Monday, 21 May 2012

[www.keralites.net] തല്ലിപ്പൊളി സംവിധായകന്‍ എന്നനിലയില്‍ അറിയപ്പെടാനാണ്‌ ആഗ്രഹം

 

തല്ലിപ്പൊളി സംവിധായകന്‍ എന്നനിലയില്‍ അറിയപ്പെടാനാണ്‌ എനിക്ക്‌ ആഗ്രഹം

പല്ലിശ്ശേരി

32
വര്‍ഷമായി സിനിമാരംഗത്തു സജീവമായി പ്രവര്‍ത്തിക്കുന്ന സംവിധായകനാണ്‌ പ്രിയദര്‍ശന്‍. ക്രിക്കറ്റ്‌ താരമാകാന്‍ കൊതിക്കുകയും കളിക്കിടയില്‍ ഒരു കണ്ണിനു പരുക്കേല്‍ക്കുകയും ചെയ്‌തപ്പോള്‍ വഴിമാറി സഞ്ചരിച്ചു. 19 ാംമത്തെ വയസില്‍ അരോമ മണി നിര്‍മിച്ചു സംവിധാനം ചെയ്‌ത 'കുയിലിനെ തേടി ' എന്ന സിനിമയ്‌ക്കു തിരക്കഥ എഴുതി. തുടര്‍ന്ന്‌ 'എങ്ങനെ നീ മറക്കും' എന്ന സിനിമ ചെയ്‌തു. രണ്ടു സിനിമകളും സൂപ്പര്‍ ഹിറ്റാകുകയും ചെയ്‌തു.

അതിനു ശേഷം 22-ാമത്തെ വയസില്‍ സ്വതന്ത്രസംവിധായകനായി. 'പൂച്ചക്കൊരു മൂക്കുത്തി' എന്ന ചിത്രം സംവിധാനം ചെയ്‌തു ഹിറ്റാക്കുകയും വളര്‍ച്ചയുടെ പടവുകള്‍ താണ്ടുകയും ചെയ്‌തു. അവിടെ നിന്നു തുടങ്ങിയ മലയാള സിനിമകളിലൂടെയുള്ള യാത്ര മോഹന്‍ലാലിനെ നായകനാക്കി 'മരുഭൂമിയും ഒട്ടകവും പി. മാധവന്‍നായരുംവരെ എത്തിനില്‍ക്കുകയാണ്‌. അജയ്‌ ദേവ്‌ഗണിനെ നായകനാക്കി മോഹന്‍ലാലിനു ശ്രദ്ധേയമായ വേഷം കൊടുത്തു സംവിധാനം ചെയ്‌ത ഹിന്ദി ചിത്രം 'തേസ്‌' തീയറ്ററില്‍ പ്രദര്‍ശന വിജയം നേടിക്കൊണ്ടിരിക്കുന്നു.

ദക്ഷിണേന്ത്യയില്‍ നിന്നും ഒരു സംവിധായകന്‍ ഹിന്ദി സിനിമാരംഗം പിടിച്ചെടുക്കുക എന്ന അപൂര്‍വ ബഹുമതിക്കാണ്‌ പ്രിയദര്‍ശന്‍ അര്‍ഹനായത്‌. കിലുക്കം, പൂച്ചക്കൊരു മൂക്കുത്തി, ബോയിംഗ്‌ ബോയിംഗ്‌, താളവട്ടം, തേന്മാവിന്‍ കൊമ്പത്ത്‌, അരം പ്‌ളസ്‌ അരം=കിന്നരം, കിരീടം, തേവര്‍മകന്‍, അനിയത്തിപ്രാവ്‌, റാംജിറാവു സ്‌പീക്കിംഗ്‌, സന്‍മനസ്സുള്ളവര്‍ക്ക്‌ സമാധാനം, ഗോഡ്‌ ഫാദര്‍ തുടങ്ങി നിരവധി സിനിമകളാണ്‌ പ്രിയദര്‍ശന്‍ ഹിന്ദിയില്‍ റീമേക്ക്‌ ചെയ്‌തത്‌.

കോമഡികളുടെ രാജാവ്‌, റീമേക്കുകളുടെ രാജാവ്‌ എന്നീ നിലകളിലാണ്‌ ഹിന്ദിയില്‍ അറിയപ്പെടുന്നത്‌. മലയാളം, തമിഴ്‌, തെലുങ്ക്‌, കന്നട, ഹിന്ദി ഭാഷകളിലായി 70ല്‍ അധികം സിനിമകള്‍ ചെയ്‌തു കഴിഞ്ഞു. ഈ സിനിമകളില്‍ നിന്നു വേറിട്ടൊരു സിനിമ 'കാഞ്ചീവരം' തമിഴില്‍ സംവിധാനം ചെയ്‌തു ദേശീയ അവാര്‍ഡു നേടി. ഔട്ട്‌സ്റ്റാന്റിംഗ്‌ എന്നു പറയാവുന്ന ഒരേ ഒരു സിനിമയാണ്‌ 'കാഞ്ചീവരം'.

പ്രിയദര്‍ശന്‍ എന്തുകൊണ്ടു 'കാഞ്ചീവരം' സംവിധാനം ചെയ്‌തു?

കോമഡികളുടെ രാജാവ്‌, റീമേക്കുകളുടെ രാജാവ്‌ എന്നറിയപ്പെട്ടിരുന്നെങ്കിലും എന്റെ മനസില്‍ നല്ല സിനിമകളായിരുന്നു ഉണ്ടായിരുന്നത്‌. പഠിക്കുന്ന കാലത്ത്‌ ഫിലിം സൊസൈറ്റികളില്‍ മെമ്പര്‍ ആയിരുന്നു. ക്ലാസിക്‌ സിനിമകളാണ്‌ അന്ന്‌ കണ്ടിരുന്നത്‌. ഫെല്ലിനിയുടേയും സത്യജിത്‌റേയുടേയും ആരാധകനായിരുന്നു ഞാന്‍.എന്നാല്‍ അത്തരം സിനിമകളിലേക്കെത്താന്‍ അന്ന്‌ എന്നെപ്പോലൊരു ചെറുപ്പക്കാരന്‌ പറ്റുമായിരുന്നില്ല. അതിലേയ്‌ക്കുള്ള ചവിട്ടുപടിയായിരുന്നു 'കുയിലിനെ തേടി' 'തുടങ്ങിയ സിനിമകള്‍. എന്റെ ജീവിതത്തെ മാറ്റി മറിച്ച സിനിമയായിരുന്നു അത്‌.

70
ല്‍ താഴെ സിനിമകള്‍ ഞാന്‍ ചെയ്‌തിട്ടുണ്ട്‌. ഓരോ സിനിമ വിജയിക്കുമ്പോഴും എന്റെ സ്വപ്‌ന പ്രൊജക്‌ടിനെ കുറിച്ചു ഓര്‍ക്കാറുണ്ടായിരുന്നു. അതുകൊണ്ടാണ്‌ 'കാഞ്ചീവരം' പോലൊരു സിനിമ എടുക്കാന്‍ 27 വര്‍ഷം കാത്തിരിക്കേണ്ടിവന്നത്‌. കുറേവര്‍ഷങ്ങളായിരുന്നു കാഞ്ചീവരത്തിന്റെ കഥ കിട്ടിയിട്ട്‌. അന്നൊന്നും അതില്‍ തൊടാന്‍ എനിക്ക്‌ ധൈര്യം വന്നില്ല. അഞ്ചുവര്‍ഷം അതു മനസില്‍ കൊണ്ടുനടന്നു പാകപ്പെടുത്തി എടുത്തു. പിന്നീടാണ്‌ എന്റെ വ്യത്യസ്‌ത സിനിമയായ 'കാഞ്ചീവരം' ഉണ്ടായത്‌.

'
കാഞ്ചീവരത്തോടെയാണോ താങ്കള്‍ അഹങ്കാരിയായത്‌?

കാഞ്ചീവരത്തോടെ ഞാന്‍ അഹങ്കാരിയായില്ല. അതേസമയം ഞാന്‍ അഭിമാനിച്ചു.'പൂച്ചക്കൊരു മൂക്കുത്തി' യില്‍ തുടങ്ങിയ എനിക്ക്‌ 'കാഞ്ചീവരം' പോലൊരു സിനിമ ചെയ്യാന്‍ സാധിച്ചതില്‍ ലേശം അഹങ്കാരം തോന്നി. ഈ ക്രെഡിറ്റ്‌ എനിക്കു മാത്രം അവകാശപ്പെട്ടതാണ്‌.

ഏതു ക്രെഡിറ്റ്‌?

365
ദിവസം ഓടിയ 'ചിത്രം' പോലൊരു സിനിമ എടുക്കാനും പ്രസിഡന്റിന്റെ അവാര്‍ഡ്‌ നേടിയ 'കാഞ്ചീവരം' പോലൊരു സിനിമ എടുക്കാനും എനിക്കു മാത്രമാണ്‌ കഴിഞ്ഞിട്ടുള്ളത്‌. അത്‌ എന്റെ ക്രെഡിറ്റ്‌ മാത്രമാണ്‌. മറ്റാര്‍ക്കാണ്‌ ഈ രണ്ടു തരത്തിലുള്ള സിനിമ ചെയ്യാന്‍ കഴിഞ്ഞത്‌. അടൂര്‍ ഗോപാലകൃഷ്‌ണനും ടി വി ചന്ദ്രനും അടക്കമുള്ള പ്രതിഭകളുടെ സിനിമകള്‍ മറികടന്നാണ്‌ എന്റെ സിനിമ ഇന്ത്യയിലെ ഏറ്റവും നല്ല സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത്‌. അതേസമയം 365 ദിവസം ഓടുന്ന സിനിമ ചെയ്യാന്‍ അവര്‍ക്കു കഴിയില്ല.

അടൂര്‍ ഗോപാലകൃഷ്‌ണനും ടി.വി. ചന്ദ്രനും 365 ദിവസം ഓടുന്ന സിനിമ ചെയ്യാന്‍ കഴിയില്ലെന്നു പ്രിയന്‍ പറഞ്ഞത്‌ അഹങ്കാരം തന്നെയല്ലേ?

ഒരു വെല്ലുവിളിയായിട്ടല്ല ഞാനിതിനെ കാണുന്നത്‌. എന്റെ 'ആര്യന്‍' എന്ന സിനിമ ചന്ദ്രേട്ടന്‌ ഇഷ്‌ടപ്പെടണമെന്നില്ല.അതുകൊണ്ട്‌ അവരുടെ മനസില്‍ അത്തരം സിനിമകളില്ല. അതുകൊണ്ടവര്‍ അത്തരം സിനിമകള്‍ എടുക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ല എന്നാണ്‌ ഞാന്‍ പറഞ്ഞതിന്റെ ചുരുക്കം. എനിക്കു രണ്ടു തരത്തിലുള്ള സിനിമകള്‍ താല്‍പ്പര്യമുള്ളതുകൊണ്ടു ഞാനതു ചെയ്‌തു.

'
കാഞ്ചീവരം ' പോലെ മറ്റൊരു സിനിമ ചെയ്യുമോ?

തീര്‍ച്ചയായും ചെയ്യും. അധികം വൈകാതെ ഹിന്ദിയില്‍ എയ്‌ഡ്സിനെക്കുറിച്ചൊരു സിനിമ ചെയ്യും.

പ്രിയന്റെ സിനിമകളില്‍ നായകസ്‌ഥാനം മോഹന്‍ലാലിനായിരുന്നു. ഒരു സിനിമയില്‍ മാത്രമാണ്‌ മമ്മൂട്ടി അഭിനയിച്ചത്‌. കുറ്റം ആരുടേതാണ്‌?

എന്റെ കുറ്റമാണ്‌. മമ്മൂട്ടിക്കുവേണ്ടി കഥകള്‍ ഉണ്ടാക്കാന്‍ കഴിയുന്നില്ല. അതുകൊണ്ട്‌ മമ്മൂട്ടിയെ സിനിമയില്‍ സഹകരിപ്പിക്കാന്‍ കഴിഞ്ഞില്ല. അതേസമയം മോഹന്‍ലാലിനുപറ്റിയ കഥകളാണ്‌ കിട്ടാറുളളത്‌. ബോധപൂര്‍വമല്ല മമ്മൂട്ടിയെ അഭിനയിപ്പിക്കാത്തത്‌്

പ്രിയന്റെ ഏറ്റവും നല്ല സിനിമകളില്‍ ഒന്ന്‌ കാലാപാനിയാണ്‌. വളരെയധികം ചര്‍ച്ചചെയ്യപ്പെടുമെന്നും സൂപ്പര്‍ ഹിറ്റാകുമെന്നും കരുതിയ സിനിമ. എന്നാല്‍ വേണ്ടരീതിയില്‍ ആ സിനിമ ശ്രദ്ധിക്കപ്പെട്ടില്ല. അതിന്റെ കാരണം അന്വേഷിച്ചിട്ടുണ്ടോ?

കാഞ്ചീവരം എടുത്തപ്പോള്‍ ഞാനതില്‍ കോമേഴ്‌സ്യലിസം ആലോചിച്ചില്ല. അതേസമയം കാലാപാനി ചെയ്‌തപ്പോള്‍ കമേഴ്‌സ്യലിസം കുത്തിത്തിരുകി. അതുകൊണ്ടാകാം കാലാപാനി അര്‍ഹിക്കുന്ന രീതിയില്‍ അംഗീകരിക്കാതെ പോയത്‌.

പ്രിയദര്‍ശന്‍ ഏതുതരത്തിലുള്ള മോഷ്‌ടാവാണ്‌?

ഞാന്‍ എനിക്കുവേണ്ടി ഇന്നേവരെ ഒന്നും മോഷ്‌ടിച്ചിട്ടില്ല.എന്റെ മുഴുവന്‍ സിനിമകളും മോഷണമാണെന്നു കുറ്റപ്പെടുത്തി സംസാരിക്കുന്നവരുണ്ട്‌. ഞാന്‍ ഒരു സിനിമയിലെ കഥ അതേപടി മോഷ്‌ടിക്കാറില്ല. മോഷണം ഒരു കലയാക്കി മാറ്റാനാണ്‌ ശ്രമിച്ചിട്ടുള്ളത്‌.

365
ദിവസം ഓടിയ എന്റെ 'ചിത്രം' എന്ന സിനിമ മോഷണമാണെന്ന്‌ ആരും പറഞ്ഞുകേട്ടിട്ടില്ല. എന്നാല്‍ അതില്‍ മോഷണത്തിന്റെ അംശം ഉണ്ടായിരുന്നു. മിക്ക സിനിമ സംവിധായകരും എഴുത്തുകാരും മോഷ്‌ടാക്കളാണ്‌. പലര്‍ക്കും മോഷണം കലയാക്കിമാറ്റാന്‍ കഴിയുന്നില്ല. അതുകൊണ്ട്‌ അതു കണ്ടുപിടിക്കപ്പെടുന്നു. എന്റെ കിലുക്കം മോഷണമാണെന്ന്‌ പലര്‍ക്കും അറിയില്ല. ആ ചിത്രത്തില്‍ 'റോമന്‍ ഹോളിഡേ'യുടെ ടച്ചുണ്ട്‌. അതുകണ്ടുപിടിക്കാന്‍ ഇടം കൊടുക്കാതിരിക്കുന്നതാണ്‌ ഒരു സംവിധായകന്റെ കല.

പ്രിയദര്‍ശന്‍ എന്ന സംവിധായകന്‍ മെച്ച്യൂരിറ്റിയിലെത്തിയത്‌ ഏതു സിനിമ മുതലാണ്‌?

എന്റെ സിനിമ മെച്ച്യൂരിറ്റിയിലെത്തിയെന്ന്‌ മനസിലായത്‌ കാഞ്ചീവരത്തിലെത്തിയപ്പോഴാണ്‌. ഒരു അസിസ്‌റ്റന്റില്ലാതെ സിനിമ ചെയ്‌തുതുടങ്ങിയ ആളാണു ഞാന്‍. അസിസ്‌റ്റന്റായി പോലും വര്‍ക്ക്‌ ചെയ്‌തിട്ടുമില്ല.

പല പ്രമുഖരും പ്രിയന്റെ സിനിമയില്‍ അഭിനയിക്കാന്‍ മത്സരമാണ്‌. എന്താണതിന്റെ രഹസ്യം?

ഇതില്‍ രഹസ്യമൊന്നുമില്ല. സക്‌സസ്‌ ഒരു പ്രധാന ഘടകമാണ്‌. നിലവാരമുള്ള സിനിമകള്‍ എടുക്കുന്ന രീതിയാണ്‌ ഞാന്‍ സ്വീകരിക്കുന്നത്‌. ഹിന്ദിയിലെ സ്‌ഥിരം ഫോര്‍മുലകള്‍ വേണ്ടെന്നുവച്ചു. നടീനടന്‍മാരുടെ വേഷങ്ങളിലും അഭിനയത്തിലും മാറ്റങ്ങള്‍ വരുത്തി. അതുകൊണ്ട്‌ പുതിയൊരു പ്രതിഛായ ഉണ്ടാക്കാന്‍ കഴിഞ്ഞു.

പ്രിയന്റെ സിനിമകളിലെല്ലാം സൗന്ദര്യം നിറഞ്ഞ ലൊക്കേഷനുകളാണ്‌. ഇത്‌ ബോധപൂര്‍വമാണോ?

അല്ല. എല്ലാം സംഭവിക്കുകയായിരുന്നു. ഉദാഹരണത്തിന്‌ മോഹല്‍ലാലും നെടുമുടിവേണുവും ശോഭനയും ശ്രീനിവാസനും ഒക്കെ അഭിനയിച്ച 'തേന്‍മാവിന്‍ കൊമ്പത്ത്‌' എന്ന സിനിമ. ആ സിനിമയുടെ ചിത്രീകരണം പൊള്ളാച്ചിയില്‍ ആയിരുന്നു. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി ഫസ്‌റ്റ് കോപ്പി കണ്ടപ്പോഴാണ്‌ പൊള്ളാച്ചിയുടെ മുഴുവന്‍ സൗന്ദര്യവും തേന്‍മാവിന്‍ കൊമ്പത്തില്‍ ഉണ്ടായിരുന്നു എന്നു മനസിലായത്‌. അതുപോലെ ഷൊര്‍ണൂരിന്റെ സൗന്ദര്യം മറ്റേതൊരു സിനിമയില്‍ ഉള്ളതിനേക്കാള്‍ നിറഞ്ഞുനിന്നത്‌ 'കിളിച്ചുണ്ടന്‍ മാമ്പഴ'ത്തിലായിരുന്നു.

മലയാളസിനിമ വേണ്ടെന്നുവച്ച്‌ ഹിന്ദിയിലേക്കു പോയതെന്തിന്‌?

മലയാളം ഇനി വേണ്ട എന്നു പറഞ്ഞു ഹിന്ദിയിലേക്കു പോയവനല്ല ഞാന്‍. ഹിന്ദി സിനിമ എന്റെ മനസില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഞാന്‍ വിചാരിച്ചതിനേക്കാള്‍ വേഗത്തില്‍ അവിടെ ചെല്ലാനും നിലനില്‍ക്കാനും കഴിഞ്ഞു. തിരക്കുള്ള സംവിധായകനായി മാറുമെന്നൊന്നും വിചാരിച്ചിരുന്നില്ല. മലയാളത്തില്‍ സര്‍വകാല റെക്കോര്‍ഡ്‌ സ്‌ഥാപിച്ച സിനിമയാണ്‌ 'ചിത്രം'. ആ ചിത്രം ഹിന്ദിയില്‍ ചെയ്യാന്‍ അനുവാദം ചോദിച്ചു. ഞാനതു വിറ്റു. ഹിന്ദിയില്‍ വന്‍ ഹിറ്റാണ്‌ ഞാന്‍ പ്രതീക്ഷിച്ചത്‌. എന്നാല്‍ പരമ ബോറായിട്ടാണ്‌ ആ സിനിമ ചെയ്‌തത്‌. ഒരു സിനിമ എങ്ങനെ ബോറാക്കാം എന്നതിനു ഉദാഹരണമാണ്‌ പ്യാര്‍ ഹുവാ ചോരി ചോരി (ചിത്രം) എന്ന സിനിമ. അതു കണ്ടപ്പോള്‍ വല്ലാത്ത പ്രയാസം തോന്നി. ഇതിലും ഭംഗിയായി ഹിന്ദിയില്‍ എനിക്കു സംവിധാനം ചെയ്യാന്‍ കഴിയും എന്നു മനസ്സിലാക്കി. അങ്ങനെയാണു ഞാന്‍ ഹിന്ദിയിലേക്ക്‌ വലതുകാല്‍ വെച്ചു കയറിയത്‌. അല്ലാതെ മലയാളം വേണ്ടെന്നുവച്ചിട്ടല്ല.

ഹിന്ദിസിനിമാ രംഗത്ത്‌ നമ്പര്‍വണ്‍ സ്‌ഥാനം നേടിയതെങ്ങനെ?

ഞാന്‍ അടുപ്പിച്ച്‌ നാലു സിനിമകള്‍- ഹേരാ ഫേരി, ഹംഗാമ, ഹല്‍ച്ചല്‍, ഗരംമസാല എന്നിവ സൂപ്പര്‍ ഹിറ്റാക്കി. ഹിന്ദി സിനിമയില്‍ അത്‌ ഞെട്ടലുണ്ടാക്കി. ഒരു ദക്ഷിണേന്ത്യന്‍ സംവിധായകനില്‍നിന്നും അവരങ്ങിനെയൊന്നും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട്‌ എനിക്കു നമ്പര്‍ വണ്‍ സ്‌ഥാനം ലഭിച്ചു.

കഴിവാണോ ഭാഗ്യമാണോ പ്രിയന്‌ സഹായമായത്‌?

ഭാഗ്യം കൊണ്ടുമാത്രം എപ്പോഴും രക്ഷപ്പെടണമെന്നില്ല. കഴിവും ഭാഗ്യവും ഒരുമിച്ചുവന്നതാണ്‌ എനിക്കു സഹായമായത്‌.

പ്രിയന്റെ ഹിന്ദിസിനിമകള്‍ നിലവാരമുള്ളവയും മലയാളം സിനിമകള്‍ നിലവാരം കുറഞ്ഞവയുമാണെന്നു പറഞ്ഞാലൊ?

അതുശരിയാണ്‌. എനിക്കും അതറിയാം. മലയാളംസിനിമ കുറഞ്ഞ ചെലവിലാണ്‌ എടുത്തിരുന്നത്‌. അതുകൊണ്ടു ഞാന്‍ ആഗ്രഹിച്ച റിസള്‍ട്ട്‌ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. അന്നു ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ ഇപ്പോള്‍ ഞാന്‍ അടിപൊളിയായി ചെയ്യുന്നു.

ഹിന്ദിസിനിമയില്‍ ഒരു ട്രന്റുമാറ്റമുണ്ടാക്കിയതു പ്രിയനല്ലെ ?

എന്നുപറയാം. നിരവധി ഷെഡ്യൂളുകളിലാണു ഹിന്ദിസിനിമ പൂര്‍ത്തിയാക്കുന്നത്‌. എന്നാല്‍ ഒരൊറ്റ ഷെഡ്യൂളില്‍ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടു സിനിമ പൂര്‍ത്തിയാക്കാമെന്നു ഞാന്‍ തെളിയിച്ചു കൊടുത്തു. ഇപ്പോള്‍ എന്റെ ശൈലി പലരും അനുകരിച്ചു കൊണ്ടിരിക്കുന്നു.

ഏതു രീതിയിലുള്ള സംവിധായകനായി അറിയപ്പെടാനാണ്‌ ആഗ്രഹം ?

മികച്ച കോപ്പിയടിക്കാരനാണെന്നും തല്ലിപ്പൊളി സംവിധായകനാണെന്നുമാണ്‌ എന്നെക്കുറിച്ചുള്ള അഭിപ്രായം. ഞാന്‍ നല്ല സിനിമകള്‍ സംവിധാനം ചെയ്‌തിട്ടുണ്ടെങ്കിലും തല്ലിപ്പൊളി സംവിധായകന്‍ എന്ന നിലയില്‍ അറിയപ്പെടാനാണ്‌ എനിക്കാഗ്രഹം.

അതോ തട്ടിക്കൂട്ടു സിനിമകളുടെ സംവിധായകനായിട്ടോ?

ഞാന്‍ തട്ടിക്കൂട്ടു സിനിമകളാണു പലതും ചെയ്‌തത്‌. ആദ്യം സംവിധാനം ചെയ്‌ത പൂച്ചക്കൊരു മൂക്കുത്തി തട്ടിക്കൂട്ടു സിനിമയായിരുന്നു. പക്ഷേ, പൂച്ചക്കൊരു മൂക്കുത്തി കണ്ടു ചിരിക്കാത്തവര്‍ ആരുണ്ട്‌? ജനത്തെ ചിരിപ്പിക്കുന്നതു എളുപ്പമല്ല. ചിരിപ്പിച്ച്‌.. ചിരിപ്പിച്ച്‌ ഹിറ്റായ സിനിമയാണു പൂച്ചക്കൊരു മൂക്കുത്തി.

പ്രിയന്റെ സുഹൃത്താണ്‌ മുകേഷ്‌. സംവിധായകന്റെ ആഗ്രഹത്തിനനുസരിച്ച്‌ അഭിനയിക്കുകയും ചെയ്യും. എന്നിട്ടും ഭൂരിഭാഗം സിനിമകളിലും മുകേഷ്‌ ഉണ്ടാകാറില്ല.?

ഏറ്റവും അടുത്തവരേയും സുഹൃത്തുക്കളേയും അഭിനയിപ്പിക്കാനുള്ള കലാരൂപമല്ല സിനിമ. അങ്ങിനെയാണെങ്കില്‍ മറ്റു പലരേയും അവതരിപ്പിക്കേണ്ടിവരും. എന്റെ പ്രധാനപ്പെട്ട സിനിമകളില്‍ മുകേഷ്‌ അഭിനയിച്ചിട്ടുണ്ട്‌. നല്ല നാടനാണ്‌. അതില്‍ അഭിപ്രായ വ്യത്യാസവുമില്ല. ഞാന്‍ വിചാരിച്ചതിനേക്കാള്‍ കൂടുതല്‍ നല്‍കുന്ന നടന്‍.

അങ്ങിനെയുള്ളയൊരാളെ അഭിനയിപ്പിക്കുമ്പോള്‍ അതിനുപറ്റിയ റോളുകള്‍ കൊടുക്കേണ്ടേ ? എന്റെ ബോയിംഗ്‌ ബോയിംഗ്‌ ചിത്രത്തില്‍ മോഹന്‍ലാലും മുകേഷും ആയിരുന്നു നായകന്‍മാര്‍. അതില്‍ മുകേഷ്‌ അവതരിപ്പിച്ച കഥാപാത്രം മറ്റാരഭിനയിച്ചാലാണ്‌ അത്ര നന്നാവുക.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment