| | സി ഗണേഷ് കണ്ണൂരിലെ പയ്യന്നൂര്‍ ടൗണിലെത്തിയാല്‍ സഹകരണാശുപത്രിക്കു സമീപം ചെന്നു രാജീവ് ഹോട്ടല്‍ അന്വേഷിക്കുക നാടന്‍ കോഴികളുടേതു മാത്രമായ വിഭവങ്ങള്‍ നമുക്കായി കാത്തിരിക്കുന്നു. സാദാ കോഴി ബിരിയാണിക്കു പുറമെ കോഴിക്കരള്‍പത്തിരി, കോഴിക്കാല്‍പത്തിരി, ഇറച്ചിപ്പത്തിരി എന്നിവയാണു പ്രധാനം. കോഴിയുടെ പേരിട്ടുളള ഏതു പാര്‍ട്ട്‌സും ചേര്‍ത്തു പത്തിരിയാക്കി വിളമ്പി ഞെട്ടിക്കും. എക്‌സ്ക്ലൂസീവ്‌ലി ഫോര്‍ പത്തിരി. നഗരസഭയുടെ അവശിഷ്‌ടകൂനയിലേക്കു നാടന്‍കോഴികളുടേതു മാത്രമായ വലിയ ചാക്ക് 'വേസ്‌റ്റ്' സംഭാവന ചെയ്യുന്നുണ്ട് ഹോട്ടല്‍. കൃത്യമായി അവ സംസ്‌കരിച്ചു മാതൃക കാണിക്കുന്നു അവര്‍. ജില്ലയില്‍ ഏതൊക്കെ ഭാഗത്തുനിന്നു നാടന്‍ കോഴികളെ കിട്ടുമെന്നതിന്റെ വിശദാംശം ഫോണ്‍ നമ്പര്‍ സഹിതം കടയുടെ ചെറിയ മേശപ്പുറത്തുനിന്നു കിട്ടും. ബ്രണ്ണന്‍ കോളജിനും ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനും പേരുകേട്ട തലശേരിക്കടുത്തുളള ധര്‍മടത്തു ചൂടോടെ 'മീന്‍ മുളകിട്ടത്' എന്ന സ്‌പെഷല്‍ വിഭവം വിളമ്പുന്ന ഹോട്ടലാണു ശ്രീവത്സം ചായക്കട. കേരളാക്രിക്കറ്റിന്റേയും കേരളസര്‍ക്കസിന്റെയും 'തല'യായ തലശേരിയിലെ മൊയ്‌തുപ്പാലം ഇറങ്ങിയാല്‍ 'ശ്രീവത്സം' ചായക്കടയില്‍ എത്തിചേരാം. നിങ്ങളെപ്പോഴെങ്കിലും കളളുഷാപ്പില്‍ കയറിയിട്ടുണ്ടോ? ഇതെന്തു ചോദ്യാ മാഷേ? ഇങ്ങനെയൊക്കെ ചോദിച്ചാ എന്താ പറയ്വാ? എന്നല്ലേ വിഷമിക്കുന്നത്. കള്ളുഷാപ്പില്‍ കയറുന്നതു മോശവും ബാറില്‍ കയറുന്നതു ഭൂഷണവുമാകുന്ന നാട്ടില്‍ ഇങ്ങനെയല്ലാതെ പിന്നെയെങ്ങനാ പരുങ്ങുക. ശരിയാണു കേരളത്തിലെ കള്ളുഷാപ്പുകളില്‍ വ്യത്യസ്‌തവും ഒറ്റപ്പെട്ടതുമായ പല വിഭവങ്ങളൂം ലഭ്യമാണ്. എന്തു ചെയ്യാം? പൂസാവാന്‍ തയാറായവര്‍ക്കു മാത്രമേ അവ രുചിക്കാനുളള ഭാഗ്യം കിട്ടാറുളളു. ഒന്നു പൂസസായതിന്റെ തുടര്‍ച്ചയാവണം ഭക്ഷണം കഴിക്കുന്നത് എന്നതിനാല്‍ വിഭവത്തിന്റെ രുചി ഇന്നു വരെ കൃത്യമായി വിനിമയം ചെയ്യപ്പെട്ടിരിക്കില്ല. കണ്ണൂര്‍ ജില്ലയില്‍ പഴയങ്ങാടിക്കടുത്തു 'ചെവിടിച്ചാല്‍' എന്ന സ്‌ഥലത്തെ കള്ളുഷാപ്പിലെ ചിക്കന്‍ കറിയും വെളളയപ്പവും ഗംഭീരം. ബാക്കിയുണ്ടെങ്കില്‍ കപ്പയും ലഭിക്കും . കളളുകുടിച്ചു കഴിഞ്ഞവര്‍ക്കു മാത്രമാണു ചിക്കന്‍കറി. എങ്കിലും അതു മാത്രമായി ചോദിച്ചാല്‍ 'കോന്‍ ബനേക കരോര്‍പതി'യിലെന്നപോലെ ചില ചോദ്യങ്ങള്‍ക്കു കൃത്യമായി ഉത്തരം നല്‍കിയാല്‍ ചിക്കന്‍ കിട്ടും. ചോദ്യങ്ങള്‍ ഇവയാണ്: ഏട്‌ന്ന് ബരണ്? ഏട്‌ക്ക് പോണ്? കള്ള് ബേണ്ടേ ? കണ്ണൂരിലെതന്നെ ഏഴിമലയുടെ താഴെ കുന്നരുകുളം സ്‌റ്റോപ്പിനടുത്തായി സ്‌ഥിതി ചെയ്യുന്ന കള്ളുഷാപ്പിലെ വിഭവങ്ങള്‍ ബലേഭേഷെന്നു 'കള്ളുകുടിയന്‍'മാര്‍ മാത്രമല്ല സാക്ഷ്യപ്പെടുത്തുന്നത്. ഏഴിമല നാവിക അകാദമിയില്‍നിന്ന് ഒളിച്ചും പാത്തും പതുങ്ങിയും ആരുമിവിടെ വരാറില്ലെന്നതാണു കടയുടെ സങ്കടം. കണ്ണൂര്‍ - തളിപ്പറമ്പ് റോഡിലെ കുറ്റികോല്‍ കള്ളുഷാപ്പ്. കല്ലുമ്മക്കായ വറുത്തത്, ബീഫ് ഉലത്തിയത് എന്നിവ സൂപ്പര്‍ സ്‌റ്റാറുകള്‍ . വറത്തരച്ചുവയ്‌ക്കുന്ന ഇവിടത്തെ ഞണ്ടുകറി പെട്ടെന്നു തീരുമെന്നതിനാല്‍ ഉടന്‍വച്ചു പിടിക്കുക കുറ്റിക്കോലിലേക്ക്. കണ്ണൂരില്‍ എന്താ കളളുഷാപ്പുകള്‍ മാത്രമേ ഉള്ളോ എന്നു സംശയിക്കാന്‍ വരാന്‍ വരട്ടെ രാവിലെ 11 മണിക്കു ശേഷം മാത്രം തുറക്കുന്ന ഒണ്ടേന്‍ ഹോട്ടല്‍ , കവിത സിനിമാതിയേറ്ററിനു പുറകിലാണ്. ചോറും മീന്‍പൊരിച്ചതും മറക്കില്ലൊരിക്കലും! ഇന്ത്യന്‍ ദേശീയതയെ അപമാനിക്കുകയാണ് എന്നു തോന്നിപ്പിക്കുന്ന ഒണക്കന്‍ ഭാരതി ഹോട്ടല്‍ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനടുത്താണ്. ഇവിടത്തെ രുചിയറിഞ്ഞാല്‍ അപമാനമല്ല, അഭിമാനമാണ് ഉണരുക. പുട്ടും ചെറുപയറും കഴിച്ചു. മട്ടന്‍ ചാപ്‌സ് കൊളളാം... ചൊക്ലിയിലെ മാരാങ്കണ്ടിയില്‍ ചെന്നു ഭാസ്‌കരേട്ടന്റെ ഹോട്ടല്‍ അന്വേഷിക്കുക. അകത്തു കയറി ചിക്കന്‍ഫ്രൈ ഓര്‍ഡര്‍ ചെയ്യുക. നാടന്‍രുചിയുടെ ഒരു പറുദീസയിലായിരിക്കും നിങ്ങള്‍ എത്തുക. വൈകുന്നേരം മാത്രമാണു പ്രവര്‍ത്തനം. തലശേരി ലോഗ്നസ് റോഡിലെ പാരീസ് ഹോട്ടലിലെ ബിരിയാണി, സമോസ, പഴം നിറച്ചത് എന്നിവ തനിമയുളള നാട്ടുരുചിയുടെ പകര്‍പ്പണെന്ന് അവിടത്തെ സുഹൃത്തുകള്‍ നല്ലതു പറയുന്നു. സുനാമി പോലെ പ്രകൃതി നടത്തിയ ഭീകരമായ തിരിച്ചടിയില്‍നിന്നു മനുഷ്യന്‍ ചിലതൊക്കെ പഠിക്കുന്നുണ്ടെന്നാണു ലേഖകന്റെ തോന്നല്‍ . പ്രകൃതിയുടെ ജീവനതാളം തകര്‍ക്കാതെ ജീവിക്കേണ്ടുന്നതിന്റെ ആവശ്യകതയാണു സാരംഗിലെ ഗോപാലകൃഷ്‌ണന്‍- വിജയലക്ഷ്‌മി ദമ്പതികളും വയനാട്ടിലെ കെ.ജെ. ബേബിയും മറ്റും സ്വന്തം ജീവിതം കൊണ്ടു നമ്മെ പഠിപ്പിച്ചത്. രാജ്യാന്തര വനവര്‍ഷം, വവ്വാല്‍ വര്‍ഷം എന്നൊക്കെ പറഞ്ഞുകൊണ്ട് ഐക്യരാഷ്‌ട്ര സംഘടന ലോക ജനതയില്‍ നടത്താന്‍ ശ്രമിച്ച ബോധവത്‌കരണം എങ്ങനെയോ പുതിയ തലമുറയിലെ കുട്ടികളില്‍ എത്തിയെന്നു തോന്നുന്നു. പരിസ്‌ഥിതി സൗഹൃദത്തിന്റെ പൊടിപ്പുകള്‍ ഇന്നു പല തരത്തിലായി അവിടെയുമിവിടെയും കാണാന്‍ കഴിയുന്നുണ്ട്. അത്തരമൊന്നാണു കണ്ണൂര്‍-തലശ്ശേരി റോഡില്‍ സഹകരണാശുപത്രിക്കു സമീപമുളള 'നികുഞ്‌ജം' യോഗ മാസ്‌റ്ററും പരിസ്‌ഥിതി പ്രവര്‍ത്തകനുമായ രാജീവന്‍ നടത്തുന്ന പ്രകൃതി ഭക്ഷണശാലയാണിത്. അധികം വേവിക്കാത്ത, പോഷകാംശം നഷ്‌ടപ്പെടുത്താത്ത പച്ചക്കറികളാണ്‌ഇവിടെയുളളത്. നിങ്ങള്‍ ജീവിതത്തിലിന്നു വരെ കഴിച്ചിട്ടില്ലാത്ത സ്‌പെഷല്‍ വെജിറ്റേറിയന്‍ ഊണു 'നികുഞ്‌ജം' ഒരുക്കും. പലതരം ചമ്മന്തികള്‍ ലഭിക്കും ഇവിടെ മുളപ്പിച്ച ചെറുപയര്‍ മാത്രമേ ഉപയോഗിക്കൂ. വിവിധതരം പായസങ്ങള്‍ തയാറാക്കുന്നതില്‍ വിദഗ്‌ധനായ രാജീവന്‍ മാസ്‌റ്റര്‍ 'നികുഞ്‌ജ'ത്തിലുണ്ടെങ്കില്‍ മിക്കവാറും ഉണ്ടാവാറില്ല... സാമൂഹ്യപ്രവര്‍ത്തനവുമായി പുറത്തായിരിക്കും. ഒരു സംവാദവും ആകാം. തലശേരി ബസ് സ്‌റ്റാന്‍ഡിലെ മോഡേണ്‍ ഹോട്ടലിലെ ഉച്ചയൂണും മട്ടന്‍ ചാപ്‌സുമാണു പ്രമാദം! തലശേരി- കൂത്തുപറമ്പ് റൂട്ടില്‍ എരഞ്ഞോളിപാലത്തിനടുത്തു ലക്ഷമിയേട്ടത്തി നമ്മെ കാത്തിരിക്കുന്നതു വടക്കന്‍ഭാഷയില്‍ രാഷ്‌ട്രീയം പറയാന്‍ മാത്രമല്ല, നാടന്‍ ഉച്ചയൂണു വിളമ്പി നമ്മുടെ മുഖത്തു വിരിയുന്ന സംതൃപ്‌തി ആരാഞ്ഞു കൊണ്ടാണ്. നന്ദി... ലക്ഷമിയേട്ടത്തി... നന്ദി.... പേരാവൂര്‍ രാജധാനി ഹോട്ടലിന് എതിര്‍വശത്തെ തട്ടുകട കപ്പബിരിയാണിക്കു പ്രസിദ്ധം. കൂത്തുപറമ്പില്‍നിന്നു കണ്ണൂര്‍ പോകുന്ന വഴി 'കിണവക്ക്' എന്നൊരു സ്‌ഥലമുണ്ട്. ഒരു പ്രഭാതത്തിലാണവിടെയെത്തിയത്. സ്‌ഥലപ്പേരു കണ്ടു ചുറ്റും നോക്കിയെങ്കിലും കണ്ടതു 'കല്ലു കഫെ' എന്നെഴുതിയ ചെറിയ ബോര്‍ഡാണ്. അകത്തു കയറി ഇരുന്നപ്പോള്‍, ചോദ്യമൊന്നുമില്ല, മുന്നില്‍ വെല്ലക്കാപ്പിയും അവില്‍ കുഴച്ചതും റെഡി. ഉത്തമമായ പ്രഭാതഭക്ഷണം. 'കല്ലു കഫെ' എന്ന പേരിന്റെ ചരിത്രം ചോദിച്ചറിയണമെന്നുണ്ടായിരുന്നു. നടന്നില്ല. കടയില്‍ തിരക്കേറുന്നതുതന്നെ കാരണം. ഇവിടെനിന്നു രണ്ടു കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ പേരില്ലാത്തൊരു കട. ചോറും മീന്‍ കറിയും സ്‌പെഷല്‍. എല്ലാവരും സ്വാദോടെ കഴിക്കുന്നു. ഇന്‍വെസ്‌റ്റിഗേഷന്‍ നടത്തിയപ്പോള്‍ ഒരു രഹസ്യം വീണു കിട്ടി. തലേന്നു വച്ച ഭക്ഷണമാണു വിളമ്പുന്നത്. ഇതിവിടത്തെ ചിട്ട. തലെന്നു രാത്രിതന്നെ മീന്‍കറി മാത്രമല്ല ചോറും വയ്‌ക്കുന്നു. പിറ്റേന്നു രാവിലെ അതു വിളമ്പുന്നു. തലേന്നത്തേതാണെങ്കിലും നാവില്‍ അതുണ്ടാക്കുന്ന രുചി... ഹൊ... അപാരം |
No comments:
Post a Comment