സംസ്ഥാന അഭ്യന്തര മന്ത്രിയായിരിക്കെ ഹരിപ്പാട് പൊതുപരിപാടിക്ക് വരുമ്പോഴെല്ലാം വയലാര്‍രവി ശാന്തപ്പന്റെ വീടും സന്ദര്‍ശിച്ചിരുന്നതായി അയല്‍വാസികള്‍ പറയുന്നു. ആ സമയത്താണ് ഇവരുടെ വീടിന്റെ മുന്‍വശമുള്ള പുറമ്പോക്ക് പതിച്ചുകിട്ടിയത്. ഈ ഭൂമിയില്‍ ശാന്തപ്പന്റെ മകളാണ് ഇപ്പോള്‍താമസിക്കുന്നത്.
ശാന്തപ്പന്റെ അഛന്‍ കൃഷ്ണന്‍കുട്ടിയും തൃക്കുന്നപ്പുഴയിലെ അറിയപ്പെടുന്ന കോണ്‍ഗ്രസുകാരനായിരുന്നു. കൃഷ്ണന്‍കുട്ടിയും മറ്റൊരു മകനായ പ്രകാശനും ബിസിനസിനായി മലബാറിലേക്ക് താമസം മാറ്റി. ശാന്തപ്പന്‍ തൃക്കുന്നപ്പുഴയില്‍ തുടര്‍ന്നു. നവീന്‍ദാസിന്റെ ബന്ധുക്കള്‍ കറകളഞ്ഞ കോണ്‍ഗ്രസുകാരും വയലാര്‍രവിയുടെ ബന്ധുക്കളുമായിട്ടും അതെല്ലാം മറച്ചുവെച്ച് സിപിഐ എമ്മിനെ പഴിചാരാനാണ് പൊലീസ് സഹായത്തോടെ യുഡിഎഫും ഒരു കൂട്ടം മാധ്യമങ്ങളും ശ്രമിക്കുന്നത്.
******************************************************************************************************
ചന്ദ്രശേഖരനെ കൊലപ്പെടുത്തുന്നതിനു തൊട്ടുമുമ്പ് ഒരു ഫോണ്‍കോള്‍ വന്നതായി മാതൃഭൂമി റിപ്പോര്‍ട്ട്ചെയ്തു. "ആ ഫോണ്‍കോള്‍ ആരുടെ" എന്നായിരുന്നു പെട്ടിക്കൂടില്‍ ഒന്നാം പേജില്‍ വന്ന വാര്‍ത്ത. ""ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണിലേക്ക് കോള്‍ വന്നിരുന്നു. വള്ളിക്കാട് ലീഗ് ഹൗസിന് സമീപം ഒരു വാഹനാപകടം നടന്നിട്ടുണ്ട്. അവിടേക്കെത്തണമെന്നാണ് ഫോണ്‍ സന്ദേശമെന്നാണ് ലഭിച്ച വിവരം. ഫോണ്‍ കോളിന്റെ ഉടമയെക്കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ചന്ദ്രശേഖരന്റെ ഫോണിലേക്ക് വന്ന എല്ലാ കോളുകളും പരിശോധിച്ചുവരികയാണെന്നും അവര്‍ പറഞ്ഞു. ഈ ഫോണ്‍ കോളാണ് അദ്ദേഹത്തെ പതിവായി പോകുന്ന വഴിയില്‍നിന്ന് വള്ളിക്കാട്ടെത്തിച്ചത്."" മാതൃഭൂമി വാര്‍ത്ത ശരിയാണെങ്കില്‍ ചന്ദ്രശേഖരന്റെ കൊലപാതകത്തിന് മുഖ്യ ഉത്തരവാദിത്തം ഈ ഫോണ്‍ കോളിനാണെന്ന് വ്യക്തമാണ്. ലീഗോഫീസിന് മുന്നിലാണ് കൊല നടന്നത് എന്ന് പറയുന്നു. വിവാഹവീട്ടില്‍നിന്ന് ആരോടും ഒന്നും പറയാതെ ചന്ദ്രശേഖരന്‍ ബൈക്കില്‍ സ്ഥലത്തെത്തിയതായി പറയുന്നു. അടുത്ത ദിവസം അറിയുന്നത് ഈ ഫോണ്‍ വിളിച്ചത് ചന്ദ്രശേഖരന്റെ സുഹൃത്തും സ്വന്തം പാര്‍ടിക്കാരനുമായ ഒരാളായിരുന്നു എന്നാണ്. കൊലപാതകിസംഘത്തിന്റെ മുമ്പില്‍ ചന്ദ്രശേഖരനെ എത്തിച്ചത് ഈ ഫോണ്‍ കോളാണെങ്കില്‍ ഫോണ്‍ വിളിച്ചത് സുഹൃത്താണെന്ന് പറഞ്ഞ് ഒഴിവാക്കാന്‍ കഴിയുമോ? പരിചയക്കാരന്‍ വിളിച്ചാലാണല്ലോ ഒരാള്‍ ആവശ്യപ്പെട്ട സ്ഥലത്തെത്തുക. ആപത്തിന്റെ ഭീതിയില്ലാതെ അവിടെ എത്തിയത് പരിചയമുള്ള ആള്‍ ഫോണില്‍ വിളിച്ചതുകൊണ്ടായിരിക്കുമല്ലോ. അന്വേഷണത്തെ സഹായിക്കാനാണെന്ന് ഭാവിച്ചു നല്‍കുന്ന ഈ വാര്‍ത്ത തെറ്റാണെങ്കില്‍ അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടു എന്നന്വേഷിക്കേണ്ടതല്ലേ.
മറ്റൊരു വാര്‍ത്ത ഇങ്ങനെയാണ്: ""വന്‍ ക്വട്ടേഷനുകള്‍ ഏല്‍ക്കുന്നവരും സിപിഎമ്മിന്റെ ചില ഉന്നത നേതാക്കളുമായി ബന്ധമുള്ളവരാണ്. ചൊക്ലിവരെ വാഹനത്തിലെത്തിയവര്‍ പെട്ടെന്ന് അപ്രത്യക്ഷമായതിന് പിന്നില്‍ സിപിഎമ്മിന്റെ സുരക്ഷാകവചമാകാനുള്ള സാധ്യത ഏറെയാണെന്ന് പൊലീസ് കരുതുന്നു"". ഈ കാര്‍ ചൊക്ലിയില്‍ വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചത് പൊലീസില്‍ അറിയിച്ചത് സിപിഐ എമ്മുകാരാണെന്നാണ് അറിയുന്നത്. കാറുമായി സിപിഐ എമ്മിനെ ബന്ധിപ്പിക്കാനുള്ള വൃഥാശ്രമമാണ് മാധ്യമങ്ങള്‍ നടത്തിയത്.
മൂന്നാമതൊരു വാര്‍ത്ത ഇതിലും രസകരമാണ്. ""നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് വരെ പിടികൊടുക്കാതിരിക്കാനുള്ള നിര്‍ദേശവും ഇവര്‍ക്ക് ലഭിച്ചതായാണ് സൂചന. സുരക്ഷിതതാവളങ്ങളില്‍നിന്ന് പുറത്തിറങ്ങരുതെന്നും പിടിയിലായാല്‍ സിപിഎം നേതാക്കളുടെ പേര് പറഞ്ഞുപോകരുതെന്നും കര്‍ശന നിര്‍ദേശം നല്‍കിയതായും പൊലീസിന് സൂചനയുണ്ട്""! എന്തതിശയം- സങ്കല്‍പ്പലോകത്തിരുന്ന് വാര്‍ത്ത സൃഷ്ടിക്കുകയാണ്. എന്തിനും "അറിയുന്നു" എന്നോ "സൂച" എന്നോ "കരുതുന്നു" എന്നോ ഉള്ള തൊങ്ങല്‍പിടിപ്പിച്ചാല്‍ വാര്‍ത്തയായി എന്ന് കരുതുകയാണിവര്‍.
***********************************************************************************************************
ഇത്തരം വാര്‍ത്തകളിലൊക്കെ പൊലീസിനെ സാക്ഷിയാക്കുന്നതാണ് വിചിത്രമായ കാര്യം. ഒരു ദിവസം എഴുതിയത് അടുത്തദിവസം മാറ്റുന്നു. പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് എഴുതുന്നത്. ""കല്യാണ സിഡി പൊലീസ് പരിശോധിക്കുന്നു, സിപിഐ എം പ്രതിസന്ധിയിലാണ്"" തുടങ്ങിയ വാര്‍ത്തകളും സൃഷ്ടിച്ചുവിടുന്നുണ്ട്. ഒരു കൊലപാതകത്തില്‍ വേദനിക്കുകയല്ല, നിര്‍ഭാഗ്യവശാല്‍ ആഘോഷിക്കുകയാണ് മാധ്യമങ്ങളും യുഡിഎഫ് നേതാക്കളും.
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ വീണുകിട്ടിയ ആയുധമായി ഇതിനെ സെല്‍വരാജും യുഡിഎഫ് നേതാക്കളും കാണുന്നു. മുസ്ലിംലീഗും കോണ്‍ഗ്രസും ആഴത്തിലുള്ള പ്രതിസന്ധിയിലാണ്. ആ പ്രതിസന്ധിയില്‍ ഒരു പിടിവള്ളി കിട്ടിയ മനോഭാവമാണ് നേതാക്കള്‍ക്കുള്ളത്. സിപിഐ എമ്മിനെതിരെ പ്രയോഗിക്കാനുള്ള ആയുധമായി ചന്ദ്രശേഖരന്റെ കൊലപാതകത്തെ ഇക്കൂട്ടര്‍ കാണുന്നു.
ഒരു കാര്യം വളരെ വ്യക്തമാണ്. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ സിപിഐ എമ്മിന് ഒരു പങ്കുമില്ലെന്ന് നിസ്സംശയം ഉറപ്പിച്ചും തറപ്പിച്ചും പറയാം. റവല്യൂഷണറി പാര്‍ടിക്ക് ഒരു ഭാവിയുമില്ലെന്ന് പാര്‍ടിയിലുള്ള പലര്‍ക്കും അറിയാം. തെറ്റിദ്ധരിക്കപ്പെട്ട് പുറത്തുപോയവര്‍ തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. സിപിഐ എം പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് നടന്ന സെമിനാറില്‍ പങ്കെടുത്ത വന്‍ ജനാവലി സിപിഐ എമ്മിന്റെ ശക്തി തെളിയിച്ചതാണ്. മനുഷ്യച്ചങ്ങലയില്‍ കണ്ണിയായിക്കൊണ്ട് ഒഞ്ചിയത്തെ ജനാവലി സിപിഐ എമ്മിന് വമ്പിച്ച പിന്തുണയാണ് വിളിച്ചറിയിച്ചത്. ഈ വര്‍ഷം നടന്ന ഒഞ്ചിയം രക്തസാക്ഷി ദിനാചരണം ഉള്‍പ്പെടെ പാര്‍ടി ശക്തിപ്പെട്ടതിന്റെ തെളിവായിരുന്നു.
ഇത്തരം ഒരു സന്ദര്‍ഭത്തില്‍ ചന്ദ്രശേഖരനെതിരെ നേരിയ ആക്രമണം നടത്താന്‍പോലും സിപിഐ എം മുതിരുകയില്ലെന്ന് രാഷ്ട്രീയത്തിന്റെ ഹരിശ്രീ അറിയുന്നവരൊക്കെ സമ്മതിക്കും. യുഡിഎഫ് നേതാക്കളുടെയും വലതുപക്ഷ മാധ്യമങ്ങളുടെയും കള്ള പ്രചാരവേലയില്‍ സിപിഐ എം പ്രവര്‍ത്തകരോ, അനുഭാവികളോ, അഭ്യുദയകാംക്ഷികളോ, നിഷ്പക്ഷമായി ചിന്തിക്കുന്നവരോ വഞ്ചിതരാവുകയില്ല. ഒഞ്ചിയം ഏരിയയില്‍ സിപിഐ എം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വീടുകള്‍ക്കു നേരെയും വാഹനങ്ങള്‍ക്കു നേരെയും കടകള്‍ക്കു നേരെയും വ്യാപകമായി നടത്തിയ അക്രമങ്ങളും കൊള്ളയും മോഷണവും ഉള്‍പ്പെടെ തമസ്കരിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചുകാണുന്നത്. മാധ്യമങ്ങളുടെ പര്‍വതീകരണവും തമസ്കരണവും സിപിഐ എമ്മിനെതിരെ മുറയ്ക്ക് നടക്കുകയാണ്....
No comments:
Post a Comment