Sunday, 22 April 2012

[www.keralites.net] Current Affairs in Kerala

 

ആര്യാടനും മുരളീധരനും പയറ്റുപഠിച്ചവരാണ്. ഒരിക്കലും വറ്റാത്ത പുഴയ്ക്ക് അക്കരെനിന്നാണ് കുര കേള്‍ക്കുന്നതെന്ന് മുരളീധരന് അറിയാം. കുരയ്ക്കുകയേയുള്ളൂ, കടിക്കുകയില്ലെന്ന് ആര്യാടനും അറിയാം. അത്രയൊക്കെ മനസ്സിലാക്കാന്‍ വെറ്ററിനറി ബിരുദമൊന്നും വേണ്ടതില്ല. സംഗതി സിംപിളാണ്. ഭരണമില്ലെങ്കില്‍ ലീഗില്ല; കോണ്‍ഗ്രസ് ഇല്ലെങ്കില്‍ ലീഗിന് ഭരണവുമില്ല. മുട്ടുവരെയോ ചട്ടിയിലേക്കോ ചാടുന്നത് എന്നേ ലീഗിനോട് ചോദിക്കാവൂ. അഗ്നി മിസൈലിന്റെ ദൂരപരിധിയൊന്നും ആ ചാട്ടത്തിനില്ല. സാദാ വാണം എത്രദൂരം പോകുമെന്ന് എല്ലാവര്‍ക്കും അറിയാം.
പുഷ്പുള്‍ സര്‍വീസുപോലെയാണ്. വലിച്ചാലും ഉന്തിയാലും മലപ്പുറത്തുനിന്ന് മലപ്പുറം വരെ. അതിനിടയ്ക്ക് ചൂളംവിളിക്കും, ഓടിക്കിതയ്ക്കും, വിസിലടിക്കും, ബ്രേക്കുചവിട്ടും. ആദ്യം കാണുമ്പോള്‍ ആരും പേടിച്ചുപോകും. ആര്യാടന്‍ ഇന്നും ഇന്നലെയും കാണുന്നതല്ല. മുരളിയാണെങ്കില്‍ ചുരുങ്ങിയ കാലംകൊണ്ട് വലിയ പഠനം പൂര്‍ത്തിയാക്കി വിശ്രമിക്കുന്ന ആളുമാണ്. ആ നിലയ്ക്ക് അവര്‍ പറയുന്നത് തള്ളിക്കളയേണ്ടതില്ല. ഇപ്പോഴുള്ളത് വെറും ശബ്ദാഭ്യാസമോ ആഭാസമോ മാത്രം. തിരിച്ചങ്ങോട്ടൊന്ന് കണ്ണുരുട്ടിയാല്‍ കുര മോങ്ങലാകും. വാല്‍ ആടിക്കുഴയും. പവനായി ശവമാകും.
നന്നായി ഇഷ്ടപ്പെടുന്നവരെ അവര്‍ പന്നി, പട്ടി എന്നൊക്കെയാണ് വിളിക്കുന്നത്. പട്ടിയുടെ ഉടലും ഇഷ്ടക്കാരന്റെ തലയും ചേര്‍ത്തുവച്ച് ലീഗുകാരന്‍ ചിത്രം വരച്ചിട്ടുണ്ടെങ്കില്‍ ഉറപ്പാണ്, സ്നേഹം പെരുത്തു എന്ന്. അങ്ങനെ സ്നേഹം നിറഞ്ഞുകവിഞ്ഞ് ഒഴുകിയപ്പോഴാണ്, ആര്യാടന്‍ സ്നേഹിതനെ കുരയ്ക്കുന്ന പട്ടിയാക്കിയത്. കുറ്റം പറയരുത്. നന്നായി വരച്ചിട്ടുണ്ട്. മലപ്പുറത്ത് ഈ പട്ടി കുരച്ചാല്‍ മുസ്ലിംലീഗിന് പുല്ലാണ് എന്നത്രേ അടിക്കുറിപ്പ്. ആര്യാടന്റെ നാവിന്റെ ചൊറിച്ചില്‍ ഉരച്ചുതീര്‍ക്കേണ്ടത് ലീഗിന്റെ നെഞ്ചത്തല്ലെന്ന പ്രഖ്യാപനവുമുണ്ട്.
സീതീഹാജിക്കഥകളില്‍ പോലും കാണില്ല ഇത്ര പുഷ്കലമായ ഭാവന. യഥാതഥമായ ചിത്രീകരണ വിഭാഗത്തില്‍പ്പെടുത്തി അവാര്‍ഡ് കൊടുക്കേണ്ട സ്നേഹപ്രകടനമാണ് ഇതെന്ന് ഉമ്മന്‍ചാണ്ടിക്ക് മനസ്സിലായിട്ടുണ്ട്. ലീഗിന്റെ ഇന്നത്തെ അസൂയാവഹമായ സ്ഥിതിയില്‍ ആര്യാടനും മുരളിക്കും ചില്ലറ അസൂയ ഉണ്ടാകാനുള്ള സാധ്യതയും ഉമ്മന്‍ചാണ്ടി കാണുന്നു. അതുകൊണ്ട് തല്‍ക്കാലം പുള്ളിയില്‍നിന്ന് കണ്ണുനീരുമില്ല; പ്രതിഷേധവുമില്ല.
ലീഗിന്റെ ചന്തം കണ്ടാല്‍ ആരാണ് അസൂയപ്പെടാത്തത്. സുന്ദരന്മാരും സല്‍സ്വഭാവികളുമായ നേതാക്കള്‍ അങ്ങനെ നിരന്നുനില്‍പ്പാണ്. കാസര്‍കോട്ട് ഒരു നേതാവിനും ഏകപക്ഷീയമായി തല്ലുകിട്ടിയില്ല. കണ്ണൂരില്‍ തല്ലുമ്പോള്‍ തെറിവിളിയുണ്ടായില്ല. കോഴിക്കോട്ട് തെറിവിളിയും തല്ലും ഒന്നിച്ചല്ല നടന്നത്. ഒരുമ കൂടിയതുകൊണ്ട് മുനീറും കുഞ്ഞാപ്പയും ഉലക്കയ്ക്കു മുകളിലാണ് ഇപ്പോള്‍ കിടപ്പ്. ഇത്രയും കണ്ട് ആര്യാടന്റെ മനസ്സ് ഒന്ന് ഇളകിപ്പോയിട്ടുണ്ടെങ്കില്‍ കുറ്റം പറയാനാകില്ല. ആര്യാടന്റെ പാര്‍ടി കൊടപ്പനയ്ക്കല്‍ നിന്നാണ് സ്ഥിരമായി റേഷന്‍ വാങ്ങുന്നത്. അതുകൊണ്ടാണ് അഹമ്മദ് സാഹിബിന് ഡല്‍ഹിക്കുള്ള ടിക്കറ്റുകൂലി ആര്യാടന്റെ ചെലവില്‍ നിന്നായത്.
യുവ കളേബരനായ സാഹിബിന്റെ കേന്ദ്രമന്ത്രിസ്ഥാനം ബിരിയാണിപ്പുറത്തെ കോഴിമുട്ടപോലെ വെറുതെ വച്ചതാണ്. കേന്ദ്രത്തില്‍ ലീഗിന്റെ കോഴിമുട്ട ഇല്ലെങ്കിലും കോണ്‍ഗ്രസിന്റെ ബിരിയാണി ചെലവാകും. ലീഗിന്റെ മുട്ടയുള്ളതുകൊണ്ടാണ് കോണ്‍ഗ്രസ് ഭരണബിരിയാണി ഭുജിക്കുന്നതെന്ന് കെ പി എ മജീദ് പറയുന്നുണ്ട്. അതിന്റെ അര്‍ഥം അഹമ്മദ് സാഹിബിനേ അറിയൂ.
അഞ്ചാമതൊരു കുഴി വന്നതില്‍ അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നാണ് തങ്ങള്‍ പറയുന്നത്. ആ കുഴിയിലേക്ക് നോക്കുന്നതുതന്നെ പകര്‍ച്ചവ്യാധിയാണത്രേ. അത്തരം വ്യാധികളെ ചികിത്സിച്ച് മാറ്റാനുള്ള കരാറും തങ്ങള്‍ എടുത്തിട്ടുണ്ട്. ആര്യാടന്റെയും മുരളിയുടെയും രോഗം മാറ്റാന്‍ കൊടപ്പനയ്ക്കല്‍ ചരടു ജപിക്കലും മന്ത്രിച്ചൂതലും നടക്കാന്‍ പോകുന്നു. ചികിത്സ കൊടുക്കുമെന്ന് പറഞ്ഞതിന് നല്ല തല്ല് തങ്ങളുടെ കൈയിലുണ്ടെന്നാണ് അര്‍ഥമെന്ന് ആരും തെറ്റിദ്ധരിക്കേണ്ടതില്ല.
നാട്ടിലെ കോണ്‍ഗ്രസുകാര്‍ കൂട്ടത്തോടെ കാശിക്ക് പോകുന്നതിനുമുമ്പ്, തങ്ങളുപ്പാപ്പ മന്ത്രിച്ചൂതിയ ഓരോ ഏലസ്സ് അരയില്‍ കെട്ടാവുന്നതാണ്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായത് ലീഗിന്റെ ഏലസ്സ് കൊണ്ടാണെന്ന് മജീദ് പറയുന്നു. വേണ്ടിവന്നാല്‍ ആ ഏലസ്സ് ഊരിയെടുത്ത് സര്‍ക്കാരിനെ തള്ളിയിടുമെന്നും. രണ്ടുവോട്ടില്‍ തൂങ്ങിക്കിടക്കുന്ന സര്‍ക്കാരിനെ വീഴ്ത്താന്‍ ആരും തള്ളേണ്ടതില്ല; ഒന്ന് ഊതിയാല്‍ മതി. അങ്ങനെ ഊതാന്‍ തങ്ങളുപ്പാപ്പയുടെ മന്ത്രവും തന്ത്രവും വേണ്ട. മാണി ഒന്ന് തറപ്പിച്ചുനോക്കിയാലും ജോസഫ് മുഖം കറുപ്പിച്ചാലും വി ഡി സതീശന്‍ ഒളിവില്‍ പോയാലും സര്‍ക്കാരിന്റെ ആയുസ്സ് അവിടെ ഒതുങ്ങും.
എല്ലാവര്‍ക്കും വലിയ വലിയ ആവശ്യങ്ങളാണ്. എല്ലാം എല്ലാവര്‍ക്കും വിതരണം ചെയ്താല്‍ പാവപ്പെട്ട കോണ്‍ഗ്രസുകാര്‍ക്ക് കാഷായമിട്ട് കാശിക്ക് പോകുകയല്ലാതെ മാര്‍ഗമില്ല. അങ്ങനെ കാശിക്ക് പോകാന്‍ തയ്യാറല്ലാത്ത കോണ്‍ഗ്രസുകാരും നാട്ടിലുണ്ടെന്നാണ് ആര്യാടനും മുരളീധരനും നെഞ്ചുവീര്‍പ്പിക്കുന്നത്. ചെന്നിത്തലയ്ക്ക് തല്‍ക്കാലം അതിനുള്ള ത്രാണിയില്ല. ഒന്ന് അനങ്ങിയാല്‍ മുഖം വിയര്‍ക്കും; മേക്കപ്പ് മായും.
സുധീരനാണെങ്കില്‍ പ്രതികരണ ശേഷി ഉപ്പിലിട്ടുവച്ചിരിക്കയാണ്. ഭരണി തുറന്നാല്‍ കേടുവരും. ജഗതി ആശുപത്രിയിലായതുകൊണ്ട് കെ പി എ മജീദ് തമാശയ്ക്ക് പഠിക്കുകയാണ്. അവഹേളനം സഹിച്ച് മുന്നണിയില്‍ നില്‍ക്കില്ലെന്നാണ് ഒടുവിലത്തെ തമാശ. പിന്നെ എവിടെപ്പോകാനാണ്? ഇടതുപക്ഷത്ത് അടുപ്പിക്കില്ല. കാര്യാലയത്തില്‍ പോകാന്‍ വിഷമമുണ്ടായിട്ടല്ല, തല്‍ക്കാലം അത് പരസ്യമായി നടപ്പില്ല.
ആര്യാടനും മുരളിയും നല്‍കുന്ന തല്ലിന്റെ വേദന അധികാരമെന്ന ഒറ്റമൂലികൊണ്ട് മാറ്റാമെന്നു കരുതുന്ന അഞ്ചല്ല ആറുപേര്‍ ലീഗിലുണ്ട്. അഞ്ചുപേര്‍ ഉമ്മന്‍ചാണ്ടിയുടെ ചെല്ലമെടുക്കുന്നു; ഒരാള്‍ മന്‍മോഹന്‍സിങ്ങിന്റെ കൂടാരത്തിലും. ആ ആറുപേര്‍ക്കുവേണ്ടി ലീഗിന്റെ അണികള്‍ കുരയ്ക്കുകയും കടിക്കുമെന്നു തോന്നിക്കുകയും ചെയ്യുന്നു. അവനവനുവേണ്ടിയല്ലാതെ അവര്‍ അശ്ലീലം പറയുന്നു. ആര്യാടനെ പട്ടിയോടുപമിച്ചാല്‍ കോണ്‍ഗ്രസുകാരുടെ തല്ല് കിട്ടില്ലെന്നും അവര്‍ മനസ്സിലാക്കിയിരിക്കുന്നു. മുരളിയുടെ തല ഇനി ഏതു മൃഗത്തിന്റെ ഉടലിലാണാവോ കാണാന്‍ പോകുന്നത്?

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment