കണ്ണൂര്‍: ഗള്‍ഫില്‍ കൊല നടത്തണമോ? അതിനും കണ്ണൂരിലെ പാര്‍ട്ടിയുടെ തണലില്‍ വിലസുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍ റെഡിയാണ്. സാമ്പത്തിക ഇടപാടിനെച്ചൊല്ലി വിദേശങ്ങളില്‍ ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ പോലും പരിഹരിച്ചുതരും ഇവര്‍. റവലൂഷണറി മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി നേതാവ് ടി.പി.ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രത്യേക അന്വേഷണ സംഘം തേടുന്ന റഫീഖും കൊടി സുനിയും ഉള്‍പ്പെടുന്ന ഈ ക്വട്ടേഷന്‍ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ കൊലകളുടെ ഞെട്ടിപ്പിക്കുന്ന വിവരമാണ് പോലീസിനു ലഭിച്ചിരിക്കുന്നത്.
സി.പി.എമ്മിന്റെ തണലില്‍ പാര്‍ട്ടി ക്വട്ടേഷന്‍ കേസുകള്‍ ഏറ്റെടുത്തു തുടങ്ങിയ സംഘത്തിന് ഇപ്പോള്‍ റേറ്റ് 40 ലക്ഷത്തിനു മുകളിലാണ്. എത്ര പ്രമുഖരെയും ഏറ്റവും പൈശാചികമായ രീതിയില്‍ വെട്ടിനുറുക്കും. തുക അരക്കോടിക്കടുത്താണെങ്കിലും പാര്‍ട്ടിക്കാണെങ്കില്‍ ചെറിയ ഡിസ്‌കൗണ്ട് ഉണ്ട്. 40 ലക്ഷം കൊടുത്താല്‍ മതി. പിടിക്കപ്പെട്ടാല്‍ കോടതിയില്‍ കേസ് നടത്താന്‍ പോലും മറ്റാരും വേണ്ട. ഗൂഢാലോചന നടക്കുന്നതു മാസങ്ങള്‍ക്ക് മുമ്പ്. കൃത്യമായ ആസൂത്രണം.
ചൊക്ലി സ്വദേശിയായ റഫീഖാണ് ക്വട്ടേഷന്‍ സംഘത്തിന്റെ അമരത്ത്. സി.പി.എമ്മിന്റെ മാനസപുത്രനായാണ് ഇയാളെ പോലീസ് കാണുന്നത്. നാലു വര്‍ഷത്തോളം മാഹിയിലും ന്യൂമാഹിയിലുമായി ടാക്‌സി ഡ്രൈവറായിരുന്ന ഇയാളുടെ വളര്‍ച്ച കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു ശേഷമാണ്. ന്യൂ മാഹി പഞ്ചായത്ത് മുന്‍ പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പു കാലത്തു ഡ്രൈവറായിരുന്നു.
ക്രമേണ ക്വട്ടേഷന്‍ ഏറ്റെടുക്കുന്നതിലേക്കു തിരിഞ്ഞു. പിടിച്ചുപറിയും അടിപിടിയുമാണു ഇയാളുടെ മുഖ്യതൊഴിലെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. കോഴി, മദ്യം എന്നിവ കടത്തലില്‍ സമര്‍ഥനാണ്. കള്ളപ്പണം വെളുപ്പിക്കുന്നതും ഇയാള്‍ തന്നെയാണ്. അക്രമി സംഘത്തിന്റെ പരികര്‍മിയായി റഫീഖാണ് മുമ്പിലുണ്ടാവുക. ക്വട്ടേഷന്‍ സംഘത്തിനു വേണ്ട സഹായം ചെയ്യുന്നത് ഇയാളാണ്. വാഹനവും ഭക്ഷണവും ഒരുക്കുകയെന്നതാണു മുഖ്യചുമതല.
സി.പി.എം സംഘത്തിന്റെ അനുചരരില്‍ പ്രമുഖസ്‌ഥാനമാണ് ഇയാള്‍ക്കുള്ളത്. തട്ടിക്കൊണ്ടുപോകുന്നവരെ പാര്‍പ്പിക്കാന്‍ ഗോഡൗണ്‍ ഒരുക്കുന്നതും റഫീഖാണെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. നിരവധി തവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്.
അറിയപ്പെടുന്ന സി.പി.എം ക്രിമിനലാണ് കൊടി സുനി. കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ കൊടി സുനി ആസൂത്രണം ചെയ്‌തതും നടപ്പാക്കിയതുമായ കൊലപാതകങ്ങള്‍ മൂന്നെണ്ണമാണ്.
നിരവധി അക്രമക്കേസുകളില്‍ പ്രതിയായി ജയില്‍ശിക്ഷ അനുവദിച്ചിട്ടുണ്ട്. മാമന്‍ വാസുവിനു ശേഷം പാര്‍ട്ടിക്കു വേണ്ടി കൊലപാതകം ഏറ്റെടുത്തു നടത്തുന്നത് സുനിയാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. മാമന്‍ വാസു കൊല്ലപ്പെട്ടതിനു ശേഷം എടുത്തുപറയേണ്ട ക്വട്ടേഷന്‍ സംഘമില്ലാതിരുന്നപ്പോഴാണ് കൊടി സുനി ക്വട്ടേഷന്‍ ഏറ്റെടുത്തു നടത്താന്‍ രംഗത്തെത്തിയത്.
മാഹിയില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസില്‍ ജയിലില്‍ നിന്നും പരോളില്‍ ഇറങ്ങി. ആറാംമൈലില്‍ വ്യാപാരിയെ തട്ടിക്കൊണ്ടു പോയി പണം തട്ടിയ കേസിലും പ്രതിയാണിയാള്‍. അഡ്വ. വല്‍സരാജ്, തലശേരിയിലെ ഫസല്‍ വധം എന്നിവ നടത്തിയത് കൊടി സുനിയുടെ നേതൃത്വത്തിലാണെന്നാണ് പോലീസ് കണ്ടെത്തല്‍.
കോടിയേരി കല്ലില്‍താഴെ സ്വദേശിയായ രതീകാന്തും ഈ ക്വട്ടേഷന്‍ സംഘത്തില്‍പെട്ടയാളാണെന്നു പോലീസ് കണ്ടെത്തി. ഇരുപതോളം കേസുകളില്‍ പ്രതിയാണ് ഇയാള്‍. ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
മാഹി, ന്യൂമാഹി കേന്ദ്രീകരിച്ചു നടന്ന രാഷ്ര്‌ടീയ അക്രമകേസുകളില്‍ ഇയാളുടെ സാന്നിധ്യം പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ടി.പി.ചന്ദ്രശേഖരന്റെ കൊലയുടെ ചുരുള്‍ അഴിക്കാന്‍ ഇവരെ കണ്ടെത്തുകയെന്നതാണ് അന്വേഷണസംഘത്തിന്റെ മുമ്പിലുള്ള മുഖ്യ കടമ്പ |
No comments:
Post a Comment