കമ്യൂണിസ്‌റ്റ് പാര്‍ട്ടി നിരോധനത്തിലായ സന്ദര്‍ഭത്തില്‍ ഭരണാധികാരികളുടെ മര്‍ദനം ഭയന്നും പ്രലോഭനങ്ങളില്‍പ്പെട്ടും അപൂര്‍വം ചിലരെങ്കിലും ഒറ്റുകാരായി മാറിയിരുന്നു. ഒളിവില്‍ കഴിയുന്ന കമ്യൂണിസ്‌റ്റ് നേതാക്കളെ ജീവനോടെയോ അല്ലാതെയോ പിടികൂടുന്നവര്‍ക്കു വന്‍ പാരിതോഷികം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇ.എം.എസ്. ഉള്‍പ്പെടെയുള്ള നേതാക്കളുടെ തലയ്‌ക്കും ഇങ്ങനെ വിലകെട്ടി. എന്നാല്‍, മാവിലായിലെ ചെത്തുതൊഴിലാളി പൊക്കനെ പോലെയുള്ള പാവങ്ങള്‍ ഒരു പ്രലോഭനങ്ങള്‍ക്കും വീഴാതെ നേതാക്കളെ അവരുടെ കുടിലുകളില്‍ സംരക്ഷിച്ചു. എന്നാല്‍, നേതാക്കളെ ഒളിവില്‍ പാര്‍പ്പിക്കാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തിയവര്‍ ഒറ്റുകാരായി മാറിയ അനുഭവങ്ങളും ഉണ്ടായി. തെലുങ്കാന സമരകാലത്തും തുടര്‍ന്നും പാര്‍ട്ടിയില്‍ ചില ഒറ്റുകാരുണ്ടാവുകയും ഇവരെ പാര്‍ട്ടിതന്നെ പിടികൂടി വധിക്കുകയും ചെയ്‌തിരുന്നു.
തെലുങ്കാന സമരകാലത്ത്, അവിടേക്കു രഹസ്യമായി ആയുധം കടത്തുന്നതിനടക്കം പങ്കുവഹിച്ച എനിക്കു നേരിട്ട് അറിയുന്ന ചില സംഭവങ്ങളുണ്ട്. പാര്‍ട്ടിയെ ഒറ്റുകൊടുക്കുന്നവരെന്നു തിരിച്ചറിഞ്ഞവരെ പാര്‍ട്ടി നിര്‍ദേശപ്രകാരം സഹപ്രവര്‍ത്തകര്‍തന്നെയാണു വധിച്ചത്. കൂടെ പ്രവര്‍ത്തിക്കുകയും ഒരു പായയില്‍ കിടന്നുറങ്ങുകയും ചെയ്‌തവരെ പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം എന്ന നിലയ്‌ക്കോ പാര്‍ട്ടിയെ സംരക്ഷിക്കാനുള്ള ചുമതല എന്ന നിലയ്‌ക്കോ ആണ് ഈ അരുംകൊല നടത്തിയത്. ഈ സംഭവങ്ങള്‍ പിന്നീട് പാര്‍ട്ടിയില്‍ ചര്‍ച്ചയ്‌ക്കു വന്നു. തെലുങ്കാന സമരനായകനായ പി. സുന്ദരയ്യയും എം. ബസവ പുന്നയ്യയും ഉള്‍പ്പെടെയുള്ളവര്‍ ഈ ക്രൂരമായ കൊലപാതകങ്ങളെ അപലപിക്കുകയും വ്യക്‌തിവധങ്ങള്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടിക്കു ഭൂക്ഷണമല്ലെന്നു വ്യക്‌തമാക്കുകയും ചെയ്‌തു.
ഇന്ത്യന്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ പരിപാടി തയാറാക്കുന്നതിന്റെ ഭാഗമായി സോവിയറ്റ് നേതാവ് സ്‌റ്റാലിനെ കണ്ട് ചര്‍ച്ചനടത്താന്‍ മുങ്ങിക്കപ്പലില്‍ രഹസ്യമായി മോസ്‌കോയില്‍ പോയ ഇന്ത്യന്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടി നേതാക്കള്‍ സ്‌റ്റാലിനുമായി ഇക്കാര്യങ്ങളും ചര്‍ച്ചചെയ്‌തെന്നാണു രേഖകള്‍. ആ സമയത്ത് സ്‌റ്റാലിന്‍ നല്‍കിയ ഉപദേശവും വ്യക്‌തികളെ കൊല്ലുന്നത് ഒരിക്കലും പാര്‍ട്ടി അംഗീകരിക്കരുത് എന്നായിരുന്നു. വ്യക്‌തി വധം കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ മാര്‍ഗമല്ലെന്നു ചൂണ്ടിക്കാട്ടാനാണ് ഇക്കാര്യം അനുസ്‌മരിക്കുന്നത്.
ഒഞ്ചിയത്ത് റവലൂഷനറി കമ്യൂണിസ്‌റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരനെ സി.പി.എം. ഉന്നത നേതാക്കളുടെ നിര്‍ദേശപ്രകാരം ക്രൂരമായി കൊലപ്പെടുത്തിയ സംഭവം മനസാക്ഷിയെ നടുക്കിയിരിക്കുകയാണ്. ടി.പി. ചന്ദ്രശേഖരന്‍ എന്ന ഒഞ്ചിയത്തെ സമരനേതാവ് പാര്‍ട്ടിയുടെ ഒറ്റുകാരനോ എതിരാളികളുടെ ഏജന്റോ ശത്രുക്കളുടെ ചാരനോ ആയിരുന്നില്ല. പിണറായി വിജയന്റെ നേതൃത്വത്തില്‍ സി.പി.എം. വഴിതെറ്റി സഞ്ചരിച്ചപ്പോള്‍ പ്രതിഷേധ സ്വരവുമായി സ്വന്തം വരുതിയിലുള്ള സഖാക്കളെ ശരിയായ പാര്‍ട്ടി നയത്തോടൊപ്പം നിലനിര്‍ത്തിയ സഖാവ് മാത്രം. പാര്‍ട്ടിയുടെ വഴിപിഴച്ച പോക്കില്‍ മനം നൊന്ത് കഴിയുന്ന കേരളത്തിലെ ലക്ഷേപലക്ഷം പാര്‍ട്ടി സഖാക്കളുടെ പ്രതീക്ഷയായിരുന്നു ഒഞ്ചിയത്തിന്റെ ഈ വീരപുത്രന്‍.
രാഷ്‌ട്രീയ പ്രതിയോഗികളെ, അവര്‍ ആര്‍.എസ്.എസ്. ആയാലും മുസ്ലിം ലീഗായാലും പാര്‍ട്ടിയിലെ വിമര്‍ശകരായാലും, കൊല്ലാന്‍ സി.പി.എം. ഇപ്പോള്‍ ക്വട്ടേഷന്‍ സംഘങ്ങളെയാണ് ഉപയോഗിക്കുന്നത്. ടി.പി. ചന്ദ്രശേഖരനെ കൊല്ലാനും ഉപയോഗിച്ചതു ക്വട്ടേഷന്‍ സംഘങ്ങളെതന്നെ. ക്വട്ടേഷന്‍ സംഘമാണു ചന്ദ്രശേഖരനെ കൊന്നതെന്നു സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനും പത്രസമ്മേളനത്തില്‍ പറഞ്ഞല്ലോ? മുമ്പു രാഷ്‌ട്രീയ എതിരാളികളെ നേരിടാന്‍ പാര്‍ട്ടി സഖാക്കളെത്തന്നെയായിരുന്നു ഉപയോഗിച്ചിരുന്നത്. കണ്ണൂരില്‍ അതിനായി പരിശീലനം കിട്ടിയവര്‍ നിരവധിപേരുണ്ട്. പറശിനിക്കടവിനടുത്തുള്ള അരോളിക്കുന്നിലെ വിജനമായ സ്‌ഥലത്ത് സി.പി.എം. നിയന്ത്രണത്തിലുള്ള കെട്ടിടമാണ് ഇത്തരത്തിലുള്ള ഒരു കൊലപാതക പരിശീലനകേന്ദ്രം. എന്നാല്‍, ഇപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരെ കൊലപാതകങ്ങള്‍ നടത്താന്‍ അങ്ങനെ കിട്ടുന്നില്ല. അവരും നല്ല ജീവിതം ആഗ്രഹിക്കുന്നു. അവര്‍ക്കു കുടുംബങ്ങളില്‍നിന്നു വിലക്കുണ്ട്. ജീവിതത്തിന്റെ നല്ലൊരു ഭാഗം ജയിലില്‍ കഴിയാന്‍ അവര്‍ തയാറാകുന്നില്ല. നല്ല കുടുംബത്തില്‍നിന്നു പെണ്ണിനെ പോലും അവര്‍ക്കു ലഭിക്കുന്നില്ല. ഈ പ്രതിസന്ധി മറികടക്കാനാണു പാര്‍ട്ടി നേതൃത്വം ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചുതുടങ്ങിയത്.
ഏതാനും ലക്ഷം രൂപ പ്രതിഫലവും കേസിന്റെ ചെലവും വഹിച്ചാല്‍ ആരെ എവിടെ വച്ചു വേണമെങ്കിലും അവര്‍ കൊന്നുകൊടുക്കും. മുസോളിനിയുടെ ബ്രൗണ്‍ ഷര്‍ട്ടും ഹിറ്റ്‌ലറുടെ സ്‌റ്റോംട്രൂപ്പും ഇത്തരത്തില്‍ രാഷ്‌ട്രീയ എതിരാളികളെ (കമ്യൂണിസ്‌റ്റുകാരെ) വേട്ടയാടാനുള്ള ക്വട്ടേഷന്‍ സംഘങ്ങളായിരുന്നു. ഇവിടെ, കേരളത്തില്‍ ഹിറ്റ്‌ലറുടെ പുനരവതാരമായ പാര്‍ട്ടി നേതൃത്വം പാര്‍ട്ടിയുടെ ധീരനായ സഖാവിനെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്തിയിരിക്കുന്നു. ഒഞ്ചിയം തിരിച്ചുപിടിക്കാന്‍ വേണ്ടിയാണു ചന്ദ്രശേഖരനെ കൊന്നത്. വിപ്ലവ കേരളത്തിലെ ജ്വലിക്കുന്ന പേരാണ് ഒഞ്ചിയം. അനശ്വരായ രക്‌തസാക്ഷികളുടെ ഓര്‍മകള്‍ ജ്വലിക്കുന്ന പ്രദേശം. ഈ പ്രദേശത്തെ പാര്‍ട്ടി അണികള്‍ ഒന്നടങ്കം ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ റവലൂഷനറി മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടിയില്‍ അണിനിരന്നു. സി.പി.എം. എന്ന കോര്‍പറേറ്റ് കമ്യൂണിസ്‌റ്റ് പാര്‍ട്ടിയെ അവര്‍ വെല്ലുവിളിച്ചു. ഉയര്‍ത്തിയ വെല്ലുവിളികളെ ആശയപരമായി നേരിടാന്‍ കഴിയാതെ വന്നപ്പോഴാണ് ആ സഖാവിനെ ശാരീരികമായി ഇല്ലാതാക്കിയത്. ചന്ദ്രശേഖരന്റെ ഭാര്യയും മുന്‍ എസ്.എഫ്.ഐ. നേതാവുമായ രമ പറയുന്നതുപോലെ 'ചന്ദ്രശേഖരനെ കൊല്ലാനേ കഴിയൂ, നശിപ്പിക്കാന്‍ കഴിയില്ല'.
പാര്‍ട്ടി നേതാക്കളുടെ ശവകുടീരം അലങ്കരിക്കുന്നതുതൊട്ട് രാഷ്‌ട്രീയ എതിരാളികളെ കൊല്ലുന്നതിനു പോലും ക്വട്ടേഷന്‍ സംഘങ്ങളെ നിയോഗിക്കുന്നതാണ് ഇപ്പോഴത്തെ സി.പി.എം. രീതി. പണക്കൊഴുപ്പില്‍ ഇന്ത്യയിലെ മറ്റെല്ലാ പാര്‍ട്ടികളെയും കാതങ്ങള്‍ പിന്നിലാക്കിയ സി.പി.എം. പണംകൊണ്ട് എന്തും നേടാമെന്നു വ്യാമോഹിക്കുന്നു. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം സി.പി.എം. സംസ്‌ഥാന നേതൃത്വത്തിന്റെ അംഗീകാരത്തോടെ നടപ്പാക്കിയതാണെന്നു പിണറായി വിജയന്റെ പത്രസമ്മേളനംതന്നെ വ്യക്‌തമാക്കുന്നു. പത്രസമ്മേളത്തില്‍ സൂക്ഷ്‌മമായി വാചകങ്ങള്‍ ഉപയോഗിക്കുന്ന നേതാവാണു പിണറായി. എന്നാല്‍, ഈ ക്രൂര സംഭവത്തിലുള്ള പങ്കു മറച്ചുവയ്‌ക്കാന്‍ അദ്ദേഹത്തിനു പത്രസമ്മേളനത്തില്‍ സാധിച്ചില്ല. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പു മുന്നില്‍കണ്ട് മറ്റാരോ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തി നടത്തിയ കൊലപാതകമാണെന്നു സ്‌ഥാപിക്കാനാണു പിണറായി ശ്രമിച്ചത്. അങ്ങനെയാണെങ്കില്‍, ഒരു പൊതുപ്രവര്‍ത്തകന്‍ ഇത്രയും ക്രൂരമായി കൊല്ലപ്പെട്ടാല്‍, അയാള്‍ രാഷ്‌ട്രീയ എതിരാളിയായാലും പാര്‍ട്ടി നേതാക്കള്‍ അവിടെ സന്ദര്‍ശിക്കേണ്ടതല്ലേ? ചുരുങ്ങിയത് ജില്ലാ നേതാക്കളെങ്കിലും? വി.എസ്. അച്യുതാനന്ദന്‍ എത്തിയതു പാര്‍ട്ടിയുടെ അക്കൗണ്ടിലല്ലല്ലോ.
ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം നടത്തിയതു കണ്ണൂരിലെ ഒരു സി.പി.എം. സംസ്‌ഥാന കമ്മിറ്റിയംഗത്തിന്റെ നേതൃത്വത്തിലാണെന്നു വ്യക്‌തം. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര ലോക്‌സഭാ മണ്ഡലത്തില്‍ തന്റെ സഹോദരി തോറ്റുപോയതിനു വ്യക്‌തിപരമായ വിദ്വേഷം അയാള്‍ക്കുണ്ട്. ടി.പി. ചന്ദ്രശേഖരന്‍ മത്സരിച്ചതുകൊണ്ടാണ് എല്‍.ഡി.എഫ്. സ്‌ഥാനാര്‍ഥി തോറ്റത്. തെരഞ്ഞെടുപ്പു മണ്ഡലം കമ്മിറ്റിയുടെ സെക്രട്ടറി കൂടിയായ ഈ നേതാവ് തെരഞ്ഞെടുപ്പു ഫലം പുറത്തുവന്ന അന്നുതന്നെ തീരുമാനിച്ചിരുന്നു ചന്ദ്രശേഖരനെ വകവരുത്താന്‍. പലകാരണങ്ങള്‍ കൊണ്ടും വൈകിപ്പോയി എന്നു മാത്രം. കഴിഞ്ഞ ഏപ്രില്‍ അവസാനം കണ്ണൂര്‍-കോഴിക്കോട് അതിര്‍ത്തിയിലുള്ള പ്രദേശത്തെ ഒരു കല്യാണ വീട്ടില്‍ വച്ചാണ് ചന്ദ്രശേഖരനെ വധിക്കാനുള്ള അവസാനവട്ട ഗൂഢാലാചനകള്‍ നടന്നതെന്നാണു വിശ്വാസയോഗ്യമായ വിവരം പുറത്തുവന്നിരിക്കുന്നത്. കൊലക്കേസില്‍ ശിക്ഷിച്ച ഒരാളുടെ മകളുടെ വിവാഹത്തിനു കൊടും ക്രിമിനലുകളായ ക്വട്ടേഷന്‍ സംഘങ്ങളും എത്തിയിരുന്നു. ഈ കൂടിക്കാഴ്‌ചയില്‍ ഒരു നേതാവും പങ്കെടുത്തെന്നാണു വിവരം. അന്വേഷണം സത്യസന്ധമായി മുന്നോട്ടുപോയാല്‍ ഈ ഗൂഢാലോചനക്കാരും പ്രതികളാകും.
വന്‍ രാഷ്‌ട്രീയ പ്രത്യാഘാതമുണ്ടാക്കുന്ന ഒരു കൊലപാതകം പാര്‍ട്ടിയുടെ സംസ്‌ഥാന നേതൃത്വത്തിന്റെ അനുമതിയില്ലാതെ നടക്കില്ലെന്ന്, ഈ പാര്‍ട്ടിയുടെ തുടക്കം മുതലുള്ള എല്ലാ കാര്യങ്ങളും അറിയുന്ന എനിക്കും അറിയാം. മാത്രമല്ല ഇങ്ങനെയുള്ള ഒരു കേസിന്റെ നടത്തിപ്പ് ലക്ഷങ്ങള്‍ ചെലവു വരുന്നതുമാണ്. 'മാക്‌ബത്ത്' എന്ന നാടകത്തിലെ ഒരു കഥാപാത്രം പറയുന്നതുപോലെ ഏഴു കടലുകളിലെ വെള്ളം കൊണ്ട് കഴുകി, അറേബ്യയിലെ എല്ലാ സുഗന്ധങ്ങളും പൂശിയാലും ഈ കൈയിലെ ചോരയുടെ ഗന്ധം മായ്‌ക്കാന്‍ സി.പി.എമ്മിന്റെ നേതാക്കള്‍ക്കു കഴിയില്ല.
ടി.പി. ചന്ദ്രശേഖരന്‍ എന്ന ധീരനായ നേതാവിന്റെ രക്‌തസാക്ഷിത്വം സി.പി.എമ്മില്‍ മാര്‍ക്‌സിസം പുനഃസ്‌ഥാപിക്കാന്‍ നടത്തിയ ഏറ്റവും വലിയ സമരങ്ങളില്‍ ഒന്നുതന്നെയാണ്. ഒരു ദേശീയ നേതാവിനു ലഭിച്ചതിനേക്കാളും വലിയ അന്തിമോപചാരമാണു ചന്ദ്രശേഖരനു ലഭിച്ചത്. ഈ സഖാവിന്റെ പോരാട്ടങ്ങള്‍ക്കു ലഭിച്ച പിന്തുണതന്നെയാണിത്. 51 വെട്ടേറ്റു നുറുങ്ങിയ ആ സഖാവിന്റെ ശിരസില്‍നിന്ന് ഒഴുകിയ ചോര വരും നാളുകളില്‍ കാട്ടുതീയായി പടരും.
'ഉയരും ഞാന്‍ നാടാകെ, പടരും ഞാന്‍ ഒരു പുത്തന്‍ ഉയിരിന്നീനാട്ടിനേകികൊണ്ട് എന്നു വിപ്ലവ കവി പാടിയതുപോലെ.
-ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍
കടപ്പാട്: മംഗളം
No comments:
Post a Comment